പൂന്തോട്ട പരിപാലനം മിക്കവരുടെയും ഇഷ്ടവിനോദമായിരിക്കും. പൂന്തോട്ടത്തിൽ എന്നാൽ പൂച്ചെടികൾ മാത്രമല്ല, ഇലച്ചെടികളും ആകർഷക അംഗങ്ങളാണ്. ഇലയുടെ ആകൃതിയിലും നിറത്തിലുമെല്ലാം അവ ഒരുപക്ഷേ പൂച്ചെടികളേക്കാൾ ഭംഗിയുള്ളവ ആയിരിക്കും.
പൂന്തോട്ടത്തിലും വീടിനകത്തും വീടിന്റെ വരാന്തയിലുമെല്ലാം തൂക്കിയിട്ട് വളർത്തുന്ന ചെടികളിൽ പ്രധാനിയാണ് ടര്‍ട്ടില്‍ വൈന്‍ (Turtle Vine). വീടുകള്‍ക്ക് ഭംഗി കൂട്ടുന്ന ടര്‍ട്ടില്‍ വൈന്‍ കൂടുതലും തൂക്കുച്ചട്ടികളിലാണ് വളര്‍ത്തുന്നത്. ഇവ കൂടുതൽ ചെടികളായി വിപുലീകരിച്ച് ചെടിച്ചട്ടിയ്ക്ക് താഴേയ്ക്ക് തൂങ്ങിക്കിടക്കുന്നത് കാണാൻ മനോഹരമാണ്.
വിദേശിയാണെങ്കിലും ഇന്ന് മിക്കവരുടെയും വീട്ടുമുറ്റത്തെ സാന്നിധ്യമായി ടർട്ടിൽ വൈൻ മാറിക്കഴിഞ്ഞു. നമ്മുടെ നാട്ടിലെ മണ്ണും കാലാവസ്ഥയും ഇവയ്ക്ക് ഇണങ്ങുമെന്നതും മറ്റൊരു പ്രത്യേകതയാണ്. മിതമായ അളവിലുള്ള സൂര്യപ്രകാശവും ജലവും മാത്രമാണ് ഈ ചെടിക്ക് ആവശ്യമായുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളിയിലെ ബാക്ടീരിയൽ വാട്ട രോഗത്തെ പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം?
ഇവയ്ക്ക് ചാണകവെള്ളം, ആട്ടിൻ കാഷ്ഠം, യൂറിയ തുടങ്ങിയവയെല്ലാം വളമായി തളിച്ചുകൊടുക്കുന്നത് ഗുണം ചെയ്യും. എന്നാൽ വെള്ളംനന അധികമായാൽ അത് ചെടി നശിച്ചുപോകാൻ കാരണമാകും. കാരണം ഇവ ഇലകളിൽ വെള്ളം സംഭരിക്കുന്നു.
ടർട്ടിൽ വൈൻ ഭംഗിയുള്ള ആകൃതിയിലും തഴച്ചുവളരുന്നതിനും ആഗ്രഹിക്കുന്നവർക്കുള്ള ചില എളുപ്പവിദ്യകളാണ് ഇവിടെ വിവരിക്കുന്നത്. ടർട്ടിൽ വൈനിന്റെ നടീൽ രീതിയും വളപ്രയോഗവും ചുവടെ നൽകുന്നു.
ഈ ചെടിയുടെ ഷേപ്പ് നിലനിർത്തുന്നതിൽ എപ്പോഴും ശ്രദ്ധിക്കണം. അതായത്, താഴെയുള്ള ഭാരം നിരപ്പിന് വെട്ടികൊടുക്കുക. വെട്ടിക്കളഞ്ഞ ഭാഗം മറ്റൊരു ചെടിയായി വളർത്താം.
പോട്ടിങ് മിശ്രിതം
വീട്ടിലെ മണ്ണ്, ചകിരിച്ചോറ്, ആട്ടിൻകാഷ്ഠം എന്നിവ 1:1:1 എന്ന അളവിൽ എടുക്കുക. ഇവ നന്നായി മിക്സ് ചെയ്ത ശേഷം ടർട്ടിൽ വൈൻ വളർത്താൻ ഉദ്ദേശിക്കുന്ന ഹാങ്ങിങ് പോട്ടിലേക്ക് ഇട്ടുകൊടുക്കുക. ശേഷം, മുറിച്ച് മാറ്റിയ ചെടി ചെടിച്ചട്ടിയുടെ എല്ലാ വശങ്ങളിലേക്കും വിടർത്തി വയ്ക്കുക. ശേഷം ഇതിലേക്ക് മണ്ണ് ഇട്ടുകൊടുക്കാം. ശേഷം അവ നടുന്ന രീതിയിൽ ഉറപ്പിക്കുക. തുടർന്ന് കുറച്ച് വെള്ളം ഒഴിച്ചുകൊടുക്കുക.
ടർട്ടിൽ വൈനിന്റെ നടീൽ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞു. എന്നാൽ ഇവ സമ്പുഷ്ടമായി വളരാനുള്ള വളക്കൂട്ടും അറിഞ്ഞിരിക്കണം.
ടർട്ടിൽ വൈനിലെ വളപ്രയോഗം
ഇതിനായി കപ്പലണ്ടി പിണ്ണാക്ക് ഒരു പിടി എടുത്ത്, അര കപ്പ് വെള്ളത്തിൽ ഇടുക. ഇത് രണ്ട് ദിവസം ഈ വെള്ളത്തിൽ വച്ച് കുതിർക്കാനായി അനുവദിക്കുക. രണ്ട് ദിവസങ്ങൾക്ക് ശേഷം മറ്റൊരു കപ്പിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് പിണ്ണാക്കിന്റെ വെള്ളം അരിച്ചൊഴിക്കുക. ഇത് മിക്സ് ചെയ്ത ശേഷം ഒരു സ്പ്രേ കുപ്പിയിലേക്ക് മാറ്റുക.
ബന്ധപ്പെട്ട വാർത്തകൾ: ആകർഷകമായ `ബട്ടര്‍ഫ്ലൈ ബുഷ്' പൂക്കൾ നമ്മുടെ പൂന്തോട്ടത്തിലും വളര്‍ത്താം
ഇതുകൂടാതെ, നൈട്രജന്റെ അംശം കൂടുതലുള്ള തേയിലച്ചണ്ടിയും കഴുകി വൃത്തിയാക്കിയ ശേഷം ടർട്ടിൽ വൈനിന് ഇട്ടുകൊടുക്കാം. തേയിലച്ചണ്ടിയായാലും കപ്പലണ്ടി പിണ്ണാക്ക് മിശ്രിതമായാലും 15 ദിവസത്തെ ഇടവേളയിൽ ചെടിയ്ക്ക് നൽകണം. സ്പ്രേ ചെയ്ത ശേഷം ചെടിയ്ക്ക് വെള്ളം ഒഴിച്ച് കൊടുക്കുക.
അതുപോലെ ടർട്ടിൽ വൈനിന് രണ്ട് ദിവസം കൂടുമ്പോൾ നനവ് കൊടുക്കണമെന്നതും ശ്രദ്ധിക്കണം. ഇത് പിന്തുടർന്നാൽ നിങ്ങളുടെ വീട്ടിലും ടർട്ടിൽ വൈൻ ഭംഗിയോടെ തഴച്ചുവളരും.
Share your comments