News

നിങ്ങള്‍ക്കും എക്സ്പോര്‍ട്ടര്‍ ആകാം

നിങ്ങള്‍ക്കും എക്സ്പോര്‍ട്ടര്‍ ആകാം
- കെ.ജെ.ബോണിഫസ്സ്, കണ്‍സള്‍ട്ടന്റ് & ട്രെയിനര്‍,സി.കെ.ആര്‍.ബിസിനസ്സ് മാനേജ്മെന്റ് അസ്സോസിയേറ്റ്സ്സ്,കൊച്ചിന്‍
 
നിങ്ങള്‍ക്കും ഒരു എക്സ്പോര്‍ട്ടര്‍ ആകാം. ഇതു കേള്‍ക്കുമ്പോള്‍ മറ്റു നിരവധി ചോദ്യങ്ങള്‍ നമ്മുടെ ഉള്ളില്‍ ഉയരും.ആദ്യത്തെ ചോദ്യം ഒരു സാധാരണക്കാരന് എങ്ങനെ ഒരു എക്‌സ്‌പോര്‍ട്ടര്‍ ആകാന്‍ കഴിയും എന്നതുതന്നെയായിരിക്കും.എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ ലൈസന്‍സ് വേണ്ടേ ?എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ വിദേശത്തു നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരെ എങ്ങനെ കണ്ടെത്തും ?എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ ധാരാളം പണം വേണ്ടേ?എക്‌സ്‌പോര്‍ട്ട് ചെയ്താല്‍ എന്ത് ലാഭംകിട്ടും ? ഇങ്ങിനെ നിരവധി ചോദ്യങ്ങള്‍ നിങ്ങളുടെ മനസിലൂടെ കടന്നുപോകുന്നുണ്ടാകും.
ഈവിഷയം വളരെ ലളിതമായും പ്രായോഗികമായും ചര്‍ച്ചചെയ്യാനാണ് ഞാനിവിടെ ശ്രമിക്കുന്നത്. അതിനുമുന്‍പായി കേരളത്തിലെ കര്‍ഷകര്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നതെന്നു പരിശോധിക്കാം.
കര്‍ഷകര്‍ പൊതുവേ നല്ല വിള ലഭിച്ചുകഴിഞ്ഞാല്‍ സന്തുഷ്ടരാകുന്നു. എന്നാല്‍ ഈ സന്തുഷ്ടി വിജയമാകുന്നത് നമ്മുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വിലയും മാന്യമായ ലാഭവും കൂടി ലഭിക്കുമ്പോളാണ്.
അതായത് ഉത്പാദനം മാത്രമല്ല വിതരണം അഥവാ വില്‍പനകൂടി യഥാവിധി നടക്കേണ്ടിയിരിക്കുന്നു.വിത്തുപാകി വളമിട്ട് വിളവെടുക്കാന്‍ നിരവധി മാസങ്ങള്‍ തന്നെ കാത്തിരിക്കുകയും പരിചരണങ്ങള്‍ തുടരുകയും ചെയ്യുന്ന നമ്മള്‍ ഏതാനും ചില ദിവസം നന്നായി ഗൃഹപാഠം ചെയ്താല്‍ നല്ലരീതിയില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കും .
നമ്മുടെ ഉത്പന്നങ്ങള്‍ എങ്ങനെയാണ് വില്‍ക്കുന്നത് ?
1 ) വിളവെടുത്തു തരംതിരിക്കാതെ വില്‍ക്കുന്നു
2 ) വിളവെടുത്തു തരംതിരിച്ചു വില്‍ക്കുന്നു
3 ) വിളവെടുത്തു മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി വില്‍ക്കുന്നു
നമ്മുടെ ഉത്പന്നങ്ങള്‍ ആര്‍ക്കാണ് വില്‍ക്കുന്നത് ?
1 ) മൊത്ത കച്ചവടക്കാര്‍ക്കു വില്‍ക്കുന്നു
2 ) ചെറുകിട കച്ചവടക്കാര്‍ക്കു വില്‍ക്കുന്നു
3 ) ഉപഭോക്താക്കള്‍ക്ക് നേരിട്ടു വില്‍ക്കുന്നു

Courtesy-Alamy

നമ്മുടെ ഉത്പന്നങ്ങള്‍ എവിടെയാണ് വില്‍ക്കുന്നത് ?
1 ) നമ്മുടെ കൃഷിസ്ഥലത്തു തന്നെ വില്‍ക്കുന്നു
2 ) നമ്മുടെ സംസ്ഥാനത്തിനകത്ത് സമീപപട്ടണങ്ങളിലും വിദൂരപട്ടണങ്ങളിലും വില്‍ക്കുന്നു.
3 ) നമ്മുടെ രാജ്യത്തിനകത്ത് അയല്‍ സംസ്ഥാനങ്ങളിലും വിദൂര സംസ്ഥാനങ്ങളിലും വില്‍ക്കുന്നു.
കയറ്റുമതിയുടെ സാധ്യതകള്‍
ഇനിയും വേണമെങ്കില്‍ നമുക്ക് നേരിട്ട് നമ്മുടെ രാജ്യത്തിനു വെളിയില്‍ അതായത് വിദേശരാജ്യങ്ങളില്‍ വില്‍ക്കാം.ഇങ്ങനെവിദേശ രാജ്യത്തേക്ക് നമ്മള്‍ നടത്തുന്ന വില്‍പ്പനയെയാണ് എക്‌സ്‌പോര്‍ട്ട് എന്നുപറയുന്നത്.രാജ്യത്തെ പുതിയ ചരക്കു സേവന നികുതിയും (GST)ലോജിസ്റ്റിക് നയങ്ങളും ലോജിസ്റ്റിക് രംഗത്തുണ്ടായ വന്‍ വളര്‍ച്ചയും ഏതൊരാള്‍ക്കും രാജ്യത്തിനകത്ത് എവിടെയും വാണിജ്യം മുന്‍പ് എന്നതിനേക്കാള്‍ ആയാസരഹിതമാക്കിയിട്ടുണ്ട്.വിദേശ നാണ്യം നേടുന്ന എക്‌സ്‌പോര്‍ട്ട് പ്രോത്സാഹിപ്പിക്കുന്ന നയമാണ് നമ്മുടെ രാജ്യം പിന്തുടരുന്നത് .അതുകൊണ്ടുതന്നെ എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനായാസം എക്‌സ്‌പോര്‍ട്ട് രംഗത്തേക്ക് കടന്നുവരാന്‍ കഴിയുന്ന നടപടിക്രമങ്ങളാണ് നിലവില്‍ ആവിഷ്‌കരിച്ചിരിക്കുന്നത് .അതുപോലെതന്നെ അന്താരാഷ്ട്ര ചരക്കു ഗതാഗത രംഗത്തുണ്ടായ വന്‍കുതിച്ചുചാട്ടവും എക്‌സ്‌പോര്‍ട്ട് വളരെ ആയാസരഹിതവും ആദായകരവുമാക്കിയിട്ടുണ്ട്.
കയറ്റുമതിക്ക് ആവശ്യമായ സംഗതികള്‍
ഇപ്പോള്‍ എക്‌സ്‌പോര്‍ട്ട് ചെയ്യുന്നതിന് ലൈസന്‍സ് ആവശ്യമില്ല എന്നത് ശ്രദ്ധേയമാണ്. ഇത് പലര്‍ക്കും അറിയില്ല എന്നാതാണ് സത്യം. എന്നാല്‍ വിദേശ വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിദേശ വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡി ജി എഫ് ടി (Director General of Foreign Trade) നല്‍കുന്ന ഒരു തിരിച്ചറിയല്‍ നമ്പര്‍ ആവശ്യമാണ് . ഇതിനെ ഐ ഇ സി (Importer Exporter Code) എന്നാണ് പറയുന്നത് . ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ വളരെ ലളിതമാണ് www . dgft . gov .in ഓണ്‍ലൈനായി നമുക്ക് തനിയെ ചെയ്യാന്‍ കഴിയുംവിധമാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത് . പെര്‍മനെന്റ് അകൗണ്ട് നമ്പര്‍ (PAN ) ഉള്ള ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും IEC ലഭിക്കും
കടമ്പകള്‍ ഇല്ലാതെ എക്സ്പോര്‍ട്ടറാകാം
പാനും ബാങ്ക് അകൗണ്ടും അഡ്രസ്സ് തെളിയിക്കാനുള്ള രേഖയും ഉണ്ടെങ്കില്‍ നമുക്ക് ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ തന്നെ e - IEC ലഭ്യമാകും. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഇത് അപ്രൂവ് ചെയ്യും അതായത് അപേഷിക്കുമ്പോള്‍ത്തന്നെ നിങ്ങള്‍ എക്സ്പോര്‍ട്ടര്‍ ആയിക്കഴിഞ്ഞു.എക്‌സ്‌പോര്‍ട്ട് ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഇല്ല ,ജിഎസ്ടി ബാധകമല്ല, രാജ്യത്തെ ഒരു നികുതിയും ബാധകമല്ല.
എങ്കിലും ജിഎസ്ടിഐഎന്‍ (Goods and Services Tax Identification Identification Number ) എടുക്കേണ്ടതുണ്ട്. ജിഎസ്ടിയുടെ വെബ്‌സൈറ്റില്‍ വളരെലളിതമായ നടപടിക്രമങ്ങളിലൂടെ നമുക്ക് ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കാനാകും.
സഹായത്തിന് സര്‍ക്കാര്‍ സംവിധാനം
ഇതുകൂടാതെ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്റെ ഭാഗമായി എക്‌സ്‌പോര്‍ട്ടേഴ്‌സിന് നിരവധി ആനുകൂല്യങ്ങള്‍ എക്‌സ്‌പോര്‍ട്ടിന് ആനുപാതികമായി സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
എക്‌സ്‌പോര്‍ട്ടേഴ്‌സിനെ സഹായിക്കുന്നതിനായി നിരവധി ഇപിസികള്‍ (Export Promotion Councils) സജീവമായി നമ്മുടെ രാജ്യത്തുണ്ട്. ഉത്പന്നങ്ങളുടെ നിലവാരം പരിശോധിക്കുന്നതിനും നിലവാരം വര്‍ധിപ്പിക്കുന്നതിനും വിദേശ മാര്‍ക്കറ്റുകള്‍ കണ്ടെത്തുന്നതിനും തര്‍ക്കപരിഹാരത്തിനും മറ്റുമായി ഈ കൗണ്‍സിലുകള്‍ സജീവമായി നമ്മോടൊപ്പമുണ്ട്. ഉദാഹരണത്തിന് അഗ്രികള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രഡക്ട്‌സ് എക്‌സപോര്‍ട്ട് ഡവലപ്‌മെന്‍ര് അതോറിറ്റി (APEDA), സ്‌പൈസസ് ബോര്‍ഡ്,ഹാന്‍ഡ്‌ലൂം എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (HEPC) എന്നിങ്ങനെ ഓരോ ഉല്‍പ്പങ്ങള്‍ക്കും വ്യത്യസ്ത കൗണ്‍സിലുകള്‍/ ബോര്‍ഡുകള്‍/ അതോറിറ്റികള്‍ എന്നിങ്ങനെയാണ് നിലവിലുള്ളത്. ഇതുകൂടാതെ ഇവയുടെ അപെക്‌സ് ബോഡി എന്നനിലയില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ടേഴ്സ് ഓര്‍ഗനൈസേഷന്‍(FIEO)യും പ്രവര്‍ത്തിക്കുന്നു.
ലളിതം നടപടി ക്രമങ്ങള്‍
സര്‍ക്കാര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സിന് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് നമുക്ക് ഇത്തരം ഇ പി സികളില്‍ മെമ്പര്‍ഷിപ് ഉണ്ടായിരിക്കണം ഇതിനെ രജിസ്‌ട്രേഷന്‍ കം മെമ്പര്‍ഷിപ് സര്‍ട്ടിഫിക്കറ്റ്(ആര്‍സിഎംസി) എന്നാണ് പറയുന്നത്. ഇതും അതാത് ഇ പി സി കളുടെ വെബ്‌സൈറ്റില്‍ വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ നമുക്ക് എടുക്കാന്‍ കഴിയും. ഇവയെക്കുറിച്ചു വിശദമായി പിന്നീട് നമുക്ക് ചര്‍ച്ചചെയ്യാം.
എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ നമുക്ക് ആവശ്യമുള്ളത് ഇവയാണ്
IEC (ഇമ്പോര്‍ട്ടര്‍ എക്സ്പോര്‍ട്ടര്‍ കോഡ്)
GSTIN (ഗുഡ്‌സ് ആന്‍ഡ് സെര്‍വ്വീസ് ടാക്സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍)
RCMC (രജിസ്‌ട്രേഷന്‍ കം മെമ്പര്‍ഷിപ് സര്‍ട്ടിഫിക്കറ്റ്)
ഇവയെല്ലാം ഓണ്‍ലൈനായി വളരെപ്പെട്ടെന്ന് നമുക്കുതന്നെ എടുക്കാന്‍ കഴിയുന്നവിധം അത്ര ലളിതവും സുതാര്യവും ആണ്. അതിനാല്‍ സാധാരണക്കാരായ നമുക്കും നിക്ഷ്പ്രയാസം ഒരു എക്സ്പോര്‍ട്ടര്‍ ആകാം.

English Summary: You can be an exporter -the rules are so simple -Export promotion councils will support

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine