നമ്മുടെ കൃഷിയിടങ്ങളില്‍ നല്ലൊരു ശതമാനം പലപ്പോഴും കൃഷിയും വന്യമൃഗങ്ങളും വനമേഖലകളോടടുത്തായിരിക്കും. എന്തെല്ലാം പ്രതിരോധം തീര്‍ത്താലും അവയെല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ട് കൃഷി നശിപ്പിക്കാനെത്തുന്ന വന്യജീവികളുടെ ശല്യം ധാരാളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വന്യമൃഗങ്ങളില്‍ ഏറ്റവുമധികം ഉപദ്രവം കാര്‍ഷിക വിളകള്‍ക്കുണ്ടാക്കുന്നത് കാട്ടു പന്നികളാണ്. വനമേഖലയോട് സമീപമുളള സ്ഥലങ്ങളിലും തരിശിട്ട് കാടു പോലെയായി തീര്‍ന്ന കുറ്റിക്കാടുകളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഇവ കര്‍ഷകര്‍ക്ക് ഒരു പേടി സ്വപ്‌നമാണ്. വിളകള്‍ ഭക്ഷിക്കുന്നതിനു പുറമെ ഇവ ചവിട്ടിയും പിഴുതും നശിപ്പിക്കും. കൊയ്യാന്‍ പാകമായ നെല്‍വയലില്‍ കിടന്നുരുണ്ട് നെല്ല് നശിപ്പിക്കും. അതിരാവിലെയും സന്ധ്യകഴിഞ്ഞുമാണ് ഉപദ്രവം കൂടുതല്‍.
പൂര്‍ണ്ണവളര്‍ച്ചയെത്തിയ കാട്ടുപന്നിക്ക് ഇരുണ്ട ചാര നിറമാണ്. ഇവയ്ക്ക് ഏകദേശം 90 സെ.മീറ്റര്‍ ഉയരവും 130-230 കിലോ ഗ്രാം ഭാരവും കാണും. ഒരു പ്രസവത്തില്‍ 5 മുതല്‍ 12 വരെ കുഞ്ഞുങ്ങളുണ്ടാകും.കാട്ടു പന്നികളെ നിയന്ത്രിക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്.
യാന്ത്രിക മാര്‍ഗ്ഗങ്ങള്‍
ഇതില്‍ മാര്‍ഗ്ഗ തടസ്സം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇവയ്ക്ക് കാഴ്ചയും കേള്‍വിയും കുറവും ഗന്ധം കണ്ടുപിടിക്കാനുളള കഴിവ് കൂടുതലാണ്.
മുളള് വേലി
3 നിരകളിലായി കൃഷിയിടത്തിന് ചുറ്റും മുളള് വേലി കെട്ടുക. ആദ്യകമ്പി മണ്ണില്‍ നിന്നും ഒരു അടി ഉയരത്തിലും മറ്റുളളത് അതിന് മുകളിലായി ഓരോ അടി ഉയരത്തിലും കെട്ടണം.
കമ്പി വേലി
ഇതുവഴി ഇവ കൃഷിയിടത്തില്‍ വരുന്നത് പൂര്‍ണ്ണമായും തടയാം. കൂടുതല്‍ കാലം നിലനില്‍ക്കും. വിളകളില്‍ നിന്നും ഒരടി വ്യാസത്തില്‍ നാല് വരമ്പുകള്‍ കെട്ടുക.
മീന്‍ വല കെട്ടല്‍
ഇത് വളരെ ഉപകാരപ്രദമായി കണ്ടു വരുന്നു. കൃഷിയിടത്തിനു ചുറ്റും 3 മീറ്റര്‍ അകലത്തില്‍ കമ്പുകള്‍ നാട്ടുക. മീന്‍വലകള്‍ നിലത്തു നിന്നും 3 അടി ഉയരത്തില്‍ നില്‍ക്കുന്നവിധം കെട്ടുക. അതിനു ശേഷം തറനിരപ്പില്‍ 2 അടി വീതിയില്‍ മണ്ണില്‍ വലകള്‍ വിരിച്ചിട്ട ശേഷം ചെറിയ കുറ്റികള്‍ ഉപയോഗിച്ച് മണ്ണില്‍ തറയ്ക്കുക. അതോടൊപ്പം വലകളുടെ മുകള്‍ ഭാഗത്തും താഴെ തറനിരപ്പില്‍ നിന്നും 15 സെ.മീറ്റര്‍ മുകളിലായും പ്ലാസ്റ്റിക് കയര്‍ മീന്‍ വലകള്‍ക്കിടയിലൂടെ കോര്‍ത്ത് താങ്ങുകളുമായി കൂട്ടിക്കെട്ടുകയും ചെയ്യുക.
ജി.ഐ. കമ്പിവേലി
കൃഷിയിടത്തിനു ചുറ്റും 5 മീറ്റര്‍ അകലത്തില്‍ കമ്പുകള്‍ നാട്ടി ഏക കമ്പികള്‍ നിലത്തു നിന്നും ഒരടി ഉയരത്തില്‍ കെട്ടുന്നു കമ്പികളില്‍ മുട്ടി പേടിച്ച് തിരിച്ച് പോകുന്നു.
വൈദ്യുത വേലി
കൂടുതല്‍ ഉല്‍പാദന മൂല്യമുളള വിളകള്‍ക്കാണ് ഇത് അനുയോജ്യം. സ്ഥിരമാര്‍ഗ്ഗമായതിനാല്‍ കൂടുതല്‍ പ്രചാരമുണ്ട്. കമ്പിവേലി കെട്ടിയ ശേഷം ഇതിനെ സോളാര്‍ പാനലുകളുമായി ബന്ധിപ്പിച്ച് 12 V വൈദ്യുതി കടത്തി വിടുന്നു. വൈദ്യുതാഘാതം ഏല്‍ക്കുന്ന പന്നികളുടെ നിലവിളി മറ്റു പന്നികളെ അകറ്റുന്നു. എന്നാല്‍ ജനവാസ മേഖലയില്‍ ഇത് സ്ഥാപിക്കുമ്പോള്‍ സുരക്ഷിതത്വവും പാലിക്കേണ്ട നടപടിക്രമങ്ങളും പാലിച്ചിരിക്കണം.
ഓട്ടോമാറ്റിക് ക്രാക്കര്‍ സ്‌റ്റേഷന്‍
ഇതില്‍ നിന്നും കൃത്യമായ ഇടവേളകളില്‍ പടക്കം പൊട്ടുന്നത് ഇവയെ അകറ്റുന്നു.
കിടങ്ങുകളുടെ നിര്‍മ്മാണം
കൃഷിയിടത്തിനു ചുറ്റും 2 അടി വീതിയും 1-1.5 അടി താഴ്ചയിലും കിടങ്ങുകള്‍ നിര്‍മ്മിക്കുന്നത് ഇവയെ അകറ്റുന്നു. മഴവെളളം സംഭരിക്കാന്‍ സഹായിക്കുന്നു.
ജൈവീക മാര്‍ഗ്ഗങ്ങള്‍
വിളകള്‍ക്ക് ചുറ്റും ജൈവ വേലി കെട്ടുക. വിളകള്‍ക്ക് ചുറ്റും 2 വരി പൈനാപ്പിള്‍ നടുന്നത് ഇവയെ അകറ്റുന്നു. ഇവക്ക് പകരം കാട്ടുതൈ ആനക്കൈത എന്നിവയും വച്ചു പിടിപ്പിക്കാം.
രാസമാര്‍ഗ്ഗങ്ങള്‍
വിളകളുടെ തനതായ ഗന്ധം മറക്കുന്ന രാസവസ്തുക്കള്‍ ഇതില്‍ ഉപയോഗിക്കുന്നു. ശക്തമായ ഗന്ധമുളള രാസവസ്തുക്കള്‍ തുണിയില്‍ കിഴികെട്ടിയോ പോളിത്തീന്‍ കവറില്‍ നിറച്ച് ദ്വാരങ്ങള്‍ ഇട്ടോ വിളകള്‍ക്ക് ചുറ്റും 3 മീറ്റര്‍ അകലത്തില്‍ 60-100 സെ.മീറ്റര്‍ ഉയര്‍ത്തിക്കെട്ടാം. ഇത് തന്നെ കൃഷിയിടത്തിനു ചുറ്റും വിതക്കുകയും ചെയ്യാം.
ബോറെപ്പ്
ഇത്തരത്തില്‍ ഉപയോഗിക്കാവുന്ന ഒരു വികര്‍ഷിണിയാണ് ബൊറൈപ്പ്. കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ച് എടുത്തതാണിത്.
ഉപയോഗക്രമം :- 25 ഗ്രാം വീതം കോട്ടണ്‍ തുണികളില്‍ ഓരോ കിഴികളിലാക്കി കൃഷിയിടത്തിന് ചുറ്റും 2-3 മീറ്റര്‍ അകലത്തില്‍ നിലത്ത് നിന്ന് 10 സെ.മീറ്റര്‍ ഉയരത്തില്‍ ഉയര്‍ത്തിക്കെട്ടുക. മഴ നനയരുത്. ഇതിനായി കണ്ണന്‍ ചിരട്ടയോ പ്രാസ്റ്റക്കോ ഉപയോഗിക്കാം. ഇത് കൈകാര്യം ചെയ്യുമ്പോള്‍ കൈയ്യുറ ധരിക്കുന്നത് നല്ലതാണ്. കൂടാതെ കൃഷിയിടത്തിനും ചുറ്റും വിതറുക. ഒരു ഏക്കറിന് 2 കിലോ ഉപയോഗിക്കണം. മൂന്നാഴ്ച ഇതിന്റെ ഫലം നില്‍ക്കും പിന്നീട് പുതിയത് വയ്ക്കണം.
മുട്ടലായനി തളിക്കല്‍
മുട്ട നന്നായി അടിച്ച് പതപ്പിച്ചത് 20 മില്ലി 1 ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലക്കി കൃഷിയിടത്തിനു ചുറ്റുമുളള വിളകളിലും മണ്ണിലും തളിക്കുക. 10 ദിവസം ഇടവിട്ട് തളിക്കണം.
പാരമ്പര്യമാര്‍ഗ്ഗങ്ങള്‍
കര്‍ഷകര്‍ സ്വന്തമായി അനുവര്‍ത്തിക്കുന്ന മാര്‍ഗ്ഗങ്ങളാണ് ഇവ.
തലമുടി
ഇത് വളരെ ഫലപ്രദമായി കണ്ടുവരുന്നു. ബാര്‍ബര്‍ഷോപ്പില്‍ നിന്നും ശേഖരിച്ച തലമുടി വളരെ ചെറുതായി മുറിച്ച് കൃഷിയിടത്തിന് ചുറ്റും വിതറുക. പന്നി മണത്ത് വരുമ്പോള്‍ ഇത് മൂക്കില്‍ കയറി ശ്വാസതടസ്സം ഉണ്ടാകുന്നു. ഇവ പുറപ്പെടുവിക്കുന്ന ശബ്ദം മറ്റുളളവയെയും അകറ്റുന്നു.
നിറമുളള സാരികെട്ടല്‍
കൃഷിയിടത്തിന് ചുറ്റും വ്യത്യസ്ത നിറങ്ങളില്‍ ഉളള സാരികള്‍ കെട്ടുന്നതിലൂടെ മനുഷ്യരുണ്ട് എന്ന തെറ്റായ ചിന്ത പന്നികളില്‍ ഉണര്‍ത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.
പന്നിക്കാഷ്ടം പുകയ്ക്കുക
നാടന്‍ പന്നിയുടെ ഉണങ്ങിയ കാഷ്ടം കത്തുമ്പോഴുണ്ടാകുന്ന പുക ഇവയെ അകറ്റുന്നും. ഇവയുടെ കാഷ്ടം ചാണകം പോലെ കലക്കി കൃഷിയിടത്തിന് ചുറ്റും തളിക്കുകയും ചെയ്യാം. കൈയുറ ഉപയോഗിക്കുക.
പടക്കം
പടക്കം പൊട്ടിച്ച് പന്നിയെ അകറ്റാം.
തീയിടുക
രാത്രി ചപ്പു ചവറുകള്‍ കൂട്ടി തീയിടുന്നതും ഇവയെ അകറ്റുന്നു. കാട്ടുപന്നികളെ നിയന്ത്രിക്കാനായി ഉപയോഗിക്കുന്ന ഏതൊരു മാര്‍ഗ്ഗവും വന്യജീവി നിയമം പാലിക്കുന്നതാണ്. ലംഘിക്കുന്നതല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. സമീപപ്രദേശങ്ങളിലേക്ക് തീ പടരാതെ സൂക്ഷിക്കേണ്ടതാണ്.
Share your comments