കേരളത്തില്‍ കൃഷിഭൂമിയുടെ മുക്കാല്‍ ഭാഗവും അമ്ലത (പുളിരസം) ഏറിയതാണ്. എല്ലാ പഞ്ചായത്തുകളില്‍ നിന്നുമായി രണ്ടു ലക്ഷം മണ്ണു സാമ്പിളുകള്‍ ശേഖരിച്ചു നടത്തിയ പരിശോധനയുടെ ഫലം അപഗ്രഥിച്ചപ്പോള്‍ 91% സാമ്പിളുകളും അമ്ലതയേറിയതാണെന്നു തെളിഞ്ഞു. അതിനാല്‍ കുമ്മായവസ്തുക്കളുടെ ഉപയോഗം നമ്മുടെ മണ്ണില്‍ അത്യാവശ്യമാണ്.
വിളകളുടെ ഉല്‍പാദനശേഷിയെ ഗണ്യമായി സ്വാധീനിക്കുന്ന ഘടകമാണ് മണ്ണിന്റെ രാസസ്വഭാവം. അമ്ല-ക്ഷാര സൂചിക (പി.എച്ച്) 7 ല്‍ താഴെ ആയിരിക്കുമ്പോള്‍ അത് അമ്ലഗുണമുളളതും ഇത് 7 ല്‍ കൂടുമ്പോള്‍ ക്ഷാരഗുണമുളളതും ആയിരിക്കും. പി.എച്ച് 7 എങ്കില്‍ സന്തുലിതം എന്നു പറയാം.
മണ്ണിലെ പോഷക മൂലകങ്ങള്‍ വിളകള്‍ക്ക് ലഭ്യമാക്കുന്നതില്‍ സവിശേഷ പങ്കാണ് പി.എച്ചിനുളളത്. കൂടാതെ മണ്ണിലെ അണുജീവികളുടെ പ്രവര്‍ത്തനം, ജൈവവസ്തുക്കളുടെ ജീര്‍ണനം എന്നിവയും രാസസ്വഭാവത്തെ ആശ്രയിച്ചാണ് നടക്കുന്നത്.
അമ്ലത എന്തുകൊണ്ട്?
കേരളത്തില്‍ കാണുന്ന ലാറ്ററൈറ്റ് (വെട്ടുകല്ല്) മണ്ണില്‍ ജൈവാംശം വളരെ കുറവാണ്. കനത്ത മഴയില്‍ വെളളത്തോടൊപ്പം ക്ഷാരഗുണമുളള മൂലകങ്ങളായ കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയവ ഒലിച്ചു പോകുകയും അമ്ലത നല്‍കുന്ന ഹൈഡ്രജന്‍, അലുമിനിയം, ഇരുമ്പ് തുടങ്ങിയ മണ്ണില്‍ കേന്ദ്രീകരിക്കുകയും ചെയ്യുമ്പോഴാണ് പുളിരസം ഉണ്ടാകുന്നത്. വിളകള്‍ മണ്ണില്‍ നിന്ന് ക്ഷാര മൂലകങ്ങള്‍ കൂടുതല്‍ വലിച്ചെടുക്കുന്നതിനാലും രാസവളങ്ങളായ യൂറിയ, അമോണിയം സള്‍ഫേറ്റ് തുടങ്ങിയവയുടെ അമിത ഉപയോഗം മൂലവും അമ്ലത ഉണ്ടാകാം. അമ്ലത കൂടിയ പാറകള്‍ പൊടിഞ്ഞും അമ്ലഗുണമുളള മണ്ണ് ഉണ്ടാകും. മണ്ണില്‍ ചേര്‍ക്കുന്ന ജൈവവസ്തുക്കള്‍ അഴുകുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബോണിക് ആസിഡ്, അമ്ലമഴ, സസ്യ വേരുകള്‍ പുറന്തളളുന്ന ഹൈഡ്രജന്‍ അയോണുകള്‍ എന്നിവയും മണ്ണില്‍ പുളിരസമുണ്ടാക്കും.
ദോഷങ്ങള്‍
മണ്ണില്‍ പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവയുടെ ലഭ്യത കുറയ്ക്കുന്നു. നൈട്രജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ തുടങ്ങിയവ ലഭ്യമാക്കുന്ന സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനക്ഷമത കുറയ്ക്കുന്നു. അലുമിനിയം, മാംഗനീസ് എന്നിവയുടെ വിഷഫലം കൂടും. ദോഷകാരികളായ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനക്ഷമത കൂട്ടുന്നു. മണ്ണില്‍ ചേര്‍ക്കുന്ന രാസവളങ്ങള്‍ വിളകള്‍ക്ക് ലഭ്യമാക്കുന്നത് കുറയ്ക്കുന്നു.
അമ്ലത അറിയാം
മണ്ണിന്റെ അമ്ലത അളക്കാനുളള സൂചികയാണ് പി.എച്ച്. പൂജ്യം മുതല്‍ പതിനാലു വരെയാണ് പി.എച്ച് സ്‌കെയില്‍. പി.എച്ച് മീറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ചു പരിശോധിച്ചാല്‍ മണ്ണിലെ അമ്ലത അറിയാം. കൃഷിവകുപ്പിന്റെ കീഴില്‍ ഓരോ ജില്ലയിലും മണ്ണു പരിശോധനശാലയുണ്ട്. മണ്ണിന്റെ പി.എച്ച് 6.5 മുതല്‍ 7 എന്ന പരിധിയില്‍ വരുന്നതാണ് വിളകള്‍ക്ക് നല്ലത്.
എങ്ങനെ നിയന്ത്രിക്കാം
കുമ്മായം ചേര്‍ക്കലാണ് പ്രധാന മാര്‍ഗം. നീറ്റുകക്ക, ഡോളമൈറ്റ്, കുമ്മായം, ചുണ്ണാമ്പു കല്ല് എന്നിവയാണ് വിപണിയില്‍ കിട്ടുന്ന കുമ്മായ വസ്തുക്കള്‍.
കുമ്മായം ചേര്‍ക്കുമ്പോള്‍
മണ്ണിന്റെ കൂടിയ അമ്ലത പരിഹരിക്കും. മണ്ണില്‍ അധിക തോതില്‍ കാണുന്ന ഇരുമ്പ്, അലുമിനിയം തുടങ്ങിയ മാത്രകളുടെ ദൂഷ്യഫലങ്ങള്‍ ഒഴിവാക്കും. കുമ്മായവസ്തുക്കളില്‍ അടങ്ങിയ കാല്‍സ്യം സസ്യ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഡോളമൈറ്റ് കുമ്മായവസ്തുവായി ഉപയോഗിക്കുമ്പോള്‍ കാല്‍സ്യത്തിനു പുറമെ മഗ്നീഷ്യം എന്ന മൂലകം കൂടി ചെടികള്‍ക്ക് ലഭിക്കും.
പൊട്ടാസ്യത്തിന്റെ ആഗിരണം നിയന്ത്രിക്കുന്നു. കുമ്മായം ചേര്‍ത്ത് ഒരാഴ്ചയെങ്കിലും കഴിഞ്ഞ ശേഷമേ പൊട്ടാഷ് വളം ചേര്‍ക്കാവൂ. കുമ്മായം ചേര്‍ക്കുമ്പോള്‍ മണ്ണില്‍ നിന്ന് ഹൈഡ്രജന്‍ അയോണുകള്‍ നീക്കം ചെയ്ത് അവിടെ കാല്‍സ്യം അയോണുകള്‍ സ്ഥാനം പിടിക്കും. തുടര്‍ന്ന് പൊട്ടാഷ് വളം നല്‍കുമ്പോള്‍ കാല്‍സ്യത്തെ മാറ്റി പൊട്ടാസ്യം അയോണുകള്‍ എത്തിച്ചേരുകയും ചെടികള്‍ വലിച്ചെടുക്കുകയും ചെയ്യും.
ഫോസ്ഫറസിന്റെ ലഭ്യതയും വര്‍ദ്ധിപ്പിക്കും. അമ്ലമണ്ണില്‍ ഇരുമ്പ് അലുമിനിയം എന്നീ മൂലകങ്ങള്‍ ഫോസ്ഫറസുമായി പ്രവര്‍ത്തിച്ച് അലേയ അലുമിനിയം / ഇരുമ്പ് ഫോസ്‌ഫേറ്റുകള്‍ ഉണ്ടാകും. മണ്ണിന്റെ പി.എച്ച് 6 മുതല്‍ 6.8 ല്‍ നില്‍ക്കുമ്പോള്‍ ആണ് ചെടികള്‍ ഫോസ്ഫറസിന്റെ കാര്യക്ഷമമായ ആഗിരണം നടത്തുന്നത്. ശുപാര്‍ശ ചെയ്ത അളവിലുളള കുമ്മായ പ്രയോഗം മണ്ണിന്റെ ഘടന മെച്ചപ്പെടുത്തും. അമ്ല മണ്ണില്‍ ചില രോഗകാരികളായ സൂക്ഷ്മജീവികളുടെ വളര്‍ച്ചയെ കുമ്മായം ഒരു പരിധി വരെ നിയന്ത്രിക്കും.
കുമ്മായത്തിന്റെ അളവ്
മണ്ണിന്റെ പി.എച്ച് നിര്‍ണയിച്ചാണ് യഥാര്‍ഥ കുമ്മായ ആവശ്യകത കണക്കാക്കുന്നത് വിളകളുടെ പൊതു ശുപാര്‍ശ നോക്കാം.
വിള കുമ്മായം
നെല്ല് 600 കിലോ / ഹെക്ടര്‍
തെങ്ങ് ഒരു കിലോ / തെങ്ങ്
പയര്‍ ഒരു കിലോ / സെന്റ്
പച്ചക്കറികള്‍ 2 കിലോ / സെന്റ്
വാഴ 0.5 കിലോ / ചെടി
കുമ്മായ വസ്തുക്കള്‍ക്ക് നേര്‍മ ഏറുന്തോറും പ്രവര്‍ത്തനക്ഷമത കൂടും. മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ വേണം കുമ്മായപ്രയോഗം നടത്താന്‍. കുമ്മായത്തില്‍ ബോറോണ്‍, ഇരുമ്പ്, മാംഗനീസ് കോപ്പര്‍, സിങ്ക് ഇവയുടെ കുറവുണ്ടാകാം. കുമ്മായവസ്തുക്കള്‍ വിളകളുടെ ഇലകളില്‍ വീഴാതെ ശ്രദ്ധിക്കണം. കുമ്മായം ചേര്‍ത്ത് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞേ വളം ചേര്‍ക്കാവൂ.
Share your comments