പാവപ്പെട്ടവൻറെ സസ്യം എന്ന് വിളിക്കുന്ന പയർ നമ്മളെല്ലാവരും അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യുന്നവരാണ്. മിശ്ര വിളയായും ആവരണ വിളയായും കൃഷി ചെയ്തുവരുന്ന ഇവയ്ക്ക് പലവിധ രോഗങ്ങൾ ഉണ്ടാകുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട രോഗങ്ങളും അതിൻറെ നിയന്ത്രണ വിധികളും ആണ് താഴെ നൽകുന്നത്.
ഇലപ്പൊട്ടു രോഗം
ഇലകളിൽ വൃത്താകൃതിയിൽ കാണുന്ന പുള്ളികൾ ആണ് ഈ രോഗത്തിൻറെ പ്രധാന ലക്ഷണം. ഇങ്ങനെ പയറുചെടിയിൽ പ്രത്യക്ഷപ്പെട്ടാൽ ബാവിസ്റ്റിൻ എന്ന കുമിൾനാശിനി ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിച്ചാൽ മതി.
കടചീയൽ
ചെടിയുടെ മണ്ണിനു തൊട്ടുമുകളിലുള്ള ഭാഗം തൊട്ട് താഴേക്ക് വെള്ളനിറത്തിൽ പഞ്ഞി പോലെ കുമിൽ തന്തുക്കൾ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിൻറെ പ്രഥമലക്ഷണം. ഇലകളിലും ഇത്തരം കറുത്തപാടുകളും തവിട്ടുനിറത്തിലുള്ള വലയങ്ങളും പ്രത്യക്ഷപ്പെടുന്നു. ഇത് നിയന്ത്രിക്കുവാൻ വേണ്ടി പയർ വിത്ത് നടുന്നതിനു മുൻപ് തടത്തിൽ വേപ്പിൻപിണ്ണാക്ക് ഇടണം. കൂടാതെ ഒരു കിലോഗ്രാം വിത്തിന് ഒരു ഗ്രാം ബാവിസ്റ്റിൻ എന്നതോതിൽ പുരട്ടി ഒരു ദിവസം വച്ചശേഷം നടുക. ഒറ്റപ്പെട്ട ഇടങ്ങളിലാണ് രോഗലക്ഷണം കാണുന്നതെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി കൊടുക്കുക.
മൊസൈക്
ഇലകളിൽ പച്ചയും മഞ്ഞയും നിറഞ്ഞ നിറങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നതാണ് ഇതിൻറെ ലക്ഷണം. തുടർന്ന് ഇലകളെല്ലാം മുരടിക്കുകയും പുതുനാമ്പുകൾ മുരടിച്ചു കായ്കൾ ശുഷ്കിച്ചു പോകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇതിൻറെ രോഗ കാരണക്കാരായ മുഞ്ഞകളുടെ നിയന്ത്രണത്തിന് വേപ്പെണ്ണ തൈലം ഉപയോഗിക്കുക. അതായത് 60 ഗ്രാം ബാർസോപ്പ് അരലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഒരുലിറ്റർ വെപ്പെണ്ണയുമായി കലർത്തി അതിൽ 20 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളിൽ തെളിച്ചു കൊടുക്കണം.
പൂപ്പൽബാധ
ഇലകളുടെ മുകൾഭാഗത്ത് വെള്ളനിറം വരുന്നതാണ് പൂപ്പൽബാധ. ഇങ്ങനെ വന്നാൽ ഇലകൾ സാവധാനം ഉണങ്ങി നശിക്കും. ചെടി പൂർണ്ണമായും നശിക്കുവാൻ കാരണമായ പൂപ്പൽബാധ ഒഴിവാക്കുവാൻ സൾഫെക്സ് 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കുക.
ഫ്യൂസേറിയം വാട്ടം
ഏറ്റവും പെട്ടെന്ന് ചെടികളെ കാർന്നുതിന്നുന്ന രോഗമാണ് ഇത്. ചെടികളുടെ കട ഭാഗത്ത് പഞ്ഞിപോലെ കുമിൽ തന്തുക്കൾ പ്രത്യക്ഷപ്പെടുകയും ഈ ഭാഗം പൂർണമായി നശിക്കുകയും ചെയ്യുന്നു. ഇതിൻറെ തണ്ടു പിളർന്നു നോക്കിയാൽ തവിട്ടു നിറത്തിലോ ചുവന്ന നിറത്തിലോ വരകൾ കാണാം.
Beans, also known as the poor man's herb, we all grow in the kitchen garden. Cultivated as a mixed crop and cover crop, they are susceptible to various diseases.
ഇത് നിയന്ത്രിക്കുവാൻ വിത്ത് ഇടുന്നതിന് 10 ദിവസം മുൻപ് തടത്തിൽ കോപ്പർ ഓക്സിക്ലോറൈഡ് 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി ഒഴിച്ച് നല്ലതുപോലെ നടക്കണം ഇതേ കൂടാതെ ചെടികൾക്ക് രണ്ടാഴ്ച പ്രായമാകുമ്പോൾ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതും, ഇലകളിലും തണ്ടിലും പതിക്കതക്കവിധത്തിൽ തളിച്ചു കൊടുക്കുന്നതും ഉത്തമമാണ്. ഇതു കൂടാതെ വിത്ത് ഇടുന്നതിനു മുൻപ് കുമ്മായം വിതറുവാനും, തടത്തിൽ ഇലകൾ കൂട്ടി കത്തിക്കാനും മറക്കരുത്.
Share your comments