Farm Tips

തെങ്ങ് തടമെടുത്തു തടത്തില്‍ പൊന്തിവന്നിരിക്കുന്ന വേരുകള്‍ മുറിച്ചു മാറ്റണോ ?

coconut root

തെങ്ങ് തടമെടുത്തു തടത്തില്‍ പൊന്തിവന്നിരിക്കുന്ന വേരുകള്‍ മുറിച്ചു മാറ്റണം എന്നാലെ തെങ്ങ് വളം വലിച്ചെടുക്കു എന്ന് പണ്ടൊക്കെ കാരണവന്മാർ പറയാറുണ്ടല്ലോ അത് ശരിയാണോ എന്നൊരു ചോദ്യം സുഹൃത്ത് ശ്രീമാൻ ഗഫൂര്‍ ചോദിച്ചിരുന്നു.

വേരുകൾ എന്തിനാണ് എന്ന് ചോദിച്ചാൽ അതാണ് ഒരു സസ്യത്തെ മണ്ണിൽ പിടിച്ചു നിൽക്കാനും വെള്ളവും വളവും വലിച്ചെടുക്കാനുമാണ് വേരുകൾ. മാത്രവുമല്ല ശ്വസിക്കാനും ഈ വേരുകൾ സഹായിക്കുന്നുണ്ട്.

തെങ്ങിൽ വേരുകൾ പഴകുകയും പുതിയ വേരുകൾ നിരന്തരമായി വളരുകയും ചെയ്യുന്നുണ്ട്. പഴക്കം ചെന്ന തെങ്ങിന് എപ്പോഴും ഏകദേശം 3000 മുതൽ 3500 വേരുകൾ ഏതുസമയത്തും ഉണ്ടായിരിക്കും. അത് പഴകുകയും ചത്തു ദ്രവിക്കുകയും പുതിയവ പൊടിച്ചു വന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. ഓരോ പുതിയ വേരിലും അതിന്റെ ലാറ്ററൽ വേരുകളും വളർന്നു കൊണ്ടിരിക്കും. ചില പ്രദേശങ്ങളിൽ പൊല്ല വേരുകൾ എന്ന് പറയുന്നു. തടത്തിൽ വളക്കൂറുള്ള മേൽഭാഗത്ത് മണ്ണിൽ ഇവ കൂടുതലായി വളർന്നു വരുന്നതായി കാണാം.

ഈ വേരുകൾ ചെത്തി മാറ്റുന്നതുകൊണ്ടു തെങ്ങു നശിക്കില്ല, പക്ഷെ എന്തിനാണ് അത് ഷേവ് ചെയ്തു കളയുന്നത്? അത്രയും അളവിൽ ഈർപ്പവും വളവും മറ്റും വലിച്ചെടുക്കാനുള്ള തെങ്ങിന്റെ സാദ്ധ്യതയെ എന്തിനാണ് ഇല്ലാതാക്കുന്നത്?

തെങ്ങിൻ തൈ നടുമ്പോൾ പാലിക്കേണ്ട രീതികൾ, എത്ര ആഴത്തിൽ കുഴി കുഴിച്ചു വെക്കണം എന്നത് മനസ്സിലാക്കാതെ നേടുകയും തൊടിയുടെ ലാൻഡ്സ്കേപ് കൃത്യമായി മനസിലാക്കാതെ, ചാലുകൾ കീറി ജലസേചനം നടത്താനുള്ള സ്ലോപ്പുകൾ മനസ്സിലാക്കാതെ നട്ടതിനാലും വളം, തൂപ്പുകൾ, ജലസേചനം നടത്തുമ്പോൾ ജലം കെട്ടി നിർത്താനുള്ള ആഴവും മനസ്സിലാക്കി നടുന്ന സമയത്തുതന്നെ അതിനു വേണ്ടുന്ന ആഴത്തിൽ കുഴിച്ചിട്ടില്ലെങ്കിൽ വേരുകൾ ഭൂമിയുടെ പ്രതലത്തിനൊപ്പം വളരുകയും പിന്നീട് ഈ വളപ്രയോഗവും ജലസേചനവും നടത്താൻ പറ്റാതാകുമ്പോൾ പിന്നെ പ്രതലത്തിലേക്ക് വളർന്നു വന്ന ഈ പൊല്ല വേരുകൾ വെട്ടിക്കളയാതെ നിവൃത്തിയില്ലാതാകും. അങ്ങിനെ സംഭവിച്ചാൽ പിന്നെ വളപ്രയോഗം നടത്താനും ജലസേചനം നടത്താനും വേണ്ടിയുള്ള ഒരടി ആഴത്തിൽ തടമെടുക്കാൻ തുടങ്ങുമ്പോൾ ഈ വേരുകൾ ചെത്തിക്കളഞ്ഞു തടം എടുക്കേണ്ടി വരുന്നു.

അതുകൊണ്ട് ഈ വേരുകൾ ഷേവ് ചെയ്തു തെങ്ങിന്റെ വളം വലിച്ചെടുക്കാനുള്ള സാദ്ധ്യതയുടെ അളവിനെ ഇല്ലാതാക്കിക്കൊണ്ടുള്ള ഈ പ്രവർത്തി ഒഴിവാക്കാൻ വേണ്ടി നടുന്ന സമയത്തുതന്നെ വളർന്നു കഴിഞ്ഞാൽ ഒരടി തടം വളപ്രയോഗത്തിനായി കരുത്തണമെന്ന മനസ്സിലാക്കൽ നടത്തി ആഴം കണക്കുകൂടി നടുന്നതാണ് നല്ലത്.

തടം നല്ല രീതിയിൽ സൂക്ഷിക്കാൻ കഴിയുമെങ്കിൽ എല്ലാ വർഷവും ഈ തടമെടുക്കൽ ആവശ്യമില്ല. തീരദേശങ്ങളിൽ മണ്ണ് വന്നു തടം നിറയുന്നതുകൊണ്ടു എല്ലാ വർഷവും തടം എടുക്കേണ്ടി വരുന്നുണ്ട്. തടത്തിന്റെ വക്കുകൾ ചവിട്ടി കൂട്ടുന്നതുകൊണ്ടു വക്കുകൾ ഇടിഞ്ഞും തടം കേടാകുന്നുണ്ട്. തടം കൃത്യമായി സംരക്ഷിക്കാനായാൽ പിന്നെ എല്ലാവർഷവും ഈ തടമെടുക്കൽ എന്ന പണിയും വേര് വെട്ടിക്കളയുന്ന പരിപാടിയും നിർത്തലാക്കാം.

വളർച്ചയെത്തുന്ന തെങ്ങിന്റെ തടം ഭംഗിയായി ഒരടി ആഴം ലഭിക്കത്തക്കവിധം നിലനിർത്താൻ സാധിച്ചാൽ, തുടക്കം മുതൽ ശ്രദ്ധിച്ചാൽ, അതിൽ ഓർഗാനിക് മാറ്റർ നിറക്കുന്നതിനും - ചകിരി, ചകിരിച്ചോറ്, വൈക്കോൽ, പച്ചിലകൾ, ഉണക്ക ഇലകൾ, മറ്റു അവശിഷ്ട്ടങ്ങൾ, ചാണകം എന്നിവയെല്ലാം അര അടി ഉയരത്തിൽ നിർത്താനും സൗകര്യം ഉണ്ടായിരിക്കും ഒപ്പം തന്നെ ആവശ്യാനുസരണം വെള്ളം നിർത്താനുള്ള തട സൗകര്യവും ഉണ്ടായിരിക്കും. ഈ വളങ്ങൾ എല്ലാം ജീർണ്ണിക്കുംതോറും തുടർന്നുള്ള വർഷങ്ങളിൽ വീണ്ടും ഇതേ അവശിഷ്ട്ടങ്ങൾ പ്രയോഗിക്കാനും സാധിക്കും. അതോടെ ഈർപ്പം നഷ്ടപ്പെടാതെ തടം സംരക്ഷിക്കാനും ഓർഗാനിക് മാറ്റർ യഥേഷ്ടം തെങ്ങിന് ലഭിക്കുകയും ചെയ്യുന്നു. കൂടാതെ നല്ല രീതിയിൽ മൾച്ചിങ് നടത്തുന്നതോടെ തടത്തിൽ കളകൾ വളരുകയുമില്ല..

മൾച്ചിങ് ചെയ്തതിനു മേൽ ഓരോ വർഷവും ആവശ്യമുള്ള കുമ്മായവും ചാരവും മറ്റു വളങ്ങളും എല്ലാം പ്രയോഗിക്കാമല്ലോ..

പിന്നെന്തിനു വേരുകൾ ഷേവ് ചെയ്തു കളയണം?? അരുത്.. അരുതരുത്..


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox