News

യശശ്ശരീരനായ ശ്രീ.ആർ.ഹേലി 2016 നവംബറിൽ കൃഷിജാഗരണിന് നൽകിയ പ്രത്യേക അഭിമുഖം

ആർ.ഹേലി. 1955ൽ റബ്ബർ ബോർഡിൽ സേവനം തുടങ്ങി. 56ൽ തിരുകൊച്ചി കൃഷി വകുപ്പിലെത്തി. കേരളകർഷകൻ പത്രാധിപർ, ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, കൃഷി വകുപ്പ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. മലയാള മനോരമ കർഷകശ്രീ മാസിക, കർഷകശ്രീ അവാർഡ് എന്നിവയുടെ
തുടക്കക്കാരൻ, അനേകം കാർഷികബന്ധ കൃതികളുടെ രചയിതാവ്, പ്രാസംഗികൻ,കൃഷി ഉപദേശകൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയാണ് ഹേലി.

കാർഷിക വിജ്ഞാന രംഗത്ത് നിരവധി സംഭാവനകൾ നലിവരുന്ന, കർഷകർക്കായി
എന്നും സമരവീര്യത്തോടെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആർ.ഹേലി  2016 നവംബറിൽ കൃഷിജാഗരണിന് നൽകിയ പ്രത്യേക അഭിമുഖം.

ഇന്ത്യയുടെ കാർഷിക മേഖല ശുഭാപ്തിവിശ്വാസം നൽകുന്നുണ്ടോ?

നമ്മുടെ കാർഷിക മേഖലയിൽ വൻ കുതിച്ചു ചാട്ടമായിട്ടുണ്ട്. നാമിപ്പോൾ ഭക്ഷ്യകാര്യത്തിൽ സ്വയംപര്യാപ്തമായ രാജ്യമാണ്. ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം, പച്ചക്കറിയുടെയും പഴവർഗ്ഗങ്ങളുടെയും ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം.എങ്കിലും ആശങ്കകൾ ഏറെയുണ്ട്.

ആശങ്കകൾ എന്തെല്ലാം?

സർക്കാരിന്റെ നയങ്ങൾ പലതും കർഷക സൌഹൃദമല്ല എന്നതാണ് പ്രധാന പ്രശ്നം. ഒരു ഹെക്ടറിലെ കൃഷിക്ക് 40,000 രൂപ കർഷകർ മുടക്കുമ്പോൾ 2,000 രൂപ ഗ്രാന്റ് നല്കി കർഷകനെ സഹായിക്കുന്നു എന്നു പറയുന്നതിൽ കഴമ്പില്ല. ഡാമുകൾ നിർമ്മിക്കും, എന്നാൽ കനാലുകൾ പൂർത്തിയാക്കില്ല. ജല നിയന്ത്രണ സംവിധാനം ഫലപ്രദമാകില്ല.

'ജയ് ജവാൻ ജയ് കിസാൻ' എന്നതാണ് നമ്മുടെ മുദ്രാവാക്യം. പട്ടാളക്കാർക്ക് തുല്യരാണ്  കർഷകർ.ഒരു കൂട്ടർ അതിർത്തി കാക്കുമ്പോൾ മറ്റൊരു കൂട്ടർ ജനങ്ങളുടെ വയറു നിറയ്ക്കാനുള്ള ഉത്പന്നങ്ങളാണ് ഉണ്ടാക്കുന്നത്. ഉത്പാദനം വർദ്ധിപ്പിക്കൂ എന്നാണ് എല്ലാ സർക്കാരുകളും ആഹ്വാനം ചെയ്യുന്നത്. എന്നാൽ കർഷകരുടെ ക്ഷേമം അവരുടെ അജണ്ടയിലില്ല. കർഷകന് ഐശ്വര്യമുണ്ടായില്ലെങ്കിൽ സർവ്വ നാശമാകും ഫലം.

കേരളത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ?

തിരുകൊച്ചിയും മലബാറുമായിരുന്ന കാലത്ത് കൃഷിയായിരുന്നു പ്രധാന തൊഴിൽ. കേരളം രൂപം കൊണ്ട് കാലത്തു നിന്നും നമ്മുടെ കൃഷിമേഖല ഒരുപാട് വളർന്നു . വലിയ ചലനം തന്നെയുണ്ടായിട്ടുണ്ട്. 1978-80 വരെ നമ്മുടെ വളർച്ച ശ്ലാഘനീയമായിരുന്നു.
നമുക്കാവശ്യമായ നെല്ലിന്റെ 50 ശതമാനം നമ്മൾ ഉത്പാദിപ്പിച്ചിരുന്നു. ഇന്നത് 20 ശതമാനമായി കുറഞ്ഞു. ഇന്ത്യ ഭക്ഷ്യകാര്യത്തിൽ സ്വയം പര്യാപ്തമായപ്പോൾ
നമ്മൾ പിറകോട്ടുപോയി. അതിന് പ്രധാന കാരണം ഉത്പാദനച്ചിലവ് വർദ്ധിച്ചതാണ്.നമുക്ക് ഇറക്കുമതി ചെയ്ത അരി ഗുണമേന്മ ഒട്ടും കുറയാതെ കുറഞ്ഞ വിലയ്ക്ക് ലഭ്യമായപ്പോൾ നെൽകൃഷി സംരക്ഷിക്കേണ്ട ആവശ്യമില്ലാതെയായി. എങ്കിലും കുടിവെള്ള സ്രോതസായി
പാടങ്ങൾ സംരക്ഷിക്കുന്നതിൽ നമ്മൾ ശ്രദ്ധിച്ചിരുന്നു. പരിസ്ഥിതി പ്രവർത്തകരൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അന്ന് ജനങ്ങൾ നീർത്തടങ്ങൾ  സംരക്ഷിക്കുന്നതിൽ  ശ്രദ്ധാലുക്കളായിരുന്നു. നെൽകൃഷിയിൽ കേരളം പിറകോട്ടു പോയെങ്കിലും റബ്ബറിൽ മേൽക്കൈ നേടി. അന്ന് 9,000 ഏക്കറിൽ കൃഷി ചെയ്തിരുന്ന റബ്ബർ ഇന്ന് 6 ലക്ഷം ഏക്കറായി. ഒരു കിലോ നെല്ലിന് 19 രൂപയുള്ളപ്പോൾ വില കുറഞ്ഞിട്ടും റബ്ബറിന് 120 രൂപയുണ്ട്. സമ്പദ് വ്യവസ്ഥയിൽ ഇത് നല്കുന്ന സംഭാവന ആരും കാണുന്നില്ല. ഇനിയിപ്പോൾ യുവതലമുറയെ
കൃഷിയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമമാണ് വേണ്ടത്. ഐടിയും സേവന മേഖലയും മെച്ചപ്പെട്ട തൊഴിൽ വാഗ്ദാനം ചെയ്തപ്പോൾ കാർഷിക രംഗത്തു നിന്നും യുവാക്കൾ അകന്നു.കൃഷി മേഖലയിൽ ഇപ്പോൾ വലിയ സംഭാവന ചെയ്യുന്നത് കുടുംബശ്രീ പ്രസ്ഥാനമാണ്. അവരില്ലെങ്കിൽ കർഷകത്തൊഴിലാളികളില്ല എന്ന സ്ഥിതിയാണുള്ളത്.

കർഷക ആത്മഹത്യകൾ പെരുകുന്നു, പരിഹാരം?

ലോകത്തെല്ലായിടത്തും പട്ടിണി മരണമുണ്ടാകാറുണ്ട്.
എന്നാൽ കർഷക ആത്മഹത്യയുടെ പ്രഭവകേന്ദ്രം ഇന്ത്യയാണ്.അതും ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന കാർഷിക സ്വയം പര്യാപ്തി നേടിയ രാജ്യത്ത്.
ഈ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യൻ പാർലമെന്റ് ഒരു മണിക്കൂർ പോലും ചിലവാക്കുന്നില്ല എന്നു പറയുമ്പോൾ അത് ദുഃഖകരമാണ്. മുൻ സർക്കാരും ഇപ്പോഴത്തെ സർക്കാരും ഇക്കാര്യത്തിൽ സമാനതയുള്ളവരാണ്. രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടു നില്കുന്നവര
ല്ലാത്തവരിൽ ഇത് വിഷമമുളവാക്കുന്നു.

കേരളത്തിലെ പ്രവർത്തനങ്ങൾ?

കേരളത്തിൽ കാർഷികാവശ്യങ്ങൾക്കായി ഒരു വർഷം 40,000 കോടി രൂപയാണ് വായ്പയായി നല്കുന്നത്. അതിന്റെ യൂട്ടിലിറ്റി സംബ്ബന്ധിച്ച് ഒരു പഠനവും നടന്നിട്ടില്ല. ഇതിൽ 90 ശതമാനവും കൃഷിയേതര ആവശ്യങ്ങൾക്കായി പോകുന്നതായാണ് വിദഗ്ധർ പറയുന്നത്. കർഷകന്റെ സ്വത്താണ് ഭൂമി, ഇത് സഹകരണ ബാങ്കുകളിൽ പണയത്തിലാണ് എന്നതാണ് സ്ഥിതി. മറ്റാരും മിണ്ടിയില്ല. തേയിലയുടെയും കാപ്പിയുടെയും
ഡിമാൻഡ് വർദ്ധിക്കുകയാണ്. നമ്മളിപ്പോഴും തൊഴിൽ വകുപ്പിന്റെ കീഴിലാണ് എസ്റ്റേറ്റുകൾ
ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു പക്ഷെ റവന്യുവിന്, തൊഴിൽ വകുപ്പിനേക്കാൾ മെച്ചപ്പെട്ട നിലയിൽ എസ്റ്റേറ്റുകൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞേക്കും. എസ്റ്റേറ്റുകൾ ഉള്ളതുകൊണ്ടാണ് ഒരു ഹെക്ടറിലെ ഉത്പന്നത്തിന്റെ വില കണക്കാക്കുമ്പോൾ കേരളം
ഒന്നാമതെത്തുന്നത്. പഞ്ചാബിന് രണ്ടാം സ്ഥാനമേയുള്ളൂ. നമ്മൾ വളരെ വിലകൂടിയ കൃഷിയാണ് നടത്തുന്നത്. നമ്മുടെ സാമ്പത്തികസാമൂഹിക ശാസ്ത്രജ്ഞരൊന്നും
ഈ മേഖല ശ്രദ്ധിക്കുന്നില്ല.

RE

ചെറുപ്പക്കാർ കൃഷിയിലേക്ക് വരുന്ന കാലമുണ്ടാകുമോ?

ലോകമൊട്ടാകെ ജീവിതരീതികൾ മാറുകയാണ്. ഞാനെന്തിന് കർഷകനാകണം അല്ലെങ്കിൽ കാർഷികവിദഗ്ധനാകണം എന്നതാണ് ചോദ്യം. കാരണം ഇത് ആകർഷണീയമായ തൊഴിലല്ല, ഇതിൽ ത്രില്ലില്ല. ടെക്നോപാർക്കിലിരുന്നുകൊണ്ട് അമേരിക്കൻ കമ്പനിയിലെ ലാനിയിലെ കണക്കെടുക്കുന്നവർക്കും മികച്ച ശമ്പളം കിട്ടും. പിന്നെന്തിനീ പരീക്ഷണം. ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളിൽ 5 ശതമാനമാളുകളെ കൃഷി തൊഴിലാക്കിയിട്ടുള്ളു. ഇന്ത്യയിൽ പക്ഷെ സ്ഥിതി അതല്ല, 70 ശതമാനം പേരുടെയും വരുമാനമാർഗ്ഗം കൃഷിയാണ്. സ്വാതന്ത്യം കിട്ടിയപ്പോൾ ആകെ 40 കോടി ജനങ്ങളുണ്ടായിരുന്നതിൽ 20 കോടിയായിരുന്നു കർഷകർ. ഇന്നത് 70 കോടിയാണ്. അവർക്ക് പ്രതീക്ഷ നല്കാൻ നമുക്ക് കഴിയുന്നില്ല. 12,000 കോടി രൂപയുടെ സ്വാഭാവിക റബ്ബർ കർഷകൻ ഉത്പാദിപ്പിക്കുമ്പോൾ അതിന്റെ  വാണിജ്യോത്പന്നത്തിന് വിപണി മൂല്യം 3-4 ലക്ഷം കോടിയാണ്. ഇതിൽ ഒരു പൈസയും കർഷകർക്ക് കിട്ടുന്നില്ല. ഇത് മാറണം,എങ്കിലേ ചെറുപ്പക്കാർ ഈ മേഖലയിലേക്ക് വരുകയുള്ള

കേരളത്തിന്റെ കാർഷിക നയരേഖ?

ശ്രീ.കൃഷ്ണൻ കുട്ടി എംഎൽഎ ചെയർമാനും ഞാൻ അംഗവുമായുള്ള സമിതിയാണ് നയരേഖയുണ്ടാക്കിയത്. എന്നിട്ടത് പൊതുസമൂഹത്തിനു മുന്നിൽ വച്ചു. ശ്രീ.ഉമ്മൻ ചാണ്ടിയും ശ്രീ.കെ.പി.മോഹനനും ശ്രീ.ജി.കാർത്തികേയനും വലിയ താത്പര്യമെടുത്ത്
അസംബ്ലിയിൽ കൊണ്ടുവന്നു. ഒരു മണിക്കൂർ ചർച്ച നടത്തി. എല്ലാ പാർട്ടികളും രേഖ അംഗീകരിച്ചു.ഇത് അസംബ്ലിയിൽ ഒരു ചരിത്രമാണ്. ആ നയരേഖയിൽ കാർഷികമേഖല സംബ്ബന്ധിച്ച് എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. അതിലൊരു നിർദ്ദേശം കൃഷിവകുപ്പിന്റെ പേര് മാറ്റണമെന്നതായിരുന്നു. അത് കഴിഞ്ഞ സർക്കാർ അംഗീകരിക്കുകയും കാർഷിക
വികസന-കർഷക ക്ഷേമ വകുപ്പ് എന്നാക്കി മാറ്റുകയും ചെയ്തു. കർഷകരും കൃഷിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്.സ്വാമിനാഥൻ റിപ്പോർട്ടിലും ഇത്  പറഞ്ഞിട്ടുണ്ടായിരുന്നു. കേരളത്തിന്റെ ചുവടുപിടിച്ച് കേന്ദ്രവും വകുപ്പിന്റെ പേര് മാറ്റുകയുണ്ടായി. ഈ നയം നടപ്പിലാക്കിയാൽ കർഷകർക്ക് ഗുണമുണ്ടാകും. ഒരു കിലോ പാലക്കാടൻ മട്ടയ്ക്ക് കർഷകർക്ക് കിട്ടുന്നത് 19 രൂപയാണ്, അരിയാക്കിയാൽ 27 രൂപ കിട്ടും. കച്ചവടക്കാർ ഗൾഫിൽ വില്ലന്നത് 150 രൂപയ്ക്കാണ്. മുംബയിൽ 95,ഡൽഹിയിൽ 110 എന്നിങ്ങനെയാണ് നിരക്ക്. ഇത് പകൽക്കൊള്ളയാണ്. പച്ചക്കറി വില കുറയുമ്പോൾ
കർഷകർക്ക് അവ കുഴിച്ചു മൂടേണ്ടിവരുന്നു. പാലിന്റെ വിലയേക്കാൾ എത്രയോ കൂടുതലാണ് ഐസ്ക്രീമിന്റേത്. ചുരുക്കത്തിൽ അധ്വാനത്തിന് പണമില്ല, ഇടനിലക്കാരും
കച്ചവടക്കാരും സുഖമനുഭവിക്കുകയും ചെയ്യുന്നു. പിന്നെങ്ങനെ കർഷകരുണ്ടാകും

പരിഹാര നിർദ്ദേശം?

കൃഷിയെ ഗൌരവമായി സമീപിക്കുന്നവർക്ക് ഗുണമുണ്ടാവണം. കാർഷികേതര പ്രവർത്തികളിലൂടെ ജീവിത മാർഗ്ഗം കണ്ടെത്തുകയും കൃഷി ഒരു ഹോബിയായി
കാണുകയും ചെയ്യുന്ന ഭൂരിപക്ഷത്തിന്റെ കാര്യമല്ല ഞാൻ പറയുന്നത്, കൃഷി ഉപജീവനമാക്കിയവർക്ക് അവകാശ ലാഭം കിട്ടണം. കേരളം അതിന് തുടക്കമിടണം. ഇപ്പോൾ
അഗ്രി സെസ്സുണ്ട്, പാഡി സെസ്സുണ്ട്,നല്ലതുതന്നെ. ഭൂപരിഷ്ക്കരണം നടപ്പിലാക്കിയതുപോലെ വിപ്ലവകരമായ സ്റ്റെപ്പെടുക്കണം. അതല്ലെങ്കിൽ ആത്മഹത്യകൾ തുടർക്കഥയാകും. ഇന്ത്യയിൽ രേഖപ്പെടുത്തപ്പെട്ട കർഷകക ആത്മഹത്യകൾ 3 ലക്ഷത്തിനു മേലാണ്.
ഇപ്പോൾ 50 ലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യാൻ പോകുന്നു. ഗോതമ്പ് കുറവായിട്ടല്ല, ഇന്ത്യൻ റൊട്ടി കൂടുതൽ രുചികരമാക്കാൻ ആസ്ട്രേലിയൻ ഗോതമ്പ് വേണമെന്നാണ് അധികൃതർ പറയുന്നത്. ഇത് ഒരു മാധ്യമവും റിപ്പോർട്ടു ചെയ്തില്ല. ഇതാണ് ഇന്നത്തെ
അവസ്ഥ.

പാടശേഖര സംരക്ഷണം സംബന്ധിച്ച്?

നമുക്ക് 5 ലക്ഷം ഹെക്ടർ പാടശേഖരം വേണം. അല്ലെങ്കിൽ കുടിവെള്ളം  ഇല്ലാതാകും. ഭാവിയിൽ ഇന്ത്യയും ചൈനയുമാണ് വെള്ളത്തിന്റെ കാര്യത്തിൽ പ്രതിസന്ധി
നേരിടാൻ പോകുന്ന രാജ്യങ്ങൾ. അമേരിക്കയും കാനഡയും ധാരാളം ജലലഭ്യതയുള്ള രാഷ്ട്രങ്ങളായി മാറും. പാട് സംരക്ഷണത്തിനുള്ള വകുപ്പു മന്ത്രിയുടെ നീക്കം
ശ്ലാഘനീയമാണ്. അതിൽ നിന്നു പിറകോട്ടു പോയാൽ ജലത്തിനായി യുദ്ധം ചെയ്യുന്ന ജനതയുണ്ടാകും. ജില്ലകൾ തമ്മിലും പഞ്ചായത്തുകൾ തമ്മിലും യുദ്ധമുണ്ടാകാം.
അതൊഴിവാക്കാൻ ശരിയായ ജനകീയ കാമ്പയിൻ വേണം. വിഷപ്പച്ചക്കറിക്കെതിരായുണ്ടായ കാമ്പയിൻ മാതൃകയാക്കാവുന്നതാണ്. ഇപ്പോൾ നെല്ല് സംഭരണം മുടങ്ങിയിരിക്കയാണ്. ഇത് ശരിയല്ല. മുൻഗണന നിശ്ചയിക്കുന്നതിലുള്ള അപാകമാണിത്. നാട്ടിൽ എല്ലാവർക്കും ക്ഷേമബോർഡുകകളുള്ളപ്പോൾ കർഷകർക്ക് മാത്രം കേമബോർഡില്ല എന്നതുതന്നെ
എന്ത് വിരോധാഭാസമാണ്.

നാളികേര കർഷകരുടെ അവസ്ഥ?

25 കൊല്ലമായി നീരയ്ക്കായി വാദിക്കുന്ന ഒരാളാണ് ഞാൻ. നമ്മുടെ കാർഷിക സർവ്വകലാശാലയുടെ വലിയ ശാസ്ത്രീയ കണ്ടുപിടുത്തമാണ് നീര. 40,000 ലിറ്ററാണ്
ഇപ്പോൾ ദിവസവും ഉത്പാദിപ്പിക്കുന്നത്. ഇത് 5 ലക്ഷം വരെയാക്കാൻ കഴിയും. ഒരു ലിറ്ററിന് 130 രൂപ എന്നു കണക്കു കൂട്ടിയാൽ തന്നെ ഇതിലെ വരുമാനം എത്രമാത്രമെന്നു കണക്കാക്കാവുന്നതാണ്. ഇതിനായി അമൂൽ മാതൃകയിലുള്ള ശ്രംഖലയാണ് ആവശ്യം. അതിനുള്ള നീക്കം തകർക്കപ്പെട്ടിരിക്കുന്നു. പകരം ബഹുരാഷ് കമ്പനികൾ വരുമെന്ന നിലയാണിപ്പോൾ. ഈ രംഗത്ത് ടി.കെ. ജോസിന്റെ സംഭാവന ശ്ലാഘനീയമാണ്. പ്രായമായ
സ്ത്രീകൾ,ഗർഭിണികൾ,പെൺകുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും ആരോഗ്യം പ്രദാനം ചെയ്യുന്നതാണ് ചെത്തുകള്ള് എന്ന് പഴമക്കാർക്ക് അറിയാമായിരുന്നു.
അത് പുളിക്കാതിരിക്കാനുള്ള സാങ്കേതിക വിദ്യയാണ് നമ്മൾ വികസിപ്പിച്ചെടുത്തത്.2 ലക്ഷം തെങ്ങുകൾ ചെത്താൻ പാകമാണ്. ഒരാൾ ഒരു ദിവസം പത്ത് തെങ്ങുകൾ ചെത്തുന്നുവെങ്കിൽ എത്ര പേർക്ക് തൊഴിൽ ലഭ്യമാകും എന്നതും കണക്കാക്കേണ്ടതുണ്ട്. ഒരു ലിറ്ററിന് 5 രൂപ നികുതി ഈടാക്കിയാൽ തന്നെ നാടിന്റെ സാമ്പത്തിക നില ഉയരും. നീരയ്ക്കായി 25 കോടി
മുതലിറക്കിയിരിക്കുന്നത് കർഷകരാണ് എന്നതും ഓർക്കേണ്ടതുണ്ട്.

സർക്കാർ സംവിധാനം?

കൃഷി വകുപ്പ് ജീവനക്കാർ വെറും തൊഴിലായി മാത്രം ഇതിനെ കാണാതെ സേവനം ചെയ്യാൻ തയ്യാറാവണം. രാവിലെ എട്ടു മണിക്കും വൈകിട്ട് അഞ്ചുമണി കഴിഞ്ഞും സേവനം ചെയ്യാൻ തയ്യാറുള്ളവർ ഉണ്ടാവും. എല്ലാവരും അങ്ങിനെയാവണം. ഒരു കർഷകൻ ഓഫീസിൽ
വന്നാൽ അയാളുടെ ആവശ്യം മനസ്സിലാക്കി പരിഹാരം നിർദ്ദേശിക്കാൻ  കഴിയണം. കൃഷിയെയും കർഷകരെയും ബഹുമാനിക്കുന്നവരാകണം ഉദ്യോഗസ്ഥർ. പകരം
അവരെ നിരാശപ്പെടുത്തിയാൽ അവർ വകുപ്പിനെ അവഗണിക്കും. കേന്ദ്ര സർക്കാരിൽ നിന്നും പദ്ധതികൾ നേടിയെടുക്കാനുള്ള പിപിഎം സെൽ, ഡബടിഒ സെൽ ഒക്കെ എന്തുചെയ്യുന്നു എന്നു പരിശോധിക്കണം. നിയമസഭാ ചോദ്യങ്ങൾക്ക് മറുപടി എഴുതുകയല്ല
ഈ വിഭാഗങ്ങളുടെ ജോലിയെന്ന് മനസ്സിലാക്കി പ്രവർത്തിക്കണം. ഉദ്യോഗസ്ഥൻ കാലത്തിനൊത്തുയരണം.

വിത്ത് സംരക്ഷണം സംബന്ധിച്ച്?

നമ്മൾ അഭിമുഖീകരിക്കാൻ പോകുന്ന വലിയ ദുരന്തം കാലാവസ്ഥാ വ്യതിയാനമാണ്. അതിനെ അതിജീവിക്കാൻ കഴിയുന്നത് നമ്മുടെ പരമ്പരാഗത വിത്തുകൾക്കും കൃഷിരീതികൾക്കുമാണ്. ദുരന്തം അനുഭവിക്കേണ്ടി വരുന്ന ആദ്യ ഇടങ്ങളിൽ ഒന്ന്
കുട്ടനാടാണ്. അതുകൊണ്ടാണ് കാലാവസ്ഥാ പഠനത്തിന് ഒരന്താരാഷ്ട്ര കേന്ദ്രം കുട്ടനാടുണ്ടാവണം എന്ന് ഡോക്ടർ എം എസ് സ്വാമിനാഥൻ ശുപാർശ ചെയ്തത്. അദ്ദേഹമാണ്
കാലാവസ്ഥ വ്യതിയാന അഭയാർത്ഥികൾ എന്നൊരു സമൂഹത്തെക്കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തിയത്. കുട്ടനാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ 1800 കോടിയുടെ പാക്കേജ് അദ്ദേഹം കൊണ്ടുവന്നു. ഇതിൽ 1200 കോടിയും നമ്മൾ നഷ്ടമാക്കി. പാറകൊണ്ട്
ബണ്ട് കെട്ടുന്നത് ഒഴിവാക്കി പരമ്പരാഗത രീതിയിൽ ചെളികൊണ്ട് ബണ്ട് കെട്ടണം എന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. കുട്ടനാട്ടിൽ രോഗപ്രതിരോധ ശേഷിയുള്ള നാടൻ താറാവുണ്ട്. നമ്മുടെ നാടൻ മത്സ്യങ്ങളുണ്ട്,പൊക്കാളി പോലുള്ള വിത്തുകളുണ്ട്,
ഇവയെല്ലാം പ്രോത്സാഹിപ്പിക്കണം, പരമ്പരാഗത കൃഷി രീതികൾ തിരികെ കൊണ്ടുവരണം.


English Summary: SRI R HELI INTERVIEW WITH KRISHIJAGRAN

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine