1. News

UNION BUDGET 2023: പിഎം ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷംകൂടി..കൂടുതൽ വാർത്തകൾ

എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും പദ്ധതി വഴി പ്രയോജനം ലഭിക്കും

Darsana J
UNION BUDGET 2023: പിഎം ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷംകൂടി..കൂടുതൽ വാർത്തകൾ
UNION BUDGET 2023: പിഎം ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷംകൂടി..കൂടുതൽ വാർത്തകൾ

1. പിഎം ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷംകൂടി തുടരും. 2023-24 വർഷത്തെ പൊതു ബജറ്റിലാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപനം നടത്തിയത്. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും പദ്ധതി വഴി പ്രയോജനം ലഭിക്കും. പദ്ധതി നടത്തിപ്പിലേക്ക് 2 ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രസർക്കാർ വഹിക്കുമെന്നും ധനമന്ത്രി അറിയിച്ചു. 81 കോടി ജനങ്ങൾക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണ് പിഎം ഗരീബ് കല്യാൺ അന്ന യോജന.

കൂടുതൽ വാർത്തകൾ: നീല, വെള്ള റേഷൻ കാർഡുകൾക്ക് 10 കിലോ സ്പെഷൽ അരി..കൂടുതൽ വാർത്തകൾ

2. 2023-24 വർഷത്തെ പൊതു ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്. രാവിലെ 11 മണിയോടെ ബജറ്റ് അവതരണം ആരംഭിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ്ഘടന ശരിയായ പാതയിലാണെന്നും സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലെ ഇന്ത്യ ലക്ഷ്യമിട്ടുള്ള ബജറ്റാണിതെന്നും ധനമന്ത്രി വ്യക്തമാക്കി. കാർഷിക, മത്സ്യബന്ധന മേഖലകളിൽ നിരവധി പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്. കാർഷിക വായ്പയ്ക്ക് 20 ലക്ഷം കോടി, കാർഷിക മേഖലയ്ക്ക് ഐടി അധിഷ്ടിത അടിസ്ഥാന വികസനം, മത്സ്യബന്ധന മേഖലയ്ക്ക് 6,000 കോടിയുടെ അനുബന്ധ പദ്ധതി, 2,200 കോടി രൂപയുടെ ഹോർട്ടികൾച്ചർ പാക്കേജ്, കൃഷി അനുബന്ധ സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഫണ്ട്, കർഷകർക്കും വ്യവസായികൾക്കും ഏകജാലകം എന്നിവയാണ് 2023-24ലെ പൊതുബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ.

3. മൂല്യവര്‍ധിത കൃഷിയിലേക്ക് കർഷകർ തിരിയണമെന്ന് കൃഷിമന്ത്രി പി പ്രസാദ്. പത്തനംതിട്ട റാന്നി പെരുനാട് പഞ്ചായത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക കര്‍മ്മ സേന ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര ബ്രാന്‍ഡിംഗ് നടത്തി വില്‍ക്കുന്നതിലൂടെ വരുമാനം ലഭ്യമാക്കാന്‍ സാധിക്കുമെന്നും റാന്നി പെരുനാട് പഞ്ചായത്തില്‍ കാര്‍ഷിക കര്‍മ സേനയ്ക്ക് ആവശ്യമായ യന്ത്ര സാമഗ്രികള്‍ കൃഷി വകുപ്പിന്റെ സഹായത്തോടെ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വീട്ടില്‍ ഒരു പച്ചക്കറി പദ്ധതിയുടെ ആനുകൂല്യങ്ങളും ഫലവൃക്ഷത്തൈകളും മന്ത്രി വിതരണം ചെയ്തു.

4. എറണാകുളം കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ എടയാറ്റുചാലിൽ നെൽകൃഷി വിളവെടുപ്പിന് ഒരുങ്ങുന്നു. 255 ഏക്കറിൽ ഇത്തവണ ഉമ ഇനം നെൽ വിത്താണ് വിതച്ചത്. വിതച്ച് നൂറു ദിവസം പൂർത്തിയായ നെൽച്ചെടികൾ ഫെബ്രുവരി അവസാനത്തോടെ വിളവെടുക്കാൻ സാധിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. കുട്ടനാട്ടിലെ നാല് യുവകർഷകരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. കൃഷി വകുപ്പും നെല്ലുൽപാദന സമിതിയും ത്രിതല പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 30 വർഷമായി തരിശായി കിടന്ന 300 ഏക്കർ പാടശേഖരമാണ് കൃഷിയോഗ്യമാക്കിയത്.

5. പാൽ ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തത നേടുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് മിൽമ എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ ആരംഭിച്ച മിൽമ ഓൺ വീൽസ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മിൽമയുടെ വളർച്ചയ്ക്ക് പിന്തുണ നൽകുമെന്നും പാൽ വില വർധിപ്പിച്ചത് വഴി 5 രൂപയിലധികം ക്ഷീര കർഷകർക്ക് അധികമായി ലഭിക്കുന്നുണ്ടെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.

6. തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജില്‍ വൈഗ 2023 അഗ്രി ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, കര്‍ഷകര്‍, പൊതുജനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് കൃഷി വകുപ്പാണ് പരിപാടി നടപ്പിലാക്കുന്നത്. 3 മുതല്‍ 5 പേര്‍ അടങ്ങുന്ന ടീമുകള്‍ക്ക് പരിപാടിയിൽ പങ്കെടുക്കാം. പരിപാടിയിൽ പങ്കെടുക്കാന്‍ താൽപര്യമുള്ള ടീമുകള്‍ ഈ മാസം 12 ന് മുമ്പ് അഗ്രി ഹാക്ക് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യണം. തെരഞ്ഞെടുക്കുന്ന മികച്ച 30 ടീമുകള്‍ക്ക് ഈ മാസം 25 മുതല്‍ 27 വരെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാം. 

7. വയനാട് മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ ക്ഷീര കര്‍ഷകര്‍ക്കായി കൗ ലിഫ്റ്റ് യന്ത്രം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. രോഗബാധ മൂലമോ, മറ്റ് അത്യാഹിതം മൂലമോ എണീക്കാൻ സാധിക്കാത്ത കന്നുകാലികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കിടത്താനുള്ള യന്ത്രമാണ് കൗലിഫ്റ്റ്. വളര്‍ത്തുമൃഗങ്ങളെ അനായാസം ചികില്‍സിക്കാന്‍ കഴിയുന്ന കൗ ലിഫ്റ്റ് യന്ത്രം കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാണ്. പഞ്ചായത്തിലെ മൂന്നിടങ്ങളിൽ കൗ ലിഫ്റ്റ് യന്ത്രം സ്ഥാപിക്കും.

8. കേരളത്തിൽ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. ഇന്നുമുതൽ 28-ാം തിയതി വരെ സമയക്രമം മാറും. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നുമുതൽ 4 വരെയും, 13 മുതൽ 17 വരെയും 27, 28 തീയതികളിലും രാവിലെ 8 മുതൽ 1 മണിവരെ കടകൾ പ്രവർത്തിക്കും. ഈ ജില്ലകളിൽ ഫെബ്രുവരി 6 മുതൽ 11 വരെയും 20 മുതൽ 25 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 7 വരെയും പ്രവർത്തിക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഈ മാസം 6 മുതൽ 11 വരെയും , 20 മുതൽ 25 വരെയും രാവിലെ 8 മുതൽ 1 മണിവരെയും കടകൾ പ്രവർത്തിക്കും. ഇന്നുമുതൽ 4 വരെയും, 13 മുതൽ 17 വരെയും ഈ മാസം 27, 28 തീയതികളിലും ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 7 വരെ കടകൾ തുറക്കും.

9. തക്കാളി ഉൽപാദനം വർധിപ്പിക്കാൻ പുതിയ ഗവേഷണ പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങുകയാണ് ഖത്തർ. ഖത്തർ ഫൗണ്ടേഷന് കീഴിലെ ടെക്‌സാസ് എ ആൻഡ് എം സർവകലാശാലയാണ് ഗവേഷണ പദ്ധതികൾക്ക് തുടക്കമിടുന്നത്. തക്കാളിയുടെ ഉൽപാദനക്ഷമത, ഗുണമേന്മ എന്നിവ വർധിപ്പിക്കാനുള്ള പരിസ്ഥിതി, ഹൈഡ്രോപോണിക് തന്ത്രങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഗവേഷണം നടക്കുന്നത്.

10. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം. കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്ര ന്യൂനമർദം ശ്രീലങ്കൻ തീരത്ത് പ്രവേശിക്കാനാണ് സാധ്യത. ഇതിന്റെ ഫലമായി തെക്കൻ കേരളത്തിലാകും കൂടുതൽ മഴ ലഭിക്കുക. കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരോട് തിരികെയെത്താനും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. അതിശക്തമായ കാറ്റ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നീ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

English Summary: UNION BUDGET 2023 PM Garib Kalyan Anna Yojana for one more year

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds