Environment and Lifestyle

ഇന്ന് ലോക് ഭൗമദിനം :കൊറോണ എന്ന മഹാമാരിയെ തുരത്തുന്നതിനോടൊപ്പം ഭൂമിയെ സംരക്ഷിക്കാം

 ഇന്ന് ഏപ്രില്‍ 22, ലോക ഭൗമദിനം. ആഗോള താപനത്താല്‍ പൊള്ളുന്ന ഭൂമിക്കു സാന്ത്വനം പകരാന്‍ വിഭാവനം ചെയ്ത ഭൗമദിനത്തിന്റെ അമ്പതാം വാര്‍ഷികവുമാണ് ഇത്തവണ.ഉത്തരാര്‍ദ്ധഗോളത്തില്‍ വസന്തകാലവും ദക്ഷിണാര്‍ദ്ധഗോളത്തില്‍ ശരത്കാലവും തുടങ്ങുന്ന ദിവസമായതിനാലാണ് ഈ ദിനം ഭൗമദിനാചരണത്തിന് തിരഞ്ഞെടുത്തത്.

യു.എന്‍ എന്‍വയണ്‍മെന്റ് പ്രോഗ്രാം പഠനം

ആഗോള വ്യാപകമായി കൊറോണഎന്ന മഹാമാരി  ബാധിച്ചിരിക്കവെ ഭൂമി കാലാവസ്ഥാ ദുരന്തങ്ങളില്‍ നിന്നകലുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഏറ്റവുമധികം  ഓർമ്മിക്കേണ്ട അവസരമാണിതെന്ന്  ഭൗമദിനത്തിനു മുന്നോടിയായുള്ള സന്ദേശത്തില്‍ യു.എന്‍ എന്‍വയണ്‍മെന്റ് പ്രോഗ്രാം ഓര്‍മ്മിപ്പിച്ചിരുന്നു.ആഗോളതലത്തിലുള്ള ഭീഷണികള്‍ നേരിടുമ്പോള്‍ മനുഷ്യരുടെയും ഗ്രഹത്തിന്റെയും ദുര്‍ബലതയെക്കുറിച്ചുള്ള വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണ് ഇപ്പോഴത്തെ മഹാവ്യാധിയെന്ന് യു.എന്‍ എന്‍വയണ്‍മെന്റ് പ്രോഗ്രാം  ചൂണ്ടിക്കാട്ടി.
 
ലോക് ഡൗണ്‍ മൂലം ഒരു മാസമായി ജനങ്ങൾ വീടുകളിൽ തങ്ങിയപ്പോൾ ഭൂമി കൂടുതല്‍ പച്ചപ്പാര്‍ന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. കിളികള്‍ ചിറകു വിടര്‍ത്തി പറന്നു. വായു ശ്വാസയോഗ്യമായി. ലോക് ഡൗണ്‍ കൊണ്ടുള്ള നേട്ടം ജല, വായു മലിനീകരണം കുറയുന്നതിലും വലിയ തോതിൽ പ്രതിഫലിച്ചു.വെള്ളത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായിവർധിച്ചിട്ടുണ്ടെന്നും ,കോളിഫോം ബാക്റ്റീരിയയുടെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതൊരു ശുഭസൂചനയാണെങ്കിലും കോവിഡ് എന്ന മഹാമാരിയെ നേരിടുന്നതിനൊപ്പം പ്രകൃതി നമുക്കു നൽകിയ വിഭവങ്ങൾ പാഴാക്കാതെ അടുത്ത തലമുറയ്ക്കായി നമുക്ക് കൈമാറാം.

ലോക ഭൗമദിനം ആവശ്യകത

 
കാലാവസ്ഥാ മാറ്റത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനായി പാരീസ് കരാര്‍ ഒപ്പിട്ടതിന്റെ വാര്‍ഷികവും ഇതോടൊപ്പം ആചരിക്കുന്നു.ദിനംപ്രതി പ്രകൃതിക്ക് മനുഷ്യന്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വിപത്തുകള്‍ തന്നെയാണ് കൊടും വേനലിനും വരള്‍ച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനത്തിനുമെല്ലാം കാരണമെന്നറിഞ്ഞിട്ടും ഇക്കാര്യങ്ങളില്‍ തിരുത്തല്‍ വരുത്തി പ്രവര്‍ത്തിക്കാന്‍ മിക്ക രാജ്യങ്ങള്‍ക്കും ഇനിയും സാധിച്ചിട്ടില്ല. 
 
വളര്‍ന്നു വരുന്ന തലമുറയ്ക്കായി ഭൂമി മാലിന്യരഹിതമാക്കാനും പ്രകൃതിസൗഹാര്‍ദപരമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കാനുമാണ് അര നൂറ്റാണ്ടിന്റെ വാര്‍ഷികം അടയാളപ്പെടുത്തുകയും കാലാവസ്ഥാ പ്രവര്‍ത്തനത്തെ പ്രമേയമായി തിരഞ്ഞെടുക്കുകയും ചെയ്ത ഭൗമദിനം 2020 ഉദ്ബോധിപ്പിക്കുന്നത്. ലോക ഭൗമദിനം ഒരു ആഘോഷമല്ല മറിച്ച് ഭൂമി സംരക്ഷിക്കണമെന്ന ഓര്‍മ്മപ്പെടുത്തലും അതു മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട കടമയാണെന്ന് തിരിച്ചറിയാനുള്ള അവസരവുമാണ്. അകലം പാലിക്കലിന്റെ ശൈലി തുടര്‍ന്നുകൊണ്ട് ഡിജിറ്റല്‍ സംഭാഷണങ്ങള്‍, ഡിജിറ്റല്‍ പ്രകടനങ്ങള്‍, വെബിനാര്‍ എന്നിവയാണ് ഇന്നത്തേക്കു വേണ്ടി തയ്യാറായിട്ടുള്ളത്.
 

English Summary: Today world Earth day:We can fight against against Covid 19 and also protect our earth

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine