വളവും കീടനാശിനികളും ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുവാൻ അത്യാവശ്യമായ ഘടകങ്ങളാണ്. എന്നാൽ ഇതിനുവേണ്ടി നാം ഒരിക്കലും രാസകീടനാശിനികളോ, രാസവളങ്ങളോ ഉപയോഗപ്പെടുത്തരുത്. പൂർണ്ണമായും ജൈവകൃഷി ചെയ്തു നിങ്ങൾക്ക് കൂടുതൽ വിളവ് ലഭ്യമാക്കുവാൻ അനവധി മാർഗ്ഗങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജീവാണു വളങ്ങൾ.
നമ്മുടെ മണ്ണിന് പോഷകാംശം പകർന്നുനൽകാൻ കഴിവുള്ള അനേകായിരം സൂക്ഷ്മജീവികളെ മണ്ണിൽ നിക്ഷേപിക്കാൻ ഈ ജീവാണുവളങ്ങൾ കൊണ്ട് സാധ്യമാകുന്നു. നിങ്ങളുടെ ചെടികൾക്ക് രോഗം വരുത്തുന്ന സൂക്ഷ്മജീവികളെ കൊന്നൊടുക്കാൻ വേണ്ടി മണ്ണിന് സുരക്ഷിതത്വം പകരുന്ന സൂക്ഷ്മജീവികളെ ഈ ജീവാണുവളങ്ങൾ വഴി നിക്ഷേപിക്കുന്നു.
ഇങ്ങനെ ചെയ്യുന്നത് വഴി രോഗകാരികളായ സൂക്ഷ്മജീവികളെ നശിപ്പിക്കുകയും, മണ്ണിൻറെ ഫലഭൂയിഷ്ഠത കാരണമാകുന്ന അനേകം ഘടകങ്ങൾ അഥവാ നൈട്രജൻ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ഘടകങ്ങൾ മണ്ണിൽ ഉണ്ടാക്കുകയും ചെയ്യുന്നു. പ്രധാനപ്പെട്ട ജീവാണുവളം ആയ സുഡോമോണസിനെ കുറിച്ച് അറിയാം
സുഡോമോണസ് ഉപയോഗ രീതികൾ?
പച്ചക്കറിയിൽ കൂടുതൽ വിളവ് ലഭ്യമാക്കുവാനും, രോഗനിയന്ത്രണത്തിനും സുഡോമോണസ് എന്ന മിത്ര ബാക്ടീരിയ വളരെ ഫലപ്രദമായ ഒന്നാണ്. വെള്ളത്തിൽ കലക്കിയും, നേരിട്ടും, വിത്തുകളിൽ പുരട്ടിയും, സ്പ്രേ ചെയ്തു സുഡോമോണസ് പല രീതിയിൽ നമുക്ക് ഉപയോഗപ്പെടുത്താം. നമ്മുടെ പച്ചക്കറികളിൽ കാണുന്ന ഇലപ്പുള്ളി രോഗം, ചെടികളുടെ അഴുകൽ, വേരുചീയൽ, ഇലവാട്ടം, ധ്രുതവാട്ടം, പോള രോഗം, വൈറസ് രോഗങ്ങൾ തുടങ്ങി എല്ലാവിധ രോഗങ്ങൾക്കും സുഡോമോണസ് സ്പ്രേ ചെയ്തും,
മണ്ണിൽ ഇട്ടു നല്കിയും പ്രതിരോധിക്കാം. ഗ്രോബാഗിൽ കൃഷി ചെയ്യുന്നവർ ആണെങ്കിലും, മണ്ണിൽ കൃഷി ചെയ്യുന്നവർ ആണെങ്കിലും 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ ചെടികളുടെ താഴെ ഒഴിച്ചുകൊടുക്കുന്നത് ചെടികളുടെ വളർച്ച വേഗത്തിലാക്കാനും, രോഗ സാധ്യതകൾ നിയന്ത്രണവിധേയമാക്കാനും ഉത്തമമാണ്. ഈ സമയങ്ങളിൽ കൂടുതലും കാണപ്പെടുന്ന ഇഞ്ചി ചീയൽ, കുരുമുളകിൻറെ ദ്രുതവാട്ടവും, വാഴയിൽ കാണപ്പെടുന്ന പോള രോഗം എന്നിവയ്ക്ക് സുഡോമോണസ് ആണ് ഏറ്റവും നല്ല പ്രതിവിധി.
സുഡോമോണസ് എന്ന മിത്ര ബാക്ടീരിയ രോഗാണുക്കൾക്കെതിരെ മാരകമായ ആൻറിബയോട്ടിക്കുകൾ ഉൽപാദിപ്പിക്കുകയും, രോഗാണുക്കൾക്ക് ഇരുമ്പിന്റെ ലഭ്യത കുറയ്ക്കുകയും ചെയ്യുന്നതിലൂടെ രോഗാണുക്കളുടെ പൂർണമായ നാശം സംഭവിക്കുന്നു. ഏതു ചെടിയുടെ വിത്ത് നടാൻ എടുത്താലും ഇത് 15 മിനിറ്റ് എങ്കിലും ലിറ്ററിന് 20 ഗ്രാം സുഡോമോണസ് കലക്കിയ വെള്ളത്തിൽ കുതിർത്തതിനു ശേഷം നട്ടാൽ വിളവു കൂടുകയും, രോഗപ്രതിരോധശേഷി ഉയരുകയും ചെയ്യും.
പറിച്ചു നടുന്ന തൈ ആണെങ്കിൽ 250 ഗ്രാം സുഡോമോണസ് 750 മില്ലി വെള്ളത്തിൽ കലർത്തി 15 മിനിറ്റ് സമയം മുക്കിവെച്ച ശേഷം നടന്നത് രോഗങ്ങളെ നിയന്ത്രിക്കാൻ ഗുണം ചെയ്യും. ഇനി വിത്ത് കിളിർത്ത ശേഷം തവാരണകളിൽ 2 ശതമാനം സുഡോമോണസ് ലായനി ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്നതിലൂടെ മണ്ണ് വഴി പകരുന്ന ചീയൽ രോഗത്തെ പ്രതിരോധിക്കുന്നു. ദ്രവരൂപത്തിലും, പൊടി രൂപത്തിലും ഇവ മാർക്കറ്റിൽ ഇന്ന് ലഭ്യമാണ്.
Share your comments