1. Farm Tips

അടുക്കളത്തോട്ടം നനയ്ക്കാൻ മിനറല്‍ വാട്ടര്‍ ബോട്ടില്‍  

വേനല്‍ക്കാലമാണ് രൂക്ഷമായ ജലക്ഷാമമാണ് നേരിടുന്നത്. വെള്ളക്ഷാമം നേരിടുന്നവര്‍ക്ക് അടുക്കളത്തോട്ടം നനയ്ക്കാന്‍ ചില ഉപായങ്ങള്‍ ഇതാ.ഒരോ ദിവസവും വെള്ളം കുടിച്ച ശേഷം നൂറുകണക്കിന് കുപ്പിയാണ് അലക്ഷ്യമായി വലിച്ചെറിയുന്നത് .

KJ Staff

വേനല്‍ക്കാലമാണ് രൂക്ഷമായ ജലക്ഷാമമാണ് നേരിടുന്നത്. വെള്ളക്ഷാമം നേരിടുന്നവര്‍ക്ക് അടുക്കളത്തോട്ടം നനയ്ക്കാന്‍ ചില  ഉപായങ്ങള്‍ ഇതാ.ഒരോ ദിവസവും വെള്ളം കുടിച്ച ശേഷം നൂറുകണക്കിന് കുപ്പിയാണ് അലക്ഷ്യമായി വലിച്ചെറിയുന്നത് . വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ പ്ലാസ്റ്റിക്ക് കുപ്പികള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ ഈ കുപ്പി ഉപയോഗിച്ച് അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും പൂന്തോട്ടത്തിലുമെല്ലാം നനയ്ക്കാനുള്ള സംവിധാനങ്ങള്‍ തയാറാക്കാം. ഒരു തുള്ളിപോലും പാഴാകുന്നില്ല എന്നതാണ് ഇവയുടെ പ്രധാനമെച്ചം. ചെടികള്‍ക്കൊന്നിനും ജലമല്ല, ഈര്‍പ്പമാണ് വേണ്ടതെന്ന വസ്തുതയാണ് ഇത്തരം നാടന്‍ സാങ്കേതിക വിദ്യകള്‍ക്കു പിന്നിലുള്ളത്. 

ബോട്ടില്‍ സ്പ്രിംഗ്ളര്‍

bottle sprinkler
പൂന്തോട്ടത്തിലെ പുല്‍ത്തകിടികള്‍ നനയ്ക്കാനുള്ള മാര്‍ഗമാണിത്. ഉപയോഗിച്ച മിനറല്‍ വാട്ടര്‍ കുപ്പിയുടെ വാവട്ടം അരയിഞ്ച് പിവിസി പൈപ്പിനു സമമാണ്. കുപ്പിയുടെ ഒരു വശത്തിൻ്റെ  ഇരുവശത്തുമായി നിരയൊപ്പിച്ച് ഏതാനും സുഷിരങ്ങളെടുക്കുക. അതിനു ശേഷം റെഡ്യൂസിങ് അഡാപ്റ്ററോ കപ്ലിങ്ങോ ഉപയോഗിച്ച് ഇതിലേക്ക് ഹോസ് ഉറപ്പിക്കുക. അതിനുശേഷം ഹോസിൻ്റെ  മറ്റേയറ്റം ഒരു വാട്ടര്‍ടാപ്പില്‍ ഘടിപ്പിക്കുക. ടാപ്പ് തുറക്കുമ്പോള്‍ കുപ്പിയിലെ സുഷിരങ്ങളില്‍നിന്നു വെള്ളം ചീറ്റിത്തെറിച്ചുകൊള്ളും. പലയിടത്തായി മാറ്റിമാറ്റി കുപ്പിവയ്ക്കുമ്പോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലായിടവും നനയുകയും ചെയ്യും.

ബോട്ടില്‍ ഇറിഗേഷന്‍

bottle irrigation
മിനറല്‍ വാട്ടറിൻ്റെ കുപ്പിയുപയോഗിച്ച് തയാറാക്കാവുന്ന ലളിതമായൊരു മാര്‍ഗമാണിത്. പച്ചക്കറിത്തോട്ടത്തില്‍ ഈ മാര്‍ഗം പരീക്ഷിക്കാം. കുപ്പിയുടെ ചുവട്ടിലായി സൂചിയുപയോഗിച്ച് ഏതാനും ദ്വാരങ്ങളിടുക. അതിനു ശേഷം കുപ്പിയില്‍ വെള്ളം നിറച്ച് അടപ്പ് അയഞ്ഞ രീതിയില്‍ അടച്ച് ചെടിയുടെ ചുവട്ടിലായി വയ്ക്കുക. കുപ്പി നേരേ വയ്ക്കുകയോ കുത്തി നാട്ടി വയ്ക്കുകയോ ചെയ്യാം. വെള്ളം സാവധാനം ചെടിയുടെ ചുവട്ടിലേക്ക് വീണുകൊള്ളും. ചുവട്ടില്‍ സുഷിരങ്ങളിടാനും അടപ്പ് അയഞ്ഞ രീതിയില്‍ അടയ്ക്കാനും മറക്കരുതെന്നു മാത്രം.

ഡ്രിപ്പ് ഡ്രോപ്പ് ഇറിഗേഷന്‍

ആശുപത്രിയില്‍ ഗ്ലൂക്കോസും രക്തവും മരുന്നമെല്ലാം കുപ്പിയില്‍ നിന്നു രോഗിയിലേക്ക് കയറ്റുന്ന രീതിയാണിത്. ടെറസ് കൃഷിയിലും ഗ്രോബാഗില്‍ നട്ട പച്ചക്കറികള്‍ക്കും നനയൊരുക്കാന്‍ ഈ സംവിധാനം വളരെ നല്ലതാണ്. നിരയായി നട്ടിരിക്കുന്ന പച്ചക്കറികളുടെയും മറ്റും മുകളിലൂടെ ബലമായി ഒരു ജിഐ വള്ളി (ബലമുള്ള മറ്റേതെങ്കിലും വള്ളിയായാലും മതി) വലിച്ചു കെട്ടുക. അതിലേക്കാണ് കുപ്പികള്‍ ഐവി സ്റ്റാന്‍ഡിലെന്നതു പോലെ തലകീഴായി തൂക്കിയിടേണ്ടത്. ഉപയോഗിച്ചു തീര്‍ന്ന മിനറല്‍ വാട്ടര്‍ കുപ്പികള്‍, സോഫ്റ്റ് ഡ്രിങ്കുകളുടെ കുപ്പികള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ തൂക്കിയിടാനെടുക്കാം. അതിനു മുമ്പ് അവയുടെ ചുവടുഭാഗം വൃത്താകൃതിയില്‍ മുറിച്ചു മാറ്റുക. വെള്ളം നിറയ്ക്കാന്‍ എളുപ്പമാക്കാന്‍ ഇതിലൂടെ സാധിക്കും. ഈ മുറിവായയുടെ ഇരുവശത്തുമായി ഏതെങ്കിലും രീതിയില്‍ കൊളുത്തുറപ്പിച്ച് അതാണ് തൂക്കിയിടുന്നതിനുപയോഗിക്കേണ്ടത്. അടപ്പില്‍ ഐവി കുഴലിന്റെ ഒരഗ്രത്തിലെ പ്ലാസ്റ്റിക് സൂചി കയറ്റി വയ്ക്കുക. കുപ്പികള്‍ തൂക്കിയിട്ടതിനു ശേഷം അതിലേക്ക് തുറന്ന ചുവടുഭാഗത്തിലൂടെ വെള്ളം നിറയ്ക്കുക. അതിനു ശേഷം റോളര്‍ പാതി അയഞ്ഞ നിലയില്‍ വയ്ക്കുക. കുപ്പിക്കുള്ളിലെ വെള്ളം മിതമായ വേഗത്തില്‍ ചുവട്ടിലേക്ക് വീണുകൊള്ളും. റോളറിന്റെ സ്ഥാനമനുസരിച്ച് ഏതാനും മണിക്കൂറുകള്‍ വരെയെടുക്കും വെള്ളം വീണുതീരുന്നതിന്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും കുപ്പികള്‍ വെള്ളമൊഴിച്ചു നിറച്ചു വയ്ക്കണം.



English Summary: kitchen garden irrigation

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds