1. News

കുറഞ്ഞ ചെലവിൽ വീട്ടുപടിക്കൽ മൃഗങ്ങൾക്ക് ചികിത്സ; പദ്ധതിയ്ക്ക് തുടക്കം..കൂടുതൽ വാർത്തകൾ

Darsana J

1. കേരളത്തിൽ സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. കുറഞ്ഞ ചെലവിൽ വീട്ടുപടിക്കൽ മൃഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന 'ആശ്രയ' മൊബൈൽ വെറ്ററിനറി ക്ലിനിക്ക്, ക്ഷീരകർഷകരുടെ ഉരുക്കൾക്ക് കൃത്രിമ ബീജാധാനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന 'പ്രതീക്ഷ' കൃത്രിമ ബിജാധാന സേവനം എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു. തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ നടപ്പിലാക്കുന്ന ഊർജ്ജിത മൃഗസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതികൾ ആരംഭിക്കുന്നത്.

കൂടുതൽ വാർത്തകൾ: 2 ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിന് സാധ്യത

2. കേരളത്തിൽ 2 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴ പെയ്തേക്കാം. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസം അലർട്ട് തുടരും. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മി.മീറ്റർ മുതൽ 115.5 മി.മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. എന്നാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. 

3. തൊഴില്‍ മേളകള്‍ വഴി കേരളത്തിൽ തൊണ്ണൂറ്റി ആറായിരത്തി,792 പേര്‍ക്ക് തൊഴില്‍ ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കളമശ്ശേരി ഗവ. പോളിടെക്‌നിക്കില്‍ സംഘടിപ്പിച്ച നിയുക്തി 2023 മെഗാ ജോബ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴില്‍ വകുപ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ് മേളകൾ നടക്കുക. സ്വകാര്യമേഖലയിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി തൊഴില്‍ വകുപ്പ് മാറിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

4. ആത്മവിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏത് ഭൂമിയിലും നൂറുമേനി വിളവ് കൊയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് മുക്കം സ്വദേശിയായ ഷമീർ. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മുക്കം കൃഷി ഭവന്റെയും നഗരസഭയുടെയും സഹായത്തോടെയാണ് ഷമീർ കൃഷി ചെയ്യുന്നത്. കാട് മൂടിക്കിടന്ന 85 സെന്റ് സ്ഥലത്താണ് വിവിധ തരത്തിലുള്ള പച്ചക്കറികൾ വിളയിച്ച് ഈ യുവ കർഷകൻ മാതൃകയായത്. മീറ്റർ പയർ, കുറ്റി പയർ, വെണ്ട, തണ്ണി മത്തൻ, ചീര തുടങ്ങി നിരവധി പച്ചക്കറികളാണ് ഷമീർ വിളവെടുത്തത്.

5. വയനാട് ജില്ലയിലെ ജലക്ഷാമത്തിന് പരിഹാരമായി തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മ്മിച്ച 27 കാര്‍ഷിക കുളങ്ങള്‍ നാടിന് സമര്‍പ്പിച്ചു. ലോക ജലദിനത്തോടനുബന്ധിച്ച് ആയിരം കുളങ്ങള്‍ നാടിന് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി വെങ്ങപ്പള്ളി പഞ്ചായത്തിലെ പൂളക്കണ്ടി കുളം നവീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 26 കുളങ്ങളുടെ നവീകരണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു.

6. ഖാദി-തേനീച്ച വളർത്തൽ ക്ലസ്റ്റർ പദ്ധതിയുടെ ആനുകൂല്യങ്ങൾക്കായി ഈ മാസം 27ന് ഹാജരാകാൻ നിർദേശം. തേനീച്ചപെട്ടികളും അനുബന്ധ ഉപകരണങ്ങളും സൗജന്യ നിരക്കിൽ ലഭിക്കുന്നതിനായി ഖാദി ബോർഡിന്റെ പത്തനംതിട്ട, കോട്ടയം ജില്ലാ ഓഫീസുകളിൽ അപേക്ഷ നൽകിയിട്ടുള്ളവർ കോട്ടയം ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നേരിട്ട് ഹാജരാകണം. രാവിലെ 9.30 മുതൽ അഞ്ച് വരെയാണ് സമയം. ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, പാൻകാർഡ് എന്നിവയും വയസ്, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. വിശദവിവരത്തിന് ഫോൺ: 0481 2560586. 

7. വിദ്യാർഥികളിലേക്ക് കൃഷിയുടെ പ്രധാന്യം എത്തിക്കുന്നതിനായി കോട്ടയം എലിക്കുളം പഞ്ചായത്തിൽ സ്റ്റുഡന്റ്സ് ഗ്രീൻ ആർമി ആരംഭിക്കുന്നു. ഈ മാസം 28ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ കൃഷിമന്ത്രി പി പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്യും. അതോടൊപ്പം കുട്ടികൾക്കുള്ള കൃഷി പാഠപുസ്തകമായ ‘ഹരിതപത്രിക ‘ മന്ത്രി പ്രകാശനം ചെയ്യും. വിദ്യാലയങ്ങളിൽ പച്ചക്കറിത്തോട്ട നിർമ്മാണം, കാർഷിക പഠന പരിപാടികൾ, നടീൽ വസ്തുക്കളുടെ വിതരണം, മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുകയാണ് ഗ്രീൻ ആർമിയുടെ ലക്ഷ്യങ്ങൾ.

8. കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പ് ഫ്രാഞ്ചൈസി വ്യവസ്ഥയില്‍ ഗ്രാമശ്രീ ഹോര്‍ട്ടി സ്‌റ്റോറുകള്‍ ആരംഭിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. പച്ചക്കറികള്‍ക്കും പഴവര്‍ക്ഷങ്ങള്‍ക്കും പുറമെ മറ്റു പൊതു മേഖല സ്ഥാപനങ്ങള്‍/ കുടുംബശ്രീ/ഫാര്‍മേഴ്‌സ്/ ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി/കൃഷി കൂട്ടങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ എന്നിവരുടെ ഉള്‍പ്പന്നങ്ങളും ഹോര്‍ട്ടി സ്‌റ്റോറില്‍ ലഭ്യമാക്കുന്നതാണ്. സ്‌റ്റോറുകള്‍ക്ക് കുറഞ്ഞത് 100 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണം ഉണ്ടായിരിക്കണം. സെക്യൂരിറ്റി ഡെപ്പോസിറ്റായി 25,000/ – രൂപ അടയ്‌ക്കേണ്ടതാണ്. ഹോര്‍ട്ടികോര്‍പ്പ് നിര്‍ദ്ദേശിക്കുന്ന മാതൃകയില്‍ സ്‌റ്റോറുകള്‍ ക്രമീകരിക്കേണ്ടതുമാണ്. താല്‍പര്യമുളള സംരംഭകര്‍ 0471 2359651, 9447625776 എന്നീ ഫോണ്‍ നമ്പറുകളിലോ, മാനേജിംഗ് ഡയറക്ടര്‍, ഹോര്‍ട്ടികോര്‍പ്പ്, ഉദയഗിരി, പൂജപ്പുര പി.ഒ., തിരുവനന്തപുരം – 695012. എന്ന വിലാസത്തിലോ ബന്ധപ്പെടുക.

9. തൃശൂർ പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ കാലിത്തീറ്റ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.കെ അനൂപ് നിർവഹിച്ചു. കറവപ്പശു കേരള ഫീഡ്സ് കാലിത്തീറ്റ പദ്ധതിയിലേക്ക് 8 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഗ്രാമസഭ വഴി തെരഞ്ഞെടുത്ത 160 ക്ഷീരകർഷകർക്കാണ് കാലിത്തീറ്റ കൈമാറിയത്.

10. ഒഡിഷയിലെ ബലസോറിൽ നടക്കുന്ന കൃഷി സന്യന്ത്ര മേള 2023 രണ്ടാം ദിവസത്തിലേക്ക്. കൃഷി ജാഗരൺ സംഘടിപ്പിക്കുന്ന ത്രിദിന പരിപാടിയിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ അഭിനന്ദനം അറിയിച്ചു. സംസ്ഥാനത്തെ 10,000-ത്തിലധികം കർഷകർക്കും, രാജ്യത്തെ ഭക്ഷ്യ-കാർഷിക രംഗത്തെ വ്യവസായികൾക്കും, കാർഷിക മേഖലയിലെ വിദഗ്ധർക്കും മികച്ച അവസരമാണ് മേളയിലൂടെ ലഭിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കൃഷി ജാഗരണിന്റെ മികവാർന്ന പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

English Summary: Treatment of dairy anilmals at low cost Project started

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds