ഔഷധ ഗുണങ്ങളാൽ ശ്രേഷ്ഠമാണ് തുളസി. പൂജ ആവശ്യങ്ങൾക്കായാലും ആയുർവേദ ചികിത്സയ്ക്കും മറ്റും തുളസി പ്രധാനിയാണ്. ചെടിയുടെ പ്രത്യേകതയാലും ഗുണങ്ങളാലും തുളസി വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത്, രാമതുളസി, കർപ്പൂര തുളസി, കൃഷ്ണതുളസി, അഗസ്ത്യ തുളസി, കാട്ടു തുളസി, മധുര തുളസി എന്നിങ്ങനെ ധാരാളം തുളസികൾ ഉണ്ട്.
വിഷ്ണു, കൃഷ്ണൻ, ഹനുമാൻ എന്നിവർക്കു വേണ്ടി നടത്തുന്ന പൂജയിൽ തുളസി ഇലകൾ വളരെ പ്രധാനമാണ്. മാത്രമല്ല, ജലദോഷം വന്നാലും തൊണ്ടയിലെയും ശ്വാസകോശത്തിലെയും പ്രശ്നങ്ങൾക്കും തുളസി മുഖ്യമാണ്. അതിനാൽ തന്നെ മിക്കവരും വീട്ടുമുറ്റത്ത് തുളസിച്ചെടി നിർബന്ധമായും വളർത്തുന്നു.
ഔഷധ ഗുണങ്ങൾ നിറഞ്ഞ തുളസി ചെടി മുറ്റത്തോ ബാൽക്കണിയിലോ ആണ് കൂടുതലായും നട്ടുവളർത്തുന്നത്. വിശുദ്ധ സസ്യമായി കണക്കാക്കുന്നതിനാൽ തന്നെ ചെടി വാടിപ്പോകുന്നത് അശുഭമാണെന്നും പറയുന്നു.
എന്നാൽ തുളസിച്ചെടിയെ വാടാതെ വളർത്താനും, ഉണങ്ങിയ ചെടിയെ വീണ്ടും വളരുന്നതിനും ചില നുറുങ്ങുകൾ പരീക്ഷിച്ചാൽ മതി. ഇതിനായി എന്തൊക്കെ ചെയ്യാമെന്ന് നോക്കാം. ദിവസവും തുളസിച്ചെടിയ്ക്ക് വെള്ളം നൽകിയാലും ചിലപ്പോൾ ചെടി നശിച്ചേക്കാം.
ബന്ധപ്പെട്ട വാർത്തകൾ: Vastu Tips: വളർത്തോമനകൾക്കുമുണ്ട് വാസ്തുവിൽ ചില നിബന്ധനകൾ, വീട്ടിൽ സമൃദ്ധി ഉണ്ടാവാൻ ഇവ ശ്രദ്ധിക്കുക
കാരണം മണ്ണ് ഉണങ്ങാതെ ഇത് സംരക്ഷിക്കുന്നുവെങ്കിലും, വേരുകൾ ചീഞ്ഞഴുകാൻ തുടങ്ങുന്നു. ഈ സാഹചര്യത്തിൽ, നിങ്ങൾക്ക് ഉണങ്ങിയ മണ്ണ് ചട്ടിയിൽ നിറയ്ക്കാം. ഒപ്പം കുറച്ച് മണലും ഇതിനൊപ്പം ചേർക്കാം. ഇതിലൂടെ ചെടിക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കുകയും ചെടിയ്ക്ക് വീണ്ടും ജീവൻ വയ്ക്കുകയും ചെയ്യും.
മിക്ക ആളുകളും ചായയിലും ചൂടുവെള്ളത്തിലും തുളസി ഇല ചേർക്കാറുണ്ട്. ഇതിനായി ചെടികളിൽ നിന്നും എന്നും ഇല നുള്ളുന്ന പതിവുമുണ്ട്. ഇത് ചിലപ്പോൾ ചെടി വാടിപ്പോകുന്നതിന് കാരണമാകും. അതിനാൽ ചെടിയുടെ ഇലകൾ എന്നും പറിച്ചെടുക്കുന്നത് നല്ലതല്ല.
അതുപോലെ, തുളസി ചെടിക്ക് സമീപം വിളക്ക് വയ്ക്കുന്ന പതിവ് ചില വിശ്വാസത്തിലുണ്ട്. ഇത് ചെടി വാടിപ്പോകുന്നതിന് കാരണമാകും. എങ്കിലും തുളസിത്തറയിൽ വിളക്ക് കത്തിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് ചെടിയിൽ നിന്ന് അൽപം ദൂരെയായി വിളക്ക് വയ്ക്കാം.
തുളസി ചെടിയെ പച്ചയാക്കാനുള്ള മറ്റൊരു ഫലപ്രദമായ പ്രതിവിധി വേപ്പിൻ പൊടിയാണ്. തുളസി ചെടിയിൽ വേപ്പിന്റെ ഇലയോ കായയോ പൊടിച്ച്, കലക്കി പുരട്ടിയാൽ ദിവസങ്ങൾക്കുള്ളിൽ പുതിയ ഇലകൾ വരും.
തുളസി വളർത്തുന്നതെങ്ങനെ?
തുളസിയുടെ ചുവട്ടിൽ വിത്ത് വീണ് മുളയ്ക്കുന്ന തൈകൾ മാറ്റി നടുന്നത് നല്ലതാണ്. കൂടാതെ, കമ്പ് ഒടിച്ചും തുളസി നടാം. മാത്രമല്ല, തുളസിച്ചെടി നടുമ്പോൾ ദിശ നോക്കുന്നതും നല്ലതാണ്. അതായത്, കിഴക്ക് ദിശയിലേയ്ക്ക് തുളസി നടുന്നതിന് ശ്രദ്ധിക്കുക. ബാൽക്കണിയിലും ജനാലയ്ക്കരികിലും ചെടി വയ്കക്കാം. എന്നാൽ ഇത് വടക്ക് അല്ലെങ്കിൽ വടക്ക്-കിഴക്ക് ദിശയില്‍ ആണെന്നത് ഉറപ്പുവരുത്തുക.
ബന്ധപ്പെട്ട വാർത്തകൾ: Profitable Farming Idea: 50,000 രൂപ സമ്പാദിക്കാം, കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്ന ഈ ഔഷധ സസ്യ കൃഷിയെ കുറിച്ച് അറിയാമോ?
അതുപോലെ, ചെടിക്ക് നല്ല സൂര്യപ്രകാശം ലഭിക്കുന്നുവോ എന്നതും പരിശോധിക്കണം. ഇതുകൂടാതെ, വിശുദ്ധ സസ്യമായി കണക്കാക്കുന്ന തുളസിയുടെ ചുറ്റുമുള്ള പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും ശ്രദ്ധിക്കുക.
Share your comments