വീട്ടിൽ തന്നെ ജൈവകൃഷി ചെയ്യുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. പൈസയും ലാഭിക്കാം പിന്നെ രാസവളങ്ങളും വിഷാംശവും ഇല്ലാത്ത ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ലഭ്യമാക്കാം. എന്നാൽ ജൈവകൃഷി ചെയ്യുമ്പോൾ, നടുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധ വേണ്ടത് അവയുടെ പരിപാലനത്തിനാണ്. കുറഞ്ഞ ചെലവിൽ മികച്ച ഫലം നേടാനായി വീട്ടിൽ നിന്നുതന്നെ ലഭ്യമാകുന്ന മാലിന്യങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന ചില വിദ്യകളാണ് പങ്ക് വയ്ക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ജൈവകൃഷി ചെയ്യുന്നത് കൊണ്ട് നമുക്കുണ്ടാവുന്ന ഗുണങ്ങൾ
- നമ്മുടെ വീടുകളിൽ സാധാരണയായി ഉണ്ടാകുന്ന ഒരു അടുക്കള വേസ്റ്റാണ് മുട്ടത്തോട്. ഇതിൻറെ പ്രാധാന്യത്തെപ്പറ്റി പലർക്കുമറിയില്ല. അറിവുള്ളവർ ശരിയായ രീതിയിലല്ല ഉപയോഗിക്കുന്നതും. ചെടികൾക്ക് വളരെ മികച്ച ജൈവവളമാണ് മുട്ടത്തോട്. എന്നാലത് വെറുതെ ചെടികളുടെ ചുറ്റിനും നിക്ഷേപിച്ചാൽ പോരാ. ആദ്യം ആവശ്യത്തിന് മുട്ടത്തോട് ശേഖരിക്കണം. നമ്മുടെ വീടുകളിൽ നിന്നും അയൽക്കാരുടെ വീടുകളിൽ നിന്നും ഇവ ശേഖരിക്കാവുന്നതാണ്. എത്രത്തോളം ചെടികളുണ്ടോ അതിന് ആനുപാതികമായി വേണം മുട്ടത്തോട് ശേഖരിക്കാൻ. തുടർന്ന് ഇത് നന്നായി പൊടിച്ചെടുക്കണം. ശേഷം പൊടിച്ചെടുത്ത മുട്ടത്തോട് നന്നായി വെയിലത്ത് വച്ച് ഉണക്കിയെടുക്കണം. ഒരാഴ്ചയെങ്കിലും ഇപ്രകാരം വെയിലത്ത് വച്ച് നന്നായി ഉണക്കിയെങ്കിൽ മാത്രമേ മികച്ച ഫലം ലഭിക്കുകയുള്ളൂ. ഉണക്കിയതിന് ശേഷം വീണ്ടും നന്നായി പൊടിക്കണം. ഇത് ചെടികളുടെ ചുറ്റുമായി നിക്ഷേപിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: മുട്ട തോടുകൾ ഭക്ഷ്യയോഗ്യമാണോ ? കഴിച്ചാൽ ഗുണമുണ്ടോ?
- ചായ ഉണ്ടാക്കിയതിന് ശേഷം ലഭിക്കുന്ന തേയില ചണ്ടിയും മികച്ച വളമാണ്. എന്നാലിത് വെറുതെ ചെടികളിൽ നിക്ഷേപിക്കാൻ പാടില്ല. ആദ്യം ഇത് നന്നായി കഴുകിയതിന് ശേഷം വെയിലത്ത് ഉണക്കിയെടുത്ത് ചെടികളിൽ വളമായി ഉപയോഗിക്കാം.
- പഴത്തിൻറെ തൊലി നല്ലൊരു വളമാണ്. തൊലി വെറുതെ കഷ്ണങ്ങളാക്കി ചെടിയിൽ ഇടുകയോ ഉണക്കി പൊടിച്ചതിന് ശേഷം ഇടുകയോ ചെയ്യാം.
ബന്ധപ്പെട്ട വാർത്തകൾ: പുഷ്‌പ കൃഷി വിജയീകരിക്കാൻ ഈ ജൈവവളങ്ങൾ പരീക്ഷിച്ചു നോക്കൂ
- കപ്പലണ്ടി പിണ്ണാക്കും കടലപിണ്ണാക്കും പൂവിടുന്ന ചെടികൾക്ക് പറ്റിയ ജൈവവളമാണ്. ഇവ മൂന്ന് ദിവസം വെള്ളത്തിലിട്ട് പുളിപ്പിച്ചെടുക്കണം. തുടർന്ന് ഇത് തെളിച്ചെടുത്ത് സ്പ്രേ രൂപത്തിൽ ചെടിക്ക് അടിച്ചുകൊടുക്കുക. ഒരു ഗ്ളാസ് തെളിച്ചെടുത്ത പിണ്ണാക്കിൻറെ വെള്ളവും ഒപ്പം മൂന്ന് ഗ്ളാസ് വെള്ളവും ചേർത്ത് ചെടിക്ക് തളിച്ചുകൊടുക്കുക. പതിനഞ്ച് ദിവസം കൂടുമ്പോഴാണ് ചെടികൾക്ക് വളപ്രയോഗം ചെയ്യേണ്ടത്.
കൃഷി പൊടിക്കൈകൾ എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Farm care tips'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments