നല്ലൊരു ജൈവത്തോട്ടം നിർമിക്കാനോ പരിപാലിക്കാനോ ജൈവ വളങ്ങൾ (Organic fertilizers) അന്വേഷിച്ച് നടക്കേണ്ട കാര്യമില്ല. നമ്മുടെ അടുക്കളയിൽ നിന്നുള്ള മാലിന്യങ്ങളിൽ (Kitchen waste) നിന്നു തന്നെ നല്ല അസൽ വളവും കീടനാശിനികളും തയ്യാറാക്കാം. ഭക്ഷണം പാകം ചെയ്തതിന് ശേഷം ധാരാളം മാലിന്യം നമ്മുടെ അടുക്കളയിൽ ഉണ്ടാകാറുണ്ട്. ഇതിനെ നമുക്ക് വളവും കീടനാശിനികളായും മാറ്റിയെടുത്ത് അടുക്കളത്തോട്ടം മികച്ചതാക്കാം. എങ്ങനെ മാലിന്യങ്ങൾ ജൈവവളമായി മാറ്റാമെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: മുട്ട് തേയ്മാനം തടയാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
വളം എങ്ങനെ തയ്യാറാക്കാം
അടുക്കളയില്‍ ദിവസേന ബാക്കിയാകുന്ന മുട്ടത്തോട്, പഴത്തൊലി, തേയില കൊത്ത്, പച്ചക്കറിയുടെ തൊലി എന്നിവ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ശേഷം വെള്ളം ചേർത്ത് ചെടിയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. വേരുകള്‍ക്ക് ഇവ വേഗത്തിൽ ആഗിരണം ചെയ്യാന്‍ കഴിയുന്നതിനാല്‍ ചെടിയുടെ വളര്‍ച്ച വേഗത്തിലാകും.
മാലിന്യ സംസ്കരണത്തിന് പൈപ്പ് കമ്പോസ്റ്റ്
സൗകര്യത്തിനായി അടുക്കളയ്ക്ക് സമീപത്ത് തന്നെ പൈപ്പ് കമ്പോസ്റ്റ് തയ്യാറാക്കാം. 1.3 മീറ്റർ നീളവും എട്ടോ, ആറോ ഇഞ്ച് വ്യാസവുമുള്ള രണ്ട് പൈപ്പ് ആവശ്യമാണ്. 30 സെന്റിമീറ്റർ ആഴത്തിൽ പൈപ്പ് മണ്ണിൽ ഉറപ്പിക്കുക. പൈപ്പിന്റെ മുകൾഭാഗം അടപ്പോ, കവറോ ഉപയോഗിച്ച് അടയ്ക്കുക.
മണ്ണിന്റെ മുകൾഭാഗത്ത് നിന്ന് 20 സെന്റി മീറ്റർ ഉയരത്തിൽ മുന്നോ നാലോ ദ്വാരമിടുക. 35 സെന്റി മീറ്റർ ഉയരമുള്ള മണ്ണുനിറച്ച ബക്കറ്റിലും പൈപ്പ് വയ്ക്കാവുന്നതാണ്. ഒരു ലിറ്റർ വെള്ളത്തിൽ 300 ഗ്രാം ചാണകം കലക്കി പൈപ്പിന്റെ ചുവട്ടിൽ ഒഴിക്കുക. പിന്നീട് അടുക്കള മാലിന്യങ്ങൾ പൈപ്പിൽ ഇടുക. വലിപ്പമുള്ള അവശിഷ്ടങ്ങൾ ചെറിയ കഷണങ്ങളാക്കി ഇടുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പൈപ്പിനുള്ളിൽ ജലാംശം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതിനായി ചാണകം, പുളിച്ച തൈര്, വേപ്പിൻ പിണ്ണാക്ക് എന്നിവ കലക്കി പൈപ്പിനുള്ളിൽ ഇടയ്ക്ക് തളിക്കുക. വായുസഞ്ചാരം ലഭിക്കാൻ ഇടയ്ക്കിടെ ഇളക്കി കൊടുക്കുന്നത് നല്ലതാണ്. പച്ചച്ചാണകം കലക്കി ഒഴിക്കുന്നത് സൂക്ഷ്മാണുക്കളുടെ പ്രവർത്തനം എളുപ്പത്തിലാക്കും. ഇടയ്ക്ക് അടപ്പ് തുറന്ന് വയ്ക്കുന്നതും നല്ലതാണ്.
ഒരിക്കൽ നിറച്ച ശേഷം പ്രവർത്തനം നടക്കുമ്പോൾ വീണ്ടും പൈപ്പ് നിറയ്ക്കാൻ പാടില്ല. ഒരു മാസത്തിന് ശേഷം പൈപ്പ് മാറ്റി അടുത്ത പൈപ്പ് സ്ഥാപിക്കാം. മഴക്കാലത്ത് വിഘടനം നടക്കാൻ ഏകദേശം ഒന്നര മാസം വേണ്ടി വരും. ആ സമയത്ത് മൂന്ന് പൈപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങൾ, കട്ടി കൂടിയ ജൈവ മാലിന്യങ്ങൾ എന്നിവ പൈപ്പിൽ ഇടരുത്.
ഏതൊക്കെ അടുക്കള മാലിന്യങ്ങൾ ജൈവവളമാക്കാം
വിറക് അടുപ്പ് ഉപയോഗിക്കുന്ന വീടുകളിൽ ദിവസവും ചാരം ഉണ്ടാകാറുണ്ട്. മിക്ക പച്ചക്കറികൾക്കും വൃക്ഷങ്ങൾക്കും ചാരം നല്ലൊരു വളമായി പ്രയോഗിക്കാവുന്നതാണ്. ഇലതീനിപ്പുഴു ശല്യം ചെയ്യുന്ന ചെടികൾക്ക് മുകളില്ലായി ചാരം വിതറുന്നത് ഉത്തമമാണ്. കീടനാശിനിയായും വളമായും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് തേങ്ങാവെള്ളം.
മത്സ്യം കഴുകിയ വെള്ളവും അവശിഷ്ടവും പച്ചക്കറികള്‍ക്കും വാഴയ്ക്കും മികച്ച വളമാണ്. മത്സ്യാവശിഷ്ടം വാഴയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. അരികഴുകിയ വെള്ളവും കഞ്ഞിവെള്ളവും ചെടികളുടെ ചുവട്ടില്‍ ഒഴിച്ചുകൊടുത്താല്‍ മതിയാകും.പച്ചക്കറി, ഇലക്കറി, പഴം എന്നിവയുടെ അവശിഷ്ടങ്ങൾ ചെടികളുടെ ചുവട്ടില്‍ ഇട്ട് അഴുകാന്‍ സമയം നൽകുകയോ കമ്പോസ്റ്റ് വഴിയുള്ള വളമായോ ഉപയോഗിക്കാം.
Share your comments