Farm Tips

നെല്ലിന്റെ അംഗരക്ഷകര്‍

നെല്ലിന്റെ അംഗരക്ഷകര്‍ മനുഷ്യന്‍ മാത്രമല്ല. മിത്രങ്ങളായി മറ്റു പല ജീവികളുമുണ്ട്. ഇവരെ പരിചയപ്പെടുത്തുന്നു.

ഇരപിടിയന്മാര്‍

ചിലന്തികള്‍ (എട്ടുകാലികള്‍)

നെല്‍വയലുകളില്‍ എട്ടുതരം ചിലന്തികളെ കാണാറുണ്ട്. വലകെട്ടി ജീവിക്കുന്നവയും വല കെട്ടാത്തവയുമുണ്ട്. ഒരു പെണ്‍ ചിലന്തി 200 മുതല്‍ 800 മുട്ട വരെ ഇടും. മുഞ്ഞ, തണ്ടുതുരപ്പന്റെ ശലഭം, പച്ചത്തുള്ളന്‍, നെല്ലോലകള്‍ കാര്‍ന്നു തിന്നുന്ന പുഴു മുതലായവയെ ഇവ തിന്നു നശിപ്പിക്കും. ഒരു എട്ടുകാലി ഒരു ദിവസം അഞ്ചു മുതല്‍ 15 കീടങ്ങളെ വരെ തിന്നും. ഇവയുടെ ജീവിതചക്രം മുന്നു-നാലു മാസം നീണ്ടുനില്‍ക്കും.

ലൈക്കോസ് ചിലന്തി

ശരീരത്തിന്റെ പുറത്ത് ശൂലത്തിന്റെ ആകൃതിയില്‍ അടയാളമുള്ള സാമാന്യം വലിയ ചിലന്തി. നെല്ലിന്റെ ചിനപ്പുകള്‍ക്കിടയിലാണ് സാധാരണ കാണുന്നത്. വല കെട്ടാറില്ല. കീടങ്ങളെ വേട്ടയാടിപ്പിടിക്കുകയാണ് പതിവ്. മുഞ്ഞകള്‍, ഇലച്ചാടികള്‍, ശലഭങ്ങള്‍ തുടങ്ങി അനേകം കീടങ്ങള്‍ ഇവരുടെ ഇഷ്ട ഭക്ഷണമാണ്. നെല്‍ വളര്‍ച്ചയുടെ ആദ്യം തന്നെ പാടത്ത് ഈ ചിലന്തികളെ കാണാം. കീടങ്ങള്‍ പെറ്റുപെരുകുന്നതിനു മുമ്പ് അവയെ വകവരുത്താന്‍ കഴിവുള്ള ചിലന്തികളാണിവ. ഒരു ദിവസം 5-15 കീടങ്ങളെ ഇവ ഭക്ഷിക്കും.

ഓക്‌സിയോപ്പസ് ചിലന്തി

ഇവയും ഇരകളെ വേട്ടയാടിപ്പിടിക്കുന്ന സ്വഭാവക്കാരാണ്. ശലഭങ്ങള്‍ ഇഷ്ടാഹാരം. ഇരകളുടെ ശ്രദ്ധയില്‍പ്പെടാതെ ചിനപ്പുകള്‍ക്കിടയില്‍ പതുങ്ങിയിരിക്കുകയും ഇര അടുത്തെത്തുമ്പോള്‍ സ്വന്തം പിടിയില്‍ അഴയെ ഒതുക്കുകയും ചെയ്യും. ഇറ്റനെ ഒരു ദിവസം രണ്ടു-മൂന്നു ശലഭങ്ങളെ ഇവര്‍ അകത്താക്കും.

അദിപീനചിലന്തികള്‍

നെല്‍ച്ചെടിയുടെ കടഭാഗത്ത് കത്രമാനുഗതമല്ലാതെ വലകെട്ടി താമിസിക്കുന്ന ചെറു ചിലന്തികളാണ് ഇവര്‍. ഒരു ചുവട്ടില്‍ 30-40 ചിലന്തികള്‍ കാണും. മുഞ്ഞകളും ഇലച്ചാടികളും അവയുടെ കുഞ്ഞുങ്ങളും മുഖ്യഭക്ഷണം. ഒരു ദിവസം നാല്-അഞ്ച് കീടങ്ങളെ ഭക്ഷിക്കും.

അര്‍ജിയോപ്പ് ചിലന്തികള്‍

നെല്ലോലകള്‍ക്കിടയില്‍ വട്ടത്തില്‍ ഭംഗിയുള്ള വലകെട്ടി ജീവിക്കുന്ന നീലപ്പകിട്ടാര്‍ന്ന ചിലന്തികള്‍. മുഞ്ഞ, പച്ചത്തുള്ളന്‍, ശലഭങ്ങള്‍ തുടങ്ങി അനേകം കീടങ്ങളെ ഇവ വലയില്‍ കുടുക്കും.

ടെട്രാഗ്നാത്ത ചിലന്തി

നെല്‍പ്പാടങ്ങളില്‍ സാധാരണ കണ്ടുവരാറുള്ള മറ്റൊരിനം ചിലന്തി. ഇവയുടെ കാലുകളും ശരീരവും നേര്‍ത്തതും നീണ്ടതുമാണ്. മുന്‍കാലുകള്‍ മുന്നോട്ടു നീട്ടി നെല്ലോലപ്പരപ്പില്‍ ഇലയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്ന സ്വഭാവക്കാരാണിവര്‍. ബലം കുറഞ്ഞ വല കെട്ടുന്ന ഇവര്‍ മധ്യഹ്നം വരെ വലയില്‍ ഇരിക്കുകയും ഉച്ചയോടെ ജലനിരപ്പിലേക്ക് മാറുകയും ചെയ്യം. കഇലച്ചാടികളും ശലഭങ്ങളെയും മറ്റു കീടങ്ങളെയും വലയില്‍ കുടുക്കും.


അരേനിയസ് ചിലന്തി

ഉടലിനുപുറത്ത് അണ്ഡാകൃതിയില്‍ കറുത്ത പാടുണ്ട്. പെണ്‍ ചിലന്തി മടങ്ങിയ ഇലകളില്‍ മുട്ടയിടും. വെളുത്ത മൃദുലമായ നൂല്‍കൊണ്ട് മൂടിവയ്ക്കും. മുഞ്ഞകള്‍, ഇലച്ചെടികള്‍, ഈച്ചകള്‍ മുതലായവയെ തിന്നു നശിപ്പിക്കും.

വണ്ടുകള്‍

സുന്ദരി വണ്ട്

മുന്‍ ചിറകില്‍ കറുത്ത അടയാളവും അര്‍ധവൃത്താകൃതിയുമുള്ളതാണ് സുന്ദരി വണ്ട്. കീടങ്ങളുടെ മുട്ടകളും പുഴുക്കളുമാണ് വണ്ടുകളുടെയും അവരുടെ പുഴുക്കളുടെയും മുഖ്യാഹാരം. മുഞ്ഞകളുടെ പ്രധാന ശത്രു. ഇവ അഞ്ച്-പത്ത് ഇരകളെ ഒരു ദിവസം ഭക്ഷിക്കും. ജീവിതചക്രം ഒന്ന്-രണ്ട് ആഴ്ചവരെ.

ഒഫിയോണിയ വണ്ട്

ഒഫിയോണിയ വണ്ട് ഇലചുരട്ടിപ്പുഴുവിന്റെ പ്രധാന ശത്രുവാണ്. മുന്‍ ചിറകിന്റെ മധ്യഭാഗത്തും തലയിലും കറുത്ത അടയാളമുള്ള ചുവന്ന വണ്ടുകള്‍. വണ്ടുകളും അവയുടെ പുഴുക്കളും ഓലചുരട്ടിപ്പുവുവിന്റെ ചുരുളിനുള്ളില്‍ കടന്നുകൂടി പുഴുവിനെ തിന്നും. ഒരു വണ്ട് ഒരു ദിവസം മൂന്ന്-അഞ്ച് പുഴുക്കളെ തിന്ന് നശിപ്പിക്കും. മുഞ്ഞകളെയും ആക്രമിക്കാറുണ്ട്.

ചാഴികള്‍

ഊന്നാന്‍ ചാഴി (വാട്ടര്‍ സ്‌ട്രൈഡര്‍)

വെള്ളത്തിനുമുകളില്‍ നീന്തി നടക്കുന്ന ഈ പ്രാണികള്‍ വെള്ളത്തില്‍ വീഴുന്ന മുഞ്ഞകള്‍, ശലഭങ്ങള്‍, പുഴുക്കള്‍ എന്നിവയെ പിടിച്ചു തിന്നും. ഒരു പ്രാണി ഒരു ദിവസം അഞ്ച്-പത്ത് കീടങ്ങളെ നശിപ്പിക്കും.


നീര്‍ച്ചാഴി (വാട്ടര്‍ ട്രഡര്‍)

വിളറിയ പച്ചനിറമുള്ള ഇവയില്‍ ചിറകുള്ളവയും ചിറകില്ലാത്തവയുമുണ്ട്. ബണ്ടുകള്‍ക്കരികിലായി ഇവ കൂട്ടംകൂടി നില്‍ക്കും. പൂര്‍ണപ്രാണികളും കുഞ്ഞുങ്ങളും തണ്ടുതുരപ്പന്‍ പുഴുക്കള്‍, പുല്‍ച്ചാടികള്‍ ഇവ ജലപ്പകപ്പില്‍ വീണാലുടനെ പിടിച്ചു തിന്നുന്നു.

ചെറുതുമ്പികള്‍

പാടത്ത് കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന കുഞ്ഞു തുമ്പികള്‍ നെല്‍ച്ചെടിയുടെ തണ്ടില്‍ കയറിപ്പറ്റി പച്ചത്തുള്ളന്റെയും മുഞ്ഞയുടെയും ചെറുപ്രാണികളെ പിടിച്ചു തിന്നും. കൂടാതെ ഇവ നെല്‍പ്പാടത്ത് പാറിനടക്കുന്ന ഷഡ്പദങ്ങളെ അതിന്റെ കുട്ടപോലത്തെ കാലിലൊതുക്കിപ്പിടിച്ച് ഭക്ഷിക്കുന്നു.

ചീവീടുകള്‍

വാള്‍ത്തലയുടെ ആകൃതിയില്‍ മുട്ടയിടീല്‍ അവയവമുള്ള ചീവിടുകള്‍ മുഞ്ഞ, പച്ചത്തുള്ളന്‍, പട്ടാളപ്പുഴു, ഓലചുരുട്ടി മുതലായവയുടെ മുട്ടകളെയും തിന്ന് നശിപ്പിക്കുന്നു.

ഇരട്ടവാലന്‍ (ഇയര്‍വിഗ്ഗ്)

ഇവയ്ക്ക് പിന്നറ്റത്ത് കൊടില്‍ പോലെയുള്ള ഇറുക്കികളുണ്ട്. ശത്രുക്കളില്‍ നിന്നും രക്ഷനേടാനാണ് ഇത് ഉപയോഗിക്കുന്നത്. നെല്‍ച്ചെടികളിലും മണ്ണിലും മറ്റും ഓടിനടക്കുന്ന ഇവ രാത്രിയില്‍ തണ്ടുതുരപ്പന്‍ പുഴുക്കള്‍, മുഞ്ഞ, പച്ചത്തുള്ളന്‍, ഓലചുരുട്ടിപ്പുഴുക്കള്‍, കമ്പിളിപ്പുഴുക്കള്‍ എന്നിവ ആഹാരമാക്കും. ഒരു ദിവസം 20-30 പുഴുക്കളെ ഭക്ഷിക്കും.

പരാദങ്ങള്‍

കടന്നല്‍ (വേട്ടാളന്‍ വിഭാഗത്തില്‍പ്പെട്ട പ്രാണികള്‍)

ടെട്രാസ്റ്റിക്കസ് സ്പീഷീസ്

നല്ല നീല നിറമുള്ള വളരെ ചെറിയ പ്രാണി. ഇത് പാടങ്ങളില്‍ ധാരാളം കാണാം. തണ്ടുതുരപ്പന്റെ ശലഭം നെല്ലോലപ്പരപ്പില്‍ നിക്ഷേപിക്കുന്ന മുട്ടക്കൂട്ടങ്ങള്‍ വയ്‌ക്കോല്‍ നിറത്തിലുള്ള രോമങ്ങള്‍കൊണ്ട് പൊതിഞ്ഞിരിക്കും. ടെട്രാസ്റ്റിക്കസിന്റെ പെണ്‍പ്രാണി തണ്ടുതുരപ്പന്റെ രോമാകൃതമായ മുട്ടക്കൂട്ടങ്ങളില്‍ പറന്നിരുന്ന് രോമങ്ങള്‍ക്കിടയിലുള്ള തണ്ടുതുരപ്പന്റെ  മുട്ടയ്ക്കുള്ളില്‍ ഇവയുടെ മുട്ട നിക്ഷേപിക്കും. മുട്ടയില്‍ നിന്ന് വിരിഞ്ഞിറങ്ങുന്ന ടെട്രാസ്റ്റിക്കസിന്റെ പുഴു മുട്ടകള്‍ തിന്നു നശിപ്പിക്കും.

ടെലിനോമസ് സ്പീഷീസ്

നല്ല കറുപ്പ് നിറം. ടെട്രാസ്റ്റിക്കസിനെക്കാളും നന്നേ ചെറുത്. ഇവ തണ്ടുതുരപ്പന്റെ മുട്ടകളെ ആക്രമിക്കുന്നത് പ്രത്യേകതരത്തിലാണ്. ആദ്യമായി ഇവ തണ്ടുതുരപ്പന്‍ പെണ്‍ശലഭത്തിന്റെ ഉദരാഗ്രത്തില്‍ പറ്റിക്കൂടുകയും തണ്ടുതുരപ്പന്‍ ശലഭം നെല്ലോലപ്പരപ്പില്‍ മുട്ടയിടുന്ന അവസരത്തില്‍ത്തന്നെ തണ്ടുതുരപ്പന്റെ മുട്ടയ്ക്കുള്ളില്‍ അവയുടെ മുട്ട നിക്ഷേപിക്കുകയും ചെയ്യും.

അപ്പാന്റലീസ് സ്പീഷീസ്

നെല്ലോലപ്പരപ്പില്‍ ഒന്നിനോടൊന്ന് ചേര്‍ന്നു കാണുന്ന കട്ടിയുള്ള വെളുത്ത കൂടുകളാണ് അപ്പന്റലീസ്. ഓലചുരുട്ടിപ്പുഴിവിന്റെ പ്രധാന ശത്രുവാണിത്. ഇവയുടെ ശലഭം ഓലചുരുട്ടിപ്പുഴുവിന്റെ ശരീരത്തിനുള്ളില്‍ മുട്ടകള്‍ നിക്ഷേപിക്കും. മുട്ടയില്‍ നിന്നു വിരിഞ്ഞിറങഅങുന്ന അപ്പന്റലീസിന്റെ പുഴു ഓലചുരുട്ടിപ്പുഴുവിന്റെ ശരീരത്തിന്റെ ഉള്‍ഭാഗം തിന്ന് ജീവിക്കും. പൂര്‍ണവളര്‍ച്ചയെത്തിയ അപ്പന്റലീസിന്റെ പുഴു ഓലചുരുട്ടിപ്പുഴിവിന്റെ ശരീരം ഉപേക്ഷിച്ച് നെല്ലോലപ്പരപ്പില്‍ കട്ടിയുള്ള വെളുത്ത കൂടുകള്‍ നിര്‍മിച്ച് അതിനുള്ളില്‍ സമാധിയിരിക്കും. സമാധി കഴിഞ്ഞ് പൂര്‍ണവളര്‍ച്ചയെത്തിയ പ്രാണി പുറത്തുവരും.

ചാരോപ്‌സ് സ്പീഷീസ്

നെല്ലോലകളില്‍ തൂങ്ങിനില്‍ക്കുന്ന നീളത്തിലുള്ള സില്‍ക്ക് ചരടിന്റെ കട്ടിയുള്ളതും കറുത്ത അടയാളമുള്ളതുമായ കൂടുണ്ടാക്കി അതില്‍ സമാധിയിരിക്കുന്ന മിത്രപ്രാണി. പൂര്‍ണവളര്‍ച്ച പ്രാപിച്ച ചാരോപ്‌സ് പ്രാണമയുടെ കറുത്ത ശരീരത്തില്‍ ഓറഞ്ച് നിറത്തില്‍ അടയാളം കാണാം. നെല്ലിന്റെ തണ്ടിനുള്ളില്‍ കഴിയുന്ന തണ്ടുതുരപ്പന്‍ പുഴുവിന്റെ അരികില്‍ പെണ്‍ചാരോപ്‌സ് മുട്ടയിടുന്നു. മുട്ടയില്‍ നിന്ന് വിരിഞ്ഞിറങ്ങുന്ന പുഴു തണ്ടുതുരപ്പന്‍ പുഴുവിന്റെ ശരീരം കടിച്ചുമുറിച്ച് ശരീരം പുറത്തേക്കൊഴുക്കുന്ന ദ്രാവകം കഴിച്ചുവളരും.

ട്രൈക്കോഗ്രമ്മ സ്പീഷീസ്

ട്രൈക്കോഗ്രമ്മ എന്ന ചെറിയ പ്രാണികള്‍ വേട്ടാളന്‍ വര്‍ഗത്തില്‍പ്പെട്ടവയാണ്. ഇവ തണ്ടുതുരപ്പന്‍, ഓലചുരുട്ടി എന്നിവയുടെ മുട്ടക്കൂടങ്ങളെ തിരഞ്ഞുപിടിച്ച് അവയില്‍ മുട്ട നിക്ഷേപിക്കുന്നു. മുട്ടവിരിഞ്ഞിറങ്ങുന്ന ട്രൈക്കോഗ്രമ്മ പുഴുക്കള്‍ ചെറുപ്രാണികളുടെ മുട്ടക്കൂട്ടങ്ങളെ ഊറ്റിക്കുടിച്ചുകൊണ്ടാണ് വളരുന്നത്.

മിത്ര അണുക്കള്‍

മിത്ര കുമിളുകള്‍

മെറ്റാറൈസിയം അനിസ്പ്‌ളിയേ

മുഞ്ഞ, ചാഴി, വണ്ടുകള്‍ എന്നിവയ്ക്കാണ് പ്രധാനമായും രോഗം വരുത്തുന്നത്. ആക്രമണസമയത്ത് ഈ കുമിളുകള്‍ അവയുടെ ഉള്ളില്‍ പ്രവേശിക്കുകയും ക്രമേണ പൂപ്പല്‍ ബാധിക്കുകയും ചെയ്യുന്നു. പിന്നീട് ഇവ സ്‌പോറുകളായി രൂപാന്തരം പ്രാപിച്ച് പുറത്തുവരികയും മുഞ്ഞയെയും ചാഴിയെയും മറ്റും പൂര്‍ണമായും വെള്ളപ്പൂപ്പല്‍ കൊണ്ട് പൊതിഞ്ഞ് നശിപ്പിക്കുകയും ചെയ്യും.

ബ്യൂവേറിയ ബാസിയാന

ഇലച്ചെടികള്‍, മുഞ്ഞ, തണ്ടുതുരപ്പന്‍പുഴു, ഓലചുരുട്ടിപ്പുഴ, ചാഴി മുതലായവയെ ബാധിക്കുന്ന വെളുത്ത കുമിളാണ് ബ്യൂവേറിയ ബാസിയാന. ഇവ നെല്‍ച്ചെടികളില്‍ പ്രാണികള്‍ ആക്രമിക്കുന്ന സമയത്ത് ഈ കുമിളുകള്‍ അവയുടെ ഉള്ളില്‍ പ്രവേശിക്കുകയും പൂപ്പല്‍ ബാധയുണ്ടാക്കുകയും ചെയ്യുന്നു.


മിത്രബാക്ടീരിയ

ബാസില്ലസ് തുരിഞ്ചിയന്‍സിസ് (ബി.ടി)

ഓലചുരുട്ടിപ്പുഴുവിനെ ഫലപ്രദമായി നിയന്ത്രിക്കാന്‍പറ്റിയ ബാക്ടീരിയയാണ് ബി.ടി. അന്നനാളത്തിലെ ക്ഷാരത (PH) ഒന്‍പതില്‍ കൂടുതലാണെങ്കില്‍ മാത്രമേ ഈ ബാക്ടീരിയ ഫലപ്രദമാകുകയുള്ളു. അതുകൊണ്ടുതന്നെ ഇത് മനുഷ്യര്‍ക്ക് ദോഷകരമായി ബാധിക്കില്ല. 160 ല്‍പ്പരം ശലഭപ്പുഴുക്കളിലും വണ്ടിന്റെയും കൊതുകിന്റെയും പുഴുക്കളിലും രോഗം വരുത്തുവാനുള്ള കഴിവ് ഈ ബാക്ടീരിയയ്ക്കുണ്ട്. ഇപ്പോള്‍ വിളകളില്‍ തളക്കുവാനുള്ള പലയിനം ബാക്ടീരിയ കീടനാശിനികള്‍ ലഭ്യമാണ്. തൂറിസെഡ്, ബാക്തേന്‍, ഹാര്‍വട്രോള്‍, സ്‌പൊറിന്‍, ബാക്ടോസ്‌പൊറിന്‍, അഗ്രോട്രോള്‍, ഡൈറവല്‍ തുടങ്ങിയവയാണിവ.

മിത്രവൈറസ്

ന്യൂക്ലിയാര്‍ പോൡഹൈഡ്രോസിഡ് വൈറസ് (NPV) 

ജൈവകീടനിയന്ത്രണത്തിനുപയോഗിക്കാവുന്ന ഒരു പ്രധാനയിനം അണുവര്‍ഗമാണ് വൈറസ്സുകള്‍. പട്ടാളപ്പുഴു, കതിര്‍വെട്ടിപ്പുഴു എന്നിവയാണ് പ്രധാനമായും രോഗം വരുത്തുന്നത്. കീടത്തിന്റെ ആഹാരത്തില്‍ക്കൂടെ ഉള്ളില്‍  ചെല്ലുന്ന ഈ സൂക്ഷ്മാണുകള്‍ പലതരം കോശങ്ങളെ ആക്രമിക്കുകയും കീടത്തിന്റെ തൊലി, കൊഴുപ്പ് കണികകള്‍ തുടങ്ങിയവ ശരീരഭാഗങ്ങളില്‍ ധാരാളമായി പെരുകുകയും ചെയ്യുന്നു. തത്ഫലമായി ഈ ഭാഗങ്ങളെല്ലാം അഴുകുകയും ചത്ത് അളിഞ്ഞുപോകുകയും ചെയ്യും. ഇവ പൊട്ടി സൂക്ഷ്മാണുകള്‍ വെളിയില്‍ വരും. ഈ സൂക്ഷ്മാണുകള്‍ കലര്‍ന്ന ചെടിയുടെ ഭാഗങ്ങള്‍ ഭക്ഷിക്കുന്ന അതേ വര്‍ഗത്തിലുള്ള മറ്റു കീടങ്ങള്‍ക്കും രോഗം ബാധിക്കും.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox