1. News

റബ്ബർ കർഷകർക്കുള്ള സബ്സിഡി 200 രൂപയാക്കണം, ആദ്യ ഹരിത കാരാഗൃഹമായി മൂവാറ്റുപുഴ സബ് ജയിൽ; കാർഷിക വാർത്തകൾ

റബ്ബർ കർഷകർക്കുള്ള സബ്സിഡി 170 രൂപയിൽ നിന്ന് 200 രൂപയാക്കണമെന്ന് ജോസ് കെ.മാണി എംപി. സബ്സിഡി തുക എത്രയും വേഗം കർഷകരിലേക്ക് എത്തിക്കണമെന്നും മുഖ്യമന്ത്രിയ്ക്ക് നൽകിയ നിവേദനത്തിൽ എംപി.

Anju M U

  1. കേരളത്തിലെ റബ്ബർ കർഷകർക്കുള്ള സബ്സിഡി 200 രൂപയാക്കണമെന്ന് ജോസ് കെ.മാണി എംപി. റബ്ബറിന് വിലയിടിവ് സംഭവിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച, കിലോയ്ക്ക് 170 രൂപ ഉറപ്പാക്കുന്ന റബര്‍ വിലസ്ഥിരതാ പദ്ധതി പ്രകാരമുള്ള തുക, എത്രയും വേഗത്തില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം, സബ്‌സിഡി 170 രൂപയില്‍ നിന്നും 200 രൂപയാക്കി വർധിപ്പിക്കണമെന്നും കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് ബില്ലുകള്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള വെബ്‌സൈറ്റ് എത്രയും വേഗം തുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജോസ് കെ മാണി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റിലാണ് റബ്ബര്‍ സബ്‌സിഡിക്കായി സംസ്ഥാന സര്‍ക്കാര്‍ 500 കോടി രൂപ നീക്കിവെച്ചത്. അതേ സമയം, കേരളത്തിലെ 12 ലക്ഷത്തോളം ചെറുകിട നാമമാത്ര കരഷകരെ വിലയിടിവ് ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
  1. സംസ്ഥാനത്തെ ആദ്യത്തെ ഹരിത കാരാഗൃഹമാകാനുള്ള പദ്ധതിയുമായി മൂവാറ്റുപുഴ സബ് ജയിൽ. ഇതിനായുള്ള നഗരസഭയുടെ പദ്ധതി നാളെ ഡീൻ കുര്യാക്കോസ് എംപി പ്രഖ്യാപിക്കും. നഗരസഭാ ചെയർമാൻ പി.പി എൽദോസ് അധ്യക്ഷത വഹിക്കും. നഗര ഹരിതവൽക്കരണം പദ്ധതിയോടനുബന്ധിച്ചു നഗരത്തിലെ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സബ് ജയിലിൽ ശുചിത്വം ഉറപ്പാക്കാനും ഹരിതാഭമാക്കി മാറ്റാനും നഗരസഭ നടപടി ആരംഭിച്ചത്. മൂവാറ്റുപുഴ സബ് ജയിലിൽ നിന്ന്  പ്രതിദിനം പുറന്തള്ളുന്ന 60,000 രൂപ ചെലവഴിച്ചു ബയോ കംപോസ്റ്റ് യൂണിറ്റ് ആരംഭിക്കും. ഇതോടൊപ്പം ജയിൽ പരിസരം ഹരിതാഭമാക്കുന്നതിന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും, അധികൃതരുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിക്കാനും പദ്ധതിയുണ്ട്.
  2. ഓണക്കാലത്ത് പൂവിപണിയിൽ നിന്ന് ഒന്നരലക്ഷം രൂപയുടെ നേട്ടവുമായി കാസർകോഡ് കുടുംബശ്രീ. ഓണച്ചന്തകള്‍ വഴി നാടന്‍ പച്ചക്കറികള്‍ക്കും വിവിധ ഉത്പന്നങ്ങള്‍ക്കുമൊപ്പമാണ് പൂക്കളും കച്ചവടത്തിന് എത്തിച്ചത്. കുടുംബശ്രീക്ക് ഓണച്ചന്തകള്‍ വഴിയുണ്ടായ ആകെ വിറ്റുവരവ് 48.36ലക്ഷം രൂപയാണ്. ഒരു പിടി വിപണിയിലേക്ക് എന്ന ആശയത്തോടെ സെപ്റ്റംബര്‍ 4 മുതല്‍ 7 വരെയാണ് കുടുംബശ്രീയുടെ ഓണചന്തകള്‍ വില്‍പന നടത്തിയത്. കാസർകോഡ് ജില്ലയിലെ സിഡിഎസുകള്‍ കേന്ദ്രീകരിച്ച് 42 ഓണച്ചന്തകളും നാല് ജില്ലാതല ചന്തകളും പ്രവര്‍ത്തിച്ചു. കുടുംബശ്രീയുടെ ബ്രാന്‍ഡഡ് അരി, കുടുംബശ്രീ അപ്പങ്ങള്‍, കുടുംബശ്രീ സംഘങ്ങള്‍ കൃഷി ചെയ്‌തെടുത്ത വിഷരഹിതമായ പച്ചക്കറികള്‍, അച്ചാറുകള്‍, പലതരം ചിപ്‌സുകള്‍, സ്‌ക്വാഷ്, ജാം, ശര്‍ക്കര വരട്ടി, കൊണ്ടാട്ടം എന്നിവയുടെ വിപണനവും ഓണചന്തകളില്‍ ഉണ്ടായിരുന്നു. കൂടാതെ പട്ടിക വര്‍ഗ മേഖലയിലെ ഉത്പന്നങ്ങളും ഓണം വിപണിയില്‍ ഇടംപിടിച്ചു.
  1. പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രം വഴി ഈ മാസം 15ന്, രണ്ട് മാസം പ്രായമുളള മുന്തിയ ഇനം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. 120 രൂപ നിരക്കിലാണ് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. കോഴിക്കുഞ്ഞുങ്ങളെ ആവശ്യമുള്ള കര്‍ഷകര്‍, 15ന് രാവിലെ ഒന്‍പത് മണിക്ക്, വെറ്റിനറി കേന്ദ്രത്തിൽ നേരിട്ടെത്തി വാങ്ങണമെന്ന് ജില്ലാവെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു.
  2. വനം വകുപ്പിന്റെ സതേണ്‍ സര്‍ക്കിള്‍ കൊല്ലം, തിരുവനന്തപുരം എ.ബി.പി. സര്‍ക്കിള്‍, കൊല്ലം സോഷ്യല്‍ ഫോറസ്ട്രി സര്‍ക്കിള്‍ എന്നിവയുടെ കീഴിലുള്ള ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് കൊല്ലം സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു. മന്ത്രി ജെ. ചിഞ്ചു റാണി ചടങ്ങിന് അധ്യക്ഷയായി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും സുതാര്യമായും ജനങ്ങളിലെത്തിക്കുന്നതിനായി നടപ്പാക്കുന്ന ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ് വിവിധ തലങ്ങളിലായി വനംവകുപ്പ് ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് നടത്തുന്നത്. ബന്ധപ്പെട്ട സര്‍ക്കിളുകളുടെ കീഴില്‍ പൊതുജനങ്ങളുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കിയ ഫയലുകളിലെ ഗുണഭോക്താക്കള്‍ക്ക്, അനുവദിക്കപ്പെട്ട ധനസഹായത്തിന്റെയും സേവനങ്ങളുടെയും ഉത്തരവ് അദാലത്തില്‍ വിതരണം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: കോഴിയുടെ രോഗങ്ങൾക്ക് കോഴിക്കർഷകർ സ്ഥിരമായി കൊടുക്കുന്നതു ഈ നാടൻ മരുന്നുകളാണ്

  1. മൃഗസംരക്ഷണ വകുപ്പിൽ സുപ്രധാന തസ്തികകളിൽ ആളില്ലാത്തത് പ്രവർത്തനത്തെ ബാധിക്കുന്നതായി ആരോപണം. തെരുവുനായ് പ്രതിരോധത്തിനുള്ള കർമപദ്ധതിയടക്കം നടപ്പാക്കാനിരിക്കെ വകുപ്പിലെ ആൾക്ഷാമം കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചേക്കും. വകുപ്പിന് കീഴിലെ ഓഫിസുകളിൽ 561 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് കണക്ക്. പലയിടത്തും നിലവിലുള്ള ജീവനക്കാർക്ക് അധിക ചുമതല നൽകിയാണ് ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. കാര്യക്ഷമമായി പൊതുജനങ്ങൾക്ക് സേവനം എത്തിക്കാൻ കഴിയാത്തതും അധികജോലി ചെയ്യേണ്ടി വരുന്നതുമടക്കമുള്ള വിഷയങ്ങൾ പലതവണ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി ജീവനക്കാരുടെ സംഘടനകൾ പറയുന്നു. അതേസമയം, ഒഴിവുകൾ നികത്തുന്നതിൽ വീഴ്ചയില്ലെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുമെന്നും മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
  2. റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ഇന്നു മുതൽ ഒക്ടോബർ 31 വരെ ഓൺലൈനായി സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അക്ഷയ കേന്ദ്രം മുഖേനയോ civil supplies keralaയുടെ ഔദ്യോഗിക വെബ്സൈറ്റിൽ, സിറ്റിസൺ ലോഗിൻ മുഖേനയോ അപേക്ഷ സമർപ്പിക്കാം.
  1. റബ്ബർ മരങ്ങളിലെ ടാപ്പിങ്ങിനെ കുറിച്ചുള്ള സംശയങ്ങൾക്കായി റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. റബ്ബര്‍മരങ്ങളില്‍ പുതുതായി ടാപ്പിങ് ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ടാപ്പിങ്ങിനായി അടയാളപ്പെടുത്തല്‍, ഇടവേളകൂടിയ ടാപ്പിങ് എന്നീ വിഷയങ്ങളെ കുറിച്ചറിയാന്‍ നാളെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരെ ഫോണിലൂടെ ബന്ധപ്പെടാം. 0 4 8 1  2 5 7 6 6 2 2 എന്നതാണ് കോള്‍സെന്റര്‍ നമ്പര്‍.
  2. എറണാകുളം നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നെടുനേന്ദ്രൻ ഇനത്തിൽപ്പെട്ട ടിഷ്യൂ കൾച്ചർ വാഴത്തൈകൾ വിതരണത്തിന്. ഒരു തൈ 20 രൂപ നിരക്കിൽ ലഭ്യമാകും. ഫാമിലെ വിൽപന കൗണ്ടറിൽ നിന്ന് കർഷകർക്ക് ആവശ്യാനുസരണം തൈകൾ വാങ്ങാം. 100 രൂപ നിരക്കിൽ ഡബ്ലൂ.സി.ടി ഇനത്തിൽ പെട്ട തെങ്ങിൻ തൈകളും നിലവിൽ ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പർ 0 4 8 5 2 5 5 4 4 1 6.
  1. സൗദി അറേബ്യ ഇന്ത്യയുടെ പ്രധാന സാമ്പത്തിക പങ്കാളിയെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ. ഊർജരംഗത്തു നിർണായക ശക്തിയായ സൗദിയ്ക്ക് ആഗോള സമ്പദ്‌വ്യവസ്ഥയിൽ പ്രധാന പങ്കുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഐടി, നിർമാണം, ഹോസ്പിറ്റാലിറ്റി, ഗതാഗതം തുടങ്ങിയ വിവിധ മേഖലകളിലായി സൗദി അറേബ്യയിലെ ഇന്ത്യൻ നിക്ഷേപങ്ങൾ 200 കോടി ഡോളറിലേക്ക് ഉയർന്നതായി മന്ത്രി സൂചിപ്പിച്ചു. പ്രതിരോധം, സുരക്ഷ, പുനരുപയോഗ ഊർജം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, കൃഷി, ഖനനം, ശുദ്ധീകരണം, പെട്രോകെമിക്കൽസ്, അടിസ്ഥാന സൗകര്യ വികസനം, ഉൽപാദനം, വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനായി ഇരുരാജ്യങ്ങളും ചർച്ച നടത്തും.
  2. കേരളത്തിൽ നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോടു കൂടി മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചത്. മധ്യ- കിഴക്കന്‍ അറബിക്കടലില്‍ 40 മുതൽ 50 കിമീ വരെ വേഗത്തില്‍ ശക്തമായ കാറ്റുണ്ടായേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
English Summary: Rubber farmers subsidy, Muvattupuzha sub jail as the first green prison; more agri news

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds