കേരളത്തിലെ കാർഷിക മേഖലയിൽ പ്രധാനപ്പെട്ട വിളയാണ് വാഴ. നമ്മുടെ നാട്ടിൽ ഒട്ടുമിക്ക വീടുകളിലും ഒരു വാഴയെങ്കിലും ഉണ്ടാകും. വാഴക്കുല, വാഴപ്പഴത്തിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ എന്നിവയ്ക്ക് വേണ്ടിയും വീട്ടാവശ്യത്തിനും വാഴ കൃഷി ചെയ്യുന്നവരുണ്ട്. കേരളത്തിലെ മണ്ണിന് പൊതുവേ PH മൂല്യം കൂടുതലാണ്. ഇത് മണ്ണിൽ നിന്നും ആവശ്യമായ മൂലകങ്ങൾ വലിച്ചെടുക്കാൻ പ്രയാസം ഉണ്ടാക്കുന്നു. വാഴ നടാൻ കുഴിയെടുക്കുമ്പോൾ അരക്കിലോ കുമ്മായമോ ഡോളമൈറ്റോ ചേർത്തു കൊടുക്കുന്നത് പിഎച്ച് പ്രശ്നം ഒരു പരിധിവരെ മറികടക്കാൻ സഹായിക്കും. ഡോളമൈറ്റാണ് ഇടുന്നതെങ്കിൽ അതിൽ മഗ്നീഷ്യത്തിന്റെ സാന്നിധ്യം ഉള്ളതുകൊണ്ട് വാഴകൾ നല്ല രീതിയിൽ തഴച്ചു വളരുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: Banana farming: മൂല്യവർധിത ഉൽപന്നങ്ങളിലൂടെ ലാഭം കൊയ്യാം, വാഴകൃഷി ബെസ്റ്റാണ്!
കൃത്യമായ വളപ്രയോഗം നടത്തിയാൽ മൂലകങ്ങളുടെ അഭാവം ഒരു പരിധി വരെ മാറ്റി നിർത്താൻ സാധിക്കും. കാൽസ്യം, മഗ്നീഷ്യം, ബോറോൺ എന്നീ മൂലകങ്ങളുടെ അഭാവം കേരളത്തിലെ കൃഷിയിടങ്ങളിൽ സാധാരണ കണ്ടുവരുന്ന രോഗമാണ്. മൂത്ത ഇലകളിൽ നൈട്രജന്റെയും മഗ്നീഷ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും, കൂമ്പിലകളിൽ ബോറോണിന്റെ അഭാവവും കാണപ്പെടും.
കേരള കാർഷിക സർവകലാശാലയുടെ ഉൽപന്നമായ KAU സമ്പൂർണ മൾട്ടി മിക്സറിൽ കാൽസ്യം, മഗ്നീഷ്യം, സിങ്ക്, ബോറോൺ എന്നീ മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്. മൂലകങ്ങളുടെ അഭാവം കൊണ്ടുണ്ടാകുന്ന മണ്ണിന്റെ പ്രശ്നങ്ങൾക്ക് ഇത് പ്രയോഗിച്ചാൽ മതി. KAU സമ്പൂർണ മൾട്ടി മിക്സർ 1 ലിറ്റർ വെള്ളത്തിൽ 10 ഗ്രാം ചേർത്ത് രണ്ടുമാസം ഇടവേളകളിൽ തളിച്ചു കൊടുക്കാവുന്നതാണ്.
1. കാൽസ്യത്തിന്റെ അഭാവം
കാൽസ്യം കുറവുള്ള ഇലകൾ പൊതുവേ മഞ്ഞളിച്ചും ചുക്കി ചുളിഞ്ഞും കാണപ്പെടും. കാൽസ്യത്തിന്റെ അഭാവം പരിഹരിക്കാൻ കുമ്മായം ചേർത്തു കൊടുക്കണം. അല്ലെങ്കിൽ 5 ഗ്രാം കാൽസ്യം നൈട്രേറ്റ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും നല്ലതാണ്.
2. മഗ്നീഷ്യത്തിന്റെ അഭാവം
മഗ്നീഷ്യത്തിന്റെ അഭാവം മൂലം വളർച്ചയെത്തിയ ഇലകളുടെ അഗ്രഭാഗം മഞ്ഞ നിറത്തിൽ കാണപ്പെടും. ഇത്തരം വാഴയിലുണ്ടാകുന്ന കായ അധികം പഴുക്കില്ല. മാത്രമല്ല കായയ്ക്ക് രുചി കുറവുമായിരിക്കും. ഇത് പരിഹരിക്കാൻ ഒരു വാഴയ്ക്ക് 30 ഗ്രാം മഗ്നീഷ്യം സൾഫേറ്റ് എന്ന അനുപാതത്തിൽ ഇടണം. കൂടാതെ മഗ്നീഷ്യം സൾഫേറ്റ് രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും ഉത്തമമാണ്.
3. ബോറോണിന്റെ അഭാവം
ബോറോണിന്റെ അഭാവം മൂലം വാഴയിലകൾ കൂമ്പിൽ നിന്ന് വിരിയാൻ അധിക ദിവസം എടുക്കും. മാത്രമല്ല ഇലകൾ ഇളം പച്ച കലർന്ന വെള്ള നിറത്തിലായിരിക്കും കാണപ്പെടുക. ബോറോണിന്റെ അഭാവം കൂടുതലാണെങ്കിൽ ഇലകൾ ചുരുണ്ടിരിക്കും. മാത്രമല്ല വളർച്ച മന്ദഗതിയിലാവുകയോ, നിൽക്കുകയോ ചെയ്യും. ബോറോണിന്റെ അഭാവം പരിഹരിക്കാൻ കുമ്മായം ചേർത്തു കൊടുക്കണം. വാഴ നടുമ്പോൾ തന്നെ 5 ഗ്രാം മുതൽ 10 ഗ്രാം വരെ ബോറാക്സ് ഇടുന്നതും നല്ലതാണ്.
4. പൊട്ടാസ്യത്തിന്റെ അഭാവം
പൊട്ടാസ്യത്തിന്റെ അഭാവമുണ്ടെങ്കിൽ ഇലകളുടെ അഗ്രഭാഗത്ത് മഞ്ഞളിപ്പ് കാണപ്പെടും. കൂടാതെ ഇല കരിച്ചിലും ഉണ്ടാകും. മാത്രമല്ല ഇത്തരം വാഴകളിൽ ഉണ്ടാകുന്ന കുലകൾ വികൃതമായ രീതിയിൽ കാണപ്പെടും. ഇതിന് പരിഹാരമായി പൊട്ടാഷ് വളങ്ങൾ നൽകാം.
ആഷിക് ദത്ത് സി.എസ്
ഫാർമർ ദി ജേർണലിസ്റ്റ്
കൃഷി ജാഗരൺ
Share your comments