ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ പച്ചക്കറി. ഇതിൻറെ വില കിലോഗ്രാമിന് ഒരു ലക്ഷം രൂപ! വിദേശ രാജ്യങ്ങളിൽ കൃഷി ചെയ്തിരുന്ന ഔഷധ സസ്യമാണ് നമ്മുടെ രാജ്യത്ത് ബിഹാറിലും വിളവെടുക്കുന്നത്.
ക്യാൻസറിനെ പ്രതിരോധിക്കാൻ ഉത്തമമാണ് ഈ പച്ചക്കറിയെന്ന് പറയപ്പെടുന്നു. ഹോപ് ഷൂട്ട് എന്നാണ് ഇതിൻെറ പേര്.
കർഷകനായ അമ്രേഷ് സിംഗ് ആണ് കൃഷി ഭൂമിയിൽ വിപ്ലവകരമായ ഈ പരീക്ഷണത്തിന് മുതിര്‍ന്നത്. 38 കാരനായ അദ്ദേഹം വെറും 3600 ചതുരശ്രയടി സ്ഥലത്തായിരുന്നു പരീക്ഷണം നടത്തിയത്.
ആറ് വർഷം മുമ്പ് കിലോഗ്രാമിന് 1,000 പൗണ്ടിന്, ഏകദേശം ഒരു ലക്ഷം രൂപയിലേറെ ഇത് വിറ്റഴിച്ചിരുന്നുവത്രെ, ഇന്ത്യൻ വിപണിയിൽ വളരെ അപൂർവമായി ആണ് സസ്യം ലഭിക്കുക, പ്രത്യേകമായി ഓർഡർ നൽകിയേ വാങ്ങാനുമാകൂ.
നട്ടതിൽ 60 ശതമാനത്തിലധികവും പിടിച്ചു കിട്ടിയതിൻെറ സന്തോഷത്തിലാണ് അമ്രേഷ് സിംഗ്.
മറ്റ് കാർഷിക വിളകൾ നടുന്നതിനേക്കാൾ 10 മടങ്ങ് വരെ കർഷകര്‍ക്ക് കൂടുതൽ വരുമാനം നേടികൊടുക്കുന്നതാണ് കൃഷി. ഏതാനും വര്‍ഷങ്ങൾ കൊണ്ട് തന്നെ മികച്ച വിളവെടുക്കാനുമാകും. വാരണാസിയിലെ ഇന്ത്യൻ വെജിറ്റബിൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ ഡോ. ലാലിൻെറ മേൽനോട്ടത്തിലായിരുന്നു കൃഷി.
ഔഷധ ആവശ്യങ്ങൾക്ക് പുറമെ ഹോപ്-ഷൂട്ട് സസ്യങ്ങളുടെ പഴം, പുഷ്പം, തണ്ട് എന്നിവയെല്ലാം വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം .പാനീയങ്ങൾ നിർമ്മിക്കുന്നതിനും, ബിയർ നിർമ്മാണത്തിനുമൊക്കെ ഇവ ഉപയോഗിക്കാറുണ്ട്.ആൻറിബയോട്ടിക്കുകൾ നിർമ്മിക്കാനും ഈ സസ്യം ഉപയോഗിക്കുന്നു.
തണ്ട് ഉപയോഗിച്ച് നിർമ്മിച്ച മരുന്ന് ക്ഷയരോഗ ചികിത്സയിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.