1. News

നീല, വെള്ള റേഷൻ കാർഡുകൾക്ക് 10 കിലോ സ്പെഷൽ അരി..കൂടുതൽ വാർത്തകൾ

റേഷൻ കടകളിൽ അധികമുള്ള സ്റ്റോക്കാണ് സ്പെഷൽ അരിയായി നൽകുന്നത്

Darsana J
നീല, വെള്ള റേഷൻ കാർഡുകൾക്ക് 10 കിലോ സ്പെഷൽ അരി..കൂടുതൽ വാർത്തകൾ
നീല, വെള്ള റേഷൻ കാർഡുകൾക്ക് 10 കിലോ സ്പെഷൽ അരി..കൂടുതൽ വാർത്തകൾ

1. കേരളത്തിലെ നീല, വെള്ള റേഷൻ കാർഡുടമകൾക്ക് ഫെബ്രുവരിയിൽ 10 കിലോ സ്പെഷൽ അരി ലഭിക്കും. റേഷൻ കടകളിൽ അധികമുള്ള സ്റ്റോക്കാണ് സ്പെഷൽ അരിയായി നൽകുന്നത്. അരി വിഹിതത്തിൽ പകുതി വീതം പുഴുക്കലരിയും പച്ചരിയും നൽകുമെന്നാണ് സൂചന. ഡിസംബർ മാസത്തെ അപേക്ഷിച്ച് ഈ വർഷം ജനുവരിയിൽ റേഷൻ വിഹിതം വാങ്ങിയവരുടെ എണ്ണത്തിൽ ഒമ്പതര ലക്ഷം പേരുടെ കുറവുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, റേഷൻ കടകളുടെ സമയക്രമം തെറ്റിയതോടെ കഴിഞ്ഞ ദിവസം സംസ്ഥാനത്തുടനീളം റേഷൻ വിതരണം തടസപ്പെട്ടിരുന്നു.

2. കൊല്ലം കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടടനം ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു.
ശാസ്ത്രീയ പരിപാലനമുറകളിലൂടെ നാളികേര കൃഷിയുടെ ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് കേരഗ്രാമം.
പദ്ധതിയിലൂടെ രോഗം ബാധിച്ച തെങ്ങ് മുറിച്ച് മാറ്റി പുതുകൃഷി ആരംഭിക്കുന്നതിനോടൊപ്പം വ്യത്യസ്തങ്ങളായ പരിപാടികൾ കൂടി ഏറ്റെടുത്തു നടപ്പിലാക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

3. അനർഹരിൽ നിന്നും 3 ലക്ഷം റേഷൻ കാർഡുകൾ തിരിച്ചെടുത്ത് അർഹരായവർക്ക് നൽകിയതായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. രോഗികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് റേഷൻ കാർഡ് നൽകിയതോടെ ചികിത്സാ സഹായം ഉൾപ്പെടെ ലഭ്യമാക്കാൻ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആലുവയിൽ സംഘടിപ്പിച്ച സംസ്ഥാന നേതൃപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരും ഭക്ഷ്യമന്ത്രിമാരും ചേർന്ന യോഗത്തിൽ ഉപഭോക്തൃ നിയമങ്ങൾ ഉദാരവൽക്കരിക്കുന്നതിനെതിരെ കേരളം ഉൾപ്പെടെ 3 സംസ്ഥാനങ്ങൾ മാത്രമാണ് നിലപാട് വ്യക്തമാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൂടുതൽ വാർത്തകൾ: രാജ്യത്ത് ഗോതമ്പിന്റെ മൊത്തവില കുറഞ്ഞു..കൂടുതൽ വാർത്തകൾ

4. തരിശു നിലങ്ങളെ കതിരണിയിച്ച് എറണാകുളം പിണ്ടിമന ഗ്രാമപഞ്ചായത്ത്. തരിശായി കിടക്കുന്ന പാടശേഖരങ്ങൾ കണ്ടെത്തി കർഷകർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത്തരത്തിൽ ചെങ്കര ചേറായി പാടശേഖരത്തിൽ കൃഷി ഭവൻ്റെയും പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ നടത്തിയ മുണ്ടകൻ നെൽക്കൃഷിയിലൂടെ മികച്ച വിളവാണ് ലഭിച്ചത്. കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വഴി നെൽക്കൃഷിയ്ക്ക് പുറമെ പച്ചക്കറി ഉൾപ്പെടെയുള്ള മറ്റ് കൃഷികളും പഞ്ചായത്തിൽ നടപ്പിലാക്കുന്നുണ്ട്.

5. വയനാട്ടിൽ പ്രവാസി സംരംഭകർക്കായി സംഘടിപ്പിച്ച വായ്പാ മേളയിൽ 130 സംരംഭങ്ങൾക്ക് വായ്പാ അനുമതി ലഭിച്ചു. നോര്‍ക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി സംഘടിപ്പിച്ച മേളയിൽ 158 അപേക്ഷകരാണ് പങ്കെടുത്തത്. മേളയുടെ ഉദ്ഘാടനം ഡയറക്ടർ പി ഗഗാറിൻ നിർവഹിച്ചു. സംരംഭവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതോടെ ബാങ്ക് വായ്പ അനുവദിക്കും. ആദ്യമായാണ് നോർക്ക റൂട്ട്സ് കേരള ബാങ്കുമായി ചേർന്ന് വായ്പ മേള സംഘടിപ്പിക്കുന്നത്.

6. എറണാകുളം ജില്ലയിലെ കാർഷികമേഖലയുടെ പുരോഗതിക്കായി സ്റ്റാർട്ടപ്പുകൾ ആവശ്യമാണെന്ന് ഹൈബി ഈഡ൯ എം.പി. ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംഘടിപ്പിച്ച വ്യവസായ സംഗമം, സ്റ്റാർട്ട്അപ്പ്‌ ഹാക്കത്തോൺ എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗര കേന്ദ്രീകൃത സംരംഭങ്ങൾക്കൊപ്പം ഗ്രാമീണ മേഖലയിൽ നിന്നുള്ള ആശയങ്ങളെയും സംരംഭകർ പരിഗണിക്കണമെന്നും, ഈ ദിശയിൽ എറണാകുളം ജില്ലാ പഞ്ചായത്ത് നടത്തുന്ന ഇടപെടൽ മാതൃകാപരമാണെന്നും എം.പി കൂട്ടിച്ചേർത്തു.

7. കേരമേഖലയില്‍ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കർഷകർ സഹകരിക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. തൃശൂർ കരുവന്നൂരിൽ ആരംഭിച്ച പച്ചത്തേങ്ങ സംഭരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കേരഫെഡ്, മൈത്രി ഇരിങ്ങാലക്കുട ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കേരമേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 32 രൂപ നിരക്കിലാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്‌. പതിനൊന്നിടങ്ങളിൽ മൊബൈൽ സംഭരണ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.

8. തൃശൂർ വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ സംഘടിപ്പിച്ച വിത്തുത്സവം 2023 സമാപിച്ചു. ഗ്രാമപഞ്ചായത്ത്, സാലിം അലി ഫൗണ്ടേഷൻ, തണൽ തിരുവനന്തപുരം എന്നിവയുടെ ആഭിമുഖ്യത്തിൽ മണപ്പുറം ഫൗണ്ടേഷന്റെയും നബാർഡിന്റെയും സഹായത്തോടെയാണ് വിത്തുത്സവം സംഘടിപ്പിച്ചത്. തദ്ദേശീയതയിൽ ഊന്നിയ പരിവർത്തിത കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിത്ത്, വിളക്രമം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

9. കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മാധ്യമ റിപ്പോര്‍ട്ട് അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. സംസ്ഥാന വ്യവസായ വകുപ്പാണ് പുരസ്‌കാരം നല്‍കുന്നത്. അച്ചടി-ദൃശ്യമാധ്യമങ്ങള്‍ക്ക് പ്രത്യേകമായാണ് ബഹുമതികള്‍. സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയെയും നേട്ടങ്ങളെയും സംബന്ധിച്ച റിപ്പോര്‍ട്ടുകൾ അയയ്ക്കാം. ഒന്നാം സമ്മാന ജേതാവിന് 50,000 രൂപയും, രണ്ടാം സമ്മാന ജേതാവിന് 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമാണ് ലഭിക്കുക. 

10. വയനാട് ജില്ലയിൽ ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ സഹായത്തോടെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റാണ് പരിശീലനം നടത്തുക. ഫെബ്രുവരി 20 മുതല്‍ 24 വരെ എറണാകുളം കളമശ്ശേരിയില്‍ പരിശീലനം സംഘടിപ്പിക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ www.kied.info എന്ന വെബ്‌സൈറ്റില്‍ ഫെബ്രുവരി 7 നകം രജിസ്റ്റര്‍ ചെയ്യണം. 

11. പാലക്കാട് ചിറ്റൂർ ഗ്രാമപഞ്ചായത്തിൽ ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം വാട്ടര്‍ എ.ടി.എം പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതി വഴി കുഴല്‍ കിണറില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് 500 ലിറ്റര്‍ ടാങ്കില്‍ സംഭരിച്ച് വാട്ടര്‍ എ.ടി.എം വഴി നല്‍കുന്നു. വാട്ടർ എടിഎമ്മുകൾ 24 മണിക്കൂറും പ്രവര്‍ത്തിക്കും. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും.

12. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നരിപ്പറ്റ ഗ്രാമപഞ്ചായത്തിൽ പച്ചക്കറി കൃഷിയ്ക്ക് തുടക്കം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന വി.കെ പരിപാടി ഉദ്ഘാടനം ചെയ്തു. പച്ചക്കറികൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ്‌ ഞങ്ങളും കൃഷിയിലേക്ക്.

13. കേരളത്തിൽ വെളിച്ചെണ്ണയുടെ വില കുറഞ്ഞു. ഭക്ഷ്യ എണ്ണകൾക്ക് വില കുറഞ്ഞതോടെയാണ് വെളിച്ചണ്ണയ്ക്കും കൊപ്രയ്ക്കും ക്വിന്റലിന് 200 രൂപ വരെ കുറഞ്ഞത്. സംഭരണ വിലയേക്കാൾ കുറഞ്ഞ വിലയിലാണ് വ്യാപാരികൾ കൊപ്ര ആവശ്യപ്പെടുന്നത്. കൊച്ചിയിൽ കഴിഞ്ഞ ആഴ്ച 360 ക്വിന്റൽ വെളിച്ചെണ്ണയുടെ മൊത്ത വ്യാപാരം നടന്നു.

14. ഒമാനിൽ എ​ണ്ണ​യി​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തിയിൽ 50 ശ​ത​മാ​നം വ​ർ​ധനവ്. 2022ൽ 5.619 ശ​ത​കോ​ടി റി​യാ​ലി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ക​യ​റ്റുമതി ചെയ്തത്. അ​മേ​രി​ക്ക, ഇ​ന്ത്യ, ഗ​ൾ​ഫ് മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഒ​മാ​ൻ പ്ര​ധാ​ന​മാ​യും ക​യ​റ്റു​മ​തി ന​ട​ത്തി​യ​ത്. കോ​വി​ഡ് മൂലം ലോകത്താകമാനം അ​ടി​സ്ഥാ​ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ആ​വ​ശ്യം വർധിച്ചതാണ് കയറ്റുമതി കൂട്ടിയത്. ഇതേ കാലവളവിൽ ഇന്ത്യയിലേക്കുള്ള വ്യാപാരം 81 ശതമാനമാണ് വർധിച്ചത്.

15. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശ്രീലങ്കൻ തീരത്തേക്ക് പ്രവേശിക്കാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: 10 kg special rice for blue and white ration cards

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds