News

സംസ്ഥാനത്തെ പൗള്‍ട്രി ഹാച്ചറികള്‍ പുനരുദ്ധരിക്കും: മന്ത്രി തോമസ് ഐസക്ക്

അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് നവീകരിച്ച് പുനരാരംഭിക്കാന്‍ കഴിഞ്ഞു എന്നതാണ് തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ പൗള്‍ട്രി ഹാച്ചറിയെ വ്യത്യസ്തമാക്കുന്നതെന്നും സംസ്ഥാനമൊട്ടാകെ മുടങ്ങികിടക്കുന്ന പൗള്‍ട്രി ഹാച്ചറികള്‍ പുനരുദ്ധരിക്കാനുളള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്നും ധനമന്ത്രി തോമസ് ഐസ്‌ക്ക് പറഞ്ഞു. തൃശൂര്‍ ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് നവീകരിച്ച ഒല്ലൂരിലെ പൗള്‍ട്രി ഹാച്ചറി നാടിന് പുനര്‍സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1998 ല്‍ ആരംഭിച്ച പൗള്‍ട്രി ഹാച്ചറി ഇടക്കാലത്ത് മുടങ്ങിപ്പോയത് നിര്‍വ്വഹണ ഏജന്‍സിയുടെ അഭാവമൂലമാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ്, ഇപ്പോള്‍ സുതാര്യമായ രീതിയില്‍ എനിമല്‍ ഹസ്ബന്ററി എംപ്ലോയീസ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് നടത്തിപ്പ് ചുമതല നല്‍കിയ നടപടിയെ ധനമന്ത്രി അഭിനന്ദിച്ചു.

കോഴികുഞ്ഞുങ്ങള്‍ക്ക് കേരളത്തില്‍ വിപണിയുണ്ടെന്നും കോഴിയിറച്ചിയുടെയും മുട്ടയുടെയും കാര്യത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത നേടണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ഹാച്ചറികളുടെ അപര്യാപതത പരിഹരിക്കാനുളള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഒരു കാലത്ത് അന്യനാടുകളിലേക്ക് വരെ കോഴിമുട്ട വിറ്റവരാണ് കേരളീയര്‍. ഇപ്പോള്‍ നമ്മുടെ ഭക്ഷണത്തില്‍ ഇറച്ചിയും മുട്ടയും വ്യാപകമായി. എന്നാല്‍ പരമ്പരാഗത കോഴി വളര്‍ത്തല്‍ നമുക്കിടയില്‍ ഇല്ലാത്തായി, ഇത് മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ നടപടി തികച്ചും മാതൃകാപരമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഒരു വര്‍ഷം കൊണ്ട് ഹാച്ചറി വഴി 65 ലക്ഷം കോഴികുഞ്ഞുങ്ങളെ നല്‍കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് അവര്‍ പറഞ്ഞു. നിര്‍വ്വഹണ ഏജന്‍സിക്ക് പുറമേ ഹാച്ചറിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഒരു ഗവേണിംഗ് ബോഡി കൂടെ രൂപീകരിച്ച് മുന്നോട്ട് പോവുകയാണ് ലക്ഷ്യം.

കോഴികുഞ്ഞുങ്ങളെ വളര്‍ത്താന്‍ ആയിരം കുടുംബശ്രീ യൂണിറ്റുകള്‍ തയ്യാറാക്കി കഴിഞ്ഞു. ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിതിനാലാണ് ഹാച്ചറിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിഞ്ഞത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ വ്യക്തമാക്കി. നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ അവരവരുടെ കടമ നിര്‍വഹിക്കാത്തത് പദ്ധതികള്‍ വൈകാന്‍ കാരണമാകുന്നുണ്ടെന്നും വെളളാങ്കല്ലൂര്‍ അറവ് ശാല സമയബന്ധിതമായി നാടിന് സമര്‍പ്പിക്കാന്‍ കഴിയാത്തത് അത്തരം പ്രശ്‌നങ്ങള്‍ മൂലമാണെന്നും അവര്‍ പറഞ്ഞു. പൗള്‍ട്രി ഹാച്ചറിയുടെ നവീകരണത്തിന് മുന്‍കൈയ്യെടുത്ത മൃഗസംരക്ഷണ ഉദ്യോഗസ്ഥരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ അഭിനന്ദിച്ചു.

ഹാച്ചറിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം അഡ്വ.കെ.രാജന്‍ എം.എല്‍.എ നിര്‍വഹിച്ചു. മേയര്‍ അജിത ജയരാജന്‍, ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ഭാരവാഹികളായ കെ.ഡിക്‌സണ്‍ എം.പത്മിനി ടീച്ചര്‍, അംഗങ്ങളായ മേരി തോമസ്, സി ജി സിനി, സിജി മോഹന്‍ദാസ്, സെക്രട്ടറി ടി എസ് മജീദ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എ എസ് വിജയകുമാര്‍, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. എം കെ പ്രദീപ് കുമാര്‍, കുടുംബശ്രീ മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ വി ജ്യോതികുമാര്‍, വെറ്റിനറി സര്‍ജന്‍ ഡോ. പി ബി ഗിരിദാസ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ ജെന്നി ജോസഫ് സ്വാഗതവും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം കെ ഗിരിജ നന്ദിയും പറഞ്ഞു.


Share your comments