<
  1. Farm Tips

പച്ചക്കറികളിലെ കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍

പച്ചക്കറികളിലെ കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍ കീടനാശിനിയായി ഉപയോഗിക്കാം. പറമ്പുകളിലും റോഡരികിലുമെല്ലാം വളര്‍ന്നുനില്‍ക്കുന്ന പല ചെടികളും പച്ചക്കറിയില്‍ ഉണ്ടാകുന്ന കീടങ്ങളെ അകറ്റാന്‍ ഫലപ്രദമാണ്. രാസകീടനാശിനികളെ അകറ്റിനിര്‍ത്തുന്ന ഈ കാലത്ത് ഇത്തരം കീടനാശിനികള്‍ സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇവയില്‍ ചിലത് പരിചയപ്പെടാം.

KJ Staff

പച്ചക്കറികളിലെ കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍ കീടനാശിനിയായി ഉപയോഗിക്കാം. പറമ്പുകളിലും റോഡരികിലുമെല്ലാം വളര്‍ന്നുനില്‍ക്കുന്ന പല ചെടികളും പച്ചക്കറിയില്‍ ഉണ്ടാകുന്ന കീടങ്ങളെ അകറ്റാന്‍ ഫലപ്രദമാണ്. രാസകീടനാശിനികളെ അകറ്റിനിര്‍ത്തുന്ന ഈ കാലത്ത് ഇത്തരം കീടനാശിനികള്‍ സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. 

ഇവയില്‍ ചിലത് പരിചയപ്പെടാം.

1) ഉങ്ങ് :- ഉങ്ങുമരത്തിന്റെ ഇല ഒരു കി.ഗ്രാം ചതച്ച് നീരെടുക്കുക. ഇതില്‍ അഞ്ച് ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിച്ചാല്‍ ഇലതീനിപ്പുഴുക്കള്‍, ഇലപ്പേന്‍ ശല്‍കകീടങ്ങള്‍ എന്നിവയെല്ലാം നശിക്കും. 

2) പപ്പായ ഇല :- പപ്പായ (കപ്ലങ്ങ, കര്‍മോസ്)യുടെ ഇല ഇടിച്ചുപിഴിഞ്ഞ നീര് 10 ഇരട്ടി വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ചെടുത്ത ലായനി തളിച്ചാല്‍ ഇലതീനി പുഴുവിനെയും വണ്ടിനെയും തടയാം. 

3) പെരുവലം (വട്ടപിരിയം) :- നമ്മുടെ വീട്ടുപറമ്പിലും ഒഴിഞ്ഞ ഇടങ്ങളിലും വളര്‍ന്നുവരുന്ന പെരുവലത്തിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീര് 10 ഇരട്ടി വെള്ളം ചേര്‍ത്ത് തളിച്ചാല്‍ ഇലതീനി പുഴു ഉള്‍പ്പെടെയുള്ള കീടങ്ങള്‍ നശിക്കും. ഇല തെങ്ങിന്‍ചുവട്ടിലോ, മറ്റിടങ്ങളിലോ ഇട്ടാല്‍ വേരുതിന്നുന്ന പുഴുക്കളും നശിക്കും. 

4) കൊങ്ങിണി :- കാട്ടില്‍ വളര്‍ന്ന് പൂത്തുനില്‍ക്കുന്ന കൊങ്ങിണിയുടെ ഇല, പൂവ്, കായ എല്ലാം ഇടിച്ചുപിഴിഞ്ഞ ചാറില്‍ അഞ്ചിരട്ടിവെള്ളം ചേര്‍ത്തു തളിച്ചാല്‍ ഇലതീനിപ്പുഴു ഉള്‍പ്പെടെ എല്ലാ കീടങ്ങളും നശിക്കും.

5) കരിനൊച്ചി :- മുഞ്ഞ, ഇലതീനി പുഴുക്കള്‍ എന്നിവയെ നശിപ്പിക്കാന്‍ കരിനൊച്ചിയടെ ഇല ഉത്തമമാണ്. ഒരു കി.ഗ്രാം കരിനൊച്ചി ഇല അരമണിക്കൂര്‍ വെള്ളത്തില്‍ തിളപ്പിക്കുക. തണുത്തശേഷം പിഴിഞ്ഞെടുത്ത ചാറില്‍ അഞ്ചിരട്ടി വെള്ളംചേര്‍ത്തു നേര്‍പ്പിച്ച് ചെടിയില്‍ തളിക്കാം.

6) പാണല്‍ :- പാണലിന്റെ ഇല കീടശല്യം കുറയ്ക്കും. നെല്ലും പയറും ധാന്യങ്ങളും മറ്റും സൂക്ഷിക്കുമ്പോള്‍ ഏതാനും പാണല്‍ ഇലകൂടി അതില്‍ ഇട്ടുകൊടുക്കുക. കീടശല്യം തടയാം.

7) ശവംനാറിച്ചെടി (നിത്യകല്യാണി) :- കുറ്റിച്ചെടിയായി നല്ല പൂക്കള്‍ ഉണ്ടാകുന്ന നിത്യകല്യാണിയുടെ ഇല ഇടിച്ചുപിഴിഞ്ഞ ചാറ് നേര്‍പ്പിച്ചു തളിച്ചാല്‍ പല പ്രാണികളെയും തടയാം. 

8) കമ്യൂണിസ്റ്റ് പച്ച :- ഇത് മണ്ണില്‍ ചേര്‍ത്താല്‍ മണ്ണില്‍ ഉപദ്രവകാരിയായി കഴിയുന്ന നിമവിരകളെ തടയാം.

9) കാന്താരി മുളക് :- ഒരുപിടി കാന്താരി മുളക് അരച്ച് നേര്‍പ്പിച്ച ഗോമൂത്രത്തില്‍ കലര്‍ത്തി തളിച്ചാല്‍ പല കീടങ്ങളെയും കായീച്ചയെയും തടയാം. 

10) ആത്ത :- ആത്തപ്പഴത്തിനകത്തെ വിത്ത് 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് പിന്നീട് അരച്ചെടുക്കുക. 50 ഗ്രാം വിത്ത് അരച്ചത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചാല്‍ പല കീടങ്ങളും നശിക്കും.

11) കിരിയാത്ത് :- നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ തടയാന്‍ കിരിയാത്ത് ചെടിയുടെ ഇളം തണ്ടുകളും ഇലകളും ചതച്ച് നീരെടുക്കുക. ഒരുലിറ്റര്‍ നീരില്‍ 50 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ചെടുത്ത് യോജിപ്പിച്ചശേഷം 10 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടിയില്‍ തളിക്കുക. 

12) ആര്യവേപ്പില :‌- പത്തായത്തിലും ധാന്യസംഭരണികളിലും ആര്യവേപ്പില ഇട്ടാല്‍ പല കീടങ്ങളെയും അകറ്റാം. 7-8 ആഴ്ച കൂടുമ്പോള്‍ ഇല മാറ്റി പുതിയത് ഇട്ടുകൊടുക്കുകയും ചെയ്യുക.

English Summary: Home remedies to get rid of pests

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds