കാലിത്തീറ്റ, ജൈവവളം എന്നീ നിലകളിലും കമ്പോസ്റ്റ്, ബയോഗ്യാസ് നിര്മ്മാണത്തിനും അസോള ഉപയോഗിക്കപ്പെടുന്നു. പശുക്കള്ക്കു പുറമേ ആട്, കോഴി, പന്നി, മുയല്, താറാവ്, മത്സ്യം എന്നിവയ്ക്കും അസോള തീറ്റയായി നല്‍കാറുണ്ട്.
ശുദ്ധജലത്തില്‍ പൊങ്ങിക്കിടന്ന് വളരുന്ന പച്ച നിറമുള്ള ഒരു പന്നല്‍ ചെടിയാണ് അസോള. അസോളയുടെ ഉള്ളിലുള്ള അറകളില്‍ താമസിക്കുന്ന അനാബിനാ അസോള എന്ന ബ്ലൂ ഗ്രീന്‍ പായലിന് അന്തരീക്ഷത്തിലെ നൈട്രജനെ ശേഖരിച്ച് വെയ്ക്കാന്‍ കഴിയുമെന്നതിനാല്‍ അസോളയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അഥവാ മാംസ്യം അടങ്ങിയിരിക്കുന്നു. ശുഷ്‌കാടിസ്ഥാനത്തില്‍ ഇത് 30-35 ശതമാനത്തോളം വരും. കൂടാതെ കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ നിരവധി ധാതുലവണങ്ങളും, വിറ്റാമിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. നാരിന്റെ അളവിലും രൂപത്തിലും വ്യത്യാസമുള്ളതിനാല്‍ ദഹനവും എളുപ്പമാണ്.
ബന്ധപ്പെട്ട വാർത്തകൾ: അസോള കൃഷിക്ക് ആദായകാലം
പച്ചയായോ, ഉണക്കിപ്പൊടിച്ചോ അസോള കാലികള്‍ക്ക് നല്‍കാം. സ്ഥിരമായി അസോള നല്‍കുന്ന പശുക്കളില്‍ പാലുല്പാദനത്തില്‍ വര്‍ദ്ധനവുള്ളതായി കര്‍ഷകര്‍ക്ക് അനുഭവമുണ്ട്. കൂടാതെ ഇവയുടെ ആരോഗ്യവും മെച്ചപ്പെടുന്നതായി കണ്ടെത്തിയിരിക്കുന്നു. ആഴം കുറഞ്ഞ കൃത്രിമ ജലാശയങ്ങള്‍, നെല്‍പ്പാടങ്ങള്‍ എന്നിവിടങ്ങളില്‍ അസോള വളര്‍ത്താം. വൃക്ഷങ്ങളുടേയും മറ്റും തണലില്‍ ആഴം കുറഞ്ഞ കൃത്രിമ ജലാശയങ്ങളിലാണ് കര്‍ഷകര്‍ അസോള വളര്‍ത്താറുള്ളത്. 25 ഡിഗ്രിയില്‍ താഴെയുള്ള ചൂട് 80 ശതമാനം ആര്‍ദ്രത, 50 ശതമാനത്തില്‍ താഴെ സൂര്യപ്രകാശം എന്നിവയാണ് അസോളയുടെ വളര്‍ച്ചയ്ക്കാവശ്യമുള്ളത്.
അസോള കാലിത്തീറ്റയില്‍ ഉള്‍പ്പെടുത്തി വിപണിയില്‍ നിന്നും വാങ്ങുന്ന കാലിത്തീറ്റയുടെ അളവ് കുറയ്ക്കുന്ന നിരവധി കര്‍ഷകര്‍ കേരളത്തിലുണ്ട്. അസോളയില്‍ നാരിന്റെ അളവ് കുറവായതിനാല്‍ അസോളയോടൊപ്പം പശുക്കള്‍ക്ക് പുല്ലും നല്‍കണം. ബീറ്റാ കരോട്ടിന്‍ പോലെയുള്ള ആന്റി ഓക്‌സിഡന്റുകളും ആവശ്യ അമിനോ ആസിഡുകളും അടങ്ങിയ അസോള ഉത്പാദനം കൂടുന്നു. തുടക്കത്തില്‍ 200 ഗ്രാം എന്ന അളവില്‍ കൊടുത്തു തുടങ്ങി. അളവ് ക്രമേണ വര്‍ദ്ധിപ്പിച്ച് അഞ്ചു കിലോ വരെ നല്‍കാം. വിളവെടുപ്പിന് ശേഷം ശുദ്ധ ജലത്തില്‍ നന്നായി കഴുകി തുല്യ അളവ് കാലിത്തീറ്റയുമായി ചേര്‍ത്ത് നല്‍കണം.
ബന്ധപ്പെട്ട വാർത്തകൾ: അസോള കൃഷി-തുടക്കം മുതൽ അവസാനം വരെ
അസോളകൊണ്ട് തോരന്‍, സൂപ്പ്, കട്‌ലറ്റ് എന്നിവ ഉണ്ടാക്കി മനുഷ്യനും കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജൈവകൃഷിയിലും അസോള ഉപയോഗിക്കപ്പെടുന്നു. കൃത്യമായ പരിചരണം അസോളയ്ക്ക് ആവശ്യമാണ്. പെട്ടെന്നു നശിച്ചുപോകുമെന്നതിനാല്‍ കൃത്യമായി വിളവെടുപ്പ് നടത്തുകയും വെള്ളത്തിന്റെ അളവ് നിലനിര്‍ത്തുകയും വേണം.
തിരഞ്ഞെടുത്ത സ്ഥലത്ത് തറ നിരപ്പാക്കി 2 മീറ്റര്‍ നീളവും 1 മീറ്റര്‍ വീതിയും വരും വിധം ഇഷ്ടിക ചരിച്ച് അടുക്കുക. ഇതിനുള്ളില്‍ ചുളിവില്ലാത്ത പഴയ പ്ലാസ്റ്റിക് ചാക്ക്/പ്ലാസ്റ്റിക് ഷീറ്റ് വിരിക്കണം. ഇതിന്റെ മുകളിലായി 9 അടി നീളവും 6 അടി വീതിയും ഉള്ള സില്‍പോളിന്‍ ചുളിവില്ലാതെ വിരിച്ച് ചുറ്റിലും ഇഷ്ടിക കൊണ്ട് ഭാരം വയ്ക്കണം. അരിച്ച വളക്കൂറുള്ള മണ്ണ് ഏകദേശം രണ്ടു കുട്ട (25 കിലോ ഗ്രാം) ഇതിനുള്ളില്‍ ഒരുപോലെ നിരത്തണം. ഇതിലേക്ക് 3-4 ദിവസം പഴക്കമുള്ള 5 കിലോഗ്രാം ചാണകവും 30 ഗ്രാം രാജ്‌ഫോസും നന്നായി കലക്കി ഒഴിക്കണം. തുടര്‍ന്ന്, ഏകദേശം 8-10 സെ.മീറ്റര്‍ ആകത്തക്കവിധം ജലം നിറയ്ക്കുക. ചതുരശ്രമീറ്ററിന് 500 ഗ്രാം തോതില്‍ അസോള നിക്ഷേപിക്കണം. ഏഴ് ദിവസം കൊണ്ട് നിറയുന്ന അസോളയുടെ വളര്‍ച്ചയ്ക്കും ഗുണമേന്മയ്ക്കും ചതുരശ്രമീറ്ററിന് 15 ഗ്രാം തോതില്‍ രാജ്‌ഫോസ് ഒരു കിലോഗ്രാം ചാണകത്തില്‍ കലക്കി കൂടെക്കൂടെ ഒഴിച്ചു കൊടുക്കണം. 10 ദിവസം കൂടുംന്തോറും വളപ്രയോഗം ആവര്‍ത്തിക്കണം. തടത്തിലെ ജലനിരപ്പ് 8 സെ.മീറ്റര്‍ ആകത്തക്കവിധം നിലനിര്‍ത്തുക. ഓരോ ദിവസവും വളര്‍ച്ചയ്ക്കനുസരിച്ച് ചതുരശ്രമീറ്ററിന് 300-400 ഗ്രാം അസോള മാറ്റണം. ആറുമാസം കഴിയുമ്പോള്‍ മണ്ണും, വെള്ളവും മാറ്റി കൃഷി പുതുതായി ഇറക്കണം. അസോളയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാം.
ബന്ധപ്പെട്ട വാർത്തകൾ: അസോളാ അഥവാ അവിൽ പായൽ
Share your comments