Travel

‘കേരള സവാരി’ എത്തുന്നു; ചിങ്ങം ഒന്നിന് തിരുവനന്തപുരത്ത് തുടക്കം

‘കേരള സവാരി’ എത്തുന്നു; ചിങ്ങം ഒന്നിന് തിരുവനന്തപുരത്ത് തുടക്കം

സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസായ ‘കേരള സവാരി’ ചിങ്ങം ഒന്നിന് യാഥാർഥ്യമാകും. രാജ്യത്ത് ആദ്യമായാണ് ഓൺലൈൻ ടാക്സി സർവീസിന് ഒരു സർക്കാർ തുടക്കമിടുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്. അംഗീകൃത നിരക്കിൽ സുരക്ഷിത യാത്ര ഉറപ്പാക്കാനാകുമെന്നത് കേരള സവാരിയുടെ പ്രത്യേകതയാണെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ആദ്യഘട്ടത്തിൽ 500 വാഹനങ്ങൾ 

പദ്ധതിയുടെ ഭാഗമായി 500 ഓട്ടോറിക്ഷകൾ ആദ്യഘട്ടത്തിൽ നിരത്തിലിറങ്ങും. തിരക്കുള്ള സമയങ്ങളിലും നിശ്ചിത നിരക്കിൽ യാത്ര ചെയ്യാനാകുമെന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. കൂടാതെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പാനിക് ബട്ടൺ സംവിധാനവും എല്ലാ വാഹനങ്ങളിലും ഉണ്ടാകും. വൻകിട കമ്പനികൾക്ക് മാത്രം സാധ്യമായ  മേഖലയെന്ന് കരുതപ്പെടുന്ന ഓൺലൈൻ ടാക്സി സർവീസ് മേഖലയിലേക്ക് പ്രവേശിക്കാനുള്ള സർക്കാർ തീരുമാനം തൊഴിൽരംഗത്തെ വിപ്ലവകരമായ ഇടപെടലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: പ്രസവശേഷം വ്യായാമം എങ്ങനെ?

 

സുരക്ഷിതമായ യാത്ര സർക്കാരിന്റെ ഉറപ്പ് 

സംസ്ഥാനത്തെ ഓട്ടോ -ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന സവാരിയിൽ സുരക്ഷിതമായ യാത്ര പൊതുജനങ്ങൾക്ക് നൽകുന്നതിനൊപ്പം മോട്ടോർ തൊഴിലാളികൾക്കും അതേ നിരക്ക് ഉറപ്പാക്കും. തിരുവനന്തപുരം നഗരസഭാ പരിധിയിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവർത്തനം പഠനവിധേയമാക്കി ആവശ്യമെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തി സംസ്ഥാനത്തൊട്ടാകെ വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു. കേരള സവാരിയിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഓട്ടോ ടാക്സി നിരക്കിനൊപ്പം എട്ട് ശതമാനം സർവീസ് ചാർജ് മാത്രമാണ് ഈടാക്കുക.

മറ്റ് ഓൺലൈൻ ടാക്സി സർവീസുകളിൽ അത് 25 ശതമാനത്തിലും മുകളിലാണ്. സർവീസ് ചാർജായി ഈടാക്കുന്ന 8 ശതമാനം തുക പദ്ധതി നടത്തിപ്പിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രമോഷണൽ ഇൻസെന്റീവ്‌സ് നൽകുന്നതിനും മറ്റുമായി ഉപയോഗപ്പെടുത്തും. നിലവിലെ ഓൺലൈൻ ടാക്‌സി സംവിധാനങ്ങളിലെല്ലാം മോട്ടോർ തൊഴിലാളികൾക്ക് ലഭിക്കുന്ന നിരക്കും യാത്രക്കാരിൽ നിന്നും ഈടാക്കുന്ന നിരക്കും തമ്മിൽ 20 മുതൽ 30 ശതമാനം വരെ വ്യത്യാസമുണ്ട്. തിരക്കുള്ള സമയങ്ങളിൽ കമ്പനികൾ സർവീസുകൾക്ക് ഒന്നര ഇരട്ടിവരെ ചാർജ് വർധിപ്പിക്കുന്ന സാഹചര്യമുണ്ട്.  

 

കേരള സവാരിയിൽ അത്തരം നിരക്ക് വർധനവ് ഉണ്ടാകില്ലെന്നും തൊഴിലാളികൾക്ക് ലഭിക്കേണ്ട ന്യായമായ കൂലി അവർക്ക് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൃത്യമായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ യാത്രക്കാരനും ഡ്രൈവർക്കും ബുക്കിംഗ് ക്യാൻസൽ ചെയ്യാം. അകാരണമായുള്ള ക്യാൻസലേഷന് ചെറിയ തുക ഫൈൻ നൽകണം. സ്ത്രീകൾക്കും, കുട്ടികൾക്കും, മുതിർന്ന പൗരന്മാർക്കും സുരക്ഷിതമായി ആശ്രയിക്കാവുന്ന ഒരു പദ്ധതിയാണിത്. ഡ്രൈവർമാരുടെ രജിസ്ട്രേഷൻ മുതൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്.
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുള്ള ഡ്രൈവർമാർക്ക് മാത്രമേ പദ്ധതിയിൽ അംഗമാകാൻ സാധിക്കൂ.

യാത്രക്കാർക്കും ഡ്രൈവർമാർക്കും പാനിക് ബട്ടൺ

അപകടസാഹചര്യങ്ങളിൽ ആർക്കും പാനിക് ബട്ടൺ അമർത്താം. തീർത്തും സ്വകാര്യമായി ഒരാൾക്ക് അത് ചെയ്യാനാകും. ഡ്രൈവർ പാനിക് ബട്ടൺ അമർത്തിയാൽ യാത്രക്കാരനോ, യാത്രക്കാരൻ അത് ചെയ്താൽ ഡ്രൈവർക്കോ ഇക്കാര്യം മനസിലാക്കാൻ  സാധിക്കില്ല. ബട്ടൺ അമർത്തിയാൽ പോലീസ്, ഫയർഫോഴ്‌സ്, മോട്ടോർവാഹന വകുപ്പ് എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. ബട്ടൺ അമർത്തി ഓപ്ഷനുകളൊന്നും തിരഞ്ഞെടുത്തില്ലെങ്കിൽ പൊലീസ് കൺട്രോൾ റൂമിലേക്ക് നേരിട്ട് വിവരമെത്തും. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വാഹനങ്ങളിൽ സബ്‌സിഡി നിരക്കിൽ ജിപിഎസ് ഘടിപ്പിക്കുന്നത് ഘട്ടം ഘട്ടമായി നടപ്പിലാക്കും.

പദ്ധതിയിൽ അംഗങ്ങളാകുന്ന മോട്ടോർ തൊഴിലാളികൾക്ക് ഓയിൽ, വാഹന ഇൻഷുറൻസ്, ടയർ, ബാറ്ററി എന്നിവയ്ക്ക് ബന്ധപ്പെട്ട ഏജൻസി വഴി ഡിസ്‌കൗണ്ട് ലഭ്യമാക്കും. രണ്ടാംഘട്ടത്തിൽ യാത്രക്കാർക്കും ഡ്രൈവർമാർക്കും ഇൻഷുറൻസ്, ആക്‌സിഡന്റ് ഇൻഷുറൻസ് എന്നിവ ഏർപ്പെടുത്തും. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ടൂറിസ്റ്റ് ഗൈഡുകളാകാൻ ഡ്രൈവർമാർക്ക് പരിശീലനം നൽകും. വാഹനങ്ങളിൽ പരസ്യങ്ങൾ ചെയ്യുന്ന കാര്യവും പരിഗണനയിലാണ്. ഇതിനാവശ്യമായ ഡിവൈസുകൾ തൊഴിൽ വകുപ്പ് നൽകും.

പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ..

പദ്ധതിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനം തൊഴിലാളികൾക്കും ബാക്കി യാത്രക്കാർക്ക് പ്രമോഷണൽ ഓഫറുകൾ നൽകാനും ഉപയോഗിക്കും. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ കേരള സവാരിയ്ക്കായി പ്രത്യേക പാർക്കിംഗ് സംവിധാനമൊരുക്കും. വാഹനങ്ങൾ തിരിച്ചറിയാൻ കേരള സവാരി സ്റ്റിക്കറുകൾ പതിപ്പിക്കും. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വനിതാ ഡ്രൈവർമാരടക്കം 500 ഓട്ടോ-ടാക്‌സി ഡ്രൈവർമാർ പദ്ധതിയിൽ അംഗങ്ങളാണ്. ഇവർക്ക്  വിവിധ വിഷയങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ  പരിശീലനം നൽകിയതായും മന്ത്രി അറിയിച്ചു.

പ്ലാനിംഗ് ബോർഡ്, ലീഗൽ മെട്രോളജി, ഗതാഗതം, ഐടി, പോലീസ് വകുപ്പുകളുടെ സഹകരണത്തോടെ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മേൽനോട്ടത്തിൽ തൊഴിൽ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണിത്. പാലക്കാട് ജില്ലയിലെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് പദ്ധതിയ്ക്ക് ആവശ്യമായ  സാങ്കേതിക സഹായങ്ങൾ നൽകുന്നത്. കേരള സവാരിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു.


English Summary: The first government online taxi service in India Kerala Savari arrives

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine