പച്ചക്കറി കൃഷി ചെയ്യുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ടത് തൈകളുടെ ഗുണമേന്മയാണ്. ഗുണമേന്മയുള്ള തൈകൾക്ക് മികച്ച വിളവ് നൽകാനും രോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കും. തൈ ഉൽപാദനത്തിനായി തെരഞ്ഞെടുക്കുന്ന വിത്തുകളുടെ കാലാവധി കൃത്യമായി പരിശോധിക്കണം. മികച്ച പരിപാലനവും കൃത്യമായ വള പ്രയോഗവും തൈകൾക്ക് കൂടുതൽ ആയുസ് നൽകും.
ബന്ധപ്പെട്ട വാർത്തകൾ: Farming tips: വീട്ടുമുറ്റത്ത് അനായാസം വിളയിക്കാം, കാബേജും കോളിഫ്ലവറും
തൈ ഉൽപാദനം - ആദ്യം ശ്രദ്ധിക്കേണ്ടത്
തൈ ഉൽപാദനത്തിൽ ആദ്യം ശ്രദ്ധിക്കേണ്ടത് പോട്ടിംഗ് മിക്സർ തയ്യാറാക്കലാണ്. ചകിരിച്ചോറ്, മണ്ണിര കമ്പോസ്റ്റ്, സ്യൂഡോമോണാസ് എന്നിവയാണ് ഇതിന് ആവശ്യം. 600 ഗ്രാം ചകിരിച്ചോറും, 600ഗ്രാം മണ്ണിര കമ്പോസ്റ്റും ചേർത്ത് പോട്ടിംഗ് തയ്യാറാക്കിയ ശേഷം ട്രേകളിൽ നിറയ്ക്കാം. ട്രേയിൽ പോട്ടിംഗ് മിക്സർ നിറച്ച ശേഷം സ്കെയിൽ ഉപയോഗിച്ച് ഒരേ അളവിൽ നിരപ്പാക്കണം. വിത്തുകൾ ട്രേയിൽ ഇടുന്നതിനു മുമ്പ് 8 മണിക്കൂർ വെള്ളത്തിലിട്ട സ്യൂഡോമോണാസ് ചേർക്കുക. 'സീഡ് ട്രീറ്റ്മെൻറ്' എന്നാണ് ഈ പ്രക്രിയയുടെ പേര്. ഇങ്ങനെ ചെയ്യുന്നത് വഴി ചെടിയ്ക്ക് ഉണ്ടാകുന്ന ചീയൽ രോഗവും മറ്റു പ്രശ്നങ്ങളും പ്രതിരോധിക്കാൻ സാധിക്കും.
വിത്ത് എത്ര അളവിൽ ആണോ അതേ അളവിൽ സ്യൂഡോമോണാസ് എടുക്കണം. പരിശോധന നടത്തിയ വിത്ത് പോട്ടിംഗ് മിക്സർ നിറച്ച ശേഷം നടുക. 'വിത്തോളം ആഴം' അതായത് വിത്തുകളുടെ വലിപ്പം അനുസരിച്ച് ഈർക്കിൽ ഉപയോഗിച്ചോ മറ്റും കുഴി ഉണ്ടാക്കി വിത്ത് നടാം. മധ്യഭാഗത്തു തന്നെ കുഴിയുണ്ടാക്കുക. ഈർപ്പം അധികം ഇല്ലാത്ത സ്ഥലത്ത് ട്രേ വയ്ക്കുന്നതാണ് അനുയോജ്യം. ശേഷം വെള്ളം സ്പ്രേ ചെയ്യുക. മഴ കൊണ്ട് നനയാൻ പാടില്ല. സ്പ്രേയർ ഉപയോഗിച്ച് മാത്രം വെള്ളം തളിക്കുക. അല്ലെങ്കിൽ വിത്ത് തെറിച്ചു പോവുകയോ തൈകൾ ചരിയുകയോ ചെയ്യും.
7-ാം ദിവസവും, 14-ാം ദിവസവും 19:19:19 രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുക. 21-ാം ദിവസം 3 ഗ്രാം, 25-ാം ദിവസം 5 ഗ്രാം എന്നിങ്ങനെ അളവുകളിൽ സ്പ്രേ ചെയ്യണം. തൈകൾ ഒരുമാസത്തിൽ കൂടുതൽ ട്രേയിൽ വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. തൈകളുടെ ഇലകളിൽ KAU സമ്പൂർണ മൾട്ടി മിക്സർ (കേരള കാർഷിക സർവകലാശാല ഉൽപന്നം) 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് സ്പ്രേ ചെയ്യുന്നതും നല്ലതാണ്.
മികച്ച പരിപാലനം ആവശ്യം
വിത്ത് ആഴത്തിൽ നടാൻ പാടില്ല. മാത്രമല്ല വിത്ത് നട്ടശേഷം മണ്ണിലേയ്ക്ക് അമർത്താനും പാടില്ല. നിലവാരമില്ലാത്ത പോട്ട് മിക്സർ ഉപയോഗിക്കരുത്. നല്ല ചൂടുള്ള സ്ഥലങ്ങളിലും ട്രേ വയ്ക്കാൻ പാടില്ല. മതിയായ ജലസേചനം ഉറപ്പുവരുത്തുകയും എന്നാൽ അമിതമാകാതെ ശ്രദ്ധിക്കുകയും വേണം. മികച്ച പരിപാലനവും കൃത്യമായ ശ്രദ്ധയും ഉണ്ടെങ്കിൽ ഗുണമേന്മയുള്ള തൈകൾ അനായാസമായി ഉൽപാദിപ്പിക്കാം. ഇതിലൂടെ മികച്ച വരുമാനം നേടാനും സാധിക്കും.
ആഷിക് ദത്ത് സി.എസ്
ഫാർമർ ദി ജേർണലിസ്റ്റ്
കൃഷി ജാഗരൺ
Share your comments