1. Travel

വിസ്മയസാമ്രാജ്യം ഈ 'കൗതുക പാര്‍ക്ക്'

തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ പോട്ട എന്ന സ്ഥലത്തു നിന്ന് പ്രസിദ്ധമായ ആതിരപ്പിളളിയിലേക്ക് തിരിയുന്നതിനടുത്ത് കണ്ണിനും കാതിനും ഇമ്പം നല്‍കുന്ന ഒരു ഒറ്റയാള്‍ നിര്‍മ്മിത പ്രകൃതിദത്ത ഉദ്യാനമുണ്ട്. 'കൗതുകപാര്‍ക്ക്' എന്നാണ് ഇതിന് പേര്.

KJ Staff
park

തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ പോട്ട എന്ന സ്ഥലത്തു നിന്ന് പ്രസിദ്ധമായ ആതിരപ്പിളളിയിലേക്ക് തിരിയുന്നതിനടുത്ത് കണ്ണിനും കാതിനും ഇമ്പം നല്‍കുന്ന ഒരു ഒറ്റയാള്‍ നിര്‍മ്മിത പ്രകൃതിദത്ത ഉദ്യാനമുണ്ട്. 'കൗതുകപാര്‍ക്ക്' എന്നാണ് ഇതിന് പേര്.
പേരു സൂചിപ്പിക്കുന്നതുപോലെ കൗതുകങ്ങള്‍ നിറയുന്ന ഒരു പ്രദേശമാണിത്. വര്‍ക്കി വെളിയത്ത് എന്ന വ്യക്തി സ്വന്തം പരിശ്രമത്താല്‍ ഒന്നേകാല്‍ ഏക്കര്‍ വരുന്ന സ്ഥലത്താണ് ഇത് നിര്‍മിച്ചിരിക്കുന്നത്. സ്വന്തമായ ആശയത്തിലും പരിശ്രമത്തിലും ചെയ്തു തീര്‍ത്ത ഇവിടം ഇപ്പോഴും പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

മത്തായി-മറിയം ദമ്പതികളുടെ രണ്ടാമത്തെ മകനായ വര്‍ഗ്ഗീസ് ആണ് പിന്നീട് വര്‍ക്കി വെളിയത്ത് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പിതാവിന്റെ കൃഷി കാര്യങ്ങളില്‍ സഹായി ആയിരുന്നതുകൊണ്ട് പ്രകൃതിയോടും കൃഷിയോടും സഹജീവികളോടും സ്വാഭാവികമായും ഒരു ഹൃദയബന്ധം ഉണ്ടായിരുന്നു.ഗള്‍ഫില്‍ ഒരു ബന്ധു വഴി ഉദ്യോഗം ശരിയായപ്പോള്‍ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ പ്രവാസിയായി. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വന്ന് എല്‍.ഐ.സി ഏജന്‍സിയും ചെറിയ രീതിയിലുളള കൃഷി കാര്യങ്ങളുമായി നടക്കുമ്പോഴാണ് സ്വന്തമായി കിട്ടിയ ഒന്നേകാല്‍ ഏക്കര്‍ ഭൂമിയില്‍ പ്രകൃതിജന്യമായ രീതിയില്‍ പക്ഷികളെയും മൃഗങ്ങളെയും വളര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിച്ചത്. 2002 ല്‍ ആദ്യമായി ഒരു ഇരുമ്പുതൂണിന്മേല്‍ നില്‍ക്കുന്ന പക്ഷിക്കൂട് പണിത് അതില്‍ ലവ്‌ബേര്‍ഡിസിനെ ഇട്ട് കൃഷിയിടത്തിനു നടുവില്‍ സ്ഥാപിച്ചു. ഇത് കാഴ്ചക്കാര്‍ക്ക് വലിയ കൗതുകമായി. കുറെ കഴിഞ്ഞ് വിവിധതരം മുളകളും ആന്തൂറിയങ്ങളും ഓര്‍ക്കിഡുകളും വച്ചു പിടിപ്പിച്ചു.

തുടര്‍ന്ന് ചില ആശയങ്ങള്‍ വര്‍ക്കിയുടെ മനസ്സില്‍ മുളപൊട്ടി. അവിടവിടെ മൂന്നു ചെറു കുളങ്ങള്‍ ഉണ്ടായിരുന്നു. അവയെ ചില മാറ്റങ്ങളോടെ ക്രമീകരിച്ച് മത്സ്യം വളര്‍ത്താന്‍ തുടങ്ങി. രണ്ടു കുളങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ഒരു ഗുഹയുടെ നിര്‍മാണവും നടത്തി. ഒരു കുളത്തിനടുത്തു നിന്നാരംഭിച്ച് മറ്റു കുളത്തിനടുത്തെത്തുന്നതാണ് ഗുഹ. കുറച്ചകലെയായുളള കുളത്തിന്റെ ഭാഗത്ത് വേറൊരു ഗുഹയും നിര്‍മിച്ചു. 'എവര്‍ഷൈന്‍ ബ്യൂട്ടി വ്യൂ' എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സംരംഭം 2006 ലാണ് നഗരസഭയുടെ അനുമതിയോടെ 'കൗതുകപാര്‍ക്ക്' എന്ന പേരില്‍ ജനങ്ങളുടെ പൊതുവിജ്ഞാനകേന്ദ്രമാക്കിയത്.പിന്നീട് സ്വാഭാവിക മുളകളാല്‍ ഏറുമാടം പണിതു. ഇതിനിടെ വെളള എലികള്‍, പ്രാവുകള്‍, എമു, ഗിനിപ്പന്നികള്‍, മുയലുകള്‍, മയിലുകള്‍, ടര്‍ക്കി കോഴികള്‍ തുടങ്ങിയവയെല്ലാം കൗതുകപ്പാര്‍ക്കിന്റെ ഭാഗമായി. വിദേശിയായ എമുവിനെ പരിശീലിപ്പിക്കാന്‍ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും പിന്നീടവ ഈ പാര്‍ക്കിന്റെ തന്നെ കാവല്‍ക്കാരായി മാറി !

kauthuka park

പാര്‍ക്കില്‍ നിരവധി അതിഥികളും എത്തിച്ചേരുന്നുണ്ട്. അവര്‍ക്കൊക്കെയുളള സൗകര്യവും ചെയ്തുകൊടുത്തിട്ടുണ്ട്. നരിച്ചീറുകള്‍ക്കുളള ഗുഹ ഒരുക്കിക്കൊടുത്തു. പാമ്പുകളുടെ സാന്നിദ്ധ്യവും സ്വാഭാവികമായും ഉണ്ട്. നാടന്‍ എലികള്‍, അണ്ണാനുകള്‍, തേനീച്ചകള്‍, മയിലുകള്‍, ചീവീടുകള്‍ തുടങ്ങിയവയൊക്കെ ഇവിടത്തെ ആവാസവ്യവസ്ഥയിലാകൃഷ്ടരായി എത്തിച്ചേര്‍ന്ന് സ്ഥിരവാസമാക്കി. പതിനഞ്ചിലധികം വലിയ വാസസ്ഥലങ്ങളും എണ്ണമറ്റ ചെറുമാളങ്ങളും പൊത്തുകളും, താവളങ്ങളും ഒരുക്കി നല്‍കിയിട്ടുണ്ട്.

സഞ്ചരിക്കുന്ന മുള, Ficus natida എന്ന ഓക്‌സിജന്‍ ചെടി ഇവയൊക്കെ കൗതുകങ്ങളാണ്. 'ഒരു മരം കൊണ്ട് ഒരു വനം' എന്ന രീതിയിലുളള പ്രതിഭാസവും വര്‍ക്കി ചെയ്തുവച്ചിരിക്കുന്നു.Ficus elastica എന്നു പേരുളള മരം അഞ്ചു വേരുകളുടെ സഹായത്താല്‍ മൂന്നരമീറ്റര്‍ അന്തരീക്ഷ ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന വിസ്മയക്കാഴ്ച ഈ ഇക്കോ പ്രോജക്ടിന്റെ പ്രവേശന ഭാഗത്തു തന്നെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. മരത്തിന്റെ കടഭാഗത്തു നിന്നd ഒരു വേരിനെ വേര്‍തിരിച്ച് ഇതു വരെ 30 മീറ്ററോളം അന്തരീക്ഷത്തിലൂടെ നീട്ടിക്കൊണ്ടു പോയിട്ടുണ്ട്. ഇനിയും വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ വേര് ഏറ്റവും നീളം കൂടിയ അന്തരീക്ഷവേര് എന്ന റെക്കോര്‍ഡിലേക്ക് അടുക്കുകയാണ് !

അന്തേവാസികള്‍ക്കെല്ലാം തുറസ്സായ സ്ഥലത്താണ് ഭക്ഷണം നല്‍കുന്നത്. പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുമ്പോള്‍ വിവിധയിടങ്ങളില്‍ നിന്ന് പറന്നു വന്ന് പ്രാവുകള്‍ ഭക്ഷണം കഴിച്ച് തിരിച്ചു പോകുന്നു. ഗിനിപ്പന്നികള്‍, എലികള്‍, മുയലുകള്‍ എന്നിവയ്ക്ക് പ്രത്യേകം തയ്യാറാക്കിയിടത്ത് ഭക്ഷണം നല്‍കുന്നു. സന്ധ്യയാകുന്നതോടെ ഓരോരുത്തരും അവരവര്‍ക്കായുളള കൂടുകളില്‍ അഭയം തേടുന്നു. പകല്‍ സമയം മുഴുവന്‍ എല്ലാ പക്ഷിമൃഗാദികളും സ്വതന്ത്രരാണ്. ഇവിടെയെത്തുന്ന സന്ദര്‍ശകരോട് ഇണക്കത്തോടെ ഇവ ഇടപഴകുകയും ചെയ്യുന്നു.
പാര്‍ക്കില്‍ അതിഥികളായെത്തുന്ന മറ്റു ജീവികള്‍ക്കും ഭക്ഷണം ലഭിക്കും. പഴക്കുലകള്‍ ഉണ്ടാകുമ്പോള്‍ ഇക്കോ പ്രോജക്ടിന്റെ മധ്യഭാഗത്തായി തൂക്കിയിടും. പഴവര്‍ഗ്ഗ പ്രേമികളായ പക്ഷികള്‍ ധാരാളം വന്നു ചേരും. രാത്രിയില്‍ വവ്വാലുകളും മരപ്പട്ടികളും വന്നു ചേരും. ചക്കയും ചാമ്പയും വിളയുമ്പോള്‍ അതു കഴിക്കാനും അതിഥികള്‍ എത്താറുണ്ട്.
ഇക്കോ പ്രോജക്ടിന്റെ കാര്യങ്ങള്‍ പെട്ടെന്നു മനസ്സിലാക്കാന്‍ കഴിയും വിധം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വെളളത്തിന്റെ ആവശ്യം പരിഹരിക്കുന്നതിനും ഇടയ്ക്കിടെ അന്തരീക്ഷ ഊഷ്മാവ് ക്രമീകരിക്കുന്നതിനും സ്പ്രിങ്‌ളര്‍ സിസ്റ്റം ഒരുക്കി ആവശ്യത്തിന് വെളളം തളിക്കുന്നുണ്ട്. വര്‍ഷകാലത്ത് മഴ നനയാതിരിക്കുന്നതിന് റെയിന്‍ ഷെല്‍ട്ടര്‍ പോയിന്റുകളും ഒരുക്കിയിട്ടുണ്ട്.
മധുരിക്കുന്ന ഓര്‍മകള്‍ ഉണര്‍ത്താനാകും വിധം ഊഞ്ഞാലുകള്‍ അവിടവിടെയായി സ്ഥാപിച്ചിട്ടുണ്ട്. ജലാശയങ്ങളുടെ മുകളിലൂടെ ചെറിയ പാലങ്ങളും.

കുടക്കല്ല്, ന്നാങ്ങാടി, ഡോള്‍മെന്‍ തുടങ്ങിയ ശവസംസ്‌കാര രീതികളുടെ മാതൃകകള്‍ വര്‍ക്കി സ്വയം നിര്‍മിച്ച് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കൂടാതെ മുന്‍ തലമുറക്കാര്‍ നിത്യമെന്നോണം ഉപയോഗിച്ചിരുന്ന കാര്‍ഷി ഉപകരണങ്ങളുടെയും വീട്ടുപകരണങ്ങളുടെയും ശേഖരവും ഉണ്ട്. കാതുത്തേക്കുകുട്ട, തേക്കു കുട്ട, കയറ്റുകുട്ട, വേത്തു കുട്ട, ജലചക്രം, നുകം, കലപ്പകള്‍, ചെരുപ്പുമുട്ടി, കോരിപ്പലക, ഉരല്‍, ഉലക്ക, തിരികല്ല്, ഉപ്പുമരിയ, ഭസ്മച്ചെപ്പ്, വെറ്റിലച്ചെല്ലം, പറ, ഇടങ്ങഴി ഇവയൊക്കെ വര്‍ക്കി ശേഖരിച്ചു വച്ചിട്ടുണ്ട്.
കുളങ്ങള്‍ക്ക് മുകളിലൂടെ മരങ്ങള്‍ വളര്‍ത്തുകയും വേരുകള്‍ വെളളത്തിലേക്കിറക്കിവിട്ട് ജലശുദ്ധീകരണം സാധ്യമാകുംവിധം ക്രമീകരിച്ചിരിക്കുന്നു. ഈ കുളങ്ങളില്‍ വിവിധതരം മത്സ്യങ്ങള്‍ വളരുന്നു.
സ്വദേശിയും വിദേശിയും തമ്മില്‍ കണ്ടാല്‍ ദേഷ്യം പിടിക്കുന്നവരും എല്ലാം ഒരേയിടത്ത് സൗമ്യമായി കഴിഞ്ഞുപോകുന്ന ഈ കാഴ്ചയെ 'വര്‍ക്കീസ് എക്കോ സിസ്റ്റം' എന്ന് വിശേഷിപ്പിക്കുന്നു.
സുവോളജി, ബോട്ടണി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളും, വിനോദ സഞ്ചാരികളും ഇവിടെ എത്തിച്ചേരാറുണ്ട്. അവര്‍ക്ക് ചെറിയ ക്ലാസുകള്‍ നല്‍കുന്നതിനായി പാര്‍ക്കിനോട് ചേര്‍ന്നുളള വീടിന്റെ മുകള്‍ഭാഗത്തായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിശയിപ്പിക്കുന്ന വൃക്ഷഗോപുരം തീര്‍ത്ത ഇന്ത്യന്‍ സസ്യശില്പിക്ക് 2017-ല്‍ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും മുപ്പതോളം അംഗീകാരങ്ങളും അനുമോദനങ്ങളും ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം അദ്ദേഹത്തിന്റെ സ്വീകരണമുറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പ്രകൃതി സ്‌നേഹിയായ വര്‍ക്കി കവിതകളും എഴുതാറുണ്ട്. അധികാരികള്‍ക്ക് നല്‍കുന്ന പല നിവേദനങ്ങളും പലപ്പോഴും കവിതകളായിട്ടായിരിക്കും. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കാനും, ടെലഫോണ്‍ തകരാറുകള്‍ വേഗത്തില്‍ പരിഹരിക്കാനുമൊക്കെ കവിതകള്‍ വഴികാട്ടിയായിട്ടുണ്ട്. ഈ കവിതകള്‍ പിറന്നു വീഴുന്നത് ഇംഗ്ലീഷിലോ, ഹിന്ദിയിലോ, മലയാളത്തിലോ ആകാം.
സമൂഹത്തില്‍ വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് എന്നും കടുത്ത വെല്ലുവിളികളെ നേരിടേണ്ടിവരിക സ്വാഭാവികമാണ്. വര്‍ക്കിയുടെ പതിനേഴാം വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുപാട് എതിര്‍പ്പുകളും ആക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പ്രകൃതി എല്ലാ ജീവജാലങ്ങള്‍ക്കും സസ്യലതാദികള്‍ക്കും തുല്യമാണ് എന്ന തിരിച്ചറിവ് ഏത് വെല്ലുവിളികളെയും നേരിടാന്‍ വര്‍ക്കിയെ പ്രാപ്തനാക്കി. താന്‍ ചെയ്ത കാര്യങ്ങളെല്ലാം ഈശ്വരപൂജയ്ക്ക് തുല്യമായിരുന്നു എന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് ദീര്‍ഘകാല സഹനം ആവശ്യമായിരുന്നു.ഇപ്പോള്‍ അദ്ദേഹത്തെ എതിര്‍ത്തവരും വെറുത്തവരും തിരിച്ചറിയുന്നു ഇദ്ദേഹം നടത്തിയത് ഈശ്വര പൂജയല്ല മറിച്ച് ഈശ്വരന്‍ ചെയ്യുന്ന പ്രവൃത്തികളാണ് എന്ന്.

വിലാസം:
വര്‍ക്കി വെളിയത്ത്
കൗതുക പാര്‍ക്ക്
പോട്ട, ചാലക്കുടി, തൃശൂര്‍ - 680722,

 

വി.ആര്‍ നോയല്‍ രാജ്
ഫോണ്‍: 9656217497

English Summary: An amazing park

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds