ഔഷധഗുണങ്ങൾ ഏറെയുള്ള ഒന്നാണ് ചെറുതേൻ. ചെറുതേനീച്ച വളർത്തൽ വളരെ ലാഭകരമായി ചെയ്യാവുന്ന ഒന്നുകൂടിയാണ് ഇന്നത്തെ കാലത്ത്. ഭിത്തികളിലും മരപ്പൊത്തുകളിലും കാണപ്പെടുന്ന ചെറുതേനീച്ചകൾക്ക് മികച്ച പരിചരണം നൽകിയാൽ നല്ല രീതിയിൽ തേൻ ലഭ്യമാകും. ഇതിൽ ഏറ്റവും അടിസ്ഥാനപരമായി അറിയേണ്ടത് കൂടുകളുടെ വിഭജനമാണ്. കൂടുകൾ കൃത്യസമയങ്ങളിൽ വിഭജിച്ച് നിലവിലുള്ള കൂടുകളുടെ എണ്ണം വർധിപ്പിച്ച് മികച്ച രീതിയിൽ ലാഭം നേടാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ : തേനീച്ച കൃഷി വിജയിക്കാൻ തേനീച്ച കൂടിൽ ചെയ്യേണ്ട ഒരേയൊരു കാര്യം
കോളനി വിഭജനം -അറിയേണ്ട കാര്യങ്ങൾ
നവംബർ മാസം ആണ് ചെറുതേനീച്ച കൂടുകളുടെ വിഭജനം നടത്തേണ്ടത്. ഒരുപാട് തേനീച്ചകളും മുട്ടകളും ഉള്ള കോളനികൾ വേണം വിഭജിക്കുവാൻ തെരഞ്ഞെടുക്കാൻ. വിഭജനത്തിന് മുൻപ് പുതിയ കൂട് പ്രത്യേകമായി തയ്യാറാക്കണം. അതിനുശേഷം മെഴുക് ഉപയോഗിച്ച് ഇതിലെ വിടവുകൾ അടയ്ക്കുകയും ചെയ്യുക. തടിപ്പെട്ടി ഉപയോഗപ്പെടുത്തിയാണ് ഒട്ടു മിക്ക കർഷകരും കൂടുകൾ തയ്യാറാക്കുന്നത്. പുതിയ കൂട്ടിലേക്ക് രണ്ടോ മൂന്നോ തേൻ കട്ടയും പൂമ്പൊടിയും പകുതി മുട്ടയും മാറ്റിവയ്ക്കുക. മുട്ടകൾ മാറ്റിവെക്കുമ്പോൾ എല്ലാ പ്രായത്തിലുമുള്ള മുട്ടകളും ഉണ്ടാവണം.
ബന്ധപ്പെട്ട വാർത്തകൾ : തേനീച്ചയെ അറിഞ്ഞു കൃഷിചെയ്യാം
വിരിയാറായ മുട്ടയ്ക്ക് നല്ല വെളുപ്പും പുതിയ മുട്ടയ്ക്ക് തവിട്ടുനിറവുമാണ് ഉള്ളത്. ഇവ പുതിയ കൂട്ടിലേക്ക് മാറ്റി വിടവുകൾ പൂർണമായും മെഴുക് ഉപയോഗിച്ച് അടയ്ക്കുക. പുതിയ കൂട് പണിയുമ്പോൾ പഴയ കൂടിന്റെ സ്ഥാനത്ത് പ്രവേശനദ്വാരം അതേ ദിശയിൽ വരണം. ഇത് ഏറെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. ഇങ്ങനെ ചെയ്താൽ മാത്രമാണ് കൂടിന്റെ വെളിയിലുള്ള മുഴുവൻ തേനീച്ചകളും പുതിയ കൂട്ടിൽ വരുകയുള്ളൂ. കൂട് വിഭജനം വൈകുന്നേര സമയങ്ങളിൽ മാത്രമേ നടത്താവൂ. പുതിയ കൂട്ടിലേക്ക് തേൻ കട്ടകൾ മാറ്റുമ്പോൾ ഇവ ഒരു കാരണവശാലും പൊട്ടിയൊലിക്കാതിരിക്കാൻ ശ്രദ്ധിക്കണം. റാണി ഈച്ചയെ പഴയ കൂട്ടിൽ തന്നെ ഇടുന്നതാണ് നല്ലത്. പക്ഷേ പുതിയ കൂട്ടിൽ റാണി ഇടുന്ന മുട്ട ഉണ്ടാവുന്നത് തേനീച്ചകൾ അധികമായി കൂട്ടിൽ വരുവാൻ കാരണമാകുന്നു കൂടാതെ ഈ മുട്ട വിരിഞ്ഞ് പുതിയ റാണി കൂട്ടിൽ ഉണ്ടാവുകയും ചെയ്യുന്നു. ഈ റാണിയാണ് കൂടിന്റെ നിയന്ത്രണം ഭാവിയിൽ ഏറ്റെടുക്കുന്നത്. പഴയ കൂട്ടിൽ ഉള്ള റാണിയും അതിൻറെ മുട്ടകളും തിരിച്ചറിയാനുള്ള ഒരു ഉപായം ഉണ്ട്. ഉദരം വീർത്തതും അല്പം വലുപ്പം കൂടുതലുമായിരിക്കും റാണിക്ക്. ഇവ പുതിയതായി ഇട്ട മുട്ടകൾക്ക് മുകളിലൂടെ ചുറ്റി പറക്കുന്നുണ്ടാകും. പുതിയ കൂട് ഒരുക്കുമ്പോൾ പഴയ കൂടിന്റെ മാതൃ കോളനിയുടെ പാതി അടർത്തിയെടുത്ത് പുതിയ കൂടിന്റെ പ്രവേശന ദ്വാരത്തിൽ മെഴുകുപയോഗിച്ച് ഘടിപ്പിക്കണം.
അല്ലെങ്കിൽ മെഴുക് വളയം ഉണ്ടാക്കണം. ഇത്തരത്തിൽ ഒരു സംവിധാനം ഉണ്ടാക്കിയാൽ മാത്രമേ പുറത്ത് പറന്നു നടക്കുന്ന വേലക്കാരി ഈച്ചകൾക്ക് പുതിയ കൂട് എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കൂ. കൂടാതെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂട് തൂക്കിയിടുന്ന കമ്പിയിൽ വേപ്പെണ്ണ പുരട്ടണം എന്നതാണ്. ചില സമയങ്ങളിൽ ഉറുമ്പിന്റെ ശല്യം രൂക്ഷം ആവാറുണ്ട്. തൂണുകളിൽ കൂട് സ്ഥാപിക്കുന്ന കർഷകർ ചുവട്ടിൽ ഉറുമ്പ് കയറാതെ വെള്ളം നിർത്തിയാൽ മതി.
ബന്ധപ്പെട്ട വാർത്തകൾ : തേനീച്ച കൃഷി ആരംഭിക്കാം..
കൃഷി പൊടിക്കൈകൾ എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Farm care tips'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments