തക്കാളി വളരെ സാധാരണമായ ഏവർക്കും ഇഷ്ടപ്പെടുന്ന പച്ചക്കറികളിലൊന്നാണ്, വളരെ എളുപ്പത്തിൽ ഇത് കൃഷി ചെയ്യാവുന്നതാണ്. ചട്ടികളിലോ അല്ലെങ്കിൽ ഗ്രോ ബാഗുകളിലോ നമുക്ക് തക്കാളി കൃഷി ചെയ്യാം. മുറ്റത്ത് കൃഷി ചെയ്യാൻ സ്ഥലം ഇല്ലെങ്കിൽ ടെറസിലോ അല്ലെങ്കിൽ ബാൽക്കണികളിലോ വരെ എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്ന പച്ചക്കറികളിലൊന്നാണ് തക്കാളി.
തക്കാളി കൃഷി എളുപ്പമാണെങ്കിലും തക്കാളി കൃഷി ചെയ്യുമ്പോഴുണ്ടാകുന്ന പ്രധാന പ്രശ്നം ബാക്ടീരിയ വാട്ടമാണ്. ബാക്ടീരിയ വാട്ടം തക്കാളി ചെടികളുടെ നാശത്തിനും വിളനാശത്തിനും കാരണമാകുന്നു. തക്കാളിയിലെ ബാക്ടീരിയ വാട്ടത്തെ നമുക്ക് എളുപ്പത്തിൽ നിയന്ത്രിക്കാൻ സാധിക്കും.
എന്താണ് ബാക്ടീരിയ വാട്ടത്തിൻ്റെ കാരണം?
മണ്ണിലെ ഉയർന്ന അളവിലുള്ള അസിഡിറ്റിയാണ് ബാക്ടീരിയ വാട്ടത്തിൻ്റെ പ്രധാന കാരണം. മണ്ണിലെ അസിഡിറ്റിയെ കുറയ്ക്കുന്നതിന് Quicklime - അഥവാ കാൽസ്യം ഓക്സൈഡ് എന്നറിയപ്പെടുന്ന രാസ സംയുക്തം ഉപയോഗിക്കാവുന്നതാണ്. ഗ്രോ ബാഗുകളിലും ഈ രീതി ഉപയോഗിക്കാം. പോട്ടിംഗ് മിശ്രിതം ഉണ്ടാക്കുമ്പോൾ Quicklime ഇട്ട് നന്നായി ഇളക്കുക. പക്ഷെ ശ്രദ്ധിക്കുക, ഇത് വിതറി രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ തക്കാളി തൈകൾ നടാൻ പാടുള്ളു. ഇത് മണ്ണിൻ്റ അസിഡിറ്റി നിയന്ത്രിക്കുകയും ബാക്ടീരിയ വാട്ടത്തിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.
സ്യൂഡോമോണസ് ഫ്ലൂറസെൻസ് തക്കാളിയുടെ ബാക്ടീരിയ വാട്ടത്തിനെ നിയന്ത്രിക്കുന്നതിനുള്ള മറ്റൊരു പരിഹാരമാണ്. തക്കാളി വിത്ത് പാകുന്നതിന് 6 മണിക്കൂർ മുമ്പ് സ്യൂഡോമോണസ് ഫ്ലൂറസെൻസിൽ മുക്കി വെക്കാം. സ്യൂഡോമോണസ് ദ്രവരൂപത്തിനും ഖര രൂപത്തിലും ലഭ്യമാണ്. 50 മില്ലി വെള്ളത്തിൽ 2-3 ഗ്രാം സ്യൂഡോമോണസ് ഇട്ട് തക്കാളി വിത്തുകൾ 6 മണിക്കൂർ കാത്തിരിക്കുക. അതിന് ശേഷം നിത്ത് വിതയ്ക്കുന്ന ട്രേയിലോ അല്ലെങ്കിൽ ഗ്രോ ബാഗിലോ വിത്ത് നടാം. ഇത് രോഗങ്ങൾ വരുന്നത് തടയുക മാത്രമല്ല തക്കാളി ചെടികളുടെ വളർച്ചയ്ക്കും സഹായിക്കുന്നു. സ്യൂഡോമോണസിനൊപ്പം രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കരുത് എന്നത് ഓർക്കുക
തക്കാളികൾ വളർത്തുന്നതിന് മറ്റ് ജൈവവളങ്ങൾ ഉപയോഗിക്കാവുന്നതാണ്
തക്കാളി കൃഷിയിൽ ഫലപ്രദമായ ജൈവ വളമാണ് ഫിഷ് അമിനോ ആസിഡ്. ഇത് ചെടിക്ക് സൂക്ഷ്മ പോഷകങ്ങൾ നൽകുകയും കൂടുതൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും.
ഫിഷ് അമിനോ ആസിഡ് - (Fish Amino Acids-FAA)
ഫിഷ് അമിനോ ആസിഡ് (Fish Amino Acids-FAA) ഫലപ്രദമായ ജൈവ ദ്രാവക വളമാണ്. ചെറിയ മീനുകളായ മത്തി, നത്തോലി എന്നിങ്ങനെയുള്ള മീനിൻ്റെ വേസ്റ്റ്, ശർക്കര എന്നിവയാണ് ഇവയ്ക്ക് ആവശ്യമായവ. മീനും ശർക്കരയും തുല്യമായ അളവിൽ എടുത്ത് വായു കടക്കാത്ത പ്ലാസ്റ്റിക് ജാറിൽ അടച്ച് വെക്കുക. ഇത് വെയിൽ ഇല്ലാത്ത സ്ഥലത്ത് വെക്കുക.
30 ദിവസം കഴിഞ്ഞ ശേഷം വേസ്റ്റ് ഫിൽട്ടർ ചെയ്ക് നീക്കം ചെയ്യാം. ഇത് 14 ദിവസത്തെ ഇടവേളയിൽ പച്ചക്കറികളിലും പൂച്ചെടികളിലും ഉപയോഗിക്കാം, 1 ലിറ്റർ വെള്ളത്തിൽ 2-4 മില്ലി എന്നത് ആണ് അളവ്. ഇത് തളിക്കുമ്പോൾ ചെടികളുടെ ചുവട്ടിൽ അല്ലെങ്കിൽ ഇലകളിൽ തളിക്കാവുന്നതാണ്, ഇലകളിൽ തളിക്കുമ്പോൾ വീര്യം കുറയ്ക്കാവുന്നതാണ്, മാത്രമല്ല വൈകുന്നേരങ്ങളിൽ തളിക്കുന്നതാണ് ചെടികളുടെ ആരോഗ്യത്തിന് നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളിക്ക് ഇരട്ടി വിളവ് ലഭിക്കുന്നതിന് ഈ ഉപ്പ് ഉപയോഗിക്കാം
Share your comments