Farm Tips

കായ്ച്ച മാങ്ങകൾ കൊഴിയില്ല; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ…

ഏത് കാലാവസ്ഥയിലും നന്നായി വളരുന്ന വിളയാണ് മാവ്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1500 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളിലാണ് ഇവ കൂടുതലായും വളരുന്നത്. കേരളത്തില്‍ മാവ് നടാനുള്ള മികച്ച സമയം മണ്‍സൂണ്‍ കാലമാണ്. കാലവർഷം ആരംഭിക്കുമ്പോൾ ഒട്ടുമാവ് തൈകള്‍ നട്ട് തുടങ്ങുന്നത് നല്ലതാണ്. കടുത്ത വര്‍ഷപാതത്തില്‍ മാവ് തൈകൾ നടുന്നത് ആഗസ്റ്റ്- സെപ്തംബര്‍ മാസത്തിലേക്ക് മാറ്റണം.

മാവിന് ഗ്രാഫ്റ്റിങ്

ഓഗസ്റ്റ് മാസമാണ് മാവിന് ഗ്രാഫ്റ്റിങ് നടത്തുന്നതിനും അനുയോജ്യമായ സമയം. അതായത് ഒട്ടുതൈകൾ ഉപയോഗിച്ചുള്ള ഈ കായികപ്രവർത്തന രീതിയെ ഒട്ടിക്കൽ എന്നും പറയുന്നു. ഗ്രാഫ്റ്റിങ്ങിൽ മണ്ണിൽ നിൽക്കുന്ന ചെടിയുടെ ഭാഗത്തെ സ്റ്റോക്ക് എന്നാണ് പറയുന്നത്. ഒട്ടിക്കുന്ന കമ്പിനെ സയൺ എന്നും വിളിക്കുന്നു.

തൈകളിലാണ് മാവ് ഗ്രാഫ്റ്റ് ചെയ്യുന്നതെങ്കിൽ 2 വർഷം പ്രായമായ മാവിൻതൈകൾ സ്റ്റോക്ക് ആയി ഉപയോഗിക്കണം. അതേസമയം, വലിയ മാവിന്റെ കൊമ്പിലാണ് ഗ്രാഫ്റ്റ് ചെയ്യുന്നതെങ്കിൽ നിലത്തുനിന്ന് 6 അടി ഉയരത്തിലുള്ള ശാഖയാണ് തെരഞ്ഞെടുക്കേണ്ടത്. 4 മാസം പ്രായമുള്ള തളിർശാഖകൾ സയൺ ആയും ഉപയോഗിക്കണം. സയൺ ആയ ശിഖരങ്ങൾ മുറിച്ചെടുക്കുന്ന ദിവസം തന്നെ ഗ്രാഫ്റ്റിങ് നടത്തുന്നതിനും ശ്രദ്ധിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: കുരുമുളക് കൃഷി ചെയ്യാനൊരുങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്

ഗ്രാഫ്റ്റ് ചെയ്യുന്ന സമയത്ത് കുമിള്‍ രോഗം തടയുന്നതിനായി ഒരു ശതമാനം ബോര്‍ഡോ മിശ്രിതമോ തളിക്കാവുന്നതാണ്. മികച്ച ഇനങ്ങളുടെ വിത്തുകള്‍ ഉണക്കി ചാരത്തില്‍ പൊതിഞ്ഞു പാകിയും പുതിയ തൈകള്‍ ഉണ്ടാക്കാം. സാധാരണയായി വൈകുന്നേരങ്ങളിൽ തൈകള്‍ നടാനും ശ്രദ്ധിക്കുക.

ഈ തൈകൾ നടുന്ന കുഴിയിൽ കമ്പോസ്‌റ്റോ കാലിവളമോ ഇട്ടുനിറയ്ക്കണം. കൂടാതെ, ഇവ നടുന്നതിന് ഒരു മാസം മുൻപ് കുഴികള്‍ എടുത്ത് തയ്യാറാക്കിയിരിക്കണം.

മാവിലെ വിളവ് കൂട്ടാം

മാവ് നന്നായി പൂത്താലും ആവശ്യത്തിന് കായ്ഫലം ഉണ്ടാകണമെന്നില്ല. ഇതിന് ഏതാനും നാട്ടുപ്രയോഗങ്ങൾ പരീക്ഷിച്ചു നോക്കിയാൽ മതി. മാവില്‍ കായ്കളുണ്ടാകാന്‍ പരപരാഗണം ആവശ്യമാണ്. അതായത്, ഈച്ചകള്‍, ഉറുമ്പുകള്‍, വണ്ടുകള്‍ എന്നീ പ്രാണികളിലൂടെ മാവില്‍ പരാഗണം നടക്കുന്നു.
എന്നാൽ മാവിൽ കായ്കൾ മൊട്ടിട്ട് തുടങ്ങി ഒരു മാസത്തിനുള്ളില്‍ തന്നെ കണ്ണിമാങ്ങകൾ വീണുപോകുന്നത് കാണാറുണ്ട്. ഏകദേശം 90 മുതല്‍ 99 ശതമാനം കായ്കകളും ഇങ്ങനെ വീണുപോകും. വളര്‍ന്നുവരുന്ന കായ്കള്‍ തമ്മിലുള്ള മത്സരം ഇതിന്റെ ഒരു കാരണമാണ്.

സസ്യഹോര്‍മോണുകളുടെ അഭാവവും കായ്‌കൾ കൊഴിയുന്നതിന് കാരണമാകുന്നു. ഇതുപോലുള്ള കായ് വീഴ്ച കുറയ്ക്കാനായി ഹോര്‍മോണ്‍ പ്രയോഗം നടത്താവുന്നതാണ്. നാഫ്തലിന്‍ അസറ്റിക് ആസിഡ് എന്ന സസ്യ ഹോര്‍മോണ്‍ ആണ് ഇതിന് പ്രതിവിധി. രണ്ട് മുതല്‍ മൂന്ന് മില്ലിലിറ്റര്‍ നാഫ്തലിന്‍ അസറ്റിക് ആസിഡ് അഞ്ചുലിറ്റര്‍ വെള്ളത്തില്‍ കലക്കിയുള്ള മിശ്രിതം കായ് പിടിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം കുലകളില്‍ തളിച്ചുകൊടുക്കാവുന്നതാണ്. ഇത് പ്ലാനോഫിക്‌സ് 4.5 എസ്.എല്‍ എന്ന പേരില്‍ വിപണികളിൽ ലഭ്യമാണ്.
കൂടാതെ, മണ്ണിലെ മാമ്പഴ ഈച്ചയെ ഇല്ലാതാക്കാനായി ബിവേറിയബാസിയാന പ്രയോഗിക്കാം. മാവിന്‍തടത്തിലെ മണ്ണ് ഇളക്കിയശേഷം 100 ഗ്രാം ബിവേറിയബാസിയാന എന്ന മിത്രകുമിള്‍ അഞ്ചുലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിച്ചു കൊടുക്കേണ്ടതാണ്.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine