പാലക്കാട് ചിറ്റൂരിലൊഴികെ കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള തക്കാളി കൃഷി വളരെ വിരളമാണ്. എന്നാൽ, കൃഷി ചെയ്താൽ മികച്ച ആദായം തരുന്ന വിളയാണ് തക്കാളിയെന്ന് തന്നെ പറയാം. ഉരുളക്കിഴങ്ങ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന പച്ചക്കറി വിളയും തക്കാളി തന്നെ.
തക്കാളി വിളവെടുത്ത് ദീർഘനാൾ സൂക്ഷിച്ചുവക്കാൻ കഴിയില്ലെന്ന പരിമിതികളായിരിക്കാം തക്കാളി കൃഷിയിൽ നിന്ന് കർഷകർ അകന്നു നിൽക്കാൻ ഒരു കാരണം. എന്നിരുന്നാലും, അടുക്കളത്തോട്ടത്തിലും വീട്ടുവളപ്പിലെയും ടെറസിലെയും കൃഷിയിൽ തക്കാളി ഒരു പ്രധാന വിളയാണ്.
ബന്ധപ്പെട്ട വാർത്തകൾ: വിനാഗിരി പ്രയോഗിച്ചാൽ കൂടുതൽ തക്കാളി വിളയും!
വീട്ടിലേക്ക് വിഷമയമില്ലാത്ത പച്ചക്കറികൾ വേണമെന്ന് ആഗ്രഹിക്കുന്നവർ രണ്ടു മൂന്ന് തക്കാളിച്ചെടിയെങ്കിലും നട്ട് പരിപാലിക്കുന്നവരാണ്. തക്കാളി കൃഷി ചെയ്യുന്നവരിൽ ഭൂരിഭാഗത്തെയും അലട്ടുന്ന പ്രശ്നമാണ് തക്കാളിയുടെ പൂക്കള്‍ കൊഴിയുന്നത്. ചെടി നന്നായി പൂവിട്ടാലും അവ കായ്ക്കാതെ നഷ്ടമാകുന്നത് കർഷകർക്ക് നിരാശയാണ് ഉണ്ടാക്കുക.
ഇത്തരത്തിൽ തക്കാളി കൃഷിയിൽ ഉണ്ടാകുന്ന പ്രധാന പ്രതിസന്ധികൾ തിരിച്ചറിഞ്ഞ് അവയ്ക്ക് ഫലപ്രദമായ മറുമരുന്ന് പ്രയോഗിച്ചാൽ നല്ല വിളവ് ലഭിക്കുമെന്നതിൽ സംശയം വേണ്ട.
തക്കാളിയിലെ ഇനങ്ങൾ
ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ് , മനുലക്ഷ്മി, മനുപ്രഭ, അക്ഷയ എന്നിവ കേരള കാര്‍ഷിക സര്‍വകലാശാലയിൽ നിന്നുള്ള വാട്ട പ്രതിരോധ ശേഷിയുള്ള തക്കാളി ഇനങ്ങളാണ്. കൂടാതെ, മനുപ്രഭ, വെള്ളായണി വിജയ് ശക്തിമുക്തി എന്നിവയും കേരളത്തിലെ മണ്ണിന് ഇണങ്ങിയ ഇനങ്ങളാണ്.
തക്കാളിയുടെ പരിപാലനം
തക്കാളി കൃഷി ചെയ്യുമ്പോൾ അവയ്ക്ക് താങ്ങു കൊടുക്കണമെന്നത് ശ്രദ്ധിക്കുക. ചെടി വളരുന്ന ഘട്ടത്തില്‍ താങ്ങ് നൽകി ചെടിയുമായി ബന്ധിപ്പിക്കണം.
ഗ്രോ ബാഗിലും പോളി ഹൗസിലും ടെറസിലും തക്കാളി കൃഷി ചെയ്യുന്നവരുണ്ട്. ടെറസ് കൃഷി ചെയ്യുന്നവർ നന്നായി വെയിൽ കിട്ടുന്ന സ്ഥലത്ത് തക്കാളി നടുന്നതിനായി ശ്രദ്ധിക്കുക. ഗ്രോബാഗില്‍ വെള്ളം കെട്ടിക്കിടക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇതിലൂടെ തക്കാളിയുടെ പൂക്കള്‍ കൊഴിയുന്നത് ഒരു പരിധി വരെ കുറയ്ക്കാനാകും.
പൂക്കൾ കൊഴിയാതിരിക്കാനുള്ള പ്രയോഗങ്ങൾ
സൂക്ഷ്മമൂലകങ്ങളുടെ അഭാവത്തിനാൽ തക്കാളിയുടെ പൂക്കള്‍ കൊഴിയാനുള്ള സാധ്യത വലുതാണ്. അയണ്‍, ബോറോണ്‍, സിങ്ക്, മഗ്‌നീഷ്യം, കാല്‍സ്യം എന്നിവ അടങ്ങിയതാണ് സൂക്ഷ്മ മൂലകങ്ങള്‍. വിപണികളിൽ ലഭിക്കുന്ന മൈക്രോന്യൂട്രിയന്റ് വാങ്ങി, അവ അഞ്ച് മില്ലി ലിറ്റര്‍ എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിയില്‍ തളിക്കുക. പൂവിടുന്ന സമയത്ത് മാത്രമല്ല, ചെടിയുടെ വളർച്ചാ ഘട്ടത്തിലും ഇങ്ങനെ ചെയ്യുന്നത് പൂക്കൾ കൊഴിയുന്നതിനെ ചെറുക്കുന്നു.
പൂക്കള്‍ കൊഴിയുന്നത് നിയന്ത്രിക്കാനുള്ള മറ്റൊരു മികച്ച ഉപായമാണ് എഗ് അമിനോ ആസിഡ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്ന് മില്ലി ലിറ്റര്‍ എഗ് അമിനോ ആസിഡ് കലര്‍ത്തി ചെടികളില്‍ സ്പ്രേ ചെയ്യുക. ഇത് രണ്ടാഴ്ച കൂടുമ്പോൾ ചെയ്തുകൊടുക്കാവുന്നതാണ്.
ഇതിന് പുറമെ, പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യാനായി തെരഞ്ഞെടുക്കുക. അതോടൊപ്പം, രോഗം ബാധിച്ച ചെടികള്‍ പിഴുതെടുത്ത് നശിപ്പിക്കുന്നതിലും ശ്രദ്ധ വേണം. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് ചിത്ര കീടത്തിന്റെയും മറ്റും ആക്രമണത്തെ പ്രതിരോധിക്കാം.
Share your comments