തേൻ വീട്ടിലില്ലാത്ത ഇന്ത്യൻ കുടുംബങ്ങളുണ്ടാകില്ല അല്ലേ? ആയുർവേദത്തിലെ പ്രധാനിയാണ് തേൻ. തേനിൽ അടങ്ങിയിരിക്കുന്ന പല ഘടങ്ങളും ആരോഗ്യത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മാത്രമല്ല തേൻ സൗന്ദര്യ സംരക്ഷണങ്ങൾക്കും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതൊന്നും അല്ലാതെ നിങ്ങളുടെ തോട്ടത്തിൽ തേൻ പല തരത്തിൽ ഉപയോഗിക്കാം. ആൻ്റി ബാക്ടീരിയകൾ, ആൻ്റി ഫംഗൽ ഗുണങ്ങളുള്ളതിനാൽ ഇത് ചെടികൾക്ക് പല തരത്തിൽ ഉപയോഗ പ്രദമാണ്.
നിങ്ങളുടെ തോട്ടത്തിൽ തേൻ എങ്ങനെയൊക്കെ ഉപയോഗിക്കാം?
1. വളമായി ഉപയോഗിക്കാം
പൂവിടുന്നതും കായ്ക്കുന്നതുമായ എല്ലാ തരത്തിലുമുള്ള സസ്യങ്ങൾക്കും ഇത് ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. ഇതിൻ്റെ ബ്രിക്സ് ലെവൽ ഉയർത്തുന്നതിന് സഹായിക്കുന്നു, അതായത് കൂടുതൽ രുചിയും മധുരമുള്ളതുമായ പഴങ്ങൾ ലഭിക്കുന്നതിന് സഹായിക്കുന്നു. 2 ടേബിൾ സ്പൂൺ തേൻ 2 ലിറ്റർ വെള്ളത്തിൽ കലർത്തുക. നിങ്ങൾ സാധാരണയായി ചെടികൾക്ക് എങ്ങനെയാണോ വെള്ളം ഒഴിക്കുന്നത് അത്പോലെ തന്നെ ഒഴിക്കുക, നിങ്ങൾ ചട്ടികളിലാണ് വളർത്തുന്നത് എങ്കിൽ ചട്ടികളിൽ നിന്നും ഒഴുകുന്നത് വരെ വെള്ളം ഒഴിക്കാം. ഇത് രണ്ടാഴ്ചയിൽ ഒരിക്കൽ ചെയ്യാവുന്നതാണ്.
ശ്രദ്ധിക്കുക- നിങ്ങളുടെ തോട്ടത്തിൽ അമിതമായി ഉറുമ്പ് ശല്യം ഉണ്ടെങ്കിൽ തേൻ ഒഴിച്ച വെള്ളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് കാരണം ഉറുമ്പുകൾ പെരുകുന്നതിന് ഇത് ചിലപ്പോൾ കാരണമായേക്കാം.
2. പൂവീച്ചകളെ ഒഴിവാക്കുന്നതിന്
പഴങ്ങളിൽ കാണപ്പെടുന്ന ചെറിയ ഈച്ചകളാണ് പൂവീച്ചകൾ. അവയെ നിയന്ത്രിക്കുന്നതിന് വേണ്ടി നിങ്ങൾക്ക് തേൻ ഉപയോഗിക്കാവുന്നതാണ്. ഇതിനായി നിങ്ങൾക്ക് മോശമായ പഴം, തേൻ, ആപ്പിൾ സിഡെർ വിനെഗർ എന്നിവ ഉപയോഗിക്കാം. ഇതെല്ലാം ഒരു പാത്രത്തിൽ ഇട്ട് മുകളിൽ കുറച്ച് ആപ്പിൾ സിഡെർ വിനെഗർ ഒഴിക്കുക.സെലോഫെയ്ൻ കൊണ്ട് മൂടുക. ടൂത്ത്പിക്ക് ഉപയോഗിച്ച് അതിൽ ധാരാളം ദ്വാരങ്ങൾ ഉണ്ടാക്കുക, ഇത് പൂവീച്ചകളെ ഒഴിവാക്കുന്നതിന് സഹായിക്കുന്നു.
3. വേര് പിടിക്കുന്നതിന്
തേൻ വേരുകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. തേനിലെ ഗുണകരമായ ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ വേരുകൾ പെട്ടെന്ന് വളരുന്നതിനും, വേര് ചീയൽ ഒഴിവാക്കുന്നതിനും അണുബാധയിൽ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. പ്രത്യേകിച്ചും റോസ് വളർത്തുമ്പോൾ വേര് പെട്ടെന്ന് പിടിക്കുന്നതിന് തേൻ സഹായിക്കുന്നു.
2 കപ്പ് തിളപ്പിച്ച വെള്ളത്തിൽ 2 ടേബിൾസ്പൂൺ തേൻ കലർത്തി തണുപ്പിക്കുക. ഈ ലായനിയിലേക്ക് വെട്ടിയെടുത്ത തണ്ട് മുക്കി നടുക. 1 മുതൽ 3 ആഴ്ചകൾക്കുള്ളിൽ വേര് പിടിക്കുന്നത് സഹായിക്കുന്നു.
4. ഒച്ചിനെ ഒഴുവാക്കുന്നതിന്
കാണ്ഡം, ഇലകൾ, പഴങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ചെറിയ കറുത്ത പാടുകൾ ഒച്ചുകൾ വരുന്നു എന്നതിൻ്റെ സൂചനയാണ്. ഇതിൽ നിന്നും ചെടികളെ രക്ഷിക്കുന്നതിന് തേൻ ഉപയോഗിക്കാം. തിളപ്പിച്ച വെള്ളത്തിൽ തേനും യീസ്റ്റും ചേർത്ത് ഒരു ചെറിയ കണ്ടെയ്നറിലേക്കോ അല്ലെങ്കിൽ പാത്രത്തിലേക്കോ മാറ്റുക, ഇത് തറനിരപ്പിലേത്ത് കുഴിച്ചിടുക. ഒച്ചുകൾ എളുപ്പത്തിൽ ഇതിലേക്ക് വീഴുകയും ഇതിനെ ഇല്ലാതാക്കുകയും ചെയ്യാം.
ശ്രദ്ധിക്കുക- നിങ്ങളുടെ കണ്ടെയ്നർ വേണ്ടത്ര ആഴമുള്ളതായിരിക്കണം അങ്ങനെയെങ്കിൽ ഒച്ചുകൾക്ക് പുറത്തേക്ക് വരാൻ കഴിയില്ല.
ബന്ധപ്പെട്ട വാർത്തകൾ: മാതളനാരങ്ങയുടെ തൊലി കളയരുത്; ഗുണങ്ങൾ പല വിധത്തിലാണ്
Share your comments