ചെടികളുടെ വളർച്ച വേഗത്തിലാക്കുന്ന പ്രധാനപ്പെട്ട വളങ്ങളിൽ ഒന്നാണ് ഫോസ്ഫറസ് വളങ്ങൾ. മണ്ണിൻറെ ഘടന അനുസരിച്ച് അവയുടെ സ്വഭാവം വ്യത്യാസപ്പെടുന്നു. അതിനാൽ അവയുടെ പരിപാലന രീതികൾ പ്രയാസമാണ്.
മണ്ണിൻറെ സ്വഭാവവും അനുയോജ്യമായ ഫോസ്ഫേറ്റ് വളങ്ങളും
വെള്ളത്തിൽ അലിയുന്ന വളങ്ങളാണ് പിഎച്ച് മൂല്യം 7 ഉള്ള മണ്ണിന് അനുയോജ്യമായി കണക്കാക്കുന്നത്. നെൽപ്പാടങ്ങളിലെ മണ്ണ് എപ്പോഴും വെള്ളത്തിനടിയിൽ ആയിരിക്കും എന്നതുകൊണ്ട് പിഎച്ച് മൂല്യം 7 ആയി തുടരുകയാണ് ചെയ്യുക.
അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ വെള്ളത്തിൽ അലിയുന്ന ഫോസ്ഫേറ്റ് വളങ്ങളാണ് ഉപയോഗപ്പെടുത്തേണ്ടത്. ഹസ്രകാല വിളകൾക്ക് പെട്ടെന്ന് വളം പ്രയോജനപ്പെടുത്തേണ്ടത് കൊണ്ട് വെള്ളത്തിൽ അലിയുന്ന ഫോസ്ഫാറ്റിക് വളങ്ങൾ നല്ലതാണ്. റബർ, എണ്ണപ്പന, കാപ്പി, തേയില, ഏലം എന്നിവയ്ക്ക് റോക്ക് ഫോസ്ഫേറ്റ് നൽകാം. കരിമണ്ണിൽ അതായത് പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കാണപ്പെടുന്ന പോലെയുള്ള മണ്ണിൽ വെള്ളത്തിൽ അലിയുന്ന തരത്തിലുള്ള സിംഗിൾ ഫോസ്ഫേറ്റ് പോലുള്ള വളങ്ങൾ ഉപയോഗപ്പെടുത്താം. പുളിരസം കൂടുതലുള്ള പാടങ്ങൾക്ക് വെള്ളത്തിനടിയിൽ ആയാലും പിഎച്ച് മൂല്യം ആറിനു മുകളിൽ വരാത്തവയാണെങ്കിൽ ഫോസ്ഫറസ് വളങ്ങൾ ആയ ബേസിക് സ്ലാഗ്, ആവിയിൽ തയ്യാറാക്കിയ ബോൺ മീൽ തുടങ്ങിയവ ഉപയോഗപ്പെടുത്താം.
ബന്ധപ്പെട്ട വാർത്തകൾ: ചെടികൾ തഴച്ചു വളരണോ മികച്ച 5 ജൈവ വളങ്ങൾ ഉണ്ടാക്കി ചെടികൾക്കുപയോഗിക്കൂ
ഫോസ്ഫറസ് വളങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്.
1. വേരുകൾ ആഴത്തിൽ ഇറങ്ങാത്ത വിളകൾക്ക് ഫോസ്ഫേറ്റ് വളം മണ്ണിനു മുകളിൽ വിതറി കൊടുക്കുക. ആഴത്തിൽ വേരുള്ള വിളകൾക്ക് വളം ആഴത്തിൽ പ്രയോഗിക്കുകയും ചെയ്യുക.
2. പയർവർഗ്ഗ വിളകൾക്ക് റോക്ക് ഫോസ്ഫേറ്റ് വിജയകരമായി പ്രയോഗിക്കാം കാരണം ഈ ചെടികളുടെ വേരുകൾക്ക് ഇവ വലിച്ചെടുക്കാൻ സവിശേഷ കഴിവുണ്ട്.
3. പയറും നെല്ലും ഇടവിട്ട് കൃഷി ചെയ്യുന്ന പുളിരസമുള്ള മണ്ണിൽ പയറിൽ റോക്ക് ഫോസ്ഫേറ്റ് കൊടുക്കുകയാണെങ്കിൽ തുടർന്ന് നെൽകൃഷി ചെയ്യുമ്പോൾ ഫോസ്ഫാറ്റിക് വളങ്ങൾ നൽകുന്നത് ഒഴിവാക്കാം.
4. രണ്ടാം വിളയായി പയർവർഗ്ഗമോ പച്ചിലവളം ചെടികളോ നടുമ്പോൾ അവയ്ക്ക് ഫോസ്ഫറസ് വളം നൽകിയിട്ടുണ്ടെങ്കിൽ വിരിപ്പ് കൃഷിക്ക് പിന്നീട് ഫോസ്ഫറസ് വളം നൽകേണ്ട ആവശ്യമില്ല.
5. ഹ്രസ്യ കാല വിളകൾ വിതയ്ക്കുമ്പോഴോ നടുമ്പോഴോ ഫോസ്ഫറസ് വളങ്ങൾ ഉപയോഗപ്പെടുത്തുക.
6. പുളിരസമുള്ള മണ്ണിൽ കുമ്മായം, ഡോളമൈറ്റ്, മഗ്നീഷ്യം സിലിക്കേറ്റ് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് പുളിരസം ആദ്യം കുറച്ചതിനു ശേഷം മാത്രം ഫോസ്ഫറസ് വളങ്ങൾ ഉപയോഗിക്കുക.
7. പ്രതികൂല സാഹചര്യങ്ങൾ ഉള്ള മണ്ണിലും ചെടികൾക്ക് പെട്ടെന്ന് ഫോസ്ഫറസ് ലഭ്യമാകേണ്ട സാഹചര്യത്തിലും ട്രിപ്പിൾ സൂപ്പർ ഫോസ്ഫേറ്റ് പോലുള്ള വെള്ളത്തിൽ അലിയുന്ന ഫോസ്ഫാറ്റിക് വളങ്ങൾ തളിച്ചു കൊടുക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ജീവാണു വളങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Share your comments