1. Travel

ശ്രീജയ്ക്ക് നെന്മണി അന്നവും അലങ്കാരവും

മലപ്പുറം-പാലക്കാട് ജില്ലകളുടെ അതിരിട്ട് ഒഴുകുന്ന കുന്തിപ്പുഴയുടെ തീരത്തുളള പുലാമന്തോള്‍ ഗ്രാമത്തിലേക്കായിരുന്നു ഇക്കുറി യാത്ര.

KJ Staff
sreeja

മലപ്പുറം-പാലക്കാട് ജില്ലകളുടെ അതിരിട്ട് ഒഴുകുന്ന കുന്തിപ്പുഴയുടെ തീരത്തുളള പുലാമന്തോള്‍ ഗ്രാമത്തിലേക്കായിരുന്നു ഇക്കുറി യാത്ര. കേരളത്തില്‍ പണ്ടേക്കുപണ്ടേ വൈദ്യവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന പേരെടുത്ത അഷ്ടവൈദ്യകുടുംബങ്ങളുടെ നാട്. പുലാമന്തോളിനടുത്ത് പാലൂര്‍ പാടത്ത് സൂര്യകാന്തിച്ചെടികള്‍ വളര്‍ത്തി പ്രദേശമാകെ പുഷ്‌പോല്‍സവം തീര്‍ത്ത സുകുമാരനും മകള്‍ ശ്രീജയും -പാടത്തു നിന്ന് കൊയ്‌തെടുക്കുന്ന കതിര്‍ക്കറ്റകള്‍ക്ക് ആകര്‍ഷകമായ രൂപഭാവങ്ങള്‍ നെയ്തു നല്‍കുന്ന സുകുമാരന്‍.

സീസണായാല്‍ ഗുണ്ടല്‍പേട്ടില്‍ മാത്രം നിറയെ പൂക്കള്‍ വിടര്‍ത്തി വര്‍ണ്ണമേളം തീര്‍ക്കുന്ന സൂര്യകാന്തിപ്പാടങ്ങള്‍ കണ്ടു പരിചയിച്ച മലയാളികള്‍ക്ക് പുലാമന്തോള്‍ കൊളത്തൂര്‍ റോഡില്‍ പാലൂര്‍ ചെട്ടിയങ്ങാടി പാടത്ത് സൂര്യകാന്തിപ്പൂക്കള്‍ വിരിഞ്ഞിറങ്ങിയത് അദ്ഭുതദൃശ്യമായിരുന്നു. പരീക്ഷണാടിസ്ഥാനത്തിലെങ്കിലും ഒന്നര ഏക്കറോളം പാടത്ത് സൂര്യകാന്തി കൃഷി ചെയ്ത് വിജയം നേടിയ സുകുമാരേട്ടനെ നാട്ടുകാര്‍ ഇത്തരം പുതുകൃഷി പരീക്ഷണങ്ങളുടെ മാസ്റ്ററായി കാണുന്നതില്‍ അതിശയമില്ല.

ഉച്ചയായി സുകുമാരന്റെ വീട്ടിലെത്തുമ്പോള്‍. തുലാവര്‍ഷ മേഘങ്ങള്‍ ഉരുണ്ടു കൂടി മാനത്തിന്റെ മോന്തായം കറുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ എത്തുന്നതറിഞ്ഞ് സുകുമാരേട്ടന്‍ പാലൂരില്‍ വീട്ടിലേക്ക് തിരിയുന്ന വഴിയില്‍ തന്നെ കാത്തുനില്‍പുണ്ടായിരുന്നു. വീട്ടില്‍ എത്തുന്ന ആരെയും ആകര്‍ഷിക്കുന്നത് വിവിധ വലിപ്പത്തില്‍ നെല്ല് കൊണ്ടുണ്ടാക്കിയ കതിര്‍ക്കുലകളാണ്. നാലു പതിറ്റാണ്ടിലേറെയായി കാര്‍ഷികവൃത്തിയില്‍ വ്യാപൃതനെങ്കിലും ഒരര്‍ത്ഥത്തില്‍ ഇദ്ദേഹത്തെ വേറിട്ട ഒരു തലത്തില്‍ പ്രശസ്തനാക്കിയത് ഐശ്വര്യത്തിന്റെ പ്രതീകമായ ഈ കതിര്‍ക്കുലകള്‍ തന്നെയാണ് എന്നു പറയാം. 

കേരളത്തിലെ കാര്‍ഷിക സംസ്‌കൃതിയുടെ അവിഭാജ്യ ചേരുവയാണ് കതിര്‍ക്കറ്റ. കര്‍ക്കിടകത്തിലെ പഞ്ഞം മാറ്റി വീടുകള്‍ കതിര്‍ക്കറ്റ കൊണ്ടു വന്ന് നിറയ്ക്കുന്ന ചടങ്ങ് പണ്ടേക്കു പണ്ടേ പ്രസിദ്ധം. ഐശ്വര്യത്തിന്റെ മുഖമുദ്രയാണ് കതിര്‍ക്കറ്റകളെങ്കിലും ഇതിലേക്ക് സുകുമാരേട്ടന്‍ എത്താനിടയായതിന് ഒരു ദുരന്ത പശ്ചാത്തലമുണ്ട്.
 

ponmeni

' എന്റെ ശ്രീജയ്ക്ക് ഒരു ജീവിതമാര്‍ഗ്ഗം വേണം.... അതിനാണ് ഞാന്‍ ഇത് തുടങ്ങിവച്ചത്....' 
 കതിര്‍ക്കറ്റകള്‍ സൂക്ഷ്മതയോടെ കെട്ടിക്കൊണ്ടിരുന്ന മകള്‍ ശ്രീജയെ നോക്കി അദ്ദേഹം തുടര്‍ന്നു.

' എന്തിനും മിടുക്കിയായിരുന്നു ശ്രീജ.... നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ന്യുമോണിയ പിടിപെട്ടത്... ഇതെത്തുടര്‍ന്ന് ശ്രീജയ്ക്ക് സംസാരശേഷിയും കേള്‍വിയും നഷ്ടപ്പെട്ടു...... ചെവി ഒട്ടും തന്നെ കേള്‍ക്കാതായി. അവ്യക്തമായി മാത്രമെ സംസാരിക്കുകയുളളൂ.പെട്ടെന്ന് ദേഷ്യം വരും.... പിണങ്ങുകയും ചെയ്യും......' കുറച്ചു കഴിഞ്ഞ് വീണ്ടും പഴയ പടിയാകും.
അതു പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം ദു:ഖാകുലമായി; വാക്കുകള്‍ ഇടറി. ഞാന്‍ ശ്രീജയെ നോക്കി. ഇതൊന്നും അറിഞ്ഞ മട്ടില്ല. വളരെ ശ്രദ്ധാപൂര്‍വ്വം കതിര്‍ക്കറ്റകള്‍ അണുവിട തെറ്റാതെ നെയ്തുകൂട്ടുന്നു. ഇടയ്ക്ക് ചിരിയും എന്തൊക്കെയോ വര്‍ത്തമാനവും ഉണ്ട്. 

ശ്രീജ വിവാഹിതയായെങ്കിലും ആ ബന്ധം ഏറെ നാള്‍ നീണ്ടുനിന്നില്ല. എന്താണെന്നറിയില്ല ഭര്‍ത്താവിന് സുഖമില്ലാതായി. രണ്ടുമാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ ശ്രീജയെ അയാള്‍ വീട്ടില്‍ കൊണ്ടുവന്നാക്കി. തൊട്ടടുത്തെങ്ങോ അയാള്‍ താമസിക്കുന്നുണ്ട്. എങ്കിലും യാതൊരു ബന്ധവുമില്ല. ശ്രീജയുടെ മകള്‍ നിവേദ്യ എന്ന മിടുമിടുക്കി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ശ്രീജയ്ക്ക് ഒരു ഉപജീവനമാര്‍ഗ്ഗമായാണ് കതിര്‍ക്കറ്റ കെട്ടല്‍ വാണിജ്യപരമായി തുടങ്ങുന്നത്. ഇന്ന് സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ അത് മുന്നോട്ടുപോകുന്നു എന്ന കാര്യത്തില്‍ സുകുമാരേട്ടന് തികഞ്ഞ ചാരിതാര്‍ത്ഥ്യം. കൈത്തൊഴിലുകള്‍ പഠിപ്പിക്കാന്‍ പ്രഗത്ഭയായ വലിയമ്മയില്‍ നിന്നാണ് പരമ്പരാഗതമായിത്തന്നെ ശ്രീജ കതിര്‍ക്കറ്റമെടയല്‍ പഠിച്ചത്. സുകുമാരനും സഹായിക്കുന്നു.

കതിര്‍ക്കറ്റ കെട്ടാന്‍ വേണ്ട നെല്ല് സുകുമാരന്‍ തന്നെ പാടത്ത് കൃഷി ചെയ്തുണ്ടാക്കുകയാണ് പതിവ്. നാലേക്കര്‍ ഇതിന് പാട്ടത്തിനെടുത്തിട്ടുണ്ട്. മൂന്നു പേരില്‍ നിന്നാണ് സ്ഥലം പാട്ടത്തിനെടുത്തിരിക്കുന്നത്. കട്ട്യപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ കനാല്‍ ഉളളതിനാല്‍ ഇവിടെ വര്‍ഷം മുഴുവന്‍ പാടത്ത് വെളളം കിട്ടും. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സധൈര്യം കൃഷിയിറക്കുന്നതും ഇതിന്റെ പിന്‍ബലത്തില്‍ തന്നെ; മാത്രമല്ല ഒറ്റത്തവണ പോലും കൃഷിയിവിടെ മുടങ്ങിയിട്ടുമില്ല. 

ഒന്നാം വിള കൃഷിയിറക്കുന്ന പതിവില്ല. തരിശിടും; മണ്ണിന് വിശ്രമത്തിനു വേണ്ടിയാണിത്. എന്നാല്‍ രണ്ടും മൂന്നും വിളകള്‍ നിര്‍ബന്ധമായും ചെയ്യും.കൃഷിയെ മാത്രമല്ല കൃഷിയിലെ വൈവിദ്ധ്യത്തെയും സ്‌നേഹിക്കുന്ന സുകുമാരന്‍ എല്ലാ വര്‍ഷവും പുതിയ പുതിയ നെല്‍വിത്തുകള്‍ എവിടെ നിന്നെങ്കിലും കൊണ്ടുവന്ന് പരീക്ഷിക്കുന്നതില്‍ പ്രത്യേക താല്പര്യം പുലര്‍ത്തുന്നു.

'എനിയ്ക്കിതൊരു ഹരമാണ്.... ഒരേ വിത്തു തന്നെ നിരന്തരം കൃഷിയിറക്കാതെ പുതിയ വിത്തുകള്‍  കൃഷിനിലത്ത് പരീക്ഷിക്കുക. ... അതിന്റെ ഈടും വിളവും മേന്മയും വ്യത്യാസവും തിരിച്ചറിയുക.....'

അതു പറയുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ കൃഷി ഒരു തപസ്യയായി കാണുന്ന തനി നാടന്‍ കര്‍ഷകന്റെ ചേല്.
' പുലാമന്തോള്‍ കൃഷിഭവനില്‍ നിന്നു കിട്ടിയ പൊന്‍മണി വിത്ത് നേരത്തെ കൃഷി ചെയ്തിരുന്നു.... ഇത്തവണ 'സുകന്യ' വിത്താണ് കൃഷിയിറക്കിയത്. 'രക്തശാലി' യും കൃഷി ചെയ്തിട്ടുണ്ട്....'

സുകുമാരന്‍ തുടര്‍ന്നു. ഇടയ്ക്ക് പാലക്കാട് പോയി നല്ല കര്‍ഷരില്‍ നിന്ന്  വിത്ത് ശേഖരിക്കുന്ന പതിവും ഇദ്ദേഹത്തിനുണ്ട്. എല്ലാ വര്‍ഷവും മുടങ്ങാതെ 25 സെന്റില്‍ സുഗന്ധനെല്ലായ ജീരകശാല സുകുമാരന്‍ കൃഷിചെയ്തു വരുന്നു.


jeerakasala

' എന്താണ് ജീരകശാലയുടെ പ്രത്യേകത' ?


'ചെറിയ മണികള്‍, നല്ല ഭംഗിയും ഉറപ്പും.... കറ്റ കെട്ടാനും മറ്റും അത്യുത്തമം..... പോരാത്തതിന് ജീരകശാലയുടെ സ്വത:സിദ്ധമായ സുഗന്ധവും. ഇതുപയോഗിച്ച് കതിര്‍ക്കറ്റ തയ്യാറാക്കിയാല്‍ അതിനൊരു വേറിട്ടൊരു ഭംഗി തന്നെ. ജീരകശാലയുടെ അരിയ്ക്കും ഞാറിനും കതിരിനും ഒക്കെ സുഗന്ധമല്ലേ.... 12-ാം ദിവസം മൂപ്പ്; 15-ാം ദിവസം പറിച്ചു നടും; നന്നായി വിളഞ്ഞ ശേഷമെ കൊയ്യാറുളളൂ... അതും അരിവാള്‍ ഉപയോഗിച്ച് ശ്രദ്ധയോടെ; കൊയ്ത്തു യന്ത്രം ഇതിനു പറ്റില്ല അല്ലെങ്കില്‍ തന്നെ സുഗന്ധം ഇഷ്ടപ്പെടാത്ത മനുഷ്യരുണ്ടോ? 
സുകുമാരന്‍ ചോദിക്കുന്നു. ജീരകശാല വളര്‍ന്ന പാടത്തിലൂടെ നടന്നാല്‍ മതി ആ സുഗന്ധം അനുഭവിച്ചറിയാന്‍. സുഗന്ധവാഹിയായ ഞാന്‍ പലപ്പോഴും വന്നിരിക്കാറുണ്ട്. എല്ലാ വിഷമങ്ങളും മറക്കാന്‍. 

'എങ്ങനെയാണ് ഈ പാടത്ത് കതിര്‍ക്കുല തയ്യാറാക്കുന്നത്... എന്തൊക്കെ ശ്രദ്ധിക്കണം?'
 

 ' വിളവെടുപ്പു മുതല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ വയ്‌ക്കേണതുണ്ട്. .... മണികള്‍ തെല്ലും കൊഴിയാതെ തന്നെ നീളത്തില്‍ വേണം. പാടത്തു നിന്ന് തണ്ട് അടിയോടെ മുറിച്ചെടുക്കാന്‍... കൊണ്ടു വരുന്നതും അധികം ആയാതെയും കുലുങ്ങാതെയും ശ്രദ്ധാപൂര്‍വ്വം വണ്ടിയില്‍ വച്ചു വേണം.... ഇങ്ങനെ കൊണ്ടു വരുന്ന കറ്റകള്‍ മുറിയില്‍ നിരത്തി വയ്ക്കും..... ഒരേ ദിശയിലേക്ക് വച്ചു കെട്ടി ചുരുട്ടാക്കിയാണ് കൊണ്ടു വരുക. സദാ ശ്രദ്ധ ആവശ്യമുളള ജോലിയാണിത്. അല്ലെങ്കില്‍ മണി കൊഴിഞ്ഞു പോകും..... സാമാന്യം വലിപ്പമുളള ഒരു കതിര്‍ക്കുലയുണ്ടാക്കാന്‍ ഇത്തരം അഞ്ച് ചുരുട്ടുകള്‍ വേണ്ടിവരും.... മുകള്‍ ഭാഗത്തെ വൈക്കോല്‍ മുറിച്ചു കളയും. പോളയും പുറത്തുളള ഇലകളും കളയുമ്പോള്‍ തണ്ടും കതിരും മാത്രം ബാക്കിയാവും. ഇത് വേര്‍പെടുത്തിയെടുക്കും... എന്നിട്ട് മഞ്ഞത്ത് ഇടും ... എന്നാല്‍ മാത്രമെ പിറ്റേ ദിവസം മെടയാന്‍ കഴിയൂ.... ഇതുകൊണ്ടു കൂടിയാണ് രണ്ടാം വിളയായി കൃഷിയിറക്കേണ്ടത്....' 

 'കതിര്‍ക്കറ്റ തയ്യാറാക്കുന്ന രീതി എങ്ങനെയാണ്?' 

' വളരെയധികം ശ്രദ്ധയും കരവിരുതു വേണ്ടുന്ന പണിയാണ് കറ്റമെടയല്‍.... തനതായ ഭംഗിയില്‍ കതിരുകള്‍ ഒരു വശത്ത് വരും വിധം തികഞ്ഞ ക്ഷമയോടെ വേണം ഇതു ചെയ്യാന്‍.  മകള്‍ ശ്രീജയാണിത് ചെയ്യുന്നത്. എനിക്കത്ര വശമില്ല. അവള്‍ ഇത് മുടി പിന്നുന്നതുപോലെ പിന്നിയെടുക്കും. എന്നിട്ട് കയറില്‍ ബലമായി ചുറ്റും. കയറിന്റെ അറ്റത്ത് ബള്‍ബോ ചിരട്ടയോ ആവശ്യമനുസരിച്ച് വച്ച് ചുറ്റും... ഒരു കൊളുത്തില്‍ പ്ലാസ്റ്റിക് കയര്‍ തൂക്കിയിട്ടാണ് ഈ ചുറ്റിക്കെട്ടല്‍ ചെയ്യുക. ബലമായി ചുറ്റിക്കെട്ടാന്‍ ഞാന്‍ സഹായിച്ചു കൊടുക്കാറാണ് പതിവ്.' കറ്റ മെടയുന്ന രീതി സുകുമാരന്‍ വിശദമാക്കി.

' എങ്ങനെയാണ് ഇതിന്റെ വിലയും വില്പനയുമൊക്കെ?'

' വലിപ്പമനുസരിച്ച് 200 രൂപ മാത്രം, 300 രൂപ, 750 രൂപ, 1000 രൂപ വരെ കതിര്‍ക്കുലകള്‍ക്ക് വില വരാറുണ്ട്. ഇതില്‍ തന്നെ ജിമുക്കി പോലെ അടിഭാഗം വിസ്തൃതമായ വലിയ കതിര്‍ക്കുലയ്ക്കാണ് ആവശ്യക്കാരേറെ. ഒരു വര്‍ഷം ഏകദേശം 50 മുതല്‍ 100 വരെ കതിര്‍ക്കുലകള്‍ ഉണ്ടാക്കി വില്‍ക്കാറുണ്ട്. ആളുകളുടെ ആവശ്യത്തിനനുസരിച്ച് പല വലിപ്പത്തില്‍ ചെയ്ത് നല്‍കുന്നു. ചിലര്‍ കതിര്‍ക്കുലയുടെ ഉള്‍ഭാഗത്ത് ബള്‍ബ് ഘടിപ്പിച്ച് നല്‍കണം എന്നാവശ്യപ്പെടാറുണ്ട്... ബള്‍ബ് കത്തിക്കുമ്പോള്‍ രാത്രി കാഴ്ചയ്ക്ക് നല്ല ഭംഗിയാണ്. ഒരു കതിര്‍ക്കുല 3-4 വര്‍ഷം വരെ മണികള്‍ പൊഴിയാതെയും കേടാകാതെയും നില്‍ക്കും.'

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പലയിടത്തു നിന്നും ആളുകള്‍ സുകുമാരേട്ടന്റെ കതിര്‍ക്കുലകള്‍ തേടി എത്താറുണ്ട്.... ആവശ്യക്കാര്‍ നേരിട്ടു വന്നു വാങ്ങും. ആര്‍ക്കും അയച്ചു കൊടുക്കാറില്ല. അയയ്ക്കുമ്പോള്‍ ഒരു പക്ഷെ മണികള്‍ കൊഴിഞ്ഞാലോ? അതു കൊണ്ട് ഇതേവരെ ആ വഴിക്ക് ശ്രമിച്ചിട്ടില്ല. എന്നാല്‍ നന്നായി പായ്ക്ക് ചെയ്ത് ദൂരദേശങ്ങളിലേക്ക് കേടുപാടു സംഭവിക്കാതെ അയയ്ക്കാന്‍ കഴിയും. 

ഇടക്കാലത്ത് സൂര്യകാന്തി കൃഷി ചെയ്ത സുകുമാരേട്ടന്‍ അതില്‍ നിന്ന് എണ്ണയെടുക്കുകയും പിണ്ണാക്ക് കാലിത്തീറ്റയാക്കി മാറ്റുകയും ചെയ്തു. തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ചെറുപയര്‍ വിത്ത് കൊണ്ടു വന്ന് കൃഷിയിറക്കി. ഇതിനു പുറമെ ചീര, പയര്‍, വെണ്ട തുടങ്ങിയ പച്ചക്കറികളും ഇദ്ദേഹം സമൃദ്ധമായി വളര്‍ത്തുന്നു. പച്ചക്കറികള്‍ വില്‍ക്കുന്നതുപോലെ തന്നെ അടുത്തുളളവര്‍ക്കെല്ലാം സൗജന്യമായി നല്‍കുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമെ ഇദ്ദേഹത്തിന്റെ പച്ചക്കറിത്തോട്ടത്തില്‍ ആവശ്യക്കാര്‍ക്ക് സ്വന്തം ആവശ്യത്തിന് പദ്ധതി പച്ചക്കറി പറിച്ചെടുക്കാനും അനുവാദമുണ്ട്!

കൃഷി ഒരു തപസ്യപോലെ കൊണ്ടു നടക്കുകയും ജീവിത പ്രാരാബ്ധത്തിനിടയില്‍ അതിന്റെ സത്ത തെല്ലും ചോരാതെ മകള്‍ക്ക് ഒരു ജീവിതമാര്‍ഗത്തിന് ഒരു കാര്‍ഷിക കരകൗശല ഉല്‍പന്നം നിതാന്ത ജാഗ്രതയോടെ തയാറാക്കുകയും ചെയ്യുന്ന സുകുമാരന്‍ ഒരു തികഞ്ഞ ക്ഷമയുടെയും പ്രതിബദ്ധതയുടെയും പ്രതീകമാണ്.

ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ശ്രീജയുടെ പുഞ്ചിരി മായാത്ത മുഖവുമായി തികഞ്ഞ ചാതുരിയോടെ കതിര്‍ക്കുലകള്‍ ഒന്നിന് തൊട്ട് ഒന്നായി പിന്നിക്കൊണ്ടിരിക്കുന്നു. ശബ്ദസുരഭിലമായ ലോകം അന്യമായെങ്കിലും മര്‍ത്യകരഗതമല്ലെങ്കിലും കതിര്‍ക്കുലകളും പൊലിമയില്‍ നിന്ന് അന്നത്തിന് വഴി ഞങ്ങളെ നിര്‍ന്നിന്മേഷയായി നോക്കി. 

ഫോട്ടോ: പ്രഭുകുമാര്‍ പി, അഗ്രി. അസിസ്റ്റന്റ്, കൃഷിഭവന്‍, എടയൂര്‍.

by സുരേഷ് മുതുകുളം, എഡിറ്റര്‍, കൃഷിജാഗരണ്‍ മലയാളം

English Summary: KJ travel feature Sreeja

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds