Travel

ഫാസിലിന്റെ 'തിരക്കഥയില്‍' മത്സ്യവും പച്ചക്കറിയും വാഴയും

fazil's farm

പരമ്പരാഗതമായി ബിസിനസിനോടാണ് കുടുംബത്തോടെ എല്ലാവര്‍ക്കും താല്‍പര്യമെങ്കിലും കൃഷിയോടുളള പ്രതിപത്തി കൈവിടാതെ അതൊരു അവിഭാജ്യ ദിനചര്യ പോലെ നിരന്തരം തുടരുന്ന ഫാസില്‍ എന്ന ചെറുപ്പക്കാരനെക്കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ നിശ്ചയമായും കാണണം, ആശയവിനിമയം നടത്തണം എന്ന് തീരുമാനിച്ചായിരുന്നു ഇത്തവണത്തെ യാത്ര. കാടാമ്പുഴ-കരേക്കാട് റോഡില്‍ ചെങ്കുണ്ടം പടിയില്‍ നിന്ന് പുല്ലമ്പറമ്പിലാണ് ഫാസിലിന്റെ കൃഷിയിടം. എടയൂര്‍, കുറുവ, പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമാണ് പുല്ലമ്പറമ്പ്. പ്രശാന്ത സുന്ദരമായ സ്ഥലം. പ്രധാന വീഥിയില്‍ നിന്ന് ഉളളിലേക്ക് തിരിഞ്ഞ് ഒരു കയറ്റം കയറി ഏതാണ്ട് 250 അടിയോളം ഉയരത്തിലാണ് പുല്ലമ്പറമ്പ് കുന്ന്. ഒരു കാലത്ത് ഒരാള്‍ പൊക്കത്തില്‍ നിറയെ പുല്ല് വളര്‍ന്നിരുന്ന സ്ഥലം. അങ്ങനെയാണ് പുല്ലമ്പറമ്പ് എന്നു പേരു കിട്ടിയത്. ഏകദേശം 30 കിലോമീറ്ററോളം വിസ്തൃതിയുളള ഒരു കുന്നിന്‍ പ്രദേശമാണിത്. സാധാരണ തറ നിരപ്പില്‍ നിന്ന് ഉയരത്തിലായതുകൊണ്ടുതന്നെ സ്വാഭാവികമായും കാലാവസ്ഥയില്‍ കാര്യമായ വ്യത്യാസമുണ്ട് ഈ ഭാഗത്ത്. രാത്രിസമയം നല്ല മഞ്ഞു വീഴുന്ന തണുപ്പാണ്. രാവിലെ ഏതാണ്ട് 8-9 മണി വരെ ഇളം വെയിലും തണുത്ത കാറ്റും ഇടകലര്‍ന്ന സുഖകരമായ കാലാവസ്ഥ. ആരെയും ആകര്‍ഷിക്കുന്ന ഭൂപ്രകൃതി. എങ്കിലും ഫാസിലിനെ മോഹിപ്പിച്ചത് ഇതൊന്നുമായിരുന്നില്ല. സദാ സമൃദ്ധമായി വെളളം കിട്ടും. കൃഷിയ്ക്കായാലും മീന്‍വളര്‍ത്തലിനായാലും വെളളത്തിന് അശേഷം ലുബ്ധുമില്ല.
ഒരു വര്‍ഷത്തോളം ഇതുപോലെ കൃഷിയ്ക്കനുകൂലമായ സ്ഥലം തെരഞ്ഞു നടന്ന് ഒടുവിലാണ് ഫാസില്‍ പുല്ലമ്പറമ്പില്‍ എത്തുന്നത്. സദാ ജലസമൃദ്ധമായ ഒരു കിണറുമുണ്ടിവിടെ. അതും കുടിയ്ക്കാന്‍ പാകത്തിന് ശുദ്ധജലം.
അന്‍പത് സെന്റ് സ്ഥലത്താണ് ഇവിടെ ഫാസിലിന്റെ കൃഷിയിടം സജ്ജീകരിച്ചിരിരക്കുന്നത്. അതും പാട്ടത്തിന് അഞ്ചു വര്‍ഷത്തേക്ക് 30,000 രൂപ കൊടുത്താണ് പാട്ടക്കരാര്‍ ഉറപ്പിച്ചത്. 50 സെന്റ് സ്ഥലത്തെ കൃഷിമറകള്‍ക്ക് ഫാസിലിന്റെ വക പ്രത്യേക ടൈംടേബിളുമുണ്ട്. 30 സെന്റ് സ്ഥലം മത്സ്യം വളര്‍ത്തലിന് മാറ്റിവച്ചിരിക്കുന്നു. അതും 10 സെന്റ് വീതമുളള മൂന്ന് ചെറു കുളങ്ങളായി; ഇവിടെയാണ് മത്സ്യക്കുളം സജ്ജീകരിച്ചിരിക്കുന്നത്. 3 മീറ്റര്‍ വരെ ആഴമുണ്ട് ഓരോ കുളത്തിനും.

ഞങ്ങള്‍ എത്തുമ്പോള്‍ മത്സ്യക്കുളത്തില്‍ തീറ്റയിടുന്ന തിരക്കിലായിരുന്നു ഫാസില്‍. കേരളത്തിലെ മത്സ്യക്കൃഷിയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട പുതുതലമുറ വളര്‍ത്തു മത്സ്യങ്ങളില്‍ പ്രധാനിയായ ആസാം വാള പുളച്ചു മറിയുന്ന മത്സ്യക്കുളം. മലേഷ്യന്‍ വാളയെന്നും വിളിപ്പേരുണ്ടിതിന്. ആഗോളതലത്തില്‍ ഭക്ഷ്യാവശ്യത്തിന് വളര്‍ത്തുന്ന മത്സ്യങ്ങളില്‍ പ്രഥമസ്ഥാനമാണ് ആസാം വാളയ്ക്ക്. ചെറിയ ടാങ്കില്‍ പോലും നല്ല വളര്‍ച്ചാനിരക്ക് ഉണ്ടാകും. രുചിയിലും കേമന്‍. 

ആസാം വാള വളര്‍ത്താനുളള തീരുമാനത്തിലെത്തിയതെങ്ങനെ?'' അന്തരീക്ഷവായു ശ്വസിക്കാനുളള കഴിവ്, വെളളത്തിന്റെ താപനിലയിലും ഗുണനിലവാരത്തിലുമുളള ചെറിയ മാറ്റങ്ങള്‍ അതിജീവിക്കാനുളള സിദ്ധി, ഓരുവെളളത്തിലും സുഖമായി വളരും.... ഇങ്ങനെ ആസാം വാളയുടെ ഗുണങ്ങള്‍ ധാരാളമാണ്."ഫാസില്‍ വിശദീകരിച്ചു.

fazils farm

സാധാരണ ഗതിയില്‍ 8 മുതല്‍ 10 മാസം വരെയാണിവയെ വളര്‍ത്തുക. ഈ കാലയളവിനുളളില്‍ ഇവ 2 കിലോ വരെ തൂക്കം വയ്ക്കും. അടുക്കളയിലെ ഭക്ഷണാവശിഷ്ടം ഉള്‍പ്പെടെ എല്ലാ തീറ്റയും തിന്ന് വേഗം വളരുന്ന ആസാംവാള വളര്‍ത്തുന്നത് വളരെ ആദായകരവുമാണ്.ഒരു കുളത്തില്‍ ഒരു സമയം പതിനായിരം മത്സ്യക്കുഞ്ഞുങ്ങളെ വരെ വളര്‍ത്താം. അങ്ങനെ മൂന്നു കുളത്തിലും കൂടെ ആകെ 30,000 മത്സ്യക്കുഞ്ഞുങ്ങളുണ്ട്.
' ആസാം വാള വളര്‍ത്തുന്നതിന് മറ്റു ചില മേന്മകള്‍ കൂടെയുണ്ട്. മത്സ്യക്കാഷ്ഠം അല്പം അധികം വെളളത്തില്‍ കലര്‍ന്നാലും മീനിന് കാര്യമായ പ്രശ്‌നങ്ങളില്ല....'


കോഴിവെയിസ്റ്റ് ആണ് ആസാംവാളയ്ക്ക നല്‍കുന്ന പ്രധാന തീറ്റ. വൃത്തിയാക്കി ഉപ്പും മഞ്ഞളും ചേര്‍ത്തു വേവിച്ചതിനു ശേഷം മാത്രമെ തീറ്റ കൊടുക്കുകയുളളൂ. എട്ടു മാസത്തെ വളര്‍ച്ച മതി മീനിനെ വില്പനയ്‌ക്കെടുക്കാന്‍. മാര്‍ക്കറ്റ് വില കിലോയ്ക്ക് 50-55 രൂപയാണ്. ഒരു മീന്‍ ഒരു കിലോയെങ്കിലും വലിപ്പം വയ്ക്കുന്ന പതിവുണ്ട്. ട്രോളിംഗ് നിരോധനം പോലുളള പ്രത്യേക സന്ദര്‍ഭങ്ങളില്‍ കിലോയ്ക്ക് 100-120 രൂപ വരെ കിട്ടാറുണ്ട്..... ഇടക്കാലത്ത് 70 രൂപ കിട്ടിയിരുന്നു. ഒരു വിളവെടുപ്പിന് മൂന്നു കുളത്തിലും കൂടെ പരമാവധി 28 ടണ്‍ മീന്‍ വരെ കിട്ടും. ഒരു മത്സ്യക്കുളം തയ്യാറാക്കാന്‍ ആകെ വേണ്ടി വരുന്ന ചെലവ് ഒന്നര ലക്ഷം രൂപയാണ്. ഈ കുളം നാലു വര്‍ഷം വരെ ഉപയോഗിക്കാം. ഉളളില്‍ സില്‍പോളിന്‍ ഷീറ്റിനു പകരം കേടുപാടുകളൊന്നുമില്ലാത്ത മികച്ച ഫ്‌ളക്‌സ് ഷീറ്റ് വിരിച്ചാണ് ഫാസിലിന്റെ മത്സ്യം വളര്‍ത്തല്‍.

മത്സ്യക്കുളങ്ങളെ കൊണ്ടു വരുന്നത് കൊല്‍ക്കത്തയില്‍ നിന്നും. അവിടെ നിന്നാകുമ്പോള്‍ ഒരു കുഞ്ഞിന് ഒരു രൂപ 60 പൈസയേ വിലയാകൂ. എന്നാല്‍ ഇവിടെ നിന്നാണെങ്കില്‍ 4 മുതല്‍ 8 രൂപ വരെ നല്‍കണം!'കേരളത്തില്‍ പൊതുവെ ഒന്നിനും വില കുറവില്ലല്ലോ; ഇതങ്ങനെയേ കരുതേണ്ട കാര്യമുളളൂ'. ഫാസില്‍ പറയുന്നു.എയര്‍കാര്‍ഗോ വഴി എത്തുന്ന മീന്‍ കുഞ്ഞുങ്ങളെ ഫാസില്‍ തന്നെ നേരിട്ട് പോയി ശേഖരിച്ച് പുല്ലമ്പറമ്പില്‍ എത്തിക്കുകയാണ് പതിവ്.മത്സ്യക്കുളത്തിലെ വളസമൃദ്ധമായ വെളളം ഫലപ്രദമായി ഉപയോഗിച്ച് തൊട്ടടുത്തു തന്നെ 10 സെന്റ് സ്ഥലത്ത് അക്വാപോണിക്‌സ് എന്ന നൂതന കൃഷി സമ്പ്രദായത്തിന്റെ മാതൃകയില്‍ വിവിധതരം പച്ചക്കറികളും വളര്‍ത്തുന്നുണ്ട് ഫാസില്‍.


പച്ചക്കറികള്‍ കരുത്തോടെ വളരാനും വിളയാനും പര്യാപ്തമായ മികച്ച പോഷക ജലം. മുളക്, തക്കാളി, വഴുതന, വെണ്ട, പയര്‍ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ഈ പത്തു സെന്റില്‍ മീന്‍ കുളങ്ങളിലെ വെളളം മാത്രം ഉപയോഗിച്ച് സമൃദ്ധമായി വളര്‍ത്തുന്നുണ്ട്. അവശേഷിക്കുന്ന പത്തു സെന്റ് സ്ഥലത്ത് വാഴക്കൃഷിയാണ്. നൂറോളം വാഴ സദാ വളര്‍ത്തുകയും കുല മുറിക്കുകയും ചെയ്യുന്നു വാഴത്തോട്ടം. റോബസ്റ്റ, നേന്ത്രന്‍, മൈസൂര്‍ പൂവന്‍, ഞാലിപ്പൂവന്‍, കദളി തുടങ്ങി സ്വാദിഷ്ഠമായ ഒട്ടുമിക്ക വാഴയിനങ്ങളും ഫാസിലിന്റെ വാഴത്തോട്ടത്തിലുണ്ട്. വാഴകള്‍ക്കും പ്രധാന ജൈവവളം മീന്‍കുളത്തിലെ വെളളം ആണ്. പോരാത്തതിന് ചാരം, ചാണകപ്പൊടി, വേപ്പിന്‍പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങളും സമൃദ്ധിയായി നല്‍കുന്നു. പുത്തനത്താണി മാര്‍ക്കറ്റിലാണ് വാഴക്കുലകളും പച്ചക്കറികളും വിറ്റഴിക്കുന്നത്. പൂര്‍ണമായും സ്വാദിഷ്ടമായ ജൈവ ഉല്‍പന്നങ്ങളാകയാല്‍ ഫാസിലിന്റെ വാഴക്കുലകള്‍ക്കും, പച്ചക്കറികള്‍ക്കും സദാ വലിയ ഡിമാന്റാണ്. കിലോയ്ക്ക് 20-30 രൂപയാണ് ശരാശരി വില കിട്ടുക. നേന്ത്രനാണെങ്കില്‍ 45 രൂപ വരെ കിലോയ്ക്ക് കിട്ടാറുണ്ട്.

fazil's farm

മത്സ്യം വിളവെടുപ്പുകാലമായാല്‍ പുല്ലമ്പറമ്പില്‍ മൊത്തക്കച്ചവടക്കാരുടെ തിരക്കാണ്. വെളളത്തില്‍ നിന്ന് കൂട്ടത്തോടെ പിടയ്ക്കുന്ന പച്ചമത്സ്യം എത്രയാണെങ്കിലും വാങ്ങാന്‍ തയ്യാറായി എത്തുന്നവര്‍ ഇവിടുത്തെ പതിവു കാഴ്ച. കണ്ണൂരും തലശ്ശേരിയും ക്രോക്കറി ബിസിനസ്സാണ് ഫാസിലിനെങ്കിലും തന്റെ കൃഷിയിടം സമഗ്രമായ ആസൂത്രണത്തിലൂടെ മീനും പച്ചക്കറികളും വാഴപ്പഴങ്ങളും വളര്‍ത്തി മാതൃകാകൃഷിത്തോട്ടമാക്കിയിരിക്കുന്ന മുന്‍കൈപ്രവര്‍ത്തനത്തിനും അക്വാപോണിക്‌സ് മാതൃകയുടെ വിജയകരമായ പ്രായോഗികവല്‍ക്കരണത്തിനും അന്വേഷണാത്മകതയ്ക്കും എടയൂര്‍ കൃഷി ഭവനില്‍ നിന്ന് പച്ചക്കറിവികസന പദ്ധതി പ്രകാരം ഇന്നവേഷന്‍ ശീര്‍ഷകത്തില്‍ 50,000 രൂപ കൃഷി ആഫീസര്‍ പി. ശ്രീലേഖ അനുവദിച്ചിരുന്നു.' കൃഷികാര്യങ്ങളില്‍ ഫാസില്‍ കാട്ടുന്ന മികച്ച താല്പര്യത്തിനും അന്വേഷണതയ്ക്കുമുളള ഒരു അംഗീകാരം കൂടെയാണ് പച്ചക്കറി വികസന പദ്ധതി ഇന്നൊവേഷന്‍ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചത്.'കൃഷി ആഫീസര്‍ ശ്രീലേഖ പറഞ്ഞു. 


പുല്ലമ്പറമ്പിലാണ് കൃഷിയിടമെങ്കിലും 12 കിലോമീറ്റര്‍ മാറിയാണ് ഫാസിലിന്റെ താമസം. പുല്ലമ്പറമ്പില്‍ ഒരു ഫാം ഹൗസുണ്ട്. രാവിലെ മുതല്‍ ഫാസില്‍ ഇവിടെയുണ്ടാകും. മത്സ്യത്തിന് തീറ്റ കൊടുക്കാനും. പച്ചക്കറികളുടെ പരിചരണത്തിനും വാഴത്തോട്ടത്തിലെ ഇടപ്പണികള്‍ക്കും. ബിസിനസ് ആവശ്യത്തിന് പുറത്തു പോകുമ്പോള്‍ മാത്രം കാര്യങ്ങള്‍ നോക്കാന്‍ ഒരു ജോലിക്കാരനുണ്ട്. ഭാര്യ സാജിദയാണ് കൃഷിയാസൂത്രണത്തില്‍ ഫാസിലിന്റെ പ്രധാന കാര്യദര്‍ശി. മക്കള്‍ ഫാത്തിമ ഹന്നയും ഫില്‍റ്റ ഫാത്തിമയും. അച്ഛനമ്മമാരുടെ കൃഷിയിട വിശേഷങ്ങള്‍ കണ്ടും അറിഞ്ഞും വളരുന്നു. തന്റെ മക്കളുള്‍പ്പെടെയുളള വരും തലമുറയ്ക്ക് ഇതില്‍പ്പരം ഒരു മാതൃകാപാഠം മറ്റെന്താണ് ഫാസിലിന് നല്‍കാന്‍ കഴിയുക?
വെയിലേറ്റ് വെട്ടിത്തിളങ്ങുന്ന ജലാശയങ്ങള്‍ പുളച്ചു മറിയുന്ന മത്സ്യക്കൂട്ടവും ഒരു തടാകത്തിന് അരികു പിടിച്ചതുപോലെ നിരന്നു വളരുന്ന പച്ചക്കറികളും കദളിവാഴക്കുലകളാല്‍ സമൃദ്ധമായ വാഴത്തോപ്പും.കൈകോര്‍ത്ത് സ്വാശ്രയത്വത്തിന്റെ പുതിയ പാഠങ്ങള്‍ രചിക്കുന്ന പുല്ലമ്പറമ്പിനോട് വിട പറയുമ്പോള്‍ മുഖത്ത് സംതൃപ്തി നിറഞ്ഞിരുന്നു.

 സുരേഷ് മുതുകുളം
എഡിറ്റര്‍, കൃഷിജാഗരണ്‍, മലയാളം.


English Summary: Fazil's farm

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine