News

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് തീവ്രയജ്ഞം വിജയകരമായി സമാപിച്ചു

cattle

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് തീവ്രയജ്ഞം

മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പിന്‍റെ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുളള കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് തീവ്രയജ്ഞം സംസ്ഥാനത്ത് വിജയകരമായി പൂർത്തീകരിച്ചു. സംസ്ഥാനത്തുള്ള പശു, എരുമ വർഗങ്ങളുടെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പാണ് ഇപ്പോൾ നടന്നിട്ടുള്ളത്.

11,54,105 ഉരുക്കൾക്ക് കുത്തിവയ്പ്പ് നൽകി. ആകെ ഉരുക്കളുടെ എണ്ണത്തിന്‍റെ 80 ശതമാനത്തിന് വാക്സിനേഷൻ നൽകിയത് വഴി 'ഹെര്‍ഡ് ഇമ്മ്യൂണിറ്റി' കൈവരിക്കുന്നതിന് സാധിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കൃത്യം ഒരു മാസത്തിനുള്ളില്‍ യജ്ഞം വിജയകരമായി  അവസാനിപ്പിച്ചിട്ടുണ്ട്. യജ്ഞവുമായി ബന്ധപ്പെട്ട്  പ്രതിരോധ ശേഷിയുടെ അളവ് നിർണയിക്കുന്ന സീറോ മോണിറ്ററിങ്, സീറോ സര്‍വൈലന്‍സ് പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി വരുന്നു.

എന്താണ് കുളമ്പുരോഗം?

കുതിര ഒഴികെ പശു, ആട്, എരുമ, പന്നി, ആന, ചെമ്മരിയാട് തുടങ്ങിയ ഇരട്ടക്കുളമ്പുകളുള്ള മൃഗങ്ങളിലാണ് ഈ സാംക്രമിക രോഗം കണ്ടുവരുന്നത്. പിക്കോര്‍ണാ വൈറിഡേ എന്ന കുടുംബത്തിലെ എ വൈറസ് ജനുസ്സിലുള്ള ഏഴു തരം വൈറസുകളില്‍ ഒ, എ, സി, ഏഷ്യ 1 എന്നിങ്ങനെ നാല് തരം വൈറസുകളാണ് ഇന്ത്യയിലെ  കന്നുകാലികളിൽ രോഗത്തിന് കാരണമാകുന്നു.

ഏറ്റവും ചെറിയ വൈറസുകളില്‍ ഒന്നാണ് കുളമ്പുരോഗ ബാധയുണ്ടാക്കുന്ന വൈറസ്. ഈ രോഗം ബാധിച്ച ഉരുക്കളുമായുളള സമ്പര്‍ക്കത്തിലൂടെയും, വായുവിലൂടെയും വൈറസുകൾ കിലോമീറ്ററുകളോളം ദൂരത്തില്‍ പരക്കും എന്നൊരു പ്രത്യേകത കൂടിയുണ്ട്. രോഗം ബാധിച്ചാൽ, രണ്ട് ദിവസത്തിനുളളില്‍ വായിലും, കുളമ്പിനിടയിലും, അകിടിലും വെള്ളം നിറഞ്ഞ പോളകള്‍ പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന ലക്ഷണം.

രോഗം ബാധിച്ച് രക്ഷപ്പെടുന്ന ഉരുക്കള്‍ക്ക് ശ്വാസത്തിന്‍റെ ഗതിവേഗം സ്ഥിരമായി കൂടുക, പ്രത്യുല്പാദനശേഷിയെ ബാധിക്കുക, പാലുല്പാദനം കുറയുക, ക്ഷീണിച്ചു പോവുക തുടങ്ങിയ അവസ്ഥകൾ സംഭവിക്കാവുന്നതാണ്.

അങ്ങനെ കര്‍ഷക സമൂഹത്തെ സംബന്ധിച്ച് ഒരു സാമ്പത്തിക ദുരന്തമായി മാറുന്നതാണ് കുളമ്പുരോഗ ബാധ.  ഇതില്‍ നിന്ന് രക്ഷ കിട്ടുന്നതിന് പ്രതിരോധ കുത്തിവെയ്പ്പ് മാത്രമാണ് ഏകമാർഗം എന്നുള്ളതുകൊണ്ട്  കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വാക്സിനും, അനുബന്ധ സാമഗ്രികളും ലഭ്യമാക്കി  ഈ യജ്ഞം നടത്തുന്നതിനുളള എല്ലാ നടപടികളും സ്വീകരിച്ചിരുന്നു.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മൃഗാശുപത്രികളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനായി അറ്റന്‍ഡര്‍മാരെ മൃഗാശുപത്രികളില്‍ തന്നെ നിലനിര്‍ത്തി, ആയിരത്തോളം താല്‍ക്കാലിക സഹായികളെ പ്രതിരോധ കുത്തിവയ്പ്പിനായി നിയോഗിച്ചുകൊണ്ടാണ് കാമ്പെയിൻ വിജയകരമായി പൂർത്തിയാക്കിയത്. ഇപ്രകാരം 1100ഓളം ആളുകൾക്ക് താൽക്കാലികമായി തൊഴില്‍ നല്‍കുന്നതിനും സാധിച്ചു.

കൊവിഡ്- 19 പോലെ യജ്‌ഞം ആരംഭിച്ചത് മുതൽ നിരവധി പ്രതികൂല കാലാവസ്ഥയെ മറികടന്ന്, വീടു വീടാന്തരം കയറി ഉരുക്കളെ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കുന്നതിന് അശ്രാന്ത പ്രവർത്തനം കാഴ്ചവച്ച മൃഗസംരക്ഷണ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥർക്കും താൽക്കാലിക ജീവനക്കാർക്കും, സഹായികൾ, കർഷകർ തുടങ്ങിയവർക്കും മന്ത്രി ജെ. ചിഞ്ചുറാണി നന്ദി രേഖപ്പെടുത്തി.


English Summary: Vaccination campaign to prevent cattle trotters disease completed

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine