ജൈവകൃഷി പിന്തുടരുന്ന കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ് കീടരോഗങ്ങൾ. കൃത്യമായ ഇടവേളകളിൽ ജൈവ കീടനാശിനികൾ തളിക്കുന്നത് വഴി ഈ പ്രശ്നം പരിഹരിക്കാനും ഇതുവഴി നൂറുമേനി വിളവും ലഭിക്കും. ഇത്തരം ചില ജൈവകീട നിയന്ത്രണ മാർഗങ്ങളും ജൈവകീടനാശിനികളുടെ നിർമാണവും അറിയാം.
1. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
ഒരു ലിറ്റർ ഇളം ചൂടുവെള്ളത്തിൽ അഞ്ച് ഗ്രാം ബാർ സോപ്പ് ലയിപ്പിക്കുക. ഇതിൽ 20 ഗ്രാം തൊലി കളഞ്ഞ വെളുത്തുള്ളിയും 20 മില്ലിലിറ്റർ വേപ്പെണ്ണയും സോപ്പ് മിശ്രിതത്തിൽ ചേർത്ത് നന്നായി യോജിപ്പിച്ച് അരിച്ചെടുക്കുക. ഇത് കീടരോഗം ബാധിച്ച ഇലകളുടെ ഇരുവശത്തും തളിച്ചു കൊടുക്കാം. പച്ചക്കറികളിലെ നീരൂറ്റി കുടിക്കുന്ന കീടങ്ങൾക്കെതിരെയാണ് ഇത് പ്രധാനമായും പ്രയോഗിക്കുക. അതിരാവിലെയോ അല്ലെങ്കിൽ വൈകുന്നേരം അഞ്ചു മണിക്ക് ശേഷമോ ഇത് പ്രയോഗിക്കുന്നതാണ് നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ: Farm Tips: വാഴയിലെ മൂലകങ്ങളുടെ അഭാവം അവഗണിക്കരുത്, പരിഹാര മാർഗങ്ങൾ അറിയാം
2. വേപ്പെണ്ണ എമൻഷൻ
പയറുവർഗങ്ങിൽ ഉണ്ടാകുന്ന കീടരോഗങ്ങൾക്ക് പ്രധാനമായും വേപ്പെണ്ണ പ്രയോഗം നടത്താം. 60 ഗ്രാം ബാർ സോപ്പ് അര ലിറ്റർ വെള്ളത്തിൽ കലക്കി അതിൽ ഒരു ലിറ്റർ വേപ്പെണ്ണ ചേർക്കുക. ഇത് പത്തിരട്ടി വെള്ളത്തിൽ ചേർത്താണ് ചെടികളിൽ പ്രയോഗിക്കേണ്ടത്. പയറിനെ ബാധിക്കുന്ന ചിത്രകീടം പേനുകൾ മുതലായവയെ ഇത് പ്രതിരോധിക്കും. വെള്ളരിയ്ക്ക പോലുള്ള വിളകളിലെ നീരൂറ്റി കുടിക്കുന്ന കീടങ്ങൾ, പുഴുക്കൾ, വണ്ടുകൾ എന്നിവയ്ക്ക് എതിരെയും ഇത് പ്രയോഗിക്കാം.
3. വേപ്പിൻ പിണ്ണാക്ക്
ചെടികളുടെ ചുവടുകളിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് ട്രൈക്കോഡർമ പോലെയുള്ള മിത്രകുമിളുകളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. സസ്യങ്ങളുടെ വേരുകളെ ആക്രമിക്കുന്ന നിമാവിലകളെ നിയന്ത്രിക്കാൻ ഇത് ഉത്തമമാണ്. ഒരു ചതുരശ്ര മീറ്ററിന് 200 ഗ്രാം എന്ന തോതിൽ ഇത് മണ്ണിൽ ചേർക്കാം.
4. വേപ്പിൻ കുരു സത്ത്
50 ഗ്രാം മൂപ്പെത്തിയ വേപ്പിൻ കുരു പൊടിച്ച് കിഴികെട്ടി ഒരു ലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ മുക്കി വയ്ക്കുക. ശേഷം കിഴി വെള്ളത്തിൽ മുക്കി പിഴിഞ്ഞ് സത്ത് മുഴുവൻ പുറത്തെടുക്കുക. തണ്ടുതുരപ്പൻ, കായിതുരപ്പൻ, ഇലതീനി പുഴുക്കൾ എന്നിവ അകറ്റാൻ ഈ ലായനി നേരിട്ട് തളിക്കാം.
5. ഫിഷ് അമിനോ ആസിഡ്
സസ്യങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന കീടനാശിനിയാണ് ഫിഷ് അമിനോ ആസിഡ്. പച്ചമത്സ്യവും ശർക്കരയും കൂടി പുളിപ്പിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഒരു കിലോ മായം കലരാത്ത മീനോ, ചീഞ്ഞു തുടങ്ങിയ മീനോ വാങ്ങി ചെറിയ കഷണങ്ങളാക്കി മുറിച്ച് ചതച്ചെടുക്കുക. മത്തിയാണ് ഏറ്റവും ഉത്തമം. ഒരു കിലോഗ്രാം ശർക്കര ചേർത്ത് മീൻമിശ്രിതം നന്നായി ഇളക്കി മൺ കലത്തിൽ അടച്ചു സൂക്ഷിക്കുക. 20 ദിവസമാകുമ്പോൾ മിശ്രിതം തവിട്ട് നിറത്തിലുള്ള കൊഴുത്ത ദ്രാവകമായി മാറും. ഇത് അരിച്ചെടുത്ത് കിട്ടുന്ന ലായനിയിൽ നിന്ന് രണ്ട് മില്ലിലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ചെടികളുടെ ഇലകളിൽ തളിക്കാം. കൃത്യമായി അടച്ച് സൂക്ഷിച്ചാൽ മിശ്രിതം 2 മാസം വരെ സൂക്ഷിക്കാം.
6. ഗോമൂത്രം-കാന്താരിമുളക് മിശ്രിതം
കാന്താരി മുളക് അരച്ച് ഒരു ലിറ്റർ ഗോമൂത്രത്തിൽ ചേർത്ത് അരിച്ചെടുക്കുക. ഇതിൽ 60 ഗ്രാം ബാർ സോപ്പ് ലയിപ്പിക്കുക. ഈ മിശ്രിതം 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് അരിച്ചെടുത്ത് കീടങ്ങൾക്കെതിരെ ഉപയോഗിക്കാം.
7. പപ്പായ ഇല സത്ത്
100 മില്ലി ലിറ്റർ വെള്ളത്തിൽ 50 ഗ്രാം പപ്പായ ഇല നുറുക്കി ഇടുക. അടുത്തദിവസം ഈ ഇല പിഴിഞ്ഞെടുത്ത് മൂന്നുനാല് ഇരട്ടി വെള്ളം ചേർത്ത് കീടം ബാധിച്ച ചെടികളിൽ തളിക്കാം. ഇലതീനി പുഴുക്കളെ പ്രതിരോധിക്കാൻ ഇത് ഫലപ്രദമാണ്.
ജൈവകീട നിയന്ത്രണ മാർഗങ്ങൾ
1. വെർട്ടിസീലിയം
നിരൂറ്റി കുടിക്കുന്ന കീടങ്ങൾക്കെതിരെ പ്രയോഗിക്കാൻ പറ്റിയ മിത്ര കുമിളാണ് വെർട്ടിസീലിയം. ഇവ പുറപ്പെടുവിക്കുന്ന വിഷ വസ്തുക്കൾ കീടങ്ങളെ പൂർണമായും നശിപ്പിക്കുന്നു. ദ്രവ രൂപത്തിലുള്ള വെർട്ടിസീലിയം 5 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിലും, പൊടിരൂപത്തിലുള്ളവ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിലും ചേർത്ത് ഉപയോഗിക്കാം.
2. ബ്യുവേറിയ
വണ്ടുകൾ, പുഴുക്കൾ എന്നിവക്കെതിരെ ഉപയോഗിക്കുന്ന മിത്ര കുമിളാണ് ബ്യുവേറിയ. ഇത് കീടങ്ങളുടെ ഉള്ളിൽ പ്രവേശിച്ച് അവയെ നശിപ്പിക്കും. ദ്രവരൂപത്തിലുള്ളവ 5 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിലും, പൊടി രൂപത്തിൽ ഉള്ളവ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിലും എന്ന അനുപാതത്തിൽ ഉപയോഗിക്കാം.
3. സ്യൂഡോമോണാസ്
സ്യൂഡോമോണാസ് ഒരു മിത്ര ബാക്ടീരിയയാണ്. പച്ചക്കറികളിലെ ഇലകരിച്ചിൽ, വാട്ടരോഗം എന്നിവയ്ക്ക് എതിരെ ഇത് ഫലപ്രദമാണ്. ലായനി വിത്തിൽ പുരട്ടുകയോ, രോഗം ബാധിച്ച തൈകളുടെ വേര് ലായനിയിൽ മുക്കുകയോ ചെയ്യാം. ദ്രവരൂപത്തിലുള്ളവ 5 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിലും, പൊടി രൂപത്തിലുള്ള 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിലും എന്ന അനുപാതത്തിൽ ഉപയോഗിക്കാം.
4. ട്രൈക്കോഡർമ
ട്രൈക്കോഡർമ ഒരു പ്രധാന കുമിൾനാശിനിയാണ്. ശത്രു കുമിളുകളെ പ്രതിരോധത്തിലാക്കി നശിപ്പിക്കാനുള്ള കഴിവ് ഇതിനുണ്ട്. ചാണകത്തിന്റെയോ കമ്പോസ്റ്റിന്റെയോ കൂടെ ചേർത്ത് ഇവ ഉപയോഗിക്കാം. 10 കിലോ വേപ്പിൻ പിണ്ണാക്ക്, 90 കിലോ ഉണക്കിപ്പൊടിച്ച ചാണകം, ഒരു കിലോ ട്രൈക്കോഡർമ എന്നിവ നന്നായി കൂട്ടി കലർത്തി, ഒരാഴ്ച നന്നായി തുണികൊണ്ട് മൂടിവയ്ക്കുക. ട്രൈക്കോഡർമ വളരുന്നതനുസരിച്ച് വീണ്ടും ഇളക്കി ഒരാഴ്ച വയ്ക്കുക. ഈർപ്പം എപ്പോഴും നിലനിർത്താൻ ശ്രദ്ധിക്കണം. പോട്ടിംഗ് മിശ്രിതത്തിന്റെ കൂടെ ചേർക്കാനും മണ്ണിൽ നേരിട്ട് ഇട്ട് കൊടുക്കുവാനും ഈ മിശ്രിതം ഉപയോഗിക്കാം.
നമ്മുടെ വിളകൾക്ക് യാതൊരുവിധ കീടരോഗങ്ങൾ ഇല്ലെങ്കിലും കൃത്യമായ ഇടവേളകളിൽ ജൈവ കീടനാശിനി തളിക്കാൻ ശ്രദ്ധിക്കണം. രോഗങ്ങൾ വന്നിട്ട് കീടനാശിനി പ്രയോഗിക്കുമ്പോൾ അത് ചെടികളുടെ ആരോഗ്യത്തെയും വിളവിനെയും ബാധിക്കും. അതിനാൽ കൃത്യമായ ഇടവേളകളിൽ കീടനാശിനി പ്രയോഗം നടത്തുക.
ആഷിക് ദത്ത് സി.എസ്
ഫാർമർ ദി ജേർണലിസ്റ്റ്
കൃഷി ജാഗരൺ
Share your comments