ഇഞ്ചിയിൽ ചീയൽ രോഗം
ഇഞ്ചിയുടെ തണ്ടിൽ മണ്ണിനോട് ചേർന്ന ഭാഗത്ത് വെള്ളത്തിൽ കുതിർന്നതു പോലെയുള്ള ലക്ഷണം കാണാം. ആ ഭാഗം പിന്നീട് ചീഞ്ഞ് പോവുകയും ഇതിൻറെ ഫലമായി ഇഞ്ചിയുടെ ചിനപ്പുകൾ ചീഞ്ഞു പോകുകയും ചെയ്യുന്നു. രോഗബാധ കൂടുതലായും കണ്ടുവരുന്ന സ്ഥലങ്ങളിൽ കോപ്പർ ഓക്സി ക്ലോറൈഡ് രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ കോപ്പർ ഹൈഡ്രോക്സൈഡ് 50 ഡപ് (1.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) അല്ലെങ്കിൽ ബോർഡോമിശ്രിതം(ഒരു ശതമാനം വീര്യം) മെയ്-ജൂൺ മാസങ്ങളിലും ഓഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിലും തളിക്കണം. മഴക്കാലം നീണ്ടുനിന്നാൽ ഒക്ടോബർ-നവംബർ മാസങ്ങളിൽ ഒരുതവണകൂടി തളിക്കണം.
കുരുമുളക് ദ്രുതവാട്ടം
രോഗ വിമുക്തമായ നടീൽവസ്തുക്കൾ തിരഞ്ഞെടുക്കുവാൻ ആദ്യം ശ്രദ്ധിക്കണം. രോഗം വന്നാൽ ആ ഭാഗങ്ങൾ നശിപ്പിക്കുക. മണ്ണിന്റെ നീർവാർച്ച ഉറപ്പുവരുത്തണം. വേരുകൾക്ക് ക്ഷതം ഉണ്ടാകാതിരിക്കുക. പച്ചില വളങ്ങൾ, പിണ്ണാക്കുകൾ കൂടുതലായും ഉപയോഗിക്കുക. കുമ്മായം 500 ഗ്രാം ഒരു കൊടിക്ക് കൊടുക്കുക. വേപ്പിൻ പിണ്ണാക്ക്-ജൈവവള കൂട്ടിൽ വർധിപ്പിച്ച് ട്രൈക്കോഡർമ ഒരു കിലോഗ്രാം ഒരു കൊടിക്ക് കൊടുക്കുന്നതും ഉത്തമമാണ്.
പൊട്ടാഷ് വളങ്ങൾ കൂടുതലായും ഉപയോഗിക്കുക. കൂടാതെ ഗ്രാഫ്റ്റ് തൈകൾ ഉപയോഗിക്കണം. സുഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ രോഗത്തിനു മുൻപ് ഇലകളിൽ തളിച്ച് കൊടുക്കുന്നതും ചുവട്ടിൽ ഒഴിക്കുന്നതും ഉത്തമമാണ്. രോഗം കണ്ടു വരുമ്പോൾ രോഗം ബാധിച്ച ഭാഗങ്ങൾ മാറ്റി താഴെ കാണുന്ന ഏതെങ്കിലും കുമിൾനാശിനികൾ ഇലകളിലും തണ്ടുകളിലും തളിച്ചു കൊടുക്കാൻ ശ്രദ്ധിക്കുക.
1. ഒരു ശതമാനം ബോർഡോ മിശ്രിതം,
2. കോപ്പർ ഓക്സിക്ലോറൈഡ് 2-3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ
3. പൊട്ടാസ്യം ഫോസ്ഫേറ്റ്-3 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ തുടങ്ങിയവ.
കുരുമുളകിൽ കാണപ്പെടുന്ന പൊള്ളു വണ്ട് നിയന്ത്രണമാർഗ്ഗങ്ങൾ
കുരുമുളക് വള്ളികൾ തളിർക്കുമ്പോൾ വണ്ടുകളും മറ്റു പ്രാണികളും വന്ന് ഇളംപ്രായത്തിൽ ഉള്ള ഇലകൾ തിന്നു തീർക്കുന്നു. വണ്ടുകൾ ഇളം തിരികൾ കാർന്നു തിന്നുകയും ചെയ്യുന്നു. ഇത് ഒഴിവാക്കാൻ 0.03% വീര്യമുള്ള വേപ്പധിഷ്ഠിത കീടനാശിനി അഞ്ച് മില്ലി ഒരു ലിറ്റർ എന്ന തോതിൽ മൂന്നാഴ്ച ഇടവിട്ട് തളിക്കുന്നത് നല്ലതാണ്.
Share your comments