കറികളിൽ ഗാർണിഷിങ്ങിന് ഉപയോഗിക്കുന്ന മല്ലിയില രുചിയിലും മണത്തിലും ആരോഗ്യഗുണങ്ങളിലും കേമനാണ്. നമ്മുടെ മിക്ക കറികള്‍ക്കും അത്യാവശ്യമായ ഒന്നാണ് മല്ലിയില.
ഒരുപാട് ആരോഗ്യപ്രശ്നങ്ങൾക്ക് ഇവ ശാശ്വത പരിഹാരവുമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനുള്ള എൻസൈമുകൾ മല്ലിയിലയിൽ അടങ്ങിയിട്ടുണ്ടെന്ന് പറയുന്നു. കൂടാതെ, ഉപാപചയ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, വയറുവേദന, മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും മല്ലിയില മികച്ചതാണ്.
ടെർപിനീൻ, ക്വെർസെറ്റിൻ, ടോക്കോഫെറോൾ എന്നീ ആന്റി ഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇവയുടെ സാന്നിധ്യം കോശങ്ങൾ നശിക്കാതിരിക്കാനും ശരീരത്തിന് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും സഹായിക്കും.
ഹൃദയാരോഗ്യത്തിന് യോജിച്ചതാണ് മല്ലിയില എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇതിന് രക്തസമ്മർദം കുറയ്ക്കുന്നതിനും അതിലൂടെ ശരീരത്തിലെ അധിക സോഡിയം പുറന്തള്ളുന്നതിനുമുള്ള കഴിവുള്ളതിനാൽ ഹൃദയത്തിന് നല്ലതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പശുവിനൊപ്പം സങ്കര നേപ്പിയർ പുല്ല് വളർത്തൂ, തീറ്റച്ചെലവും ലാഭിക്കാം, മേൻമയേറിയ പാലും കുടിക്കാം
കടകളിൽ നിന്ന് മല്ലിയില വാങ്ങുന്നതാണ് നമ്മുടെ പതിവെങ്കിലും അവ വിഷമുക്തമാണെന്ന് ഉറപ്പ് പറയാൻ കഴിയില്ല. കാരണം, കേരളത്തിൽ മല്ലിയിലയ്ക്ക് കാര്യമായ കൃഷിയില്ല. മാത്രമല്ല, മല്ലിയില ഏറെ നാൾ കേടാകാതെ സൂക്ഷിക്കാനും കഴിയില്ല. അതിനാൽ നമുക്ക് ആവശ്യമായ മല്ലിയില നമ്മുടെ വീടുകളിൽ തന്നെ വളർത്തിയെടുക്കാം. എന്നിരുന്നാലും, ഇതു വളർത്താന്‍ ബുദ്ധിമുട്ടാണെന്നാണ് പലരും ചിന്തിക്കുന്നത്.
എന്നാൽ മല്ലിയുടെ യഥാർഥ സ്വാദും മണവും ലഭിക്കാൻ അവ അന്നന്ന് പറിച്ചെടുത്ത് ഉപയോഗിക്കുന്നതാണ് നല്ലത്. മല്ലിയില അടുക്കളത്തോട്ടത്തിൽ മാത്രമല്ല, ചട്ടിയിലും മറ്റും നട്ടുവളർത്തുകയാണെങ്കിൽ വീട്ടിലെ ബാൽക്കണിയിലായാലും നന്നായി വളരും.
ബാൽക്കണി മതി മല്ലിയിലയ്ക്ക്…
വീട്ടിലെ ആവശ്യത്തിനായി വിഷരഹിത മല്ലിയില വേണമെന്നുള്ളവർക്ക് പ്ലാസ്റ്റിക് ബോട്ടിലിലോ ചെടിച്ചട്ടിയിലോ കവറിലോ മല്ലി നട്ടുവളർത്താവുന്നതാണ്.
മല്ലിയില കൃഷി രീതി
വിപണിയിൽ ഏകദേശം 20 രൂപ നിരക്കിൽ കൃഷി ചെയ്യാനുള്ള മല്ലി ലഭ്യമാണ്. ഈ മല്ലി മിനിമം ഒരു മണിക്കൂർ വെള്ളത്തിലിട്ട് വയ്ക്കുക. ഇല്ലെങ്കിൽ രാത്രി വെള്ളത്തിലിട്ട് പിറ്റേന്ന് എടുക്കാം. ഒരു മല്ലിയ്ക്ക് അകത്ത് രണ്ട് വിത്തുകളുണ്ട്. നന്നായി ഇളകി മറിച്ച മണ്ണിൽ മല്ലി ഇട്ട് കൊടുക്കുക. ശേഷം കുറച്ച് മണ്ണ് മുകളിലേക്ക് വിതറുക.
സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശത്ത് മാറ്റിവയ്ക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ചുകൊടുക്കുക. 5-7 ദിവസത്തിന് ശേഷം മല്ലി മുളച്ചുവരും. ആദ്യ 20 ദിവസം വരെ വളരെ സാവധാനമായിരിക്കും വളർച്ച. ദിവസത്തിൽ ഒരു തവണയാണ് നനക്കേണ്ടത്.
എന്നാൽ വെള്ളം കെട്ടിനിൽക്കുന്ന രീതിയിൽ വെള്ളം ഒഴിയ്ക്കരുത്. മല്ലിയുടെ വളർച്ച ത്വരിതപ്പെടുത്താനും കുറച്ച് വിദ്യകളുണ്ട്. ഇതിന് വിത്തുകൾ വെറും വെള്ളത്തിലിട്ട് വയ്ക്കുന്നതിന് പകരം തേയിലവെള്ളത്തിലിട്ട് 24 മണിക്കൂർ സൂക്ഷിക്കുക. ശേഷം, മണ്ണും ചാണകപ്പൊടിയും മിശ്രിതമാക്കി ചട്ടിയിൽ നിറയ്ക്കുക. ഇതിലേക്ക് ചകിരിച്ചോറ് ഇടുക. തുടർന്ന് വിത്തുകൾ പാകുക. ഇതിന് മുകളിലേക്ക് കുറച്ച് ചകിരിച്ചോറ് ഇടുക. ശേഷം നനയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് മല്ലി വേഗത്തിൽ വളരുന്നതിന് സഹായിക്കും.
Share your comments