വാഴയുടെ ഓരോ ഇനത്തിലും മൂപ്പെത്തുന്നത് തിരിച്ചറിയുക പ്രായോഗിക പരിശീലനത്തിലൂടെയേ സാധിക്കൂ.കായ പൊട്ടുന്നത് ഒരു ലക്ഷണമാണ്.പക്ഷേ മൂത്ത് മൂത്ത് തല നരയ്ക്കുമ്പോഴാണ് കായ പൊട്ടുന്നത്.പൊട്ടാഷ് കൂടിയാൽ കായ് പൊട്ടും.
മൈസൂർ പൂവനിൽ പച്ചനിറമുള്ള കായ കടും പച്ച...കറുപ്പു ച്ഛായ..കണ്ടാൽ മൂത്തു.അതിനു മുന്പേ ചിലപ്പോൾ ഇടയിൽ ഒരെണ്ണം പഴുത്തു കാണും.ആദ്യകായല്ലാതെ ഇടയിലെ കായ ആദ്യം പഴുക്കുന്നത് മൈസൂർ പൂവന്റെ പ്രത്യേക തയാണ്.മൈസൂർ പൂവനിൽ വല്ലാതെ മൂത്താൽ മധുരം കുറയും പുളിരസം കൂടും.കഷ്ടിച്ചു മൂപ്പെത്തുമ്പോൾ വെട്ടിയാൽ തേൻ മധുരമായിരിക്കും.
പൂവൻ കുല പച്ചപ്പു മാറി ചെറിയൊരു വിളർച്ച കണ്ടാൽ മൂത്തു
എന്നാണ് .ഞാലിപ്പൂവൻ മൂത്താലും പച്ചപ്പുനിറം തന്നെയായിരിക്കും.
ചെങ്കദളി ഉരുണ്ടു കൊഴുത്ത് വരുമ്പോൾ വാഴയിൽ3,4 പച്ചയിലയേ ഉണ്ടാവൂ.അതുവരെ വെയ്റ്റ് ചെയ്യാം.പക്ഷേ ശ്രദ്ധിക്കുക പൂവനും ചെങ്കദളിയും പഴുക്കാൻ തുടങ്ങിയാൽ
രണ്ടുമൂന്നു ദിവസം കൊണ്ട് ഒരു പടല പഴുത്തു പോകും.വാഴയ്ക്ക് നല്ല ഉയരമുള്ള തിന്നാൻ ചുവട്ടിൽ നിന്ന് നോക്കി മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ട്.
പൂജ കദളി വിളഞ്ഞ കായ കണ്ടും കൊണ്ടും പഠിക്കണം.കാരണം കായുടെ അറ്റത്തുള്ള പൂവിന്റെ ഉണങ്ങിയ ഭാഗം എത്രമൂത്താലും കൊഴിയാതെ നിൽക്കും.നമ്മൾ വിചാരിക്കും മൂത്തില്ല എന്ന്.പലപ്പോഴും ഒന്നും രണ്ടും കായ കിളിതിന്നുമ്പോഴാണ് മൂത്ത വിവരം അറിയുന്നത്.പൂവനേപ്പോലെ ഒരു പടല ഒന്നായി വാഴയിൽ നിന്ന് പഴുക്കില്ല . അതുകൊണ്ട് കുറച്ച് നമുക്കും കിട്ടും.
കർപ്പൂരവള്ളി... പാലക്കാട് ഭാഗത്തുള്ള ഒരിനമാണ്.തേൻ മധുരം.ആദ്യപടല പഴുത്താലും നേരിയ മഞ്ഞനിറം. വെട്ടിവെച്ചാൽ നല്ലമഞ്ഞനിറത്തിൽ പഴം കിട്ടും.കറുപ്പുകലർന്ന പച്ചനിറം വന്നാൽ മൂപ്പെത്തും.മൂത്ത കുല കാണാൻ യാതൊരു ഭംഗിയും വൃത്തിയുമില്ല.നല്ല തൊലിക്കട്ടി യുണ്ട്.തൊലിയും കിളികൾ തിന്നും.
കാവേരി വാഴ പച്ചപ്പ് മാറി വിളറി വെളുത്ത് മുകളിലേയ്ക്ക് മെഴുകുതിരി നാളം പോലെ നീണ്ടുകാണാം.കുല മൊത്തമായി വിളർച്ച ബാധിച്ചപോലെ തോന്നും.ഓരോ കായ മഞ്ഞനിറം വന്ന് ക്രമേണയേ പഴുക്കൂ.
മഞ്ഞനിറത്തിന്റെ തുടക്കത്തിൽ ഉള്ളിൽ പഴുത്തിട്ടുണ്ടാവില്ല.രണ്ടുദിവസം കൂടി കഴിഞ്ഞ് മൃദുവും നേരിയ സുഗന്ധവും വന്നാൽ പിന്നെ കിളികൾ ക്ഷമിച്ചെന്നുവരില്ല.അതായത് കാവേരി കുല വെട്ടാൻ തിരക്കു കൂട്ടേണ്ട.
റോബസ്റ്റ മുകൾപടല പച്ചപ്പു മാറി വിളറിയ നിറം വന്നാൽ നന്നായി മൂത്തു എന്നുപറയാം.വീണ്ടും നിർത്തിയാൽ മുകൾ പടലയിൽ ആദ്യത്തെ കായയിൽ മനോഹരമായ ഇളം മഞ്ഞനിറംഅറ്റത്തു പരക്കും.ഉയരമില്ലാത്ത വാഴയായതിനാൽ തൊട്ടടുത്തുനിന്ന് കാണാം.കാണേണ്ട കാഴ്ച തന്നെയാണത്.പലപ്പോഴും കുറച്ചുദൂരെ നിന്നും കണ്ട് ഓടിച്ചെന്ന് തൊട്ടും തലോടിയും ഞെക്കിയും നോക്കിയിട്ടുണ്ട്.ആയിട്ടില്ല വൈകുന്നേരത്ത് വെട്ടാമെന്നു വിചാരിച്ച് ചെന്നു നോക്കിയാൽ കായ പഴുത്ത് കിളിയോ അണ്ണാനോ അകത്താക്കിയിരിക്കും. നോക്കി നിൽക്കെ പഴുക്കുന്നവനാണ് റോബസ്റ്റ.
കടപ്പാട് : മോൻസി ജോസഫ്, മണ്ണാർക്കാട്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:തിപ്പലി- ഇടവിളയായി ചെയ്യാൻ പറ്റിയ ഔഷധ സസ്യം
Share your comments