News

ലോക പരിസ്ഥിതിദിനാഘോഷം 2018 സംസ്ഥാനതല  ഉദ്ഘാടനം കൊല്ലത്ത് വടക്കേവിള  ശ്രീനാരായണ പബ്ലിക് സ്‌കൂളില്‍ വച്ച്

പൊതുജനങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ഈ ദിനം സമുചിതമായി ആചരിച്ചുവരുന്നത്. ഇന്ത്യയെയാണ് ലോക   പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യമായി ഈ വര്‍ഷം തെരഞ്ഞെടുത്തിട്ടുള്ളത്. ആയതുകൊണ്ട് തന്നെ നമ്മുടെ ഉത്തരവാദിത്വവും വര്‍ദ്ധിക്കുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ളവ മാനവരാശിയുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യമാണ് ഇന്ന് ലോകമെമ്പാടുമുള്ളത്. അവശേഷിക്കുന്ന പച്ചപ്പിന് യാതൊരു കുറവും ഉണ്ടാകാതെ സംരക്ഷിക്കുകയും, തരിശു സ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ട് ഹരിതാഭമാക്കുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഈ രംഗത്ത് കൂടുതല്‍ കര്‍മ്മ നിരതരാകേണ്ടത് കാലം നമ്മളില്‍ ഏല്‍പ്പിക്കുന്ന              കര്‍ത്തവ്യമാണ്.2017 ലെ ഫോറസ്റ്റ് സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ ഹരിതകവചം രണ്ട് ശതമാനത്തില്‍ അധികം വര്‍ദ്ധിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ 'എന്റെ മരം', 'നമ്മുടെ മരം', 'വഴിയോരത്തണല്‍', 'ഹരിതതീരം, 'ഹരിതകേരളം, കാവുകളുടെ സംരക്ഷണം. കണ്ടല്‍കാട് സംരക്ഷണം തുടങ്ങിയ പദ്ധതികളുടെയും ഫലമായിട്ടാണ് ഇത് സാധ്യമായത്.

പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങള്‍ ചൂണ്ടിക്കാട്ടി അവയുടെ ഉപയോഗം തടയണമെന്നുള്ള ആഹ്വാനത്തോടെയാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.''BEAT PLASTIC POLLUTION '' എന്നതാണ് ഇക്കൊല്ലത്തെ പരിസ്ഥിതിദിന സന്ദേശം.     

പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം
 കൊല്ലം ശ്രീനാരായണ പബ്ലിക് സ്‌കൂളില്‍ രാവിലെ 10.30ന് വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊല്ലം നഗരത്തെ ഹരിത നഗരമാക്കികൊണ്ടുള്ള പ്രഖ്യാപനം, വനമിത്ര പുരസ്‌കാരങ്ങളുടെ വിതരണം എന്നിവയും വനം മന്ത്രി നിര്‍വ്വഹിക്കും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായ വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിക്കും. 

എം.നൗഷാദ് എം.എല്‍.എ. അധ്യക്ഷനാകും. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു പരിസ്ഥിതിദിന സന്ദേശം നല്‍കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. വനംവകുപ്പ് പ്രസിദ്ധീകരണമായ അരണ്യത്തിന്റെ  പരിസ്ഥിതി ദിനപ്പതിപ്പ് കൊടിക്കുന്നില്‍ സുരേഷ് എം.പിയും, വൃക്ഷത്തൈകളുടെ അതിജീവന സര്‍വ്വേ റിപ്പോര്‍ട്ട് കെ. സോമപ്രസാദ് എം.പി.യും പ്രകാശനം ചെയ്യും. 

എം.എല്‍.എ മാരായ എം. മുകേഷ്, ജി.എസ്.ജയലാല്‍, എന്‍. വിജയന്‍പിള്ള, ആര്‍. രാമചന്ദ്രന്‍, കോവൂര്‍ കുഞ്ഞുമോന്‍, കെ.ബി. ഗണേഷ്‌കുമാര്‍, മുല്ലക്കര രത്‌നാകരന്‍, അഡ്വ. പി. അയിഷാ പോറ്റി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, വനം വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ. കേശവന്‍ സ്വാഗതവും സോഷ്യല്‍ ഫോറസ്ട്രി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എ. മുഹമ്മദ് നൗഷാദ് നന്ദിയും പറയും. ചടങ്ങിനോടനുബന്ധിച്ച്  പരിസ്ഥിതി ബോധവത്ക്കരണ റാലി, കലാപരിപാടികള്‍ എന്നിവയും നടക്കും. 

പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടുക എന്ന ആഹ്വാനത്തോടെയാണ് ഈ വര്‍ഷത്തെ ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത്. വനം വകുപ്പിന്റെ സാമൂഹ്യവനവത്ക്കരണ വിഭാഗം 81 ലക്ഷം വൃക്ഷത്തൈകളാണ് ഇതോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ വിതരണത്തിനായി തയ്യാറാക്കിയിട്ടുള്ളത്.

Share your comments