News

വറ്റാത്ത ഉറവയിലുണര്‍ന്ന് കാട്ടാക്കട

പലതരം വാഴകളും തെങ്ങും റബ്ബറും കവുങ്ങും ഇഞ്ചിയും ചേനയും ചേമ്പും ഇടകലര്‍ന്ന് പച്ചപ്പാര്‍ന്ന കൃഷിയിടങ്ങളുടെ നടുവിലൂടെ തെളിമയാര്‍ന്ന് കുതിച്ചും ഇടക്കൊന്ന് കിതച്ചുമൊഴുകുന്ന ചെറിയ അരുവി. അതിന് സമാന്തരമായി കടന്നുപോകുന്ന പുല്ലുനിറഞ്ഞ മണ്‍പാതയിലൂടെ ഐ.ബി. സതീഷ് എം.എല്‍.എയും ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകിയും ഒപ്പം വന്‍ജനക്കൂട്ടവും വലിയൊരു ആശയമുയര്‍ത്തി നടന്നുവന്നപ്പോള്‍ നാട്ടുകാര്‍ ഒന്നാകെ അവര്‍ക്കൊപ്പം കൂടി.

വറ്റാത്ത ഉറവക്കായി ജലസമൃദ്ധി എന്ന മുദ്രാവാക്യവുമായി കാട്ടാക്കടയിലെ കടുവാക്കുഴിയില്‍ നിന്നുമാരംഭിച്ച നീര്‍ത്തടസംരക്ഷണ യാത്ര ആറ് കിലോമീറ്റര്‍ സഞ്ചരിച്ച് കല്ലുവരമ്പില്‍ സമാപിച്ചപ്പോള്‍ നാട്ടുകാര്‍ക്ക് അതൊരു പുതിയ അനുഭവമായി. എം.എല്‍.എയും കളക്ടറേയും വഴിയിലുടനീളം പൂക്കളും നാടന്‍ ഭക്ഷണ പാനീയങ്ങളുമൊരുക്കി നാട്ടുകാര്‍ വരവേറ്റു. ത്രിതല ജനപ്രതിനിധികള്‍ക്കൊപ്പം വിവിധ വകുപ്പുകളിലെ ജില്ലാതല ഉദേ്യാഗസ്ഥരും കൂടി ചേര്‍ന്നപ്പോള്‍ അതില്‍ നാട്ടുകാരും ആവേശത്തോടെ പങ്കാളികളായി.

എസ്.പി.സി, എന്‍.എസ്.എസ്, സി.ഡി.എസ്, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നീര്‍ത്തടം ശുദ്ധിയാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി. 
വറ്റാത്ത ഉറവക്കായുള്ള ജലസമൃദ്ധി തേടിയിറങ്ങിയപ്പോള്‍ ലഭിച്ച അനുഭവം വിലമതിക്കാനാകാത്തതെന്ന് ഐ.ബി. സതീഷ് എം.എല്‍.എ പറഞ്ഞു. വരളാത്ത കിണറുകളും കുളങ്ങളും ഈര്‍പ്പമുള്ള മണ്ണുമായിരിക്കും വരും തലമുറയ്ക്കായി നമുക്ക് കരുതിവയ്ക്കാനാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമാണിന്നത്തേതെന്നും ജലം, കൃഷി, മാലിന്യം ഈ മൂന്ന് മേഖലകളില്‍ നമ്മള്‍ ഏറെ കരുതലോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു.

തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഗാന്ധിജയന്തി വാരാഘോഷ പരിപാടികളുമായി സഹകരിച്ചാണ് നിര്‍ത്തട സംരക്ഷണ യാത്ര സംഘടിപ്പിച്ചത്. കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത, മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍, കാട്ടാക്കട പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.ജെ. സുനിത, പഞ്ചായത്തംഗങ്ങളായ ജെ.ജെ. റീന, റ്റി. മോഹനന്‍, ഡി.ജി. സനല്‍ ബോസ്, ഹരിതകേരളം മിഷന്‍ ടെക്‌നിക്കല്‍ അഡൈ്വസര്‍ ഡോ. അജയകുമാര്‍ വര്‍മ്മ, വിവിധ ജില്ലാതല ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ യാത്രയിലുടനീളം പങ്കാളികളായി.


English Summary: trivandrum kattakada

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine