1. News

ശബരിമല: ഭക്തജനങ്ങളുടെ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യവകുപ്പ്

നിലയ്ക്കലില്‍ വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചിട്ടുണ്ട്. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. അടിയന്തര ശസ്ത്രക്രിയകള്‍ക്കുള്ള ഓപ്പറേഷന്‍ തിയേറ്റര്‍, ഐ.സി.യു, ഇ.സി.ജി, ഓക്‌സിജന്‍, എക്‌സ് റേ, ലബോറട്ടറി എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Saranya Sasidharan
Sabarimala: Health Department to solve urgent health problems of devotees
Sabarimala: Health Department to solve urgent health problems of devotees

ശബരിമല മണ്ഡലപൂജ മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് എത്തുന്ന ഭക്തജനങ്ങളുടെ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് സുസജ്ജം. നിലയ്ക്കലില്‍ വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചിട്ടുണ്ട്. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. അടിയന്തര ശസ്ത്രക്രിയകള്‍ക്കുള്ള ഓപ്പറേഷന്‍ തിയേറ്റര്‍, ഐ.സി.യു, ഇ.സി.ജി, ഓക്‌സിജന്‍, എക്‌സ് റേ, ലബോറട്ടറി എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ കാര്‍ഡിയോളജി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ ആശുപത്രികളിലെല്ലാം പാമ്പുവിഷത്തിനും, പേവിഷത്തിനുമുള്ള പ്രതിരോധ മരുന്നുകള്‍ ലഭ്യമാണ്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ത്ഥാടന പാതയില്‍ 15 അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മല കയറുന്നതിനിടെ തളര്‍ച്ചയോ ക്ഷീണമോ അനുഭവപ്പെടുന്നവര്‍ക്ക് വിശ്രമിക്കാനും ഓക്‌സിജന്‍ ശ്വസിക്കാനും പ്രഥമ ശുശ്രൂഷയ്ക്കുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവ കൂടാതെ പള്‍സ് ഓക്‌സിമീറ്റര്‍, ഹൃദയ പുനര്‍ജീവനത്തിനുള്ള എക്‌സ്റ്റേണല്‍ ഡിഫിബ്രിലേറ്റര്‍ തുടങ്ങിയ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ത്ഥാടന പാതയില്‍ എന്തെങ്കിലും അടിയന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ തൊട്ടടുത്ത വൈദ്യസഹായ കേന്ദ്രത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി ഹൃദയ പുനരുജ്ജീവനം ഉള്‍പ്പെടെയുള്ള പ്രഥമ ശുശ്രൂഷ നല്‍കും. തുടര്‍ന്ന് ഓരോ അടിയന്തര വൈദ്യസഹായ കേന്ദ്രത്തോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അയ്യപ്പ സേവാ സംഘം സ്ട്രെചര്‍ വോളണ്ടിയര്‍മാര്‍ ഇവരെ കൂടുതല്‍ ചികിത്സാ സൗകര്യമുള്ള ആശുപത്രികളില്‍ എത്തിക്കും.

എരുമേലിയില്‍ നിന്നും പമ്പയ്ക്ക് വരുന്ന പരമ്പരാഗത കാനനപാതയില്‍ വനം വകുപ്പിന്റെ സഹായത്തോടെ കല്ലിടാംകുന്ന്, കരിയിലാംതോട്, മഞ്ഞപ്പൊടി തട്ട്, കരിമല എന്നിവിടങ്ങളിലും അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അടിയന്തരഘട്ടങ്ങളില്‍ സന്നിധാനത്തില്‍ നിന്നും രോഗികളെ പമ്പയില്‍ എത്തിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെയും വനം വകുപ്പിന്റെയും ഓരോ ആംബുലന്‍സുകള്‍ വീതം സജ്ജീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സുകള്‍ പമ്പ, നിലക്കല്‍, ഇലവുങ്കല്‍, എരുമേലി, വടശ്ശേരിക്കര, പന്തളം, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകളുടെ ചുമതലയില്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളില്‍ തെര്‍മല്‍ ഫോഗിങ് സ്‌പ്രേയിങ് ഉള്‍പ്പെടെയുള്ള കൊതുക നിവാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരടങ്ങുന്ന സംഘം നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ദര്‍ശനത്തിന് എത്തുന്നവര്‍ മലകയറുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കുന്ന ബോധവല്‍ക്കരണ ബോര്‍ഡുകള്‍ ആറു ഭാഷകളില്‍ തയ്യാറാക്കി പന്തളം, പത്തനംതിട്ട ഇടത്താവളം, നിലയ്ക്കല്‍ പമ്പ, ശരണ പാതയുടെ ഇരുവശങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ശബരിമല വാര്‍ഡില്‍ എല്ലാ ബെഡുകളിലും ഓക്സിജന്‍ സപ്ലൈ, വെന്റിലേറ്റര്‍, പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍, ഓക്സിജന്‍ ബെഡ്, ഇസിജി, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, മള്‍ട്ടി പാരാ മോണിറ്റര്‍, ബൈപാസ് വെന്റിലേറ്റര്‍ തുടങ്ങി ഐ.സി.യു അടക്കമുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശബരിമല വാര്‍ഡില്‍ 18 ഉം കാര്‍ഡിയോളജി വിഭാഗത്തില്‍ രണ്ടും അടക്കം ഇരുപത് ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്.

ജീവന്‍രക്ഷാ മരുന്നുകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ലാബ് ടെസ്റ്റുകള്‍ തുടങ്ങി എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കും. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം ശബരിമല വാര്‍ഡിലേക്ക് മാത്രമായി ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍, അറ്റന്‍ഡര്‍മാര്‍ അടക്കമുളള ടീമിന്റെ 24 മണിക്കൂര്‍ സേവനം ഒരുക്കിയിട്ടുണ്ട്. കോന്നി മെഡിക്കല്‍ കോളേജിലും പ്രത്യേക വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്.

ഇത്തവണ പമ്പ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. (04735 203232) തീര്‍ത്ഥാടന പാതയില്‍ ഏതെങ്കിലും തീര്‍ഥാടകന് നെഞ്ചുവേദനയോ ഹൃദയസ്തംഭനമോ ഉണ്ടായാല്‍ അവരുടെ അടുത്തേക്ക് അഞ്ച് മിനിറ്റിനുള്ളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി വേണ്ട ശുശ്രൂഷ നല്‍കി പമ്പയില്‍ എത്തിച്ച് ഉടന്‍തന്നെ ജനറല്‍ ആശുപത്രിയിലെത്തിക്കാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. കാത്ത് ലാബും, കാര്‍ഡിയോളജിസ്റ്റുകളെയും അധികമായി നിയോഗിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ആൻ്റി ബയോഗ്രാം പുറത്തിറക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം

English Summary: Sabarimala: Health Department to solve urgent health problems of devotees

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters