വെറ്റിവേർ (Vetiver) എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന രാമച്ചത്തിന്റെ ശാസ്ത്രീയനാമം ക്രൈസോപോഗോൻ സൈസാനിയോയിഡെസ് എന്നാണ് (Chrysopogon zizanioides). രണ്ടുമീറ്റർ വരെ ഉയരത്തിൽ കൂട്ടായി വളരുന്ന ചെടികളാണ് രാമച്ചം. ഇവയുടെ വേരുകൾ മൂന്നു മീറ്റർ വരെ ആഴത്തിൽ വളരും. പ്രളയകാലത്ത് മണ്ണിടിഞ്ഞും മണ്ണൊലിച്ചുപോയും കൃഷിഭൂമി താറുമാറായി പോയിട്ടുണ്ടെങ്കിൽ കരുതലിന്റെ ജൈവവേലിയായി രാമച്ചം ഉപയോഗിക്കാം. കർഷകർക്ക് കൃഷിഭൂമി സംരക്ഷിക്കുന്നതിനൊപ്പം മികച്ച വരുമാനം നേടാനും രാമച്ചം സഹായിക്കും.
മണ്ണിടിയുമെന്നു ഭയക്കുന്ന മലഞ്ചരിവുകളിലും തട്ടുതട്ടുകളായുള്ള കൃഷിഭൂമിയിലും കൃഷിഭൂമിയുടെ തട്ടിന്റെ അറ്റത്ത് അല്ലെങ്കിൽ അതിന്റെ വരമ്പത്താണ് രാമച്ചം പിടിപ്പിക്കേണ്ടത്. അല്ലെങ്കിൽ കൃഷിഭൂമിയുടെ അതിരു തിരിക്കാനുള്ള വേലിയായി വച്ചു പിടിപ്പിക്കണം.
ഒരാൾപ്പൊക്കത്തിലേറെ ഉയരത്തിൽ അടുത്തടുത്തു വളരുന്നതിനാൽ ഇത് നല്ല വേലിയായി നിലകൊള്ളും. ചെടികളുടെ കമ്പുകൾ ചേർന്നു നിൽക്കുന്നതിനാൽ ഇതിനിടയിൽകൂടി അകത്തു കടക്കുന്നതും നൂഴ്ന്നു കടക്കുന്നതും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ മികച്ച സംരക്ഷണ ഭിത്തിയായും ജൈവവേലിയായും ഇതു നിലനിൽക്കും.
സാധാരണ പുൽച്ചെടികളുടെ വേരുകൾ അധികം ആഴത്തിലിറങ്ങാതെ മണ്ണിന്റെ മേൽപ്പരപ്പിൽ മാത്രം പടരുമ്പോൾ രാമച്ചത്തിന്റെ വേരുകൾ മൂന്നുമീറ്റർ വരെ ആഴത്തിലേക്ക് ഇറങ്ങും. അതും ഇടതൂർന്ന്, പടർന്നു പടർന്ന്. പല രാമച്ച ചെടികളുടെ വേരുകൾ ഇറങ്ങിയിറങ്ങി മണ്ണിനകത്ത് നേരിയ വലക്കണ്ണികൾകൊണ്ട് വിതാനിച്ചതുപോലെ ഇതു നിൽക്കും. മണ്ണിടിച്ചിൽ തടയാൻ സിവിൽ എൻജിനീയറിങ് മേഖലയിൽ ഉപയോഗിക്കുന്ന ഗാബിയോൺ വലക്കണ്ണികളേക്കാൾ സുശക്തമായി, "വളരുന്ന വലകളായി" ഇവ നിലനിൽക്കും. അതുകൊണ്ടുതന്നെ തട്ടിടിഞ്ഞും മണ്ണിടിഞ്ഞും അപകടം ഉണ്ടാവുകയില്ല എന്നുറപ്പിക്കാം. ഗാബിയോണുകൾ കാലം കഴിയുമ്പോൾ നശിക്കുമ്പോൾ രാമച്ച വേർവലകൾ വളർന്നുകൊണ്ടേയിരിക്കും. പത്തുമുതൽ പതിനഞ്ചു വർഷം വരെ ഈ വേരുകളും ചെടികളും വളരും. ഓരോ മൂന്നു വർഷം കഴിയുമ്പോഴും പുതിയ ചെടികൾ വച്ചുപിടിപ്പിക്കുകയും പഴയവ ഇടവിട്ടിടവിട്ട് വെട്ടിമാറ്റുകയും ചെയ്താൽ ഈ വേർവലവേലികൾ കാലങ്ങളോളം സുശക്തമായി നിലനിർത്താം.
ഇങ്ങനെ വെട്ടിമാറ്റുന്ന വേരുകൾ ഉണക്കി വില്പനയ്ക്കു തയ്യാറാക്കാം. വേരിൽ നിന്നെടുക്കുന്ന എണ്ണയ്ക്ക് ഔഷധഗുണമുള്ളതിനാൽ നല്ല വില ലഭിക്കും. കുട്ട നെയ്യാനും വട്ടി ഉണ്ടാക്കാനും ഈ വേരുകൾ ഉപയോഗിക്കാം. രാമച്ച വിശറി തണുപ്പേകാൻ പ്രസിദ്ധമാണ്. തുകൊണ്ടുതന്നെ വെട്ടി മാറ്റുന്ന രാമച്ച വേരുകൾക്ക് നല്ല വില ലഭിക്കും. ഉത്തരേന്ത്യയിൽ പലയിടത്തും വീടുകളുടെ മേൽക്കൂര മേയാനും. രാമച്ചം ഉപയോഗിക്കാറുണ്ട്. കേരളത്തിൽ രാമച്ചംമേഞ്ഞ മേൽക്കൂരയോടെയുള്ള ആയുർവേദ ടൂറിസ്റ്റ് ഹട്ടുകൾക്ക് ഭാവിയിൽ വിപണി സാദ്ധ്യത ഉണ്ടാക്കാം.
കേരളത്തിൽ വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിൽ മലമ്പ്രദേശത്ത് രാമച്ചം കൃഷി ചെയ്യാവുന്നതാണ്. രാമച്ചം മാത്രമായി കൃഷി ചെയ്യുന്നതിനു പകരം മറ്റു കൃഷികളുള്ള കൃഷിഭൂമിയുടെ അതിരുകാക്കാൻ രാമച്ചത്തെ ഏൽപ്പിക്കുന്നതാണ് മണ്ണിനും മണ്ണിൽനിന്നുള്ള വരുമാന വർദ്ധനവിനും നല്ലത്.
ഒരു കിലോഗ്രാം രാമച്ചവേരിന് ഇപ്പോഴത്തെ വിപണി വില ഏകദേശം 900 രൂപയാണ്. കർഷകർക്ക് അതിന്റെ മൂന്നിലൊന്നു കിട്ടിയാൽ പോലും ഇത് ആദായകരവും മികച്ച വരുമാന മാർഗവുമാവും. കാരണം, പ്രത്യേകിച്ച് ഒരു കരുതലും നൽകാതെ തന്നെ രാമച്ചം നിങ്ങളെ കരുതിക്കോളും.
Share your comments