<
  1. Farm Tips

കോവലിൽ മികച്ച വിളവ് എടുക്കാൻ 6 നുറുങ്ങുവിദ്യകൾ

വളരെ ചുരുങ്ങിയ അധ്വാനത്തിൽ ഗാർഹിക കൃഷിയിൽ ഉൾപ്പെടുത്തി, മികച്ച വിളവ് സ്വന്തമാക്കാവുന്ന വിളയാണ് കോവൽ. മികച്ചതും രോഗപ്രതിരോധ ശേഷിയുള്ളതുമായ വിളവ് ലഭിക്കുന്നതിന് കോവൽ കൃഷിയിൽ ചെയ്യേണ്ട നുറങ്ങുവിദ്യകൾ പരിചയപ്പെടാം.

Anju M U

മലയാളികളുടെ പ്രിയപ്പെട്ട പച്ചക്കറിയാണ് കോവയ്ക്ക. ഏത് പ്രായക്കാരും കഴിയ്ക്കാൻ ഇഷ്ടപ്പെടുന്ന വിഭവമാണ് കോവയ്ക്ക കൊണ്ടുള്ള ഉപ്പേരി അഥവാ തോരൻ, മെഴുക്കുപുരട്ടിയുമൊക്കെ. കൊക്ക ഗ്രാൻഡിസ് എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. ഇംഗ്ലീഷിൽ Ivy gourd എന്നും സംസ്കൃതത്തിൽ മധുശമതി എന്നുമാണ് അറിയപ്പെടുന്നത്. വളരെ ചുരുങ്ങിയ അധ്വാനത്തിൽ ഗാർഹിക കൃഷിയിൽ ഉൾപ്പെടുത്തി, മികച്ച വിളവ് സ്വന്തമാക്കാവുന്ന വിള കൂടിയാണ് കോവൽ. വര്‍ഷം മുഴുവന്‍ കായ് ഫലം തരുന്നുവെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.
വീട്ടിലെ ടെറസുകളിലും വളർത്താൻ അനുയോജ്യമായതിനാൽ, നഗരവാസികൾക്കും കോവൽ കൃഷി ചെയ്യാൻ എളുപ്പമാണെന്ന് പറയാം. മികച്ചതും രോഗപ്രതിരോധ ശേഷിയുള്ളതുമായ വിളവ് ലഭിക്കുന്നതിന് കോവൽ കൃഷിയിൽ ചെയ്യേണ്ട നുറങ്ങുവിദ്യകളാണ് താഴെ പരിചയപ്പെടുത്തുന്നത്.

1. കഞ്ഞിവെള്ളവും ചാരവും

അടുക്കളത്തോട്ടത്തിൽ പല വിളകൾക്കും വ്യാപകമായി ചാരം ഉപയോഗിക്കാറുണ്ട്. കോവലിനും ചാരം പ്രയോജനപ്പെടുന്നു. കഞ്ഞിവെള്ളവും ചാരവും കൂട്ടിച്ചേർത്ത മിശ്രിതലായനിയാണ് ഇതിന് ഉപയോഗിക്കുന്നത്. തടം ചെറുതായി ഇളക്കി കൊടുത്ത ശേഷം ഈ ലായനി കോവലിന്റെ തടത്തിൽ ഒഴിച്ചുകൊടുക്കാം. ഇത് വിള എളുപ്പം കായ്ക്കാൻ സഹായിക്കുന്നു.

2. തലപ്പ് നുള്ളികളയുക

മറ്റ് മിക്ക വിളകളും കായ്ക്കാതെ നിൽക്കുമ്പോൾ ചെയ്യുന്ന മാർഗം കോവലിലും പരീക്ഷിക്കാവുന്നതാണ്. കോവലിന്റെ തലപ്പുകള്‍ ഇടയ്ക്ക് നുള്ളിക്കളയുക. ഇത് പുതിയ തളിരുകള്‍ വരുന്നതിനും കോവൽ പൂത്ത് കായ്ക്കുന്നതിനും സഹായിക്കുന്നു.

3. മീന്‍ കഴുകുന്ന വെള്ളം

മീന്‍ കഴുകിയ വെള്ളം കോവലിന്റെ ചുവട്ടിലൊഴിക്കാം. കോവലിൽ പ്രയോഗിക്കാവുന്ന മികച്ച വളപ്രയോഗമാണിത്. കൂടാതെ, ഫിഷ് അമിനോ നേര്‍പ്പിച്ച് തടത്തിലൊഴിച്ച് കൊടുക്കുന്നതിലൂടെ കായ്ക്കാൻ വൈകുന്ന കോവലിന് ഉപയോഗപ്രദമായിരിക്കും.


4. സൂര്യപ്രകാശം

കോവലിന് ആവശ്യമായ സൂര്യപ്രകാശമുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇതിനായി കോവൽ നടുമ്പോൾ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തന്നെ തെരഞ്ഞെടുക്കണം.

5. ഫോസ്ഫറസും സൂഷ്മ മൂലകങ്ങളും

കോവലിന് ഫോസ്ഫറസ് വളമായ എല്ലുപൊടി നൽകുന്നത് നല്ലതാണ്. കോവല്‍ നടുന്ന സമയത്തും പിന്നീട് പന്തലാക്കി വളർത്തുമ്പോൾ തടത്തിലും എല്ലുപൊടി ചേര്‍ത്തു കൊടുക്കാവുന്നതാണ്. ഇത് മികച്ച കായ് ഫലം തരുന്നു.

ഇവ കൃത്യസമയത്ത് പൂവിട്ട് കായ്ക്കുന്നതിന് സൂഷ്മ മൂലകങ്ങള്‍ അടങ്ങിയ വളങ്ങള്‍ നൽകണം. ഇടയ്ക്കിടെ കോവലിന്റെ തടം ഇളക്കി കൊടുക്കുന്നതും വളം വിതറുന്നതും കായ്ക്കാത്ത വിളകളും കായ്ക്കുന്നതിന് സഹായിക്കുന്നു.
അതുപോലെ കോവലിന് ശരിയായ സമയത്ത് തന്നെ വളപ്രയോഗം നടത്തണം. കോവൽ കായ്ച്ചു കഴിഞ്ഞാലും വളപ്രയോഗം ആവശ്യമാണ്. കോവൽ നടുമ്പോഴും ശേഷം മൂന്നു മാസത്തില്‍ ഒരു തവണ എന്ന രീതിയിലും തടത്തില്‍ നീറ്റുകക്ക പൊടിച്ച് വിതറാം.

6. കീടങ്ങളെ പ്രതിരോധിക്കാം

തണ്ട് തുരപ്പൻ, കായ് തുരപ്പൻ പോലുള്ള കീടങ്ങളാണ് കോവിലിനെ ആക്രമിക്കുന്ന പ്രധാന കീടങ്ങൾ. വിളയുടെ തണ്ടുകളുടെ പല ഭാഗങ്ങളിലായി വണ്ണം വയ്ക്കുകയും ഇത് ചെടിയുടെ മറ്റു സ്ഥലങ്ങളിലേയ്ക്ക് കൂടി വ്യാപിക്കുന്നതും കാണാം.
ചെടി മുരടിയ്ക്കുന്നതിന് ഇത് കാരണമാകുന്നു. തുടക്കത്തിലേ ശ്രദ്ധിച്ചാൽ കോവയ്ക്കയിലേക്ക് കീടാക്രമണം എത്താതെ പ്രതിരോധിക്കാം. ബിവേറിയ ബാസിയാന എന്ന മിത്ര കുമിള്‍നാശിനിയാണ് ഈ കീടങ്ങകൾക്കെതിരെയുള്ള ഫലപ്രദമായ ഉപായം. ചെടിയുടെ തണ്ടിലും ഇലകളിലും ഇത് തളിയ്ക്കാവുന്നതാണ്.

English Summary: 6 Easy farm tips for good yields in Ivy gourd

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds