ജൈവകൃഷിയില്‍ ഏറ്റവുമധികം ഉപയോഗിച്ചു വരുന്ന വളക്കൂട്ടാണ് പഞ്ചഗവ്യം. നമ്മുടെ നാടിന്‍റെ പൗരാണിക പാരമ്പര്യത്തില്‍നിന്നാണ് പഞ്ചഗവ്യം വരുന്നത്. പശു(ഗോവില്‍)വില്‍ നിന്നുള്ള അഞ്ചു വസ്തുക്കളായ ചാണകം, മൂത്രം, തൈര്, നെയ്യ്, പാല്‍ എന്നിവയാണ് പഞ്ചഗവ്യം ഉണ്ടാക്കുന്നതിനുപയോഗിക്കുന്നത്. ഒരേ സമയം വിളവുകിട്ടുന്ന ജൈവ ഹോര്‍മോണും രോഗങ്ങള്‍ക്കും കീടങ്ങള്‍ക്കുമെതിരെ പ്രതിരോധശേഷി തരുന്ന മരുന്നുമാണ്.
പഞ്ചഗവ്യം പ്രസാദമായി ഗൃഹപ്രവേശത്തിനും മരണാനന്തര കര്‍മങ്ങള്‍ക്കുമൊക്കെ ഉപയോഗിക്കുന്നു. എന്നാൽ കൃഷിയില്‍ ഉപയോഗിക്കുമ്പോൾ ഇതിന്‍റെ കൂടെ മറ്റ് ചേരുവകൾ കൂടി ചേര്‍ക്കും.
പച്ചച്ചാണകം മൂന്നുകിലോ, ഗോമൂത്രം മൂന്നു ലിറ്റര്‍, ഉരുക്കുനെയ്യ് രണ്ടു ലിറ്റര്‍, പാല്‍ രണ്ടു ലിറ്റര്‍, തൈര് രണ്ടു ലിറ്റര്‍, ശര്‍ക്കര രണ്ടു കിലോ രണ്ടു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത്, പാളന്‍കോടന്‍ പഴം പന്ത്രണ്ടെണ്ണം രണ്ടു ലിറ്റര്‍ വെള്ളത്തില്‍ അരച്ചെടുത്തത്, കരിക്കിന്‍ വെള്ളം രണ്ടു ലിറ്റര്‍ എന്ന രീതിയിൽ ഉപയോഗിക്കുന്നു.
പച്ചച്ചാണകം മൂന്നുദിവസം തണലില്‍ വച്ച് ചിക്കി അതിന്‍റെ ദുര്‍ഗന്ധം മാറ്റുക. അതിനുശേഷം ചാണകവും നെയ്യും കൂടി നന്നായി തേച്ചു ചേര്‍ക്കുക. പൊറോട്ടയുണ്ടാക്കാന്‍ മാവു തേക്കുന്നതുപോലെ വേണമിത്. ഇങ്ങനെ മൂന്നു ദിവസം വച്ചേക്കുക. അതിലേക്ക് മറ്റു ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വിവിധ ഘടകങ്ങള്‍ പൂര്‍ണമായി തമ്മില്‍ ലയിക്കുന്ന രീതിയിലാണിതു ചെയ്യേണ്ടത്. ഈ മിശ്രിതം 21 ദിവസം അടച്ചു സൂക്ഷിക്കുക. എല്ലാദിവസവും ഒരു നേരം നീളമുള്ളൊരു വടിയുപയോഗിച്ച് ഒരേ ദിശയിലേക്ക് ചുറ്റിച്ച് ഇളക്കുക. 21 ദിവസം കഴിഞ്ഞാല്‍ ഉപയോഗിക്കാം.
പച്ചക്കറികള്‍ക്കും ഇലയില്‍ ഉപയോഗിക്കുന്ന വിളകള്‍ക്കും ഒരു ലിറ്റര്‍ പഞ്ചഗവ്യത്തില്‍ അമ്പതു ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. ചുവട്ടില്‍ ഒഴിക്കുന്നവയ്ക്ക് ചെടിയുടെ കടുപ്പത്തിനനുസരിച്ച് സാന്ദ്രത കൂട്ടാം. ചുരുങ്ങിയത് ഒരു ലിറ്റര്‍ പഞ്ചഗവ്യക്കൂട്ടില്‍ 25 ലിറ്റര്‍ വെള്ളം ചേര്‍ത്തിരിക്കണം.
- C.N Remya. Kottayam, Krishi Jagran
Share your comments