1. Environment and Lifestyle

ആരോഗ്യമുള്ള തലമുറയ്ക്കായി കരുതാം ഒരു ഹൈടെക് കിച്ചന്‍ ഗാര്‍ഡന്‍

കേരളത്തില്‍ പച്ചക്കറിയുടെ ആവശ്യകതയും ലഭ്യതയും തമ്മില്‍ വലിയ അന്തരമുണ്ട്. നമ്മുടെ ഓരോ ദിവസത്തെ പച്ചക്കറികളുടെയും ആവശ്യകത നിറവേറ്റുന്നതിന് പലരും അയല്‍ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കേരളത്തിലെ വിപണികളില്‍ ലഭ്യമായ പച്ചക്കറികളിലും പഴങ്ങളിലും അനുവദനീയമായതിലും ഉയര്‍ന്ന തോതില്‍ വിഷാംശം അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.

KJ Staff
Hoghtech farm

കേരളത്തില്‍ പച്ചക്കറിയുടെ ആവശ്യകതയും ലഭ്യതയും തമ്മില്‍ വലിയ അന്തരമുണ്ട്. നമ്മുടെ ഓരോ ദിവസത്തെ പച്ചക്കറികളുടെയും ആവശ്യകത നിറവേറ്റുന്നതിന് പലരും അയല്‍ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കേരളത്തിലെ വിപണികളില്‍ ലഭ്യമായ പച്ചക്കറികളിലും പഴങ്ങളിലും അനുവദനീയമായതിലും ഉയര്‍ന്ന തോതില്‍ വിഷാംശം അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ഒരു കാലത്ത് നമ്മുടെ വീട്ടമ്മമാര്‍ അവരുടെ കൃഷിയിടങ്ങളില്‍ വിവിധയിനം പച്ചക്കറിവിളകള്‍ കൃഷി ചെയ്തിരുന്നു. വലിയ പരിചരണം കൂടാതെ വര്‍ഷം മുഴുവന്‍ ഏതെങ്കിലും ചില പച്ചക്കറികള്‍ ദിവസവും ലഭിച്ചിരുന്നു താനും.എന്നാല്‍ ഇന്ന് മറ്റ് ആകര്‍ഷണീയമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭൂരിപക്ഷം ആളുകളും കൃഷിയും ജോലിയും ഒന്നിച്ച് കൈകാര്യം ചെയ്യാന്‍ വിഷമിക്കുകയാണ്. അഥവാ താത്പര്യമുള്ളവര്‍ക്കുപോലും നാമമാത്ര കൃഷിഭൂമിയാണ് സ്വന്തമായുള്ളതും. കേരളത്തില്‍ 5-6 മാസം വരെ മഴക്കാലമായതിനാല്‍ ഈ സമയങ്ങളില്‍ പച്ചക്കറികൃഷി ബുദ്ധിമുട്ടാണുതാനും. ജോലിക്കാരുടെ ലഭ്യതകുറവും ഉയര്‍ന്ന കൂലിയും കേരളത്തിന്റെ വെല്ലുവിളികളാണ്. അന്യ സംസ്ഥാനങ്ങള്‍ ഈ അവസരം മുതലെടുത്ത് കേരളത്തെ അവരുടെ പച്ചക്കറി വില്‍പ്പനയ്ക്കുള്ള ഒരു വിപണിയാക്കി മാറ്റിയിരിക്കയാണ്. അവര്‍ അമിതലാഭം പ്രതീക്ഷിച്ച് പച്ചക്കറിയില്‍ മാരക വിഷം ചേര്‍ക്കുന്നതായാണ് പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാം ഇന്ന് ഉപയോഗിക്കുന്ന ഒട്ടു മിക്ക ഭക്ഷ്യവസ്തുക്കളും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവയാണ്. ഇത്തരം വിഷലിപ്തമായ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുക വഴി കേരളത്തിലെ ജനങ്ങള്‍ മാരകമായ അസുഖങ്ങള്‍ക്ക് വശംവദരാകുന്നു എന്നതും ആശങ്ക ഉളവാക്കുന്ന കാര്യമാണ്.

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വെള്ളായണി കാര്‍ഷിക കോളേജിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പഠനങ്ങളില്‍ വിവധ പച്ചക്കറികളിലെയും പഴങ്ങളിലെയും കീടനാശിനിയുടെ അവശിഷ്ടവീര്യം അപകടകരമായ തോതിലാണെന്നാണ് കണ്ടിട്ടുള്ളത്. അടുത്തകാലത്തായി കുട്ടികളിലും ചെറുപ്പക്കാരിലും പോലും കാന്‍സര്‍ മുതലായ മാരകരോഗങ്ങള്‍ വ്യാപകമായി കാണുന്നു. ഭക്ഷ്യവസ്തുക്കളിലുള്ള അമിതമായ കീടനാശിനിയുടെ അവശിഷ്ടവീര്യം മൂലമാണിത്. ഇതുമൂലം അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചുള്ള പഴം-പച്ചക്കറി ഉപഭോഗരീതിക്ക് ഒരു കടിഞ്ഞാണിടേണ്ട സമയമായെന്ന് കേരള ജനത തിരിച്ചറിഞ്ഞിരിക്കുന്നു. ഈ അവസ്ഥയില്‍ നിന്നും മോചനം നേടണമെങ്കില്‍ ഓരോരുത്തരും അവരവര്‍ക്കാവശ്യമായ പച്ചക്കറികള്‍ അവരവരുടെ വീട്ടില്‍തന്നെ ഉത്പാദിപ്പിക്കുകയോ വ്യാവസായികാടിസ്ഥാനത്തില്‍ കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യുകയോ ചെയ്യേണ്ടതാണെന്ന തിരിച്ചറിവ് വന്നിട്ടുണ്ട്. എന്നാല്‍ സ്ഥലപരിമിതി,സമയക്കുറവ്,കൂലിക്കാരുടെ ലഭ്യതകുറവ് എന്നിവ വലിയ പ്രശ്‌നമായിരിക്കയാണ്. ഇവക്കെല്ലാം ഒരു മറുപടി എന്ന നിലയില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമിലുള്ള ഹൈടെക് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് യൂണിറ്റില്‍ പല മോഡലുകളും ടെക്‌നിക്കുകളും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

2013ല്‍ സ്ഥാപിതമായ ഹൈടെക് പരിശീലന കേന്ദ്രം ഡോക്ടര്‍ പി സുശീലയുടെ നേതൃത്വത്തില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള ഓഫീസ് അസിസ്റ്റന്റ്, ഫീല്‍ഡ് അസിസ്റ്റന്റ്,ദിവസകൂലിയുള്ള തൊഴിലാളികള്‍ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 2013ല്‍ കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായത്താല്‍ അടിസ്ഥാന സൗകര്യവും ഗവേഷണ സംവിധാനങ്ങളും ഒരുക്കി. 2013 മുതല്‍ 2018-19 സാമ്പത്തിക വര്‍ഷം വരെ കൃഷി വകുപ്പ്, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍,ആസൂത്രണ ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ധനസഹായവും സ്ഥാപനത്തിന് ലഭിക്കയുണ്ടായി. കൃഷി ഓഫീസര്‍മാര്‍,കൃഷി എന്‍ജിനീയര്‍മാര്‍,കൃഷി അസിസ്റ്റന്റുമാര്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് ഹൈടെക് കൃഷിരീതികളില്‍,പ്രത്യേകിച്ചും പോളിഹൗസ് ഫാമിംഗിലും കൃത്യത കൃഷിയിലും , പരിശീലനം നല്‍കിവരുന്നു. ഇതിന് പുറമെ മിതമായ ഫീസ് ഈടാക്കി കര്‍ഷകര്‍ക്ക് പോളിഹൗസ് ഫാമിംഗ്,കൃത്യതകൃഷി, ഹൈഡ്രോപോണിക്‌സ്, അക്വാപോണിക്‌സ്, പോളി കിച്ചന്‍ ഗാര്‍ഡന്‍,വെര്‍ട്ടിക്കല്‍ ഫാമിംഗ്,ഹൈടെക് കിച്ചന്‍ ഗാര്‍ഡന്‍,ഹൈടെക് കൂണ്‍ കള്‍ട്ടിവേഷന്‍,ടെറേറിയം,ടയര്‍ ഗാര്‍ഡന്‍,ബയോഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് ബയോപെസ്റ്റിസൈഡ്‌സ് തുടങ്ങി പല വിഷയങ്ങളിലും പരിശീലനം നല്‍കിവരുന്നു. 2019 ഏപ്രില്‍ മാസം മുതല്‍ ട്രെയിനിംഗ് നടത്തി ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഫീസ് മാത്രംകൊണ്ടാണ് ഓഫീസ് അസിസ്റ്റന്റിനും ഫീല്‍ഡ് സ്റ്റാഫിനും ശമ്പളവും സ്‌റ്റേഷനില്‍ ആവശ്യമുള്ള എല്ലാ സാധനങ്ങളും വാങ്ങുന്നത്. വേണ്ടത്ര പരിഗണന നല്‍കിയാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒരു സ്ഥാപനമായി ഇതിനെ മാറ്റാന്‍ കഴിയും. യുവാക്കള്‍ക്ക് നൂതനകൃഷി രീതികളില്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും അവ സ്ഥാപിച്ചുകൊടുക്കാനും കഴിയുന്ന സാഹ്‌കേതിക വിദഗ്ധരെ പരിശീലിപ്പിക്കുവാനും വിദ്യാര്‍ത്ഥികള്‍ക്കും കൃഷിക്കാര്‍ക്കും വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഈ കേന്ദ്രത്തിന് സാധിക്കും.

ഹൈടെക് കൃഷി കേരളത്തില്‍ വരുന്നതിന് അധികാരികളോട് ശുപാര്‍ശ ചെയ്യുകയും അതിനായി ഏറെ പ്രയത്‌നിക്കയും ചെയ്തിട്ടുള്ള ആളാണ് ഡോക്ടര്‍ സുശീല. ഇന്ന് ഇന്ത്യയില്‍തന്നെ പോളിഹൗസ് ഫാമിംഗിലും ഹൈഡ്രോപോണിക്‌സിലും അക്വാപോണിക്‌സിലും ഹൈടെക് അടുക്കള തോട്ടങ്ങള്‍ ഉണ്ടാക്കുന്നതിലും മല്‍ട്ടിടയര്‍ ഗ്രോബാഗ് രൂപകല്‍പ്പനയിലും ഓട്ടോമാറ്റിക് ഇന്റഗ്രേറ്റഡ് ഫാമിംഗ് രൂപകല്‍പനയിലും ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളതും പരിശീലനം നല്‍കിവരുന്നതും ഇവിടെയാണ്. അന്തര്‍ദേശീയ തലത്തിലുളളപരിശീലനങ്ങളാണ് ഇവിടെ നല്‍കുന്നത്.പോളിഹൗസ് ഫാമിംഗില്‍ ധാരാളം ഗവേഷണങ്ങളും നടന്നിട്ടുണ്ട്. ഇപ്പോഴും രാസകീടനാശിനികള്‍ പ്രയോഗിക്കാതെ ബയോകണ്‍ട്രോളുകള്‍ മാത്രം ഉപയോഗിച്ച് കീടങ്ങളെ നിയന്ത്രിച്ചാണ് കൃഷി ചെയ്തുവരുന്നത്. കേരളത്തിന് യോജിച്ച പോളിഹൗസ് രൂപകല്‍പ്പന, അതിന്റെ ഉള്ളിലുള്ള അന്തരീക്ഷത്തിലെ എല്ലാ കാലാവസ്ഥ ഘടകങ്ങളെയും ഓട്ടോമാറ്റിക്കായി റെക്കോര്‍ഡ് ചെയ്ത് വിശദമായ പഠനങ്ങളാണ് നടന്നുവരുന്നത്. പോളിഹൗസില്‍ നടാവുന്ന ചെടികള്‍, അവയുടെ ഇനങ്ങള്‍,പ്രകാശത്തിന്റെ ദൈര്‍ഘ്യം, ഘടകങ്ങള്‍, താപനിലയുടെ നിയന്ത്രണങ്ങള്‍, പോളിഹൗസിനുവേണ്ട പോളിനേറ്റര്‍ എന്നിവയിലും ധാരാളം പഠനങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഫ്‌ളാറ്റിലും ചെറുവില്ലകളിലും വീട്ടിലേക്കാവശ്യമുള്ള പച്ചക്കറി കൃഷി ചെയ്യുന്നതിനായി നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട് ഹൈടെക് ഫാമില്‍. 2011 മുതല്‍ കമ്മ്യൂണിക്കേഷന്‍ സെന്ററിലും ഇന്‍സ്ട്രക്ഷണല്‍ ഫാമിലുമായി വിവിധ രീതിയിലുള്ള മള്‍ട്ടിടയര്‍ ഗ്രോ ബാഗുകളും വെര്‍ട്ടിക്കല്‍ ഫാമിംഗ് യൂണിറ്റുകളും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. 45 ചെടികള്‍ നടാവുന്ന ഗ്രോബാഗും 35 ചേടികള്‍ നടാവുന്നഗ്രോബാഗുകളുമാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ചെറിയ സ്ഥലത്ത് കൂടുതല്‍ ചെടികള്‍ വളര്‍ത്താന്‍ കഴിയുന്ന പോളികിച്ചന്‍ ഗാര്‍ഡന്‍ ഇന്ന് പല ആളുകളും ഉപയോഗിച്ചു വരുന്നു. 20 സ്‌ക്വയര്‍ മീറ്റര്‍ പ്രദേശത്ത് 240 മുതല്‍ 260 ചെടികള്‍ വരെ വളര്‍ത്താന്‍ ഇതിലൂടെ കഴിയും.

അക്വാപോണിക്‌സ് കൃഷിയില്‍ മീനും ചെടിയും ഒരുമിച്ചാണ് കൃഷി ചെയ്യുന്നത്. മീനിന്റെ കാഷ്ടത്തില്‍ ചെറിയ തോതില്‍ ഫോസ്ഫറസും പൊട്ടാഷും അടങ്ങിയിട്ടുണ്ട്. കൂടാതെ ചെടികള്‍ക്ക് അത്യവശ്യത്തിനുള്ള മറ്റു ന്യൂട്രിയന്റ്‌സും മീനിന് കുഴപ്പമില്ലാത്തരീതിയില്‍ നല്‍കാനുള്ള സാങ്കേതിക വിദ്യയും തയ്യാറാക്കിയിട്ടുണ്ട്. ഈ കൃഷിയിലൂടെ ഉയര്‍ന്ന ഗുണനിലവാരമുള്ള, വിഷാംശമില്ലാത്ത മീനും പച്ചക്കറിയും ലഭിക്കുന്നു. മണ്ണും കുളങ്ങളുമില്ലാത്തവര്‍ക്ക് വലിയതോതില്‍ പച്ചക്കറിയും മീനും വളര്‍ത്താന്‍ ഉതകുന്നതാണ് അക്വാപോണിക്‌സ്. കേരളത്തിലെ കാലാവസ്ഥയും ഇതിന് അനുഗുണമാണ്. അക്വാപോണിക്‌സില്‍ മികച്ച പരിശീലനമാണ് ഇവിടെ നല്‍കുന്നത്. ഏറ്റവും പുതിയ സാങ്കേതിക രീതി ഇവിടെ വികസിപ്പിച്ചിരിക്കുന്നത് ഇന്റഗ്രേറ്റഡ് ഹൈടെക് പോളികിച്ചന്‍ ഗാര്‍ഡന്‍ രൂപകല്‍പ്പനയിലാണ്. ഈ കൃഷി രീതിയില്‍ കോഴിയും മീനും ചെടിയും ഒരുമിച്ചാണ് കൃഷി ചെയ്യുന്നത്. കോഴിക്കാഷ്ടം ഫെര്‍മെന്റ് ചെയ്ത് മീനിനും മീനിന്റെ കാഷ്ടത്തില്‍ നിന്നുള്ള വളം ബാക്ടീരിയയെ ഉപയോഗപ്പെടുത്തി നൈട്രേറ്റ് ആക്കി ചെടികള്‍ക്കും നല്‍കുന്നു. കേന്ദ്രത്തിലുള്ള ഇത്തരമൊരു സംവിധാനം കഴിഞ്ഞ രണ്ടര വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു വീട്ടിലേക്കാവശ്യമുളള ചീര, തക്കാളി,വെണ്ട, മുളക്, വഴുതന,ലറ്റിയൂസ്, പാലക്ക്,പാവല്‍,പടവലം,ചതുരപയര്‍,കുമ്പളം, സലാഡ് വെള്ളരി,പുതിന,മല്ലിയില,കറിവേപ്പില,കാബേജ്, കോളിഫ്‌ളവര്‍,കാരറ്റ്,ബീറ്റ്‌റൂട്ട് തുടങ്ങി എല്ലാത്തരം വിളകളും ഇത്തരത്തില്‍ കൃഷിചെയ്‌തെടുക്കാന്‍ കഴിയും.

ഹൈടെക്ക് ഫാമിംഗിന്റെ മറ്റൊരു പ്രത്യേകത സാധാരണ കൃഷിയേക്കാള്‍ പത്ത് ശതമാനം മാത്രം ജലമെ ഇതാനാവശ്യമുള്ളു എന്നതാണ്. വള ലായനി ചംക്രമണം ചെയ്യുന്നതിനാല്‍ വളവും വെള്ളവും പൂര്‍ണ്ണമായി വിനിയോഗിക്കാന്‍ കഴിയും. സെന്ററില്‍ വികസിപ്പിച്ച ഫിഷ് ഫീഡര്‍ കം ഓപ്പറേഷന്‍ റെഗുലേഷന്‍ സിസ്റ്റം ഉപയോഗിക്കുന്നതുകൊണ്ട് വീട്ടില്‍ ആളില്ലെങ്കിലും ജീവികള്‍ക്ക് തീറ്റയും ചെടികള്‍ക്ക് വെള്ളവും വളവും യഥാസമയം കിട്ടുകയം ചെയ്യും. കൂടാതെ ഇവ പ്രവര്‍ത്തിക്കുന്നതിനുളള കറണ്ട് 60 ശതമാനം ലാഭിക്കാനും കഴിയും.

ഇത്തരത്തില്‍ ഹൈടെക് ഫാമിംഗ് പ്രോത്സാഹിപ്പിക്കുകയും വീട്ടിലെ എല്ലാ അംഗങ്ങളും ഇതില്‍ പങ്കാളികളാവുകയും ചെയ്താല്‍ കുടുംബത്തിലെ അംഗങ്ങല്‍ തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്താനും ആരോഗ്യകരമായ ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കാനും കഴിയും. കുട്ടികള്‍ക്ക് നാലാം ക്ലാസു മുതല്‍ കൃഷി പാഠ്യവിഷയമാക്കുകകൂടി ചെയ്യേണ്ടത് അനിവാര്യമാണ്. അവരെ മദ്യം, മറ്റു ലഹരികള്‍, ഭീകരവാദം എന്നിവയില്‍ നിന്നെല്ലാം അകറ്റി നിര്‍ത്താന്‍ കൃഷി ഉപകരിക്കുമെന്നതില്‍ സംശയമില്ല. അതിനുളള ശ്രമങ്ങളുടെ കേന്ദ്രബിന്ദുവാക്കാം നമുക്ക് ഹൈടെക് ഗവേഷണ പരിശീലന കേന്ദ്രത്തെ.

English Summary: High tech kichen garden

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds