ഇന്ന് അധികമാളുകളും ചെറുതായ തോതിലെങ്കിലും വീട്ടിൽ കൃഷി ചെയ്യണമെന്ന് ആഗ്രിഹിക്കുന്നവരും, ആഗ്രഹപ്രകാരം തന്നെ തുടങ്ങിയവരുമാണ്. അതും വിഷരഹിതമായ പച്ചക്കറികൾ പൂർണ്ണമായും ജൈവ രീതിയിൽ തന്നെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.
അതിനായി ജൈവ സ്ലറികൾ, ജൈവ വളങ്ങൾ എന്നിവ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ജൈവ സ്ലറികൾ വീട്ടിൽ തന്നെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
വെറും നാല് കൂട്ടുകൾ കൊണ്ട് ഒരു സൂപ്പർ `ജൈവ സ്ളറി' എങ്ങനെയുണ്ടാക്കാമെന്നതിനെ കുറിച്ചാണ് ഇവിടെ എഴുതുന്നത്.
വേപ്പിൻ പിണ്ണാക്ക് 1 കിലോ, കടല പിണ്ണാക്ക് 1 കിലോ, ഏകദേശം ഒരു കിലോ അളവിൽ ചാണകം, പിന്നെ രണ്ടു വലിയ തണ്ട് കൊന്നയുടെ ഇല, എന്നിവയാണ് ജൈവ സ്ളറി ഉണ്ടാക്കാനാവശ്യമായ കൂട്ടുകൾ. ഏതു കൃഷിക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിനായി ആദ്യം 10 ലിറ്റർ കൊള്ളുന്ന ഒരു ബക്കറ്റിൽ ചാണകമെടുത്ത്, അതിൽ വേപ്പിൻ പിണ്ണാക്ക്, കടല പിണ്ണാക്ക് എന്നിവ ചേർക്കുക. ഇതിൽ കൊന്നയുടെ ഇലകൾ പൊട്ടിച്ചെടുത്ത് ഇട്ടുകൊടുക്കുക. ഇതിൽ നിറയെ വെള്ളം ചേർത്ത് നന്നായി ഇളക്കി കൊടുക്കണം. എന്നതിന് ശേഷം നല്ല മുറുക്കത്തിൽ കെട്ടിവെക്കുക.
10 ദിവസത്തിനു ശേഷം കെട്ടി വെച്ച മിശ്രിതം തുറന്ന് നന്നായി ഇളക്കി കൊടുക്കണം. ഇതിൽ നിന്ന് ഒരു ലിറ്റർ മിശ്രിതം 10 ലിറ്റർ കൊള്ളുന്ന വേറൊരു ബക്കറ്റിലേക്ക് മാറ്റി, അതിൽ 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ചെടുക്കുക. ഈ നേർപ്പിച്ച ജൈവ മിശ്രിതമാണ് ചെടികൾക്ക് ഒഴിച്ചു കൊടുക്കേണ്ടത്. ഒരു ചിരട്ടയുടെ അളവിലാണ് ഇത് ഓരോ ചെടിക്കും ഒഴിച്ച് കൊടുക്കേണ്ടത്.
ഈ ജൈവ കൂട്ട് ഒരുപാട് ദിവസം കേടുകൂടാതെ ഇരിക്കുന്നതാണ്. അതിനായി വീണ്ടും ഈ മിശ്രിതം മുറുക്കെ കെട്ടിവെക്കേണ്ടതാണ്.
ആവശ്യാനുസരണം ഓരോ കിലോ എടുത്ത് വെള്ളം ചേർത്ത് നേർപ്പിച്ച ശേഷം ചെടികൾക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഈ ജൈവ സ്ളറി ഏതു ചെടിയിൽ ഒഴിച്ചു കൊടുക്കുകയാണെങ്കിലും, അവ നല്ല കരുത്തോടെ വളർന്ന് നല്ല കായ്‌ഫലം തരുന്നതായിരിക്കും.
ചെടികൾ തഴച്ചു വളരണോ മികച്ച 5 ജൈവ വളങ്ങൾ ഉണ്ടാക്കി ചെടികൾക്കുപയോഗിക്കൂ.
വീട്ടിൽ കമ്പോസ്റ്റ് (ജൈവ വളം )എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
Share your comments