മറ്റു പൂക്കള്‍ക്കൊന്നും ഇല്ലാത്ത ഔഷധ സിദ്ധിയാണ് ചെമ്പരത്തിപ്പൂവിനുള്ളത്. നൈട്രജന്‍, ഫോസ്ഫറസ്, ജീവകം ബി, സി എന്നിവയാല്‍ ഈ പൂക്കള്‍ സമ്പന്നമാണ്. പല വിദേശ രാജ്യങ്ങളിലും ഇത് ഒരു ഗൃഹൌഷധിയാണ്. ദേഹത്തുണ്ടാവുന്ന നീര്, ചുവന്നു തടിപ്പ് എന്നിവയകറ്റാന്‍ പൂവ് അതേപടി ഉപയോഗിക്കുന്നു. ശ്വാസകോശ സംബന്ധമായ അസ്വസഥകള്‍ക്ക് പൂവില്‍ നിന്നും തയ്യാറക്കുന്ന കഷായം അത്യുത്തമമാണ്.
മിക്കവാറും എല്ലാ വീടുകളിലും വളർത്തുന്ന ഒരു ചെടിയാണ് ചെമ്പരത്തിച്ചെടി. പക്ഷെ പ്രത്യേക പരിചരണം നല്‍കുന്നവര്‍ വളരെ കുറവായിരിക്കും. ഈ ചെടിയെയും ദോഷകരമായി ബാധിക്കുന്ന പല അസുഖങ്ങളുമുണ്ട്. ഇലകളിലോ മുകുളങ്ങളിലോ ഉണ്ടാകുന്ന കറുപ്പോ ബ്രൗണ്‍നിറമുള്ളതോ ആയ പുള്ളിക്കുത്തുകള്‍ പലപ്പോഴും ചെമ്പരത്തിച്ചെടിയില്‍ കാണാറുണ്ട്.
പ്രധാനമായും രണ്ട് പ്രശ്‌നങ്ങള്‍ കാരണമാണ് ഈ പുള്ളിക്കുത്തുകള്‍ പ്രത്യക്ഷപ്പെടുന്നത്. ബാക്ടീരിയ, ഫംഗസ് എന്നിവയുടെ അമിതമായ വളര്‍ച്ചയോ ഏതെങ്കിലും കീടാക്രമണമോ ആയിരിക്കാം കാരണങ്ങള്‍. ദീര്‍ഘകാലം ചെടിയില്‍ ഈര്‍പ്പം തങ്ങിനിന്നാലാണ് ബാക്റ്റീരിയകളും ഫംഗസും കാരണമുള്ള പുള്ളിക്കുത്തുകള്‍ പ്രത്യക്ഷപ്പെടുന്നത്. മുഞ്ഞ ആക്രമിച്ച ചെടിയാണെങ്കില്‍ ഒട്ടിപ്പിടിക്കുന്ന ഒരുതരം പദാര്‍ഥം വിസര്‍ജിക്കും. ഹണി ഡ്യൂ എന്നറിയപ്പെടുന്ന ഈ പദാര്‍ഥമാണ് കരിപോലെയുള്ള നിറം ഇലകളിലുണ്ടാക്കുന്നത്.
ഈ കറുപ്പ് കുത്തുകള്‍ സാധാരണയായി ചെടിയെ വല്ലാതെ ഹാനികരമായി ബാധിക്കാറില്ല. ചില ഇലകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഈ കുത്തുകള്‍ ചെമ്പരത്തിയുടെ മുഴുവന്‍ ഭാഗങ്ങളെയും ബാധിക്കാറില്ല. കൂടുതലാകുമ്പോള്‍ ഇലകളില്‍ സൂര്യപ്രകാശം പതിക്കുന്നത് തടസപ്പെടുകയും പ്രകാശസംശ്‌ളേഷണം നടക്കാതെ വരികയും ചെയ്യും. ബാക്റ്റീരിയ കാരണമുള്ള പുള്ളിക്കുത്തുകളാണെങ്കില്‍ ചികിത്സ എല്ലായ്‌പ്പോഴും ആവശ്യമില്ല. ചൂട് കൂടുമ്പോള്‍ ബാക്റ്റീരിയയും ഫംഗസുമെല്ലാം സ്വാഭാവികമായി നശിച്ചുപോകും. ദീര്‍ഘകാലം ഈര്‍പ്പമുള്ള കാലാവസ്ഥയാണ് തുടരുന്നതെങ്കില്‍ അസുഖം ബാധിച്ച ഇലകള്‍ നശിപ്പിച്ചുകളയാം. അല്ലെങ്കില്‍ വേപ്പെണ്ണ പ്രയോഗിക്കാം.
Share your comments