Farm Tips

തലമുടിയിൽ നിന്നും മികച്ച വളം തയ്യാറാക്കാം         

തലമുടി അതിന്റെ തനതു രൂപത്തിൽ നശിക്കാൻ വളരെ വർഷങ്ങൾ തന്നെ എടുക്കുന്ന ഒന്നാണ് അതുകൊണ്ട് തന്നെ ബ്യൂട്ടി പാർലറുകളിൽ നിന്നും ബാർബർഷോപ്പുകളിൽ നിന്നും പുറന്തള്ളുന്നമാലിന്യമുടി പ്ലാസ്റ്റിക് പോലെ നശിക്കാതെ മണ്ണിൽ ദ്രവിച്ചു ചേരാതെ കിടക്കും. പൊതുസ്ഥലങ്ങളിൽ പുറന്തള്ളുന്ന മാലിന്യമുടി ചാലുകളിൽ നീരൊഴുക്ക് തടസ്സപ്പെടുത്തുകയും കര പ്രദേശത്തു വെള്ളകെട്ടുണ്ടാക്കുകയും ചെയ്യുന്നു. എന്നാലിതാ മാലിന്യമായി നാം പുറം തള്ളുന്ന മുടിയിൽ നിന്നും മികച്ച ജൈവവളം തയ്യാറാക്കാം എന്ന് കണ്ടെത്തിയിരിക്കുകയാണ്. തൃശ്ശൂരിൽ നടന്ന വൈഗ കൃഷി ഉന്നതിമേളയിലാണ് ഇതിന്റെ സാങ്കേതിക വിദ്യ പുറത്തിറക്കിയത്. താപ-രാസ പ്രക്രിയ വഴി മാലിന്യമുടി സംസ്കരിച്ചെടുക്കാം എന്ന് കാർഷിക സർവകലാശാലയിലെ ഗവേഷകർ നടത്തിയ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞു.ഒരു കിലോഗ്രാം മുടി താപ, രാസ പ്രക്രിയകള്‍ വഴി ഒന്നര ലിറ്റര്‍ ദ്രവരൂപത്തിലുള്ള വളമാക്കി മാറ്റാമെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ കോളജ് മൈക്രോ ബയോളജി വിഭാഗം പ്രൊഫ. ഡോ.ഡി. ഗിരിജയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണങ്ങളിലൂടെ കണ്ടെത്തി. മുടിയില്‍ നിന്നുള്ള ഒരു ലിറ്റര്‍ വളത്തില്‍ ഒന്‍പത് ഗ്രാം പാക്യജനകം, അഞ്ച് ഗ്രാം പൊട്ടാസ്യം, 20 മില്ലിഗ്രാം കാത്സ്യം, മൂന്ന് മില്ലിഗ്രാം മഗ്നീഷ്യം, 72 മില്ലിഗ്രാം സള്‍ഫര്‍, 3.3 മില്ലിഗ്രാം സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ചീര, വെണ്ട, വഴുതന തുടങ്ങിയ ഇനങ്ങളില്‍ മുടിയില്‍ നിന്നുള്ള വളപ്രയോഗം സാധാരണ പരിപാലന മുറകളേക്കാള്‍ അധികം ഉല്‍പാദനത്തിനു വഴിയൊരുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുടിയിൽ നിന്നും ജൈവവളം നിർമ്മിക്കാമെന്നു ഇതിനു മുൻപും കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ കർഷകനായ രവീന്ദ്രൻ ഉള്ളൂർ മുടിയിൽ നിന്ന് ജൈവവളം നിർമിച്ചു വിജയം കണ്ടിട്ടുണ്ട്. നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ചാണകമോ മറ്റു വളങ്ങളോ ചേർത്ത് കുതിർത്ത മുടിയെ മണ്ണിരകൾക്ക് ഭക്ഷണമാക്കി മുടി മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കിയാണ് അദ്ദേഹം പച്ചക്കറികൾക്ക് വളമാക്കിയിരുന്നത്. ഇതിൽ നിന്നും ഊറിവരുന്ന വെള്ളം വെർമിവാഷ് ആയും ഉപയോഗിക്കാം. മുടിയിൽ നിന്നും ദ്രാവക ജൈവവളം ഉണ്ടാക്കുന്ന സാങ്കേതിക വിദ്യ വൈഗ അന്താരാഷ്ട്ര പ്രദര്‍ശന നഗരിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്തിറക്കി. കേരള സ്റ്റേറ്റ് ബാർബർ -ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ഭാരവാഹികൾക്കാണ് ഈ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്തത്


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox