കൃത്യസമയങ്ങളിൽ കളകൾ നിയന്ത്രിക്കുക, വളങ്ങൾ ചേർക്കുക, കീടരോഗങ്ങളെ പ്രതിരോധിക്കുക തുടങ്ങിയ കാര്യങ്ങൾ അടുക്കളത്തോട്ടത്തിൽ കൃത്യമായി അവലംബിച്ചു പോയാൽ മാത്രമേ നല്ല രീതിയിൽ വിളവ് ലഭിക്കുകയുള്ളൂ. തറഞ്ഞു കിടക്കുന്ന മണ്ണ് ഇടയ്ക്ക് ഇളക്കി ചുറ്റും കൂടുമ്പോൾ വായുസഞ്ചാരം വർദ്ധിക്കുകയും തൈകൾ കരുത്തോടെ വളരുകയും ചെയ്യും. ഒരു തവണ സെന്റിന് 150 ഗ്രാം യൂറിയയും 400 ഗ്രാം പൊട്ടാഷും നൽകുന്നത് ഉത്തമമാണ്.
പച്ചക്കറികൾക്ക് പച്ചചാണകം നേർപ്പിച്ചു ഒഴിച്ചുകൊടുക്കുന്നത് ചെടികളുടെ വളർച്ച വേഗത്തിലാക്കാൻ സഹായിക്കും. പ്രധാനമായും നമ്മുടെ അടുക്കളത്തോട്ടത്തിൽ കണ്ടുവരുന്നത് നീരൂറ്റിക്കുടിക്കുന്ന വെള്ളീച്ച, പച്ചത്തുള്ളൻ, ഇലപ്പേൻ, ചുവന്ന മണ്ഡരി തുടങ്ങിയ ചെറുകീടങ്ങളാണ്. ഇവയ്ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന പ്രതിവിധി വേപ്പെണ്ണ -വെളുത്തുള്ളി മിശ്രിതം ആണ്. അര ലിറ്റർ ചെറുചൂടുള്ള വെള്ളത്തിൽ 50 ഗ്രാം ബാർസോപ്പ് ചീകി ലയിപ്പിക്കുക.
ഇത് 200 മില്ലി വേപ്പെണ്ണയിൽ സാവധാനം ഒഴിച്ചിളക്കുക. 200ഗ്രാം വെളുത്തുള്ളിയുടെ അല്ലികൾ അരച്ചെടുത്ത് 300 മില്ലി വെള്ളത്തിൽ കലക്കി അരിച്ചെടുത്തു സോപ്പ് വേപ്പെണ്ണ മിശ്രിതത്തിലേക്ക് സാവധാനം ഒഴിച്ച് ഇളക്കുക. ഇതിലേയ്ക്ക് 9 ലിറ്റർ വെള്ളം കൂടി ചേർത്ത് ഇളക്കുക. വെളുത്തുള്ളി- വേപ്പെണ്ണ മിശ്രിതം ആയി. കായീച്ചകളെ നിയന്ത്രണവിധേയമാക്കാൻ ഇത് ഉത്തമമാണ്. കീടങ്ങളെ പോലെ തന്നെ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് മണ്ണിൻറെ നീർവാർച്ച. പച്ചക്കറി തോട്ടത്തിൽ നല്ല നീർവാർച്ച ഉറപ്പാക്കിയാൽ മാത്രമേ നല്ല രീതിയിൽ വിളവ് ലഭിക്കുകയുള്ളൂ. കൂടാതെ എല്ലാത്തരം ചെടികളുടെ അടിഭാഗത്തും തവിട്ടുനിറത്തിൽ പൊട്ടുകൾ പോലെ കാണപ്പെടുന്ന ഒരു കുമിൾ രോഗം ആണ് ഡൗണി മിൽഡ്യൂ. ഇതിനെ പ്രതിരോധിക്കാൻ 20 ഗ്രാം സ്യൂഡോമൊണാസ് കൾച്ചർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ 15 ദിവസം ഇടവിട്ട് മൂന്നുദിവസം തളിച്ചു കൊടുത്താൽ മതി.
ഇതിനോടൊപ്പം ഒരു ലിറ്റർ വെള്ളത്തിൽ 10 ഗ്രാം പച്ച ചാണകം കൂടി കലക്കി അരിച്ചെടുത്ത വെള്ളം ആണെങ്കിൽ പ്രയോഗം കൂടുതൽ കാര്യക്ഷമമാക്കും. ഇലകളുടെ താഴ്ഭാഗത്ത് വൈകുന്നേര സമയങ്ങളിൽ ഇത് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ഇതു കൂടാതെ പൊട്ടാസ്യം മണ്ണിൽ ചേർക്കുമ്പോൾ അധികമാകാതെ ശ്രദ്ധിക്കണം. പൊട്ടാഷ് അധികമായാൽ കായ്കൾ വിണ്ടുകീറുന്ന പ്രശ്നമുണ്ടാകും.
Share your comments